പുതിയ ജീവിത ക്രമവും മുസ്‌ലിംകളും
സിറാജുദ്ദീന്‍ റഹ്മാനി വേങ്ങൂര്‍
സിറാജുദ്ദീന്‍ റഹ്മാനി വേങ്ങൂര്‍
എന്നും ജമാഅത്തിനെത്തിയിരുന്ന സഅ്‌ലബ് ബ്‌നു ഹാത്വിബ് ഒരിക്കല്‍ നിസ്‌കാരം കഴിഞ്ഞപാടെ എണീറ്റ് പോകുന്നത് കണ്ട നബി(സ) അദ്ദേഹത്തോട് ചോദിച്ചു: ''നീ എന്തിനാണ് കപടന്മാരുടെ പ്രവൃത്തി ചെയ്യുന്നത്?'' ഉടനെ അദ്ദേഹം കാരണം നിരത്തി: ''ഞാന്‍ ആകെ വിഷമത്തിലാണ്. എനിക്കും എന്റെ ഭാര്യക്കുമായി ഒരു വസ്ത്രമേയുള്ളൂ. ഞാന്‍ ചെന്നിട്ട് വേണം ആ വസ്ത്രം ധരിച്ച് അവള്‍ക്ക് നിസ്‌കരിക്കാന്‍. അതിനാല്‍ സാമ്പത്തികാഭിവൃദ്ധിക്ക് വേണ്ടി നബിയേ അങ്ങ് പ്രാര്‍ത്ഥിക്കണം.'' നബി(സ) വിമുഖത പ്രകടിപ്പിച്ച് ഇങ്ങനെ പറഞ്ഞു: ''സഅ്‌ലബാ, നന്ദി ചെയ്യാനാവുന്ന ഇത്തിരിയാണ് നന്ദിചെയ്യാനാവാത്ത ഒത്തിരിയെക്കാള്‍ നല്ലത്.'' അദ്ദേഹം പിന്നെയും വന്ന് ഈ ആവശ്യം ആവര്‍ത്തിച്ചപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: ''നിനക്ക് എന്നില്‍ മാതൃകയില്ലേ? അല്ലാഹുവാണെ സത്യം! ഈ പര്‍വ്വതങ്ങള്‍ സ്വര്‍ണ്ണമോ വെള്ളിയോ ആകാന്‍ ഞാനൊന്ന് വിചാരിച്ചാല്‍ അവ ആകാമായിരുന്നു.''
ഇതൊന്നും ചെവിക്കൊള്ളാതെ അദ്ദേഹം മൂന്നാമതും നബി(സ)യില്‍ സമ്മര്‍ദ്ദം ചെലുത്തി ഇങ്ങനെ പറഞ്ഞു: ''അല്ലാഹുവാണെ സത്യം! എനിക്ക് അല്ലാഹു സമ്പത്ത് തന്നാല്‍ എല്ലാ അവകാശികള്‍ക്കും അതിന്റെ അവകാശങ്ങള്‍ ഞാന്‍ വകവെച്ച് നല്‍കും.''
