ഫത്‌വ
ഗര്‍ഭിണിയായ സ്ത്രീയെ ത്വലാഖ് ചൊല്ലുകയോ ഭര്‍ത്താവ് മരിക്കുകയോ ചെയ്താല്‍ പ്രസവിക്കല്‍ കൊണ്ടാണല്ലോ ഇദ്ദ അവസാനിക്കുന്നത്. എന്നാല്‍ ഇദ്ദ ആചരിക്കുന്ന സ്ത്രീ 'അബോര്‍ഷന്‍' വഴിയോ മറ്റോ ഗര്‍ഭം അലസിപ്പിച്ചാല്‍ ഇദ്ദ കണക്കാക്കേണ്ടത് എങ്ങനെ?
കാളികാവ്ഉത്തരം: തികയാതെ പ്രസവിച്ചാലും ജീവനില്ലാത്ത കുട്ടിയെ പെറ്റാലും അബോര്‍ഷന്‍ വഴിയോ മറ്റോ ഗര്‍ഭം അലസിപ്പിച്ച് പ്രസവിച്ചു പോരുകയോ എടുക്കുകയോ ചെയ്താലും ഇദ്ദ കഴിയുന്നതാണ്. രക്തപിണ്ഡം (അലഖത്ത്) പ്രസവിച്ചാല്‍ ഇദ്ദ കഴിയുന്നതല്ല. മാംസപിണ്ഡം(മുള്ഗത്ത്) പ്രസവിക്കുകയും അത് മനുഷ്യന്റെ അസ്വ്‌ല് തന്നെയാണെന്ന് അതിനെ കുറിച്ച് അറിവുളളവര്‍ പറയുകയും ചെയ്താല്‍ അതുകൊണ്ട് ഇദ്ദ കഴിയുന്നതാണ്. (ബാജൂരി 2/173 നോക്കുക).
സലാം പറഞ്ഞാല്‍ മടക്കണമെങ്കില്‍ സലാം പറഞ്ഞത് കേള്‍ക്കണമെന്നുണ്ടോ. എന്നാല്‍ ഒരു വ്യക്തിയോട് സലാം പറഞ്ഞു. ്യുഎന്നാല്‍ സലാം പറയപ്പെട്ട വ്യക്തി കേട്ടതുമില്ല. അപ്പോള്‍ സലാം പറഞ്ഞ വ്യക്തി പറയപ്പെട്ട വ്യക്തിയോട്: ഞാന്‍ നിന്നോട് സലാം പറഞ്ഞു. ഇത് കേട്ട് സലാം മടക്കണമോ? സലാം മടക്കുന്ന വ്യക്തി സലാം പറഞ്ഞ വ്യക്തി കേള്‍ക്കുന്ന വിധത്തില്‍ മടക്കണമോ? ഒന്നു വിശദീകരിച്ചാലും.
ഉത്തരം: സലാം പറയല്‍ സുന്നത്തും മടക്കല്‍ നിര്‍ബന്ധവുമാണല്ലോ. പറയലും മടക്കലും അംഗീകരിക്കപ്പെടണമെങ്കില്‍ മറ്റേ ആള്‍ കേള്‍ക്കത്തക്കവിധം ഒച്ച ഉയര്‍ത്തി പറയുകയും മടക്കുകയും വേണം. കേള്‍ക്കാത്ത സലാം മടക്കല്‍ നിര്‍ബന്ധമില്ല. കേള്‍ക്കാത്ത ഘട്ടത്തില്‍ ഞാന്‍ സലാം പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞാലും മടക്കല്‍ നിര്‍ബന്ധമില്ല. ചെവിക്കുറവുള്ള ആളാണെങ്കിലും അയാള്‍ കേള്‍ക്കത്തക്കവിധം ഒച്ച ഉയര്‍ത്തണം. സലാമിന്റെയും മടക്കലിെന്റയും വചനങ്ങള്‍ മുഴുവന്‍ കേള്‍ക്കുകയും വേണം. സലാം പറഞ്ഞ ആള്‍ കേള്‍ക്കാത്ത വിധം അയാളുടെ സലാം മടക്കിയാല്‍ മടക്കുന്ന നിര്‍ബന്ധം വീടുകയില്ല. അയാള്‍ കേട്ടിട്ടില്ലേ എന്ന് സംശയം വന്നാല്‍ കൂടുതല്‍ ഒച്ച ഉയര്‍ത്തി മടക്കുകയാണ് വേണ്ടത്. (തുഹ്ഫ 9 /223,224,225, ശര്‍വാനി 9 /224 നോക്കുക).
നിസ്‌കാരം കറാഹത്തുള്ള സമയങ്ങളില്‍ തഹിയ്യത്ത് നിസ്‌കരിക്കാമോ?
ഉത്തരം: നിസ്‌കാരം കറാഹത്തുള്ള സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിച്ച ആള്‍ക്ക് തഹിയ്യത്ത് നിസ്‌കരിക്കാവുന്നതാണ്. പള്ളിയില്‍ പ്രവേശിക്കുക എന്ന കാരണം ഇവിടെയുണ്ടല്ലോ. കാരണമില്ലാത്ത നിസ്‌കാരങ്ങളാണ് പാടില്ലാത്തത്. എങ്കിലും തഹിയ്യത്ത് നിസ്‌കരിക്കാന്‍വേണ്ടി മാത്രം പള്ളിയില്‍ പ്രവേശിച്ചതാവരുത്. (തുഹ്ഫ 1/442).
ഞങ്ങളുടെ നാട്ടില്‍ സാധാരണ അടിയിലെ പള്ളിയില്‍ വെച്ച് ലൗഡ് സ്പീക്കറിലാണ് വാങ്ക് വിളിക്കാറുള്ളത്. ഒരിക്കല്‍ കറണ്ടില്ലാത്തതുകൊണ്ട് മുക്രി പള്ളിയില്‍ കയറി വാങ്ക് വിളിക്കാനാരംഭിച്ചു. വാങ്ക് പകുതിയായപ്പോള്‍ കരണ്ട് വന്നു. ഉടന്‍ മറ്റൊരാള്‍ അടിയില്‍നിന്ന് മൈക്കിലൂടെ വാങ്കിന്റെ പകുതി പൂര്‍ത്തിയാക്കി. ഇതുകേട്ട മുക്രി വാങ്ക് ഇടക്ക് വെച്ചു നിര്‍ത്തുകയും ചെയ്തു. രണ്ടുപേര്‍ ചേര്‍ന്ന് വാങ്ക് പൂര്‍ത്തിയാക്കിയാല്‍ മതിയോ?
ഉത്തരം: വാങ്കാെണങ്കിലും ഇഖാമത്താണെങ്കിലും ഒരാള്‍തന്നെ പൂര്‍ത്തിയായി വിളിക്കല്‍ നിര്‍ബന്ധമാണ്. രണ്ടുപേര്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കിയാല്‍ സ്വഹീഹാവുന്നതല്ല. (തുഹ്ഫ 1/470).
ഭക്ഷണം കഴിക്കുമ്പോള്‍ സംസാരിക്കാന്‍ പാടില്ല എന്നുണ്ടോ?
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ നല്ല സംസാരം സുന്നത്താണെന്ന് ശര്‍വാനി 9/397-ല്‍ പ്രസ്താവിച്ചിരിക്കുന്നു.
ഉളുഹിയ്യത്ത് ഉദ്ദേശിച്ച ആള്‍ ദുല്‍ഹജ്ജ് ഒന്നു മുതല്‍ അറുക്കുന്നതു വരെ ശരീരത്തിലെ നഖവും മുടിയും നീക്കാന്‍ പാടില്ലെന്നാണല്ലോ നിയമം. ഒരാള്‍ വളരെ വൈകി മാസം 13-നാണ് ഉളുഹിയ്യത്ത് അറുക്കുന്നതെങ്കില്‍ അതുവരെ മുടിയും മറ്റും നീക്കാതിരിക്കണോ. ഇടക്ക് വെള്ളിയാഴ്ച വന്നാല്‍ നഖവും മുടിയും നീക്കി വൃത്തിയാക്കേണ്ടതില്ലേ. ഈ സുന്നത്ത് നഷ്ടപ്പെടുത്താമോ?
ഉത്തരം: ഉളുഹിയ്യത്ത് ഉദ്ദേശിച്ച ആള്‍ അത് അറുക്കുന്നതുവരെ ്യുശരീരത്തിലെ നഖവും മുടിയും നീക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. ഇതു സംബന്ധമായ ഹദീസ് മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്. അതിനാല്‍ നീക്കംചെയ്യല്‍ കറാഹത്താണ്. ഹമ്പലീ മദ്ഹബില്‍ ഹറാമാണ്. ഉളുഹിയ്യത്തറുക്കാവുന്ന അവസാന ദിവസമായ 13-ന് അറുക്കുകയാണെങ്കിലും നഖവും മറ്റും നീക്കുന്നത് അതുവരെ പിന്തിക്കുകയാണ് വേണ്ടത്. ഇടയില്‍ വെള്ളിയാഴ്ച വന്നാലും രോമവും മറ്റും നീക്കം ചെയ്യരുത്. നീക്കം ചെയ്യാതിരിക്കല്‍ എന്ന സുന്നത്തിനാണ് ഇവിടെ പ്രാമുഖ്യം നല്‍കേണ്ടത്. വെള്ളിയാഴ്ച സുഗന്ധംപൂശല്‍ സുന്നത്താണല്ലോ. നോമ്പുകാരന്‍ സുഗന്ധമുപയോഗിക്കുന്നത് കറാഹത്തുമാണ്. നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ചു വരുമ്പോള്‍ സുഗന്ധം പൂശാതെ നോമ്പിന്റെ സുന്നത്തിനെയാണ് മുന്തിക്കേണ്ടത്. (തുഹ്ഫ 9/347).
