റജബ് മാസ വിശേഷങ്ങള്‍
എം.എ. ജലീല്‍ സഖാഫി പുല്ലാര
എം.എ. ജലീല്‍ സഖാഫി പുല്ലാര
മാസങ്ങളുടെ നേതാവായ വിശുദ്ധ റമളാന്‍ അടുത്തെത്തിക്കഴിഞ്ഞു. റമളാനില്‍ എത്തിക്കാനുള്ള പ്രാര്‍ത്ഥന മിഹ്‌റാബില്‍നിന്നുയരാന്‍ തുടങ്ങുന്ന വിശുദ്ധ മാസമായ റജബ് ഇതാ സമാഗതമായി. റജബ് മാസം പ്രവേശിച്ചാല്‍ ''അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍....''എന്ന പ്രാര്‍ത്ഥന നബി(സ) നടത്തല്‍ പതിവായിരുന്നുവെന്ന് അനസ്(റ)വില്‍നിന്ന് ഇമാം ബൈഹഖി അദ്ദഅ്‌വത്തുല്‍ കബീറിലും ഇമാം ഥ്വബ്‌റാനി ഔസഥിലും ഇമാം ഹൈസമി മജ്മഉസ്സവാഇദിലും നിവേദനം ചെയ്തിട്ടുണ്ട്.
റജബ് വണക്കത്തിന്റെ മാസവും ശഅബാന്‍ സേവനത്തിന്റെ മാസവും റമളാന്‍ സാമീപ്യത്തിന്റെ മാസമെന്നും, റജബ് പശ്ചാത്താപത്തിന്റെയും ശഅബാന്‍ സ്‌നേഹത്തിന്റെയും റമളാന്‍ കടാക്ഷത്തിന്റെയും മാസങ്ങളാണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറയുന്നു: ''വെള്ളിയാഴ്ച രാവ്, രണ്ട് പെരുന്നാള്‍ രാവുകള്‍, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ച് രാവുകളില്‍ പ്രാര്‍ത്ഥനക്ക് പ്രത്യേകം ഉത്തരം ലഭിക്കുമെന്ന് എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. (അല്‍ഉമ്മ് 1/264) റജബ് മാസം മുഴുവന്‍ നോമ്പ് പിടിക്കല്‍ സുന്നത്താണ്. (ബാഫള്ല്‍ 2/201)
റജബിലെ ആദ്യത്തെ വെള്ളിയാഴ്ചരാവില്‍ ഇശാമഗ്‌രിബിനു ഇടയിലുള്ള പന്ത്രണ്ട് റക്അത്ത് നിസ്‌കാരം ആക്ഷേപിക്കപ്പെട്ട മോശമായ ബിദ്അത്താണെന്നു ഇമാം ഇബ്‌നു ഹജര്‍(റ) പറഞ്ഞ ശേഷം മഹാന്‍ തുടരുന്നു: ''ഖൂതുല്‍ ഖുലൂസിലും ഇഹ്‌യാഇലും അത് പറഞ്ഞതുകൊണ്ടും അതില്‍വന്ന ഹദീസ് കൊണ്ടും നീ വഞ്ചിതനാവണ്ട. ഇക്കാര്യം ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്.
(ഫതാവല്‍ കുബ്‌റാ 2/80).