ഇതുകേട്ട നബി(സ) അദ്ദേഹത്തിന് സമ്പത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. താമസിയാതെ അദ്ദേഹത്തിന് മദീന നഗരത്തെ ഉള്‍കൊള്ളാന്‍ കഴിയാത്തത്ര ആടുകള്‍ ഉണ്ടായി. എല്ലാ ജമാഅത്തിനും നബി(സ)യോടൊപ്പമുണ്ടായിരുന്ന അദ്ദേഹം പിന്നീട് ഘട്ടംഘട്ടമായി ജമാഅത്തും ജുമുഅയും ഒഴിവാക്കുകയും മദീനയില്‍നിന്ന് തന്റെ ആട്ടിന്‍പറ്റവുമായി അകന്ന് പോവുകയും ചെയ്തു. അവസാനം സകാത്തിന്റെ ആയത്തിറങ്ങിയപ്പോള്‍ രണ്ടുപേരെ സഅ്‌ലബത്തിന്റെ സകാത്ത് പിരിക്കാന്‍ നബി(സ) പറഞ്ഞയക്കുകയും അദ്ദേഹം സകാത്ത് നല്‍കാന്‍ വിസമ്മതിക്കുകയുമുണ്ടായി. ഉടനെ അദ്ദേഹത്തെ വിമര്‍ശിച്ച് സൂറത്ത് തൗബയിലെ 75-77 വരെയുള്ള മൂന്നായത്തുകള്‍ ഇറങ്ങിയപ്പോള്‍ വിവരമറിഞ്ഞ് അദ്ദേഹം തന്റെ സകാത്തുമായി നബി(സ)യിലേക്ക് വരികയും ''നിന്റെ സകാത്ത് വാങ്ങാന്‍ അല്ലാഹു എന്നെ വിലക്കിയിട്ടുണ്ടെന്ന്'' പറഞ്ഞ് നബി(സ) സകാത്ത് സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. അവസാനം അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ) എന്നിവരുടെ ഖിലാഫത്തില്‍ അവരെ കണ്ട് സകാത്ത് സ്വീകരിക്കാന്‍ അപേക്ഷിച്ചെങ്കിലും നബി(സ) സ്വീകരിക്കാത്ത സകാത്ത് അവര്‍ വാങ്ങാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ ഉസ്മാന്‍(റ)ന്റെ ഭരണകാലത്ത് അദ്ദേഹം തനി മുനാഫിഖായി ചത്തുപോയി. (നോ. ഇബ്‌നു കസീര്‍ 2: 490, 491)
ഭൗതികതയുടെ അതിപ്രസരിപ്പ് ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് ഒരാളെ എത്രമാത്രം കളംമാറ്റിച്ചവിട്ടാന്‍ പ്രേരിപ്പിക്കുമെന്നതിന്റെ പരമാവധിയാണ് ഉദ്ധൃത സംഭവം. ഇത്തരം സംഭവങ്ങള്‍ ഉത്തമ നൂറ്റാണ്ടില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വങ്ങളായിരുന്നെങ്കില്‍ പുതുനൂറ്റാണ്ടില്‍ അവ അടിക്കടി ആവര്‍ത്തിക്കപ്പെടുന്നുണ്ട്. സമ്പന്നതയും മതവും തമ്മില്‍ സദാ കൊമ്പുകോര്‍ക്കുന്ന സാഹചര്യങ്ങളാണ് ഇന്ന് നമുക്ക് ചുറ്റും. പശിയടക്കാന്‍ ഗതിയില്ലാതെ ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ആപതിച്ചിരുന്ന ഇന്നലെകളില്‍ നമുക്ക് ആവോളം മതബോധവും ആദര്‍ശവുമുണ്ടായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍, ഇന്ന് നമ്മുടെ വയറും കീശയും വീര്‍ത്തപ്പോള്‍ മതത്തെ ജീവിതത്തിലേക്ക് മൊഴിമാറ്റാന്‍ കഴിയാതെപോവുകയാണുണ്ടായത്.
പുതിയ ജീവിതക്രമത്തിന് മുമ്പില്‍ ഇസ്‌ലാമിക മൂല്യങ്ങള്‍ക്ക് തലകുനിക്കേണ്ടിവരുമ്പോള്‍ കാലം മാറി കഥമാറി എന്നാണ് ഇന്ന് പലരും തട്ടിവിടാറ്. ദൈനംദിന ജീവിതത്തില്‍ പോലും പാലിക്കേണ്ട ഇസ്‌ലാമിക അതിര്‍വരമ്പുകളുടെ നേര്‍ക്ക് കണ്ണടച്ചിരുട്ടാക്കി ലെക്കും ലെഗാനുമില്ലാതെ മുസ്‌ലിം ഖൗമ് നെട്ടോട്ടമോടുന്നതിലെ സാംഗത്യം കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു. ദിവസവും ജീവിതത്തിന് പുതിയ സമവാക്യങ്ങള്‍ നല്‍കികൊണ്ടിരിക്കുന്ന പുതിയ ചറ്റുപാടില്‍ ഒരു മുസല്‍മാന്‍ ഉണര്‍ന്ന് പ്രഭാതമാകുമ്പോഴേക്കും സ്വന്തം അസ്തിത്വവും വിശ്വാസവും ആരൊക്കെയോ കൊള്ളയടിക്കുന്നുണ്ടെന്ന അപ്രിയസത്യം നമ്മുടെ കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.
ഒരുകാലത്ത് ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിം പ്രദേശങ്ങള്‍ ഭൗതികാസക്തിയുടെ തീചൂളയില്‍ എരിഞ്ഞമരുന്ന കാഴ്ച വളരെ ബീഭത്സകം തന്നെ. വിശിഷ്യാ മലപ്പുറത്തെ മുസ്‌ലിംകള്‍ക്ക് മമ്പുറവും പൊന്നാനിയും വെളിയംങ്കോടുമൊക്കെ കേവലം വര്‍ഷത്തിലൊരിക്കല്‍ ആണ്ടുനേര്‍ച്ച മാത്രം നടക്കേണ്ട തീര്‍ത്ഥാടന കേന്ദ്രങ്ങളായി പരിണമിച്ചതിലപ്പുറം പ്രപിതാക്കളുടെ ഇസ്‌ലാമികാര്‍ജ്ജവവും ഈമാനിക ചങ്കൂറ്റവും തിരിച്ചുപിടിക്കാന്‍ അവര്‍ക്ക് കഴിയാതെപോകുന്നു. മമ്പുറം തങ്ങളും ഉമര്‍ഖാളിയും മഖ്ദൂമുമാരും നടന്നുപോയ വഴികളില്‍ അനിസ്‌ലാമികതയുടെ കാരിമുള്ളുകള്‍ വിതറിയ അഭിനവ മുസ്‌ലിം കൈരളിക്ക് ചരിത്രത്തില്‍ നിന്നുള്ള ഈ വലിയ ഗതിമാറ്റം എങ്ങനെ സംഭവിച്ചുവെന്ന് ചോദ്യത്തിന് കൂട്ടിയും കിഴിച്ചും ഉത്തരം കാണേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നോര്‍ക്കണം.
മുസ്‌ലിം ഭൂമുതലാളിമാരെ ചുറ്റിപ്പറ്റി ജീവിച്ചിരുന്ന ഓരോ നാട്ടിലെയും പാവപ്പെട്ടവര്‍ക്ക് മുമ്പിലേക്ക് സഹായത്തിന്റെ കൈ നീട്ടവുമായി ഒരു ഭാഗത്ത് നവീനവാദികള്‍ സാധുജന പരിപാലന സമിതികള്‍ രൂപീകരിച്ച് രംഗപ്രവേശം ചെയ്തപ്പോള്‍ മറുവശത്ത് താരതമ്യേന പിന്നാക്കം നിന്നിരുന്ന വയനാട്, അട്ടപ്പാടി പോലോത്ത ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ മിഷനറിമാരും അവരുടേതായ തേരോട്ടം നടത്താന്‍ ശ്രമം നടത്തിയത് ചരിത്രവസ്തുതയായിരുന്നു. എന്നാല്‍, അക്കാലത്തെ ഇഖ്‌ലാസുള്ള പണ്ഡിതവൃന്ദം എല്ലാം മറന്ന് ഇതിനെതിരെ പോര്‍വിളി നടത്തിയത്മൂലം നല്ലൊരളവോളം പിടിച്ച് നില്‍ക്കാനായി. പട്ടിണിയും പരിഭവവുമായി കഴിഞ്ഞ അക്കാലത്ത് പാതിരാപ്രഭാഷണങ്ങള്‍ക്കും മൗലിദിനും റാത്തീബിനും പിഞ്ഞാണമെഴുത്തിനുമെല്ലാം ആളെ കിട്ടിയിരുന്നു. ജീവിതത്തിന്റെ ആ സന്നിഗ്ദഘട്ടങ്ങളില്‍ ചികിത്സാ പരിഹാരമായി നേര്‍ച്ചകളും വഴിപാടുകളും നടത്താന്‍ ഉമ്മത്തിന്റെ മുഖ്യധാരയില്‍തന്നെ ആവോളം ആളുണ്ടായിരുന്നു. കേവല ഭൗതിക ചികിത്സാ സമ്പ്രദായങ്ങളെ മനസ്സില്‍ കാണുന്നതിന് മുമ്പ് ആത്മീയ ചികിത്സാരീതികളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരാനുള്ള കരുത്തുള്ള മനസ്സ് അവരുടെ പ്രത്യേകതയായിരുന്നു. എന്നാലിന്ന് ലക്ഷങ്ങള്‍ വിതറി ആധുനിക വൈദ്യശാസ്ത്രത്തിന്റെ സര്‍വ്വ സൗകര്യങ്ങളും പയറ്റി വഴിമുട്ടുമ്പോള്‍ മാത്രം ആത്മീയ ചികിത്സാരീതികളില്‍ വിശ്വാസം അംഗുരിക്കുന്ന മാനസിക നിലവാരത്തിലേക്ക് വിശിഷ്യാ മലബാറിലെ മുസ്‌ലിംകള്‍ വഴിമാറിയത് കാലത്തിന്റെ വൈപരീത്യങ്ങളില്‍ ഒന്നായേ കാണാനാവൂ.
സാമാന്യ മുസ്‌ലിം ഇസ്‌ലാമിക വൃത്തത്തില്‍ നിന്ന് തെറിച്ച് പോകുന്നത് ഇന്ന് സര്‍വ്വരംഗങ്ങളിലും മുഴച്ച് കാണുന്നുണ്ട്. വിശ്വാസരംഗത്തും ധനസമ്പാദന -വ്യയ രംഗത്തും ഈ പുറംതിരിഞ്ഞ് നില്‍ക്കല്‍ കൂടുതല്‍ മറനീക്കി പുറത്തുവരുന്നതായി കാണാം. ഗള്‍ഫ് പണത്തിന്റെ ഹുങ്കില്‍ മതചിഹ്നങ്ങള്‍ക്ക് നേര്‍ക്ക് ചെരുപ്പെറിയാന്‍ പുതിയ തലമുറക്ക് ഒട്ടും കൂസലില്ലാതായി. ഗള്‍ഫ് ജീവിതത്തിന്റെ വഹാബി മോഡല്‍ സദാ കണ്ണില്‍ മാറിമറിയുമ്പോള്‍ പ്രവാസി മുതലാളിമാര്‍ വഴിവിട്ട ചിന്തകളിലൂടെ ബ്രൈന്‍വാഷ് ചെയ്യുന്നതിലെ ലാളിത്യം ഉള്‍ക്കൊള്ളാന്‍ മനുഷ്യന്‍ സാഹചര്യത്തിന്റെ സൃഷ്ടിയാണ് (man is the product of his inviornoment) എന്ന സംജ്ഞ ബോധ്യമാക്കണമെന്നില്ല. ആഗോള തലത്തില്‍ തന്നെ ഇസ്‌ലാമിന്റെ ശക്തിയെ ക്ഷയിപ്പിക്കുമാറ് സഊദ്യ അറേബ്യ അടക്കമുള്ള ഗള്‍ഫ് അറബ് രാജ്യങ്ങള്‍ പാശ്ചാത്യ ലോബികള്‍ക്ക് തന്റെ സ്വത്തും സത്വവും തീറെഴുതിക്കൊടുത്തിരിക്കുകയാണെന്ന മുസ്‌ലിം ലോകത്തിന്റെ ഗതിയോര്‍ത്ത് നാം വാ തുറക്കുമ്പോഴും അതിന്റെ സ്ഫുലിംഗങ്ങള്‍ നമ്മുടെ മൂക്കിന് മുമ്പില്‍ പോലും കണ്ടുവരുന്നുണ്ടെന്ന് കൂടുതല്‍ മനനം ചെയ്യുമ്പോള്‍ ബോധ്യപ്പെട്ടുവരും. അറബിപ്പണം വരുത്തിവെച്ച ഭവിഷ്യത്തുകളെ അതിന്റെ ഭാഗമായിട്ടേ നമുക്ക് പരിഗണിക്കാനാവൂ. അറബിപ്പണവും മറ്റു ധനാഗമന മാര്‍ഗ്ഗങ്ങളും നമ്മുടെ സമൂഹത്തില്‍ പട്ടിണിക്കും പരിവട്ടത്തിനും ബദലായി എന്നുമുതല്‍ വര്‍ത്തിച്ചു തുടങ്ങിയോ അന്നു മുതല്‍ തന്നെ ഇസ്‌ലാമിന്റെ മൂല്യങ്ങളോട് സമൂഹത്തിന് അറപ്പും വെറുപ്പും ഉണ്ടായി തുടങ്ങിയിട്ടുണ്ട് എന്നതാണ് നേര്. ആധുനിക മങ്കമാരുള്‍പ്പെടുന്ന ഇളംതലമുറ കേവലം മൂന്ന് മിനി സ്‌ക്രീനുകള്‍ക്ക് മുമ്പില്‍ ഭജനമിരിക്കേണ്ടിവന്നതിന്റെ പിന്നില്‍ ഭൗതികതയിലേക്കുള്ള മുസ്‌ലിം കേരളത്തിന്റെ പറിച്ചുനടലാണെന്ന് നമുക്ക് കണ്ണടച്ച് പറയാനാവും.
സാമ്പത്തിക മുതലാളിത്തം അതിന്റെ ദംഷ്ട്രകള്‍ കാട്ടി രംഗത്ത് വന്നപ്പോള്‍ മുസ്‌ലിമിന്റെ സമ്പാദന-വ്യയ ശീലങ്ങള്‍ പൂര്‍ണ്ണാര്‍ത്ഥത്തില്‍ അന്യവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് സത്യം. നിമിഷങ്ങള്‍ക്കുള്ളില്‍ ലക്ഷങ്ങള്‍ സമ്പാദിക്കൂ. ഇന്‍വെസ്റ്റ് ചെയ്യൂ കോടിപതിയാവൂ തുടങ്ങിയ പരസ്യപ്പലകകള്‍ മലബാറിന്റെ മുക്ക്മൂലകളില്‍ തലയുയര്‍ത്തി നില്‍ക്കുന്നത് നിമിഷാര്‍ദ്ദങ്ങളില്‍ വയറൊട്ടിയവനെ എങ്ങനെ ലക്ഷപ്രഭുവും കോടിപതിയും ആക്കാമെന്നതിന്റെ രീതിശാസ്ത്രവും രസതന്ത്രവും വിളിച്ചോതുന്ന ചൂണ്ടുപലകകളായിട്ടാണ്. 'പണമെന്താ മരത്തില്‍ കായ്ക്കുന്നതാ' എന്ന് ചോദിച്ചിരുന്ന ഇന്നലെകള്‍ പണ്ടെന്നോ വല്ല പുരാണ കഥകളിലും മിത്തുകളിലും കേട്ടുമറഞ്ഞ താളുകളായി അനുഭവപ്പെടുന്ന പുതുതലമുറക്ക് പുതിയ സമ്പാദന ശീലത്തിന്റെ മതകീയ വശങ്ങളെ കുറിച്ച് ചിന്തിക്കാന്‍ മനസ്സില്ലാതെ പോയിട്ടുണ്ട്. ചൂതാട്ട മുതലാളിത്തം (casino captalism) സൃഷ്ടിച്ച് വിടുന്ന ചെയിന്‍ ബിസിനസ്സ്, മണി മാര്‍ക്കറ്റിംഗ് തുടങ്ങി സമ്പാദനത്തിന്റെ കുറുക്കുവഴികള്‍ ഇളംതലമുറയെ മുച്ചൂടും ഗ്രസിച്ചിട്ടുണ്ട്. പലിശയും ചൂതാട്ടവും എത്ര സമര്‍ത്ഥമായും അതിലേറെ മാന്യതയുടെ പരിവേശം നല്‍കിയും മുസ്‌ലിം ജീവിതത്തിലേക്ക് കടന്നുവരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് പണം