വിസര്‍ജന മര്യാദകള്‍ (രണ്ടാം ഭാഗം)
അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്
അബ്ദുസ്സമദ് ഫൈസി കരുവാരക്കുണ്ട്
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ പുറംതള്ളാനുള്ള പ്രക്രിയയാണ് വിസര്‍ജ്ജനം. അനിവാര്യമായ ശാരീരിക ധര്‍മ്മമാണത്. സര്‍വ്വ ജീവജാലങ്ങളിലും അതിനുള്ള സംവിധാനം അല്ലാഹു ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ സംവിധാനം അതിവിദഗ്ധവും സൂക്ഷ്മവും തന്നെയാണ്.
വിസര്‍ജ്ജിക്കണമെന്ന് തോന്നുമ്പോള്‍ തോന്നിയിടത്ത് വിസര്‍ജ്ജിക്കലാണ് പക്ഷിമൃഗാദികളുടെ പതിവ്. മുന്നും പിന്നും നോക്കേണ്ട ആവശ്യം അവര്‍ക്കില്ല. ജനമധ്യത്തിലും നടുറോട്ടിലും വെളിമ്പ്രദേശത്തും നടന്നും കിടന്നും വിസര്‍ജ്ജിച്ച് അന്തരീക്ഷം മലീമസമാക്കല്‍ പക്ഷിമൃഗാദികളുടെ സ്വഭാവമാണ്.
മനുഷ്യന്‍ ഈ രൂപത്തിലൊന്നും വിസര്‍ജ്ജനം നടത്തരുത്. കാരണം അവന്‍ കേവലം മൃഗമല്ല; ബുദ്ധിയും വിവേകവുമുള്ള ഉല്‍കൃഷ്ട ജീവിയാണ്. മനുഷ്യത്തത്തോടു നിരക്കാത്തതൊന്നും അവന്‍ ചെയ്യരുത്. ഇസ്‌ലാം അനുശാസിക്കുന്ന ചിട്ടകളും മര്യാദകളും പാലിച്ചുകൊണ്ട് മാത്രമേ മനുഷ്യന്‍ വിസര്‍ജ്ജനം നടത്താവൂ.
വഴിയോരങ്ങളിലും മറ്റും മറയില്ലാതെ മലമൂത്ര വിസര്‍ജ്ജനംചെയ്യല്‍ വിരോധാഭാസമാണ്. അങ്ങുമിങ്ങും പോകുന്നവരുടെ മുഖത്തുനോക്കി വിസര്‍ജ്ജിക്കല്‍ നാല്‍ക്കാലി സംസ്‌കാരമാണ്. മാനവും മര്യാദയുമുള്ള മനുഷ്യന് അതിനു കഴിയുമോ? ജാബിര്‍(റ) പറയുന്നത് കാണുക: ''കാഷ്ടിക്കാന്‍ ഉദ്ദേശിച്ചാല്‍ റസൂല്‍കരീം(സ) ആരും കാണാത്തവിധം ദൂരെ പോകുമായിരുന്നു'' (അബൂദാവൂദ്).
നഗ്‌നത വെളിവാക്കി, അപ്പുറവും ഇപ്പുറവും ഇരുന്നു സംസാരിച്ചുകൊണ്ട് വിസര്‍ജ്ജനം നടത്തല്‍ ചിലര്‍ക്കൊരു രസമാണ്. ഇപ്രകാരം ചെയ്യുന്നവരോട് അല്ലാഹു ദേഷ്യപ്പെടുമെന്ന് നബി(സ) പറഞ്ഞിരിക്കുന്നു. (അബൂദാവൂദ്, ഇബ്‌നുമാജ)
രോഗാണുക്കളുടെ സങ്കേതമാണ് വിസര്‍ജ്യങ്ങള്‍. ഏവരിലും അറപ്പും വെറുപ്പുമുളവാക്കുന്ന മലിന വസ്തുവും. പുറപ്പെട്ടുകഴിഞ്ഞാല്‍ ശുചീകരിച്ചില്ലെങ്കില്‍ ദേഹ വസ്ത്രാദികള്‍ ദുര്‍ഗന്ധമാകും. അതുമൂലമുണ്ടാകുന്ന വിപത്തുകള്‍ ഗുരുതരവും അനാരോഗ്യകരവുമാണെന്ന് പറയേണ്ടതില്ലല്ലോ. പലരും ഈ വസ്തുത ചിന്തിക്കാറില്ല. മൂത്രിച്ച് ശൗച്യം ചെയ്യാതെ എഴുന്നേല്‍ക്കുന്നവര്‍, കാഷ്ടിച്ചു കഴുകി വൃത്തിയാക്കാതെ അടിവസ്ത്രം ധരിക്കുന്നവര്‍ ഇങ്ങനെ പലതരമാണാളുകള്‍.
വിസര്‍ജ്ജനാനന്തരം ശൗച്യം ചെയ്യുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്നവരേ യഥാര്‍ത്ഥ വിശ്വാസികളാവുകയുള്ളൂ. നാമമാത്ര ശൗച്യ പ്രഹസനം നടത്തിയോ രണ്ടോ മൂന്നോ കൈക്കുമ്പിള്‍ വെള്ളം കൊണ്ട് കഴുകിയാലോ മതിയാവുകയില്ല. ശരിയാംവണ്ണം ശൗച്യം ചെയ്‌തെങ്കില്‍ മാത്രമേ നമ്മുടെ നിസ്‌കാരം സാധുവാകുകയുള്ളൂ.
