സംഗീതോപകരണങ്ങളുടെ കര്‍മശാസ്ത്രം
എം.എ. ജലീല്‍ സഖാഫി പുല്ലാര
എം.എ. ജലീല്‍ സഖാഫി പുല്ലാര
പോയകാല മുസ്‌ലിംകള്‍ മനസ്സമാധാനം കണ്ടിരുന്നതു ഖുര്‍ആന്‍ പാരായണം, മാല-മൗലിദ്, ദിക്ര്‍ തുടങ്ങിയ ആത്മീയ മരുന്നുകളിലായിരുന്നു. എന്നാല്‍, ആധുനിക യുഗത്തില്‍ അതെല്ലാം പോയി. സിനിമയിലും സീരിയലിലും സംഗീതം നിറഞ്ഞ ഗാനങ്ങളിലും ആനന്ദം കൊള്ളുന്ന ഒരു ജനസമൂഹമാണിന്നു വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരുണത്തില്‍ സംഗീതോപകരണങ്ങള്‍ നിറഞ്ഞ ഗാനം കേള്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇസ്‌ലാമിക മാനം വ്യക്തമാക്കുകയാണിവിടെ.
ചെറുപ്പം മുതല്‍ കണ്ടും കേട്ടും ശീലിച്ചതും സാര്‍വ്വത്രികവുമായ കാര്യങ്ങള്‍ അരുതെന്നു പറയുമ്പോള്‍ ചിലര്‍ക്കു ദുര്‍വ്വഹമായി തോന്നുക സ്വാഭാവികമാണ്. നിരാകരിച്ചു തള്ളുന്നവരും കുറവായിരിക്കില്ല. പക്ഷേ, മതനിയമങ്ങള്‍ പറയുന്നിടത്തും എഴുതുന്നിടത്തും ഭൂരിപക്ഷം അനുകൂലിക്കുമോ പ്രതികൂലിക്കുമോ എന്നു നോക്കാവുന്നതല്ല. ഒരു കാര്യത്തിനു ജനസാമാന്യത്തിലുള്ള സ്വാധീനമോ വ്യാപനമോ അതിന്റെ സാധ്യതക്കും അംഗീകാരത്തിനും തെളിവായി ഇസ്‌ലാം കാണുന്നില്ല. ആമുഖമായി ഇത്രയും എഴുതിയതില്‍ നിന്നുതന്നെ സംഗീതോപകരണങ്ങളുടെ ഇസ്‌ലാമിക മാനം മനസ്സിലാക്കാവുന്നതാണെങ്കിലും പ്രമാണങ്ങള്‍ സഹിതം വിവരിക്കാം.
ഗായകരുടെ ആലാപനത്തോടൊപ്പം പ്രത്യേകതരം ഉപകരണങ്ങളുടെ നാദംകൂടി ചേര്‍ത്താണല്ലോ സംഗീതം അവതരിപ്പിക്കാറുള്ളത്. ഉപകരണങ്ങളില്‍ നിന്നുള്ള നാദത്തിന്റെ അകമ്പടി രാഗാലാപനത്തിനു കൂടുതല്‍ ഗാംഭീര്യവും മാധുര്യവും നല്‍കുകയും അതിന്റെ താളഘടനയെ സുവ്യക്തമാക്കുകയും ചെയ്യുന്നു. ഇതിനായി നിര്‍മ്മിക്കപ്പെടുന്ന ഉപകരണങ്ങളെ വാദ്യോപകരണങ്ങള്‍ എന്നുപറയുന്നു. (അഖില വിജ്ഞാനകോശം 4:490)
സംഗീതം ഭാരതീയമോ പാശ്ചാത്യമോ ആയിക്കൊള്ളട്ടെ. അതിനു കൊഴുപ്പേകാന്‍ ഉപകരണങ്ങള്‍ അനിവാര്യമത്രെ. താഴെപ്പറയുന്ന പതിനെട്ടു വാദ്യങ്ങള്‍ സംഗീതോപകരണങ്ങളില്‍ പ്രസിദ്ധമാണ്. ചെണ്ട, മൃദംഗം, മിഴാവ്, മദ്ദളം, പെരുമ്പറ, ഇടയ്ക്ക, കുഴല്‍, കടുന്തുടി, ഇടത്താളം, കുഴിത്താളം, ഉടുക്ക്, തമ്പേറ്, വീക്കന്‍ചെണ്ട, തിമില, ചങ്കിടിക്കുഴല്‍, ചല്ലരി, അങ്കും ഉയരെവെച്ചുകെട്ടുന്ന വാദ്യം (ശബ്ദതാരാവലി-1160), നാഗസ്വരം, വീണ, തമ്പുരു, വയലിന്‍, തകില്‍, ഘടം, ഗഞ്ചിറ എന്നിവയും അറിയപ്പെട്ട സംഗീതോപകരണങ്ങളാണ്. (മാതൃഭൂമി സംഗീതം സ്‌പെഷ്യല്‍, 22.9.2003)
പ്രാചീനവും അപ്രാചീനവുമായ നിരവധി സംഗീതോപകരണങ്ങള്‍ ഇന്നു നിലവിലുണ്ട്. ഉപകരണങ്ങള്‍ എന്നതിലുപരി ആരാധ്യവസ്തുക്കള്‍ എന്നപോലെ അവ ബഹുമാനപൂര്‍വ്വം ശേഖരിച്ചു സൂക്ഷിക്കുന്നവരുണ്ട്. മ്യൂസിക് മ്യൂസിയങ്ങള്‍ തന്നെ പലയിടങ്ങളിലുമുണ്ട്. സംഗീത സ്വാധീനത്തിന്റെ ആഴവും പരപ്പുമാണ് ഇതെല്ലാം കാണിക്കുന്നത്.
ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും തികച്ചും അന്യമാണു ഉപകരണസംഗീതം. അറബികളില്‍ ലളിതമായ സംഗീതോപകരണങ്ങളായിരുന്നു ഉണ്ടായിരുന്നത്. അവര്‍ മദ്യപിച്ചും ലഭ്യമായ വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചും കവിതകളാലപിച്ചും അലക്ഷ്യമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇസ്‌ലാം അവരുടെ രക്ഷക്കെത്തിയത്. നബി(സ) അവരോട് പ്രഖ്യാപിച്ചു: ''അല്ലാഹു എന്നെ സകല ലോകത്തിനും അനുഗ്രഹവും മാര്‍ഗ്ഗദര്‍ശകനുമായി നിയോഗിച്ചിരിക്കുന്നു. കുഴലുകള്‍, വീണകള്‍, മദ്യങ്ങള്‍, അജ്ഞാത കാലത്ത് ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങള്‍ എന്നിവ തുടച്ചുനീക്കാന്‍ അവന്‍ എന്നോട് ആജ്ഞാപിച്ചിരിക്കുന്നു.'' (അഹ്മദ്, ഇബ്‌നു അബീദുന്‍യാ-31)
പൂര്‍വ്വ കാലത്തു നിലനിന്നിരുന്നതും ഇന്നു നിലവിലുള്ളതുമായ സംഗീതോപകരണങ്ങള്‍ നിഷിദ്ധമാണെന്നു തന്നെ ഫുഖഹാഇന്റെ ഉദ്ധരണികളില്‍ നിന്നു വ്യക്തമാകുന്നതാണ്. കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ അതതു കാലത്തു നിലവിലുണ്ടായിരുന്ന നിരോധിത ഉപകരണങ്ങളെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
സംഗീതോപകരണങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അവയില്‍ ചിലതു വിവരിച്ച ശേഷം കര്‍മശാസ്ത്ര വിധി വ്യക്തമാക്കാം. നബി(സ) പറഞ്ഞു: രണ്ടു ശബ്ദം ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടതാകുന്നു. അനുഗ്രഹ സമയത്തുള്ള വീണവായന, വിപല്‍ഘട്ടത്തിലുള്ള ദീനരോധനം (മുസ്‌നദുല്‍ ബസ്സാര്‍). മദ്യം, ചൂതാട്ടം, വാദ്യചെണ്ട എന്നിവ അല്ലാഹു ഹറാമാക്കിയിട്ടുണ്ട്. എല്ലാ ലഹരിപദാര്‍ത്ഥവും നിഷിദ്ധം തന്നെ. (അബൂദാവൂദ് 3696, ഇബ്‌നു ഹിബ്ബാന്‍ 1/274) വ്യഭിചാരം, പാട്ട്, മദ്യം, സംഗീതോപകരണങ്ങള്‍ എന്നിവ അനുവദനീയമാക്കുന്ന ചിലര്‍ എന്റെ സമുദായത്തിലുണ്ടാവും. (ബുഖാരി 5590) എന്റെ സമുദായത്തില്‍ ശിലാവര്‍ഷവും രൂപംമാറ്റലും ഭൂമിയിലേക്കുള്ള ആഴ്ത്തലും ഭൗതികശിക്ഷയായി ഉണ്ടാകും എന്ന് നബി(സ) പറഞ്ഞപ്പോള്‍ അല്ലാഹുവിന്റെ റസൂലേ, അതു എപ്പോഴാണുണ്ടാവുക? എന്നു ചോദിക്കപ്പെട്ടു. അവിടുന്ന് പ്രതിവചിച്ചു: ''മുസ്‌ലിം സമുദായത്തില്‍ വാദ്യോപകരണങ്ങള്‍ പ്രത്യക്ഷപ്പെടുകയും പാട്ടു പാടുന്ന സ്ത്രീകള്‍ വര്‍ദ്ധിക്കുകയും മദ്യങ്ങള്‍ പാനം ചെയ്യപ്പെടുകയും ചെയ്യുമ്പോള്‍.'' (തുര്‍മുദി : 2213)