നജസായ വസ്തുക്കള്‍ വില്‍ക്കനോ വാങ്ങാനോ പാടില്ലെന്നാണല്ലോ നിയമം. ഇന്ന് ധാരാളം ആളുകള്‍ ചാണകം, കോഴിക്കാഷ്ടം എന്നിവയുടെ കച്ചവടത്തില്‍ ഏര്‍പ്പെട്ടവരായുണ്ട്. മസ്ഊല്‍ എന്തുപറയുന്നു?
ഉത്തരം: വില്‍ക്കുന്ന വസ്തു ശുദ്ധിയുള്ളതായിരിക്കുക എന്നത് കച്ചവടം സ്വഹീഹാകുവാനുളള നിബന്ധനകളില്‍ പെട്ടതാകുന്നു. കള്ള്, നായ മുതലായ നജസുകള്‍ വിറ്റാല്‍ സ്വഹീഹാവാത്തതുപോലെ ചാണകവും കോഴിക്കാഷ്ടവും നജസായതിനാല്‍ വില്‍പന സ്വഹീഹാകുന്നതല്ല. സ്വഹീഹാവാത്ത കച്ചവടത്തിന് പണം വാങ്ങാന്‍ പാടുള്ളതല്ല. വാങ്ങിയാല്‍ അത് ഉടമയാകുന്നതുമല്ല. സ്വഹീഹാവാത്ത ഇടപാടുകളോട് ബന്ധപ്പെടല്‍ ഹറാമുമാണ്.
നജസ് വില്‍ക്കലും കൊള്ളലുമാണ് പാടില്ലാത്തത്. വെറുതെ കൊടുക്കുന്നതിന് വിരോധമില്ല. 'ഈ പാത്രത്തിലെ ചാണകം ഇത്ര രൂപക്ക് ഞാന്‍ വിറ്റു' , 'ഞാന്‍ കൊണ്ടു' എന്നു പറയുന്നതിനാണല്ലോ കച്ചവടം എന്നു പറയുക. ഇങ്ങനെ പറയാതെ പ്രതിഫലത്തിന് കൈവശം നീക്കംചെയ്താല്‍ അത് സാധുവാകുന്നതാണ്. വിറ്റു, കൊണ്ടു എന്നു പറയാതെ 'ഈ ചാണകത്തിലുള്ള എന്റെ കൈവശാവകാശം ഇത്ര രൂപക്ക് ഞാന്‍ നിന്നിലേക്ക് നീക്കി' എന്നു ഒരാളും 'അത് ഞാന്‍ സ്വീകരിച്ചു' എന്ന് മറ്റേ ആളും പാറഞ്ഞാല്‍ അതിന് വിരോധമില്ല. കച്ചവടത്തിന്റെ വചനങ്ങള്‍ ഇല്ലാത്തതിനാല്‍ ഇത് കച്ചവടമല്ല. കൈവശം നീക്കം ചെയ്യല്‍ മാത്രമാണ്. (ശര്‍വാനി 4/235)
ഭക്ഷ്യയോഗ്യമായ ജീവികളുടെ കാഷ്ടവും മൂത്രവും നജസല്ലെന്നാണ് ഇമാം മാലികും അഹ്മദും പറയുന്നത്. നമ്മുടെ മദ്ഹബുകാരായ ഇസ്തഖ്‌രി, റുഅ്‌യാനി തുടങ്ങിയവരുടെ അഭിപ്രായവും ഇതു തന്നെ. (ഫത്ഹുല്‍ മുഈന്‍). ഹനഫീ മദ്ഹബില്‍ നജസ് വില്‍ക്കുന്നത് സാധുവാണ്. (തര്‍ശീഹ്). തഖ്‌ലീദിന്റെ നിയമങ്ങള്‍ മനസ്സിലാക്കിയവര്‍ക്ക് ഇവ തഖ്‌ലീദ് ചെയ്യാം.
മനുഷ്യര്‍ക്ക് ഉപദ്രവമുണ്ടാക്കുന്ന ചിതല്‍, ഉറുമ്പ്, മൂട്ട മുതലായ ജീവികളെ കീടനാശിനികള്‍ ഉപയോഗിച്ച് കൊല്ലാമോ?
ഉത്തരം: വിരോധമില്ല.
No comments:
Post a Comment