തുഹ്ഫത്തുല്‍ മുജാഹിദീന്‍: അധിനിവേശത്തിനെതിരെ ശൈഖ് മഖ്ദൂമിന്റെ നിരീക്ഷണം
യോഗീന്ദര്‍ സിക്കന്ദ്
വിവ. അബ്ദുസ്സലാം കൂട്ടാലുങ്ങല്‍
യോഗീന്ദര്‍ സിക്കന്ദ്
വിവ. അബ്ദുസ്സലാം കൂട്ടാലുങ്ങല്‍
തെന്നിന്ത്യന്‍ സംസ്ഥാനമായ കേരളത്തിലെ ഇന്നലെകളിലെ സാംസ്‌കാരിക ഇടപെടലുകളെ പറ്റി പ്രതിപാദിക്കുന്ന ചരിത്രരേഖയാണ് 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' അഥവാ, 'പോരാളികള്‍ക്കൊരു സമ്മാനം' എന്ന ഗ്രന്ഥം. ഉത്തരകേരളത്തിലെ മലബാറിലെ പ്രസിദ്ധമായ പൊന്നാനിയിലെ മഖ്ദൂം കുടുംബത്തില്‍ പെട്ട 16-ാം നൂറ്റാണ്ടുകാരനായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമാണ് ഗ്രന്‍ഥകര്‍ത്താവ്. തെക്കേ ഇന്ത്യയിലെ ഇസ്‌ലാമിക പ്രബോധനത്തിന് നേതൃപരമായ പങ്കുവഹിച്ച ഈ കുടുംബത്തിന്റെ വേരുകള്‍ യമനിലേക്കാണ് നീളുന്നത്.
പ്രപിതാക്കളുടെ കാല്‍പാടുകള്‍ അര്‍ത്ഥമറിഞ്ഞ് പിന്തുടര്‍ന്നതുകൊണ്ട് തന്നെ ശൈഖ് സൈനുദ്ദീനും പണ്ഡിത തറവാട്ടിലെ കാരണവരായി മാറി. മക്കയില്‍ 10 വര്‍ഷത്തോളം പഠനം നടത്തിയ ഇദ്ദേഹം ഖാദിരി ത്വരീഖത്തുമായും ബന്ധം പുലര്‍ത്തിയിട്ടുണ്ട്. സ്വദേശമായി മലബാറില്‍ മടങ്ങിയെത്തിയ ശേഷം 4 ദശാബ്ദ കാലത്തോളം പൊന്നാനി പള്ളിയില്‍ ദര്‍സുമായി ബന്ധപ്പെട്ട് ജീവിതം കഴിച്ചുകൂട്ടി. ഇക്കാലയളവിലാണ് തെക്കേ ഇന്ത്യയിലെ ഇസ്‌ലാമിക ജ്ഞാനപഠനത്തിന്റെ സിരാകേന്ദ്രമായി പൊന്നാനി മാറിയത്. കോഴിക്കോട്ടെ ഹിന്ദു ഭരണാധികാരിയായ സാമൂതിരിയുടെ ദൂതുമായി ഈജിപ്ത്, തുര്‍ക്കി എന്നിവിടങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്.
'തുഹ്ഫത്തുല്‍ മുജാഹിദീന്‍' ശൈഖിന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയാണ്. വൈദേശികാധിപത്യത്തിന് തുടക്കം കുറിച്ച് വാസ്‌കോഡിഗാമ കോഴിക്കോട്ട് കാലുകുത്തിയ 1498 മുതല്‍ 1583 വരെയുള്ള കാലയളവില്‍ അധിനിവേശ പോര്‍ച്ചുഗീസ് ശക്തികള്‍ക്കെതിരെ മുസ്‌ലിംകള്‍ തീര്‍ത്ത പോരാട്ടങ്ങളുടെയും പ്രതിരോധങ്ങളുടെയും ബോധമാണ് പ്രധാനമായും തുഹ്ഫത്ത് ഉള്‍കൊള്ളുന്നത്. അതിനപ്പുറം ഗ്രന്ഥകാരന്റെ ജീവിതം കണ്ടുമുട്ടിയ അനുഭവ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍രേഖ കൂടിയാണിത്. പോര്‍ച്ചുഗീസു കാപാലികര്‍ക്കെതിരെ ജിഹാദ് സംഘടിപ്പിച്ച് വിശ്വാസ പ്രതിബദ്ധത നിറവേറ്റാന്‍ മലബാറിലെ മുസ്‌ലിംകളോടുള്ള ആഹ്വാനമാണ് തുഹ്ഫത്തിലുടനീളം. ചൂഷകരോടുള്ള ജിഹാദിന്റെ ഗുണഫലങ്ങളെ വിവരിക്കുന്നതിനോടൊപ്പം അക്കാലത്തെ മലബാറിലെ ഇസ്‌ലാമിക ചലനങ്ങളെ കുറിച്ചും, ഹുന്ദു മുസ്‌ലിംകള്‍ക്കിടയിലെ സമ്പര്‍ക്ക രീതികളും ഗ്രന്ഥത്തില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ഇസ്‌ലാമികാഗമനത്തിന്റെ പ്രാരംഭം മലബാറുമായാണ് ബന്ധപ്പെടുന്നതെന്നതിന് ഗ്രന്ഥകാരന്‍ ഒട്ടനവധി തെളിവുകള്‍ നല്‍കുന്നുണ്ട്. അദ്ദേഹം എഴുതുന്നു: '' മലബാറിലെ ഒരു പ്രസിദ്ധമായ ഭരണാധികാരിക്ക്, സിലോണിലേക്ക് പോവുകയായിരുന്ന മുസ്‌ലിം തീര്‍ത്ഥാടകരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാവുകളും അവരില്‍ ആകൃഷ്ടനായ രാജാവ് മടക്കയാത്രയില്‍ അവരോടൊപ്പം മക്കയില്‍ പോവുകയും മുസ്‌ലിമാവുകയും ചെയ്തു. ആ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം ഈ സംഘം വീണ്ടും മലബാറിലെത്തി. ഭരണാധികാരിയുടെ ആശ്രിതര്‍ ഈ സംഘത്തിന് ഹൃദയംഗമമായ സ്വാഗതമരുളുകയും തീരദേശങ്ങളില്‍ താമസിക്കുവാനും അരാധനാര്‍ത്ഥം പള്ളികള്‍ നിര്‍മ്മിക്കുവാനും സഹായസഹകരണങ്ങള്‍ നല്കി. കാലാന്തരത്തില്‍, സൂഫിമാരുടെയും അറേബ്യന്‍ വ്യാപാരികളുടെയും മിഷണറി പ്രവര്‍ത്തനംമൂലം ഇസ്‌ലാം മലബാറില്‍ വളരാന്‍ തുടങ്ങി.
മലബാറിലെ മുസ്‌ലിംകളും ഹിന്ദുക്കളും പരമ്പരാഗതമായിത്തന്നെ സഹകണ മനോഭാവത്തോടെയായിരുന്നു കഴിഞ്ഞതെന്ന് ശൈഖ് നിരീക്ഷിക്കുന്നുണ്ട്. മലബാറിലെ ഹൈന്ദവ ഭരണാധികാരികളെല്ലാം മുസ്‌ലിംകളോട് ക്രിയാത്മക സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. ഇതര നാടുകളുമായി മലബാറിനെ ബന്ധിപ്പിച്ചിരുന്ന കടല്‍വ്യാപാരത്തിന്റെ ചുക്കാന്‍ മുസ്‌ലിംകള്‍ക്കായിരുന്നതുകൊണ്ടുതന്നെ അവിടുത്തെ സാമ്പത്തിക രംഗം പച്ചപിടിച്ചുനിന്നു. ഇത് മുസ്‌ലിംകളോട് നല്ല സമീപനം രൂപപ്പെടുത്താന്‍ ഇടയാക്കിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്ക് സ്വന്തം ശരീഅത്തനുസരിച്ച് ജീവിക്കാന്‍ അവസരം നല്‍കിയെന്നതിനുപുറമേ 'ഖാളിമാര്‍ക്കും, മുഅദ്ദിനുകള്‍ക്കും' ശമ്പളം നല്‍കാന്‍ വരെ ഭരണാധികാരികള്‍ മനസ്സുവെച്ചു. ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ക്കു യാതൊരുവിധ പ്രയാസങ്ങളും നേരിടേണ്ടിവന്നില്ല. സ്വതവേ താഴ്ന്ന ജാതിക്കാരായിരുന്നിട്ടുപോലും മുസ്‌ലിം സമൂഹത്തിനിടയില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യപ്പെട്ടു. ഇതൊക്കെ മലബാറിലെ ഇസ്‌ലാമിന്റെ ത്വരിതഗതിയിലുള്ള വളര്‍ച്ചയ്ക്ക് കാരണമായി.