ശൈഖ് ജീലാനി വിവരിക്കുന്നത് കാണുക. എല്ലാ വസ്തുക്കളില്‍നിന്നും നാലെണ്ണത്തിനെയും അതില്‍ ഒന്നിനെയും അല്ലാഹു തെരഞ്ഞെടുത്തു. മലക്കുകളില്‍നിന്ന് ജിബ്‌രീല്‍, മീകാഈല്‍, ഇസ്‌റാഫീല്‍, അസ്‌റാഈല്‍ എന്നീ മലക്കുകളെയും അവരില്‍നിന്ന് ജിബ്‌രീലിനെയും പ്രവാചകരില്‍നിന്ന് ഇബ്‌റാഹീം, മൂസാ, ഈസാ, മുഹമ്മദ്(സ) എന്നിവരെയും ഇവരില്‍നിന്ന് മുഹമ്മദ് നബി(സ)യെയും സ്വഹാബത്തില്‍നിന്ന് അബൂബക്ര്‍, ഉമര്‍, ഉസ്മാന്‍, അലി(റ) എന്നിവരെയും അവരില്‍നിന്ന് അബൂബക്ര്‍(റ)നെയും പള്ളികളില്‍നിന്ന് മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അഖ്‌സ്വാ, മസ്ജിദുന്നബവി, മസ്ജിദുത്വൂര്‍ എന്നിവയെയും ഇവയില്‍നിന്ന് മസ്ജിദുല്‍ ഹറാമിനെയും പകലുകളില്‍നിന്ന് രണ്ട് പെരുന്നാള്‍ പകലുകളും അറഫാനാള്‍, ആശൂറാഅ് എന്നിവയെയും ഇവയില്‍ അറഫാ നാളിനെയും സ്ഥലങ്ങളില്‍നിന്ന് മക്ക, മദീന, ബൈതുല്‍ മുഖദ്ദസ്, മസ്ജിദുല്‍ അശാഇര്‍ എന്നീ നാലിനെയും ഇതില്‍ മക്കയെയും പര്‍വതങ്ങളില്‍നിന്ന് ഉഹ്ദ്, തൂരിസീന, ലുകാം, ലബ്‌നാന്‍ എന്നിവയെയും ഇതില്‍നിന്ന് തൂരിസീനയെയും, നദികളില്‍നിന്ന് ജൈഹൂന്‍, സൈഹൂന്‍, ഫുറാത്ത്, നീല്‍ എന്നിവയെയും ഇതില്‍ ഫുറാത്തിനെയും മാസങ്ങളില്‍നിന്ന് റജബ്, ശഅബാന്‍, റമളാന്‍, മുഹര്‍റം എന്നീ നാലിനെയും ഇവയില്‍ ശഅബാനിനെയും അല്ലാഹു തെരഞ്ഞെടുത്തു. (ഗുന്‍യത്ത് 1/187)
റജബ് മഹത്വം നിറഞ്ഞ മാസമായതുകൊണ്ടു തന്നെ അതിലെ നന്‍മകള്‍ക്ക് മാറ്റ് വര്‍ദ്ധിക്കും. തെറ്റുകള്‍ക്കുള്ള ശിക്ഷയും ഭാരം വര്‍ദ്ധിക്കുകയും ചെയ്യും. ശാരീരിക ശുദ്ധീകരണത്തിന്റെ മാസമായി റജബിനെയും ആന്തരിക ശുദ്ധീകരണത്തിന്റെ മാസമായി ശഅബാനിനെയും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള മാസമായി റമളാനിനെയും ഔലിയാഅ് പരിചയപ്പെടുത്തിയിട്ടുണ്ട്.
അല്ലാമാ ഇബ്‌നു നുബാത്ത(റ) തന്റെ നുബാത്തിയ്യ ഖുതുബകളില്‍ റജബിന്റെ മഹത്വം വിശദമായി വിവരിച്ചിട്ടുണ്ട്. ബറകത്ത് ചൊരിയുന്ന ആദ്യമാസമാണ് റജബെന്നും തെറ്റുകളെ വെടിഞ്ഞു നില്‍ക്കുന്നവര്‍ക്ക് നന്‍മ പതിന്‍മടങ്ങ് വര്‍ദ്ധിക്കുകയും കുറ്റവാളികള്‍ക്ക് ശിക്ഷ ഇറങ്ങുന്ന മാസമാണ് റജബെന്നും ഇമാം ഇബ്‌നു നുബാത്താപ വിവരിച്ചിട്ടുണ്ട്.
ചുരുക്കത്തില്‍, ഈ മാസത്തിന്റെ മഹത്വം മനസ്സിലാക്കി ബാഹ്യവും ആന്തരികവുമായ ശുദ്ധി വരുത്തി പുണ്യകര്‍മങ്ങളിലൂടെയും പശ്ചാത്താപത്തിലൂടെയും ജീവിച്ച് മാസങ്ങളുടെ നേതാവായ റമളാനിനെ സ്വാഗതം ചെയ്യാന്‍ നാം തയ്യാറാവുക. നാഥന്‍ തുണക്കട്ടെ.
''അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍........ വബല്ലിഗ്‌നാ റമളാന്‍!''
(സുന്നി അഫ്കാര്‍ വാരിക, 2005, ആഗസ്റ്റ്, 27, സുന്നി മഹല്‍, മലപ്പുറം)
No comments:
Post a Comment