നിന്നു മൂത്രമൊഴിക്കുന്ന സ്വഭാവക്കാരുണ്ട്. അത് ഇസ്‌ലാമിക സംസ്‌കാരമല്ല. റസൂല്‍ കരീം (സ) വിരോധിച്ച കാര്യവുമാണ്. ഉമറുല്‍ ഫാറൂഖ്(റ) പറയുന്നു: ''ഞാനൊരിക്കല്‍ നിന്ന് മൂത്രമൊഴിക്കുന്നത് നബി(സ)യുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ അവിടുന്ന് അരുളി: ഉമറേ, നിന്ന് മൂത്രമൊഴിക്കരുത്. പിന്നീടൊരിക്കലും ഞാന്‍ നിന്ന് മൂത്രമൊഴിച്ചിട്ടില്ല'' (തുര്‍മൂദി അബൂദാവൂദ്). നിന്ന് മൂത്രിച്ചാല്‍ ശരീരത്തിലും വസ്ത്രത്തിലും മൂത്രം തെറിച്ച് വൃത്തികേടാവാനിടവരും. മാത്രമല്ല, നില്‍ക്കുന്ന അവസരത്തില്‍ മൂത്രക്കുഴലിന്റെ ശരിയായ അവസ്ഥയില്‍ മാറ്റം വരികയും ചെയ്യും. മൂത്രം ശരിക്ക് പുറത്തുപോകാന്‍ തടസ്സം വരികയും ചെയ്യുമെന്നാണ് ശാസ്ത്രമതം.
മൂത്രം പൂര്‍ണ്ണമായി പുറത്തുവന്ന ശേഷമേ എഴുന്നേല്‍ക്കാവൂ. അല്ലാതിരുന്നാല്‍ പിന്നീട് മൂത്രം പുറത്തു വന്ന് ശരീരവും വസ്ത്രവും മലിനമാവാനിടവരും. പലരും ഇക്കാര്യത്തില്‍ അശ്രദ്ധരാണ്. മൂത്രത്തിന്റെ ശീഘ്ര ഗതിയിലുള്ള ഒഴുക്ക് നിലച്ചാല്‍ അവര്‍ ശൗച്യം ചെയ്ത് എഴുന്നേല്‍ക്കുന്നു. പെട്ടെന്ന് സ്ഥലം വിടാനുള്ള ധൃതിയില്‍ മൂത്രധമനിയില്‍ അവ ശേഷിക്കുന്ന മലിനാംശം അവരറിയാതെ പുറപ്പെട്ടെന്നു വരാം. അത് ദേഹത്തെയും വസ്ത്രത്തെയും മലിനമാക്കും. ഇറുകിയ അടിവസ്ത്രവും പാന്റ്‌സും ധരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. മൂത്രത്തിന്റെ സുഗമമായ പ്രവാഹത്തെ വസ്ത്രത്തിന്റെ ഇടുക്കം തടസ്സപ്പെടുത്തുന്നു. മൂത്രക്കുഴലില്‍ വേദനയും പഴുപ്പും മൂത്രത്തില്‍ കല്ലും ഉണ്ടാകാന്‍ ഇത് കാരണമാകും.
കുളിക്കാനിറങ്ങിയാല്‍ കുളിമുറിയില്‍ മൂത്രമൊഴിക്കുന്ന ചിലരുണ്ട്. അത് ഒരിക്കലും ചെയ്യരുത്. അവിടെ കുളിക്കുമ്പോള്‍ മൂത്രം തെറിച്ചിട്ടുണ്ടോ എന്ന 'വസ്‌വാസി'ന് കാരണമാകും.
കിണറിന്റെ പരിസരത്തും ഹൗളിന്‍ കരയിലും മൂത്രിക്കരുത്. കാല് കഴുകുമ്പോഴും മറ്റും വെള്ളം തെറിക്കാനിടവരും. അല്‍പം സൂക്ഷ്മതയുള്ളവര്‍ക്ക് 'വസ്‌വാസി'ന്ന് അതുമതി. സത്വവിശ്വാസികളുടെ മനസ്സില്‍ ചാഞ്ചല്യം സൃഷ്ടിച്ച് അവരെ സ്വസ്ഥതകെടുത്താന്‍ പിശാച് കിണഞ്ഞു ശ്രമിക്കും.
കുഞ്ഞുങ്ങള്‍ അകത്ത് മൂത്രമൊഴിച്ചെന്നു വരാം. ചില സ്ത്രീകള്‍ കാലുകൊണ്ട് അതിനെ നീക്കും. ഇതുകൊണ്ട് വീട് ശുദ്ധിയാവില്ല. മാലിന്യം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഒരു തുണിക്കഷ്ണം കൊണ്ട് മലിനമായ സ്ഥലം ഒപ്പിയെടുക്കുക. പുറത്തേക്കു കാണിച്ചു അതു കഴുകി വൃത്തിയാക്കുക. നജസായ സ്ഥലത്ത് കുറച്ച് വെള്ളമൊഴിക്കുക. അതും ഒപ്പിയെടുക്കുക. ഇങ്ങനെ ഒന്നുരണ്ട് തവണ ആവര്‍ത്തിക്കുക. എന്നാല്‍ അകം വൃത്തിയാകും. സിമന്റ് ഇട്ട് ഉറപ്പിച്ച അകം ശുദ്ധിയാക്കേണ്ട രൂപമാണീ പറഞ്ഞത്. മൂത്രം താഴോട്ട് ഇറങ്ങുന്ന സ്ഥലത്ത് കുറച്ചു വെള്ളം അവിടെ ഒഴിച്ചാല്‍ തന്നെ ശുദ്ധിയാകും. മൂത്രത്തേക്കാള്‍ വെള്ളം അധികരിക്കണമെന്നുമാത്രം.
(സുന്നി അഫ്കാര്‍ വാരിക, 2006, മാര്‍ച്ച്: 04, സുന്നി മഹല്‍, മലപ്പുറം)
No comments:
Post a Comment