അന്ന് സാമൂഹിക സന്തുലിതത്വം നിലനിര്‍ത്തിയതില്‍ മലബാറിലെ ഹിന്ദുക്കളുടെ അനുകമ്പാ പൂര്‍ണ്ണ സമീപനത്തെ സൈനുദ്ദീന്‍ മഖ്ദൂം എടുത്ത് പറയുന്നുണ്ട്. ''ഹൈന്ദവ ഭരണാധികാരികളില്‍ ശക്തരും താരതമ്യേന ദുര്‍ബലരുമുണ്ടായിരുന്നു. പക്ഷേ, ശക്തരൊരിക്കലും ദുര്‍ബലരുടെ അധികാരത്തില്‍ കൈകടത്തിയിരുന്നില്ല. (ഇതൊരുപക്ഷേ അവരിലേതെങ്കിലും ഭരണാധികാരിയുടെ മതംമാറ്റംമൂലം ഇസ്‌ലാം ചെലുത്തിയ സ്വാധീനം കാരണമായേക്കാം.) മലബാറുകാര്‍ യുദ്ധവുമായി ബന്ധപ്പെട്ട ഒരവസരത്തിലും വിശ്വാസവഞ്ചനയുടെ ചെറുലാഞ്ഛനപോലും പ്രകടിപ്പിച്ചിരുന്നില്ല. അതില്‍ ഹൈന്ദവനും മുസല്‍മാനും ഒരുപോലെയാണ് സ്ഥിതി.
ഹൈന്ദവ സമൂഹത്തില്‍ അപകടകരമാംവിധം പടര്‍ന്നിരുന്ന ജാതീ വ്യവസ്ഥയെ കുറിച്ച് ഗ്രന്ഥത്തില്‍ വ്യക്തമാക്കുന്നുണ്ട്. കഠിനമായ ജാതി നിയമങ്ങളും, സമുദായ ഭൃഷ്ടും മൂലം അസ്വസ്ഥരായിരുന്ന താഴ്ന്ന വര്‍ഗക്കാര്‍ ഇസ്‌ലാമിലേക്കോ ക്രൈസ്തവതയിലേക്കോ മതം മാറുകയെന്നതിനപ്പുറം ഭരണാധികാരികളുടെ അടിമത്വംപോലും മോഹിക്കുന്ന സ്ഥിതിവരെ നിലനിന്നു. അവിടെ നിലനിന്ന ചില അനാചാരങ്ങളെ 'എത്രലജ്ജാകര'മെന്ന് വിശേഷിപ്പിക്കുന്നുണ്ട് ഗ്രന്ഥകാരന്‍. സൈനുദ്ദീന്‍ മഖ്ദൂം എഴുതുന്നു: ''ഈയൊരു അജ്ഞതയുടെയും അന്ധകാരത്തിന്റെയും സാമൂഹികാനാചാരങ്ങളുടെയും തീക്ഷ്ണ മുഖത്ത് വെച്ചാണ്, സ്‌നേഹത്തിന്റെയും സമത്വദര്‍ശനങ്ങളുടെയും ആകെത്തുകയായ ഇസ്‌ലാമിനെ മലബാറുകാര്‍ പരിചയപ്പെടുന്നതും ഇടപഴകുന്നതും. ഇത് ഇസ്‌ലാമിന്റെ വ്യാപനത്തിനിടയാക്കി.''
മലബാറിലെ മുഴുവന്‍ ഹൈന്ദവ ഭരണാധികാരികളും മുസ്‌ലിംകളോട് സൗഹാര്‍ദപൂര്‍ണ നിലപാടിലായിരുന്നു. പ്രധാനമായും കോഴിക്കോട്ടെ സാമൂതിരിമാര്‍. ആ പരമ്പരയിലൊരു രാജാവ് മക്കയിലെത്തി ഇസ്‌ലാം സ്വീകരിക്കുകയും അവിടത്തന്നെ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ പടവെട്ടിയ മുസ്‌ലിം-നായര്‍ ഹിന്ദു യോദ്ധാക്കളുടെ വീരചരിതങ്ങളും, മുസ്‌ലിംകളെ നാടുകടത്താന്‍ പോര്‍ച്ചിഗീസുകാര്‍ സ്വീകരിച്ച പ്രീണന നയങ്ങളെ തിരസ്‌കരിച്ച് പ്രതിബദ്ധത പ്രകടിപ്പിച്ച സാമൂതിരിമാരെ കുറിച്ചും തുഹ്ഫത്തില്‍ പറയുന്നുണ്ട്. മലബാറിലെ മുസ്‌ലിംകളുടെ ഉന്നമനത്തിനായി സാമൂതിരി പരമ്പരയിലെ രാജാക്കന്‍മാരുടെ നടപടിക്രമങ്ങളെ വീറോടെ സ്മരിക്കുന്ന ശൈഖ് മഖ്ദൂം അതേസമയം ഇതര നാടുകളിലെ മുസ്‌ലിം ഭരണാധികാരികളെ കുറിച്ച് കുണ്ഠിതപ്പെടുന്നു. പോര്‍ച്ചുഗീസുകാരന്റെ കൊള്ളയില്‍നിന്നും സംരക്ഷണവലയം തീര്‍ക്കാന്‍ ഊര്‍ജവും സമ്പത്തും ചെലവഴിച്ച് 'മുസ്‌ലിംകൂട്ടാളിയായ' സാമൂതിരിയെപ്പോലെ സഹായ അഭ്യര്‍ത്ഥന നടത്തിയിട്ടുപോലും ചെറുവിരലനക്കാത്ത മുസ്‌ലിം സുല്‍ത്താന്‍മാരെക്കുറിച്ചും അമീറുകളെ കുറിച്ചുമുള്ള ഗ്രന്‍ഥകാരന്റെ വിലാപവും തുഹ്ഫത്തിലുണ്ട്.