എന്റെ സമുദായം പതിനഞ്ചു കാര്യങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ അവരില്‍ ശിക്ഷ വന്നിറങ്ങും എന്നു പറഞ്ഞു പതിനഞ്ചു കാര്യങ്ങള്‍ വിശദീകരിച്ച കൂട്ടത്തില്‍ നബി(സ) പറഞ്ഞു: ''പാട്ടുകാരികളായ ഗായികമാരേയും സംഗീതോപകരണങ്ങളെയും ഉണ്ടാക്കുക.'' (തുര്‍മുദി: 2211)
കര്‍മ്മശാസ്ത്രം
എന്തു പറയുന്നു
മദ്യപാനികളുടെ ചിഹ്നമായി അറിയപ്പെട്ടിരുന്ന തമ്പുരു, സാരംഗി, മുക്കമ്പി, കൈത്താളം, വല്ലകി, നാലുകമ്പി, കൈമണി, ഇലത്താളം, വീണക്കുഴല്‍ ആദിയായവ നിര്‍മിക്കുന്നതും അവയുടെ വാദനം കേട്ടാസ്വദിക്കുന്നതും നിഷിദ്ധമാണ്. സംഗീതോപകരണങ്ങളായ മറ്റെല്ലാ വീണകളും ഊത്തുകുഴലുകളും ഇപ്രകാരം തന്നെ നിഷിദ്ധമാണ്. കാരണം, അവയുടെ ആസ്വാദനം മദ്യപാനത്തിനു പ്രേരകമാണ്. മാത്രമല്ല, അവ ദുര്‍നടപ്പുകാരുടെ ചിഹ്നങ്ങളാണ്. ദുര്‍നടപ്പുകാരോട് സാദൃശ്യം പുലര്‍ത്തല്‍ ഹറാമാണ്. (തുഹ്ഫ ശര്‍വാനി 10/219, നിഹായ 8/296, ശര്‍ഹുല്‍ മന്‍ഹജ്, ജമല്‍ 5/381, റൗള 8/205 എന്നിവ നോക്കുക.)
തമ്പുരു, സാരംഗി, മറ്റു വാദ്യോപകരണങ്ങള്‍, വീണക്കമ്പികള്‍, വീണക്കുഴല്‍, പുല്ലാങ്കുഴല്‍, ആദിയായ അത്യാഹ്ലാദമുണ്ടാക്കുന്ന വാദ്യോപകരണങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പാട്ടു പാടുന്നതും അവ വാദനം നടത്തുന്നതും അവ നിര്‍മിക്കുന്നതും നിഷിദ്ധമാണ്. (അസ്‌നല്‍ മത്വാലിബ് 4/344)
ഇത്രയും വിശദീകരിച്ചതില്‍നിന്നുതന്നെ സംഗീതോപകരണങ്ങള്‍, മ്യൂസിക് ഉപയോഗിച്ചു ഇന്നു സാര്‍വ്വത്രികമായി നടന്നുവരുന്ന ഗാനമേളകള്‍ സംഘടിപ്പിക്കലും അവതരിപ്പിക്കലും കേള്‍ക്കലും നിഷിദ്ധമാണെന്നു സ്പഷ്ടമായല്ലോ. സംഗീതോപകരണങ്ങളോടെയുള്ള പാട്ടു കേള്‍ക്കല്‍ നേരിട്ടാവണമെന്നില്ല. എം.പി.3, വി.സിഡി എന്നിവയിലൂടെയും നിഷിദ്ധം തന്നെ. ഇതിന്റെ തെളിവും മുകളില്‍ വിവരിച്ചതു തന്നെ. സംഗീതോപകരണങ്ങള്‍ ഒന്നുമില്ലെങ്കിലും സ്ത്രീ ആലപിക്കുന്ന പാട്ടു കേള്‍ക്കല്‍ ആ ശബ്ദത്തില്‍ ആനന്ദമോ അവളോടു ആഗ്രഹമോ തോന്നുന്നുണ്ടെങ്കില്‍ നിഷിദ്ധം തന്നെ. (തുഹ്ഫ 7/192) ടെലിവിഷനില്‍ കാണുന്ന സ്ത്രീ ചിത്രങ്ങളുടെ വിധിയും ഇതുതന്നെയാണ്. കേള്‍ക്കല്‍ നിഷിദ്ധമായ പാട്ടുള്ള സി.ഡി.കള്‍ വാങ്ങലും നിഷിദ്ധമാണ്. അത്തരം കച്ചവടം നിഷിദ്ധമായ കച്ചവടവും അസാധുവുമാണ്. (തുഹ്ഫ 4/239)
