Monday, February 27, 2012

മുഹ്‌യിദ്ദീന്‍ ശൈഖ് (റ)

മുഹ്‌യിദ്ദീന്‍ ശൈഖ് (റ)
എം.എ. ജലീല്‍ സഖാഫി പുല്ലാര

സുല്‍ഥാനുല്‍ ഔലിയാഅ് അല്‍ ഗൗസുല്‍ അഅഌ, ഖുതുബുല്‍ അഖ്താബ് എന്നീ സ്ഥാനപ്പേരുകള്‍ കൊണ്ടു അറിയപ്പെട്ട വിശ്വ പ്രസിദ്ധ ഖുതുബായ ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനിയുടെ 869-ാം വഫാത്ത് ദിനം റബീഉല്‍ ആഖിര്‍ പതിനൊന്നിനാണ്.
ഹിജ്‌റ. 470 (ക്രിസ്താബ്ദം 1077) റമളാന്‍ ആദ്യരാത്രിയില്‍ ഇറാനിയന്‍ പ്രവിശ്യയില്‍പെട്ട ജീലാനിയിലെ നീഫ് എന്ന പട്ടണത്തിലാണ് മുഹിയിദ്ദീന്‍ ശൈഖിന്റെ ജനനം. ജീല്‍, കൈലാന്‍ എന്നീ പേരുകളിലും പ്രസ്തുത നാട് അറിയപ്പെടുന്നു.
അബൂസ്വാലിഹ് എന്നാണ് പിതാവിന്റെ നാമം. അദ്ദേഹം യുദ്ധപ്രിയനായിതിനാല്‍ പ്രസ്തുത അര്‍ത്ഥം കുറിക്കുന്ന ജന്‍ഗീദോസ്ത് എന്ന പേരില്‍ പ്രസിദ്ദനായിട്ടുണ്ട്. മുഹിയിദ്ദീന്‍ മൗലിദില്‍ ജന്‍ഗീദോസ്ത് എന്നതിന്റെ സ്ഥാനത്ത് ഗന്‍ദകൂസ് എന്നു കാണുന്നത് തെറ്റാണ്. ഉമ്മുല്‍ ഖൈര്‍ എന്ന ഫാത്വിമ(റ)യാണു മാതാവ്. ശൈഖു ജീലാനി(റ) പിതാവ് വഴി ഹസനിയും മാതാവുവഴി ഹുസൈനിയുമാണ്. മാതാവും പിതാവും നബികുടുംബത്തില്‍ പെട്ടവരെന്നു ചുരുക്കം.
ശൈശവം മുതല്‍തന്നെ ഒരത്ഭുത ബാലനായിട്ടാണ് ശൈഖു ജീലാനി(റ) വളര്‍ന്നത്. മുലകുടി പ്രായത്തില്‍ റമളാനിന്റെ പകല്‍ മുലപ്പാല്‍ നുണയാതെയാണ് അവിടെത്തെ ജീവിതത്തിനു തുടക്കം. പിന്നീടങ്ങോട്ടുള്ള മഹാനവര്‍കളുടെ ജീവിതം ആശ്ചര്യകരവും അത്ഭുത സിദ്ധികള്‍ നിറഞ്ഞതുമാണ്.
ചെറുപ്രാത്തിലെ പിതാവു മരണപ്പെട്ടതിനാല്‍ മാതാവിന്റെ സംരക്ഷണത്തിലാണ് ശൈഖ് വളര്‍ന്നത്. രക്ഷാമാര്‍ഗം വിജ്ഞാനം കരസ്ഥമാക്കലാണെന്നു മനസ്സിലാക്കിയ മുഹിയിദ്ധീന്‍ ശൈഖ് ചെറുപ്രായത്തിലേ അതിലേര്‍പ്പെട്ടു. വിശുദ്ധ ഖുര്‍ആനിന്റെ ആശയങ്ങളും വിവരണവും ആഴത്തില്‍ പഠിച്ച ശേഷം ഉസൂലും ഫുറൂഉം മറ്റു ശാഖകളും നിരവധി പണ്ഡിതരില്‍നിന്നു കരസ്ഥമാക്കി.
ശൈഖു ജീലാനി ആദ്യകാലത്ത് ശാഫിഈ മദ്ഹബ് അവലംബിച്ച വ്യക്തിയായിരുന്നു. പിന്നീട് ഹമ്പലി മദ്ഹബ് അനുകരിച്ചു. രണ്ടു മദ്ഹബ് അനുസരിച്ചും മഹാനവര്‍കള്‍ ഫത്‌വ കൊടുത്തിരുന്നു. ഒരിക്കല്‍ ശൈഖ് ജീലാനി ഒരു സ്വപ്നം കണ്ടു. നബി(സ)യും ഏതാനും സ്വഹാബത്തും, കൂടെ അഹ്മദുബ്‌നു ഹമ്പലും താനുമുണ്ട്. തല്‍സമയം അഹ്മദ്(റ) നബി(സ)യോടു പറഞ്ഞു: നബിയേ ഈ അബ്ദുല്‍ ഖാദിറിനോട് എന്റെ മദ്ഹബ് സ്വീകരിച്ചു എന്റെ മദ്ഹബ് ശക്തിപ്പെടുത്താന്‍ ആവശ്യപ്പെട്ടാലും. നബി(സ) ആവശ്യപ്പെട്ടതനുസരിച്ചാണ് ശൈഖ് ജീലാനി ഹമ്പലി മദ്ഹബ് സ്വീകരിച്ചത്. ശാഫിഈ മദ്ഹബ് സംരക്ഷിക്കാന്‍ എണ്ണമറ്റ പണ്ഡിതരുണ്ടായിരുന്നു. ഹമ്പലീ മദ്ഹബില്‍ അത്ര പണ്ഡിതന്‍മാര്‍ഇല്ലായിരുന്നു.
