കേരളീയ മുസ്‌ലിം ചരിത്ര പരിസരത്തില്‍ സമന്വയവിദ്യാഭ്യാസം ആര്‍ജിച്ച ഇടങ്