ഇരട്ടിപ്പിക്കാനുള്ള ഇന്നത്തെ സമ്പാദന രീതികള്‍. ഒരു വീടുവെക്കാന്‍പോലും ബാങ്കുകളുടെ ഉമ്മറപ്പടി ചവിട്ടേണ്ടിവരുന്ന പുതിയ അവസ്ഥാവിശേഷം പലിശ തൊട്ടുതീണ്ടാത്തവരായിട്ടാരുമുണ്ടാവാത്ത ഒരുകാലം വരുമെന്ന തിരുനബി(സ)യുടെ പ്രവചനത്തെ അക്ഷരംപ്രതി അന്വര്‍ത്ഥമാക്കുന്നതാണ്. സമ്പത്ത് തലക്ക് പിടിച്ചപ്പോള്‍ മതം കല്‍പിക്കുന്ന 916-ന്റെ പരിശുദ്ധി നിലനിര്‍ത്താന്‍ സമൂഹത്തിലെ എത്രപേര്‍ക്ക് കഴിയുന്നു എന്ന ചോദ്യം നമുക്ക് നേര്‍ക്ക് ഉയര്‍ന്നുവരുന്നുണ്ട്. ഒരുകാലത്ത് മതകല്‍പ്പനകള്‍ എല്ലാ അര്‍ത്ഥത്തിലും മുഖവിലക്കെടുത്തിരുന്ന സമുദായത്തിന്റെ രാഷ്ട്രീയ ശക്തിക്കുപോലും ആസ്വാദന ഭൗതികതയുടെ ബലിയാടുകളായി ഗാനമേളകളും സംഗീത കച്ചേരികളും സംഘടിപ്പിച്ച് പരസ്യമായി നൃത്തം ചവിട്ടാന്‍ ആര്‍ക്കും ലജ്ജയില്ലാതായിട്ടുണ്ട്. തിന്നുക, കുടിക്കുക, രമിക്കുക എന്ന എപ്പിക്യൂറിയന്‍ സിദ്ധാന്തത്തെ ജീവിത അജണ്ടയായി കാണുന്ന ആസ്വാദക മുതലാളിത്തത്തിന്റെ ഇരകളായി കേരള മുസ്‌ലിമിന്റെ രാഷ്ട്രീയ സാമൂഹിക തലങ്ങള്‍ വരെ അധഃപതിച്ചുവെന്നതിന്റെ നേര്‍രേഖയാണ് നമ്മുടെ ഈ കൂടിയാട്ടം. ദാരിദ്ര്യമല്ല മറിച്ച് ലൗകിക വിശാലതയാണ് ഞാന്‍ ഭയക്കുന്നതെന്നും തന്മൂലം നിങ്ങള്‍ പരസ്പരം മത്സരിച്ച് മുന്‍കാല സമൂഹങ്ങളെ പോലെ നശിച്ചുപോകുമെന്നും തിരുനബി(സ) കാലേക്കൂട്ടി കണ്ടത് മുസ്‌ലിം കേരളത്തിന്റെ പുതിയ അന്തരീക്ഷത്തെ എല്ലാ അര്‍ത്ഥത്തിലും ശരിവെക്കാന്‍ മതിയായതാണ്. സമ്പന്നതയുടെ വിളനിലമായിരുന്ന റോം-പേര്‍ഷ്യന്‍ സാമ്രാജ്യങ്ങള്‍ മുസ്‌ലിം ഖിലാഫത്ത് ജയിച്ചടക്കിയപ്പോള്‍ ഭരണാധിപന്‍ ഉമര്‍(റ) വരാനിരിക്കുന്ന ദുരന്തമോര്‍ത്ത് പൊട്ടിക്കരയുകയും സര്‍വ്വതും അവിടതന്നെ വിതരണം ചെയ്യുകയും ചെയ്തത് ഐഹികമായ ഉന്നമനങ്ങള്‍ എത്രമാത്രം ഗൗരവതരമാണെന്ന് നമ്മെ കൂടുതല്‍ ബോധ്യപ്പെടുത്തുന്നുണ്ട്.
No comments:
Post a Comment