പതിനെട്ടാം വയസ്സില്‍ വിജ്ഞാനം നുകരാന്‍ പണ്ഡിത മഹത്തുക്കള്‍ നിറഞ്ഞ ബഗ്ദാദിലേക്കു ശൈഖു ജീലാനി തിരിച്ചു. ശേഷമുള്ള കാലഘട്ടം വിജ്ഞാന സമ്പാദനത്തിനും സര്‍വ്വോപരി അല്ലാഹുവിനെ അറിഞ്ഞു ഇബാദത്തു ചെയ്യാനുമുള്ള കഠിന പ്രയത്‌നത്തിന്റെതായിരുന്നു ശൈഖവര്‍കള്‍ക്ക്.
ഇറാഖിലും മരുഭൂമിയിലും വിജന പ്രദേശങ്ങളിലും ഏകനായി ഇരുപത്തി അഞ്ചു വര്‍ഷം മുഹ്‌യുദ്ദീന്‍ ശൈഖ്(റ) ചുറ്റി സഞ്ചരിച്ചു. ശൈഖ് അബുല്‍ ഫത്ഹില്‍ ഹറവി(റ) പറയുന്നു. മുഹിയുദ്ധീന്‍ ശൈഖിനു നാല്പതുകൊല്ലം ഞാന്‍ ഖിദ്മത്ത് ചെയ്തിട്ടുണ്ട്. അക്കാലത്ത് ശൈഖ് ഇശാ നമസ്‌കരിച്ച വുളൂഅ#് കൊണ്ടുതന്നെ സുബ്ഹ് നനിസ്‌കരിക്കാറുണ്ട്. (ഇശാ - സുബ്ഹിന്റെ ഇടയില്‍ ഉറങ്ങാറില്ലെന്നര്‍ത്ഥം)
ശൈഖു ജീലാനി(റ)യുടെ പവറും കേളിയും നാടെങ്ങും മികച്ചപ്പോള്‍ ബാഗ്ദാദിലെ നൂറ് പ്രമുഖ കര്‍മശാസ്ത്ര പണ്ഡിതര്‍ ജീലാനി(റ)യെ പരീക്ഷിക്കാന്‍ തീരുമാനിച്ചു. ഓരോര്‍ത്തരും മനസ്സില്‍ സൂക്ഷിച്ച ചോദ്യവുമായി ശൈഖിന്റെ സന്നിധിയിലെത്തി. ഒരു മിന്നല്‍ പ്രകാശം കണക്കെ ശൈഖു ജീലാനി(റ)യുടെ നെഞ്ചില്‍ നിന്നു പ്രകാശം മിന്നിയപ്പോള്‍ അവരുടെ ഹൃദയത്തിലുള്ളതെല്ലാം മാഞ്ഞുപോയി. ഒന്നും സംസാരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അവരെല്ലാം ഞെട്ടിവിറച്ചു. ശൈഖു ജീലാനി(റ) അവര്‍ ഉദ്ദേശിച്ച ചോദ്യങ്ങളും അതന്റെ ഉത്തരങ്ങളും അവര്‍ക്കു വിവരിച്ചുകൊടുത്തു.
കുടുംബം
ശൈഖ് ശിഹാബുദ്ധീന്‍ ഉമര്‍ സുഹ്‌റവര്‍ദി(റ) ഉദ്ധരിക്കുന്നു. ശൈഖു ജീലാനി(റ) പറഞ്ഞു: ഞാന്‍ ഏറെക്കാലം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. പക്ഷെ ആത്മധൈര്യം വന്നില്ല. വിധിയെത്തിയപ്പോള്‍ നാലുഭാര്യമാരെ എനിക്കല്ലാഹു നല്‍കി.
ശൈഖു ജീലാനി(റ)യുടെ പുത്രന്‍ അബ്ദുറസാഖ്(റ)പറയുന്നു. എന്റെ പിതാവിനു നാല്‍പത്തി ഒമ്പത് കുട്ടികള്‍ ജനിച്ചു. ഇരുപത്തി ഏഴ് ആണ്‍കുട്ടികളും ഇരുപത്തിരണ്ട് പെണ്‍കുട്ടികളും. ഇതില്‍ പതിമൂന്ന് ആണും ഒരു പെണ്ണും മാത്രമാണ് ജീവിച്ചത്.