ദഫ്ഫ് പൊതുവെ അനുവദനീയമാണ്. കോല്‍ക്കളിയില്‍ നമ്മുടെ മദ്ഹബില്‍ ഹറാമെന്നും കറാഹത്തെന്നും രണ്ടഭിപ്രായമുണ്ട്. ഈ രണ്ടഭിപ്രായം അനുസരിച്ചും നമ്മുടെ മുന്‍ഗാമികള്‍ ഫത്‌വ നല്‍കിയിട്ടുണ്ട്. (തുഹ്ഫ 10/220, ശര്‍വാനി 10/219, ഖല്‍യൂബി 1/190)
മ്യൂസിക് ശ്രദ്ധിച്ചു കേട്ടാസ്വദിക്കലാണു കുറ്റകരം. അവിചാരിതമായി കേള്‍ക്കാനിടവന്നതിനു വിരോധമില്ല. അതുപോലെത്തന്നെ ഒരു രോഗത്തിനു മറ്റൊരു ചികിത്സാമാര്‍ഗവുമില്ലെന്നു വിശ്വാസയോഗ്യരായ ഒന്നിലധികം ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മ്യൂസിക് തൊറാപ്പി സ്വീകരിക്കാവുന്നതാണ്. അതു നജസുകൊണ്ടുള്ള ചികിത്സ അനുവദനീയമായതുപോലെ നിര്‍ബന്ധാവസ്ഥയിലുള്ള അനുവാദം മാത്രമാണ്. (തുഹ്ഫ 10/219, 220 നോക്കുക.)
പാട്ടു പാടലും കവിത ചൊല്ലലും ഇസ്‌ലാം നിരുത്സാഹപ്പെടുത്തുന്നില്ല. സ്ത്രീവര്‍ണ്ണന സാഹിത്യത്തിലെ ഒഴിച്ചുകൂടാന്‍പറ്റാത്ത അലങ്കാരമായതിനാല്‍ ഒരു നിര്‍ണിത സ്ത്രീയെ കുറിച്ചല്ലെങ്കില്‍ അതും തെറ്റല്ല. ആകയാല്‍, മ്യൂസിക് കൂടാതെ ഗാനം ആലപിക്കുന്നതും കേള്‍ക്കുന്നതും കുറ്റകരമല്ല. നിയമം പാലിച്ചുകൊണ്ടാണെങ്കില്‍ മാത്രം. ഒരു നിര്‍ണ്ണിത മുസ്‌ലിം സഹോദരനെ കുറ്റപ്പെടുത്തിക്കൊണ്ടാണു പാട്ടു പാടുന്നതെങ്കില്‍ നിഷിദ്ധമാണ്.
ഇന്നു മതപ്രഭാഷണ വേദികളില്‍ പ്രഭാഷണത്തിന്റെ മുമ്പ് മുന്‍കാലങ്ങളില്‍ ബുര്‍ദ ബൈത് ചൊല്ലിയിരുന്ന സ്ഥാനത്ത് മ്യൂസിക്കുള്ള പാട്ടുകളാണ് മുഴങ്ങി കേള്‍ക്കുന്നത്. അതു അനുവദിച്ചുകൂടാ. അതിനെതിരെ ബോധവല്‍ക്കരണം അത്യാവശ്യമാണ്.
തത്വജ്ഞാനങ്ങളും ഗുണപാഠങ്ങളും ഉള്‍ക്കൊള്ളുന്ന പാട്ടുകള്‍ പുണ്യാര്‍ഹമാണ്. അത്തരം പാട്ടുകളാണ് രചിക്കേണ്ടതും കേള്‍ക്കേണ്ടതും. അങ്ങനെയൊരു കാലഘട്ടം ഇസ്‌ലാമിക സമൂഹത്തിന് ഉണ്ടായിട്ടുമുണ്ടെന്ന് അറിയുക. പാട്ടെഴുത്തിന്റെയും ആലാപനത്തിന്റെയും ഒരു സര്‍ഗാത്മക കാലം. ഈ പാശ്ചാത്യസംഗീത സംസ്‌കാരം വലിച്ചെറിഞ്ഞ് മാപ്പിളയുടെ യഥാര്‍ത്ഥ സര്‍ഗാതമ്ക യുഗം നമുക്ക് തിരിച്ചുപിടിക്കാനാകുമോ?
No comments:
Post a Comment