പോര്‍ച്ചുഗീസുകാരുമായുള്ള നിരന്തരസംഘട്ടനംമൂലം സുഗന്ധവ്യജ്ഞവ്യാപാരത്തിന്റെ കുത്തക മലബാറിലെ മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. ഈ തകര്‍ച്ച സ്വാഭാവികമായും ദാരിദ്ര്യത്തിന്റെ കരാളതയിലേക്ക് മുസ്‌ലിംകളെ കൊണ്ടെത്തിച്ചു. മഖ്ദൂം എഴുതുന്നു: ''ആഗോള പ്രാദേശിക തലങ്ങളില്‍ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള വെറുപ്പില്‍നിന്നും രൂപംകൊണ്ട പോര്‍ച്ചുഗീസുകാരന്റെ ഭീകരഭരണത്തിന്‍കീഴില്‍ മുസ്‌ലിംകളെ തെരഞ്ഞുപിടിച്ച് കൊല്ലലും മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള ബലാല്‍ക്കാരങ്ങളും ക്രിസ്ത്യാനിറ്റിയിലേക്കുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനവും അടിമകളാക്കലും മുസ്‌ലിം പള്ളികള്‍ തകര്‍ത്ത് ക്രിസ്ത്യന്‍ ചര്‍ച്ചുകള്‍ കെട്ടിപ്പൊക്കലും നിര്‍ബാധം തുടര്‍ന്നു.'' ഇത്തരം നികൃഷ്ട സമീപനം സ്വീകരിച്ച അധിനിവേശ ശക്തികള്‍ക്കെതിരെയാണ് ശൈഖ് ജിഹാദിനാഹ്വാനം നല്‍കിയത്. അത് തികച്ചും പ്രതിരോധത്തിന്റെ രീതിബോധത്തിലൂന്നിയുള്ളത് മാത്രമായിരുന്നു. അല്ലാതെ, മുസ്‌ലിം നിയന്ത്രിത രാഷ്ട്രീയ മേല്‍ക്കോയ്മക്ക് വേണ്ടിയോ, ഹൈന്ദവ സമൂഹത്തിന്റെ പോലും താല്‍പര്യങ്ങള്‍ക്കു വിഘാതേമാ ആയിരുന്നില്ല. വൈദേശികാധിപത്യത്തെ തുടച്ചുനീക്കാനും മലബാറില്‍ കാലങ്ങളായി നിലനിന്നിരുന്ന സമാധാന നീക്കങ്ങള്‍ക്ക് ശക്തി പകരാനും മാത്രമായിരുന്നു ജിഹാദിനാഹ്വാനം ചെയ്തതെന്ന് മഖ്ദൂം നിരീക്ഷിക്കുന്നുണ്ട്.
16-ാം നൂറ്റാണ്ടിലെ മലബാറിനെ കുറിച്ചുള്ള ആധികാരിക ചരിത്രരേഖയും തെക്കനേഷ്യയിലെ ഇസ്‌ലാമിക ചലനങ്ങളെ അറിയാതെ ഗ്രഹിക്കുന്നവര്‍ക്കുള്ള ദാഹശമനിയുമാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം നിരീക്ഷിച്ച അധിനിവേശ ശക്തികള്‍ക്കെതിരെയുള്ള നീക്കങ്ങളുടെ അലയൊലികള്‍ ഇന്നും പ്രസക്തമാണ്. 16-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ് അധിനിവേശത്തേക്കാള്‍ ഭീകരവും ശക്തവുമായ സാഹചര്യമാണ് ഇന്ന് നിലനില്‍ക്കുന്നത്.
No comments:
Post a Comment