നിരവധി ഗ്രന്ഥങ്ങള്‍ ശൈഖു ജീലാനി(റ) രചിച്ചിട്ടുണ്ട്. ഇരുപത്ത ഒന്നു ഗ്രന്ഥങ്ങള്‍ ചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. മുഹിയിദ്ധീന്‍ ശൈഖിന്റെ ചരിത്രങ്ങള്‍ വിവരിക്കുന്ന എഴുപതില്‍ പരം ഗ്രന്ഥങ്ങളുണ്ട്. ഖാളി മുഹമ്മദ്(റ) രചിച്ച മുഹ്‌യിദ്ദീന്‍ മാല ഏവര്‍ക്കും സുപരിചതമാണല്ലോ.
ശൈഖു ജീലാനി(റ)യുടെ ''ഗുന്‍യത്'' എന്ന ഗ്രന്ഥം താന്‍ ഹമ്പലി മദ്ഹബ് അനുകരിച്ചു ജീവിച്ചപ്പോള്‍ രചിച്ച ഗ്രന്ഥമാണ്. പ്രസ്തുത ഗ്രന്ഥത്തില്‍ ഇന്നു പല മതവിരുദ്ധ കാര്യങ്ങളും കാണാന്‍ സാധിക്കും. ചിലര്‍ കടത്തിക്കൂട്ടിയതാണ്. അല്ലാതെ ശൈഖു ജീലാനി എഴുതിയതല്ല. ശൈഖു ജീലാനി(റ)യെ തെറ്റിദ്ധരിപ്പിക്കുംവിധം ഗുന്‍യത്തില്‍ ചില സുന്നിവിരുദ്ധ ആശയങ്ങള്‍ എഴുതിപ്പിടിപ്പിച്ചതിനാലാണ് ഗുന്‍യത്തില്‍ കാണുന്ന ചിലതില്‍ നീ വഞ്ചിതനാവരുതെന്നു ഇമാം ഇബ്‌നു ഹജര്‍(റ) തന്റെ അസ്സവാഹിഖുല്‍ മുഹ്‌രിഖയില്‍ വ്യക്തമാക്കിയത്.
സൂഫീലോകത്തെ അധിപനും നായകനുമായ ശൈഖ് ജീലാനി(റ)യെ പുകഴ്ത്തുകയല്ലാതെ സമകാലികരോ പിന്‍തലമുറക്കാരോ കുറ്റപ്പെടുത്തിയിട്ടില്ല. പുത്തന്‍വാദിയായ ഇബ്‌നു തീമിയ്യവരെ മുഹ്‌യിദ്ദീന്‍ ശൈഖിനെ പുകഴ്ത്തി എഴുതിയിട്ടുണ്ട്.
വഫാത്ത്
തൊണ്ണൂറ്റി ഒന്നാം വയസ്സില്‍ ഹിജ്‌റാബ്ദം 561 റബീഉല്‍ ആഖിര്‍ 11ന് രാത്രി ശൈഖു ജീലാനി(റ) മരണപ്പെട്ടു. രാത്രിതന്നെ മറമാടപ്പെടുകയും ചെയ്തു. മരണരോഗം ഉണ്ടായി ഒരുദിവസമേ കിടപ്പായിട്ടുള്ളൂ. അതിനു മുമ്പ് കാര്യമായ രോഗങ്ങളൊന്നും ബാധിച്ചിരുന്നില്ല. ശൈഖുജീലാനി(റ)യുടെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന സ്ഥാപനത്തിന്റെ ചാരത്തുതന്നെയാണ് മഖ്ബറ.
ത്വരീഖത്തുകളില്‍ ഏറ്റവും പ്രചാരപ്പെട്ട ഖാദിരീ ത്വരീഖത്തിന്റെ മശാഇഖുമാര്‍ പ്രസ്തുത ത്വരീഖത്ത് ഇന്നും സംരക്ഷിച്ചുപോരുന്നു. അവരുടെയെല്ലാം പരമ്പര ചെന്നെത്തുന്നത് ശൈഖ് ജീലാനി(റ)യിലേക്കാണ്. അവിടെന്നു നബി(സ) തങ്ങളിലേക്കും. മുറബ്ബിയായ മശാഇഖുമാരാണു ഇന്നും ഈ ത്വരീഖത്തിന്റെ ശൈഖുമാര്‍. അന്ത്യനാള്‍ വരെ ഈ ത്വരീഖത് നിലനില്‍ക്കും. ഈ വസ്തുതയാണ് ശൈഖ് താജുല്‍ ആരിഫീന്‍ അബുല്‍ വഫാ(റ) ഒരിക്കല്‍ ശൈഖു ജീലാനി(റ)യോടു പറഞ്ഞത്. ''ഓ അബ്ദുല്‍ ഖാദിര്‍, എല്ലാ കോഴിയും കൂവിയടങ്ങും. നിങ്ങളുടേത് ഒഴികെ. അത് അന്ത്യനാള്‍ വരെ കൂവുന്നതാണ്.'' (ബഹ്ജ പേജ് 144)

No comments:

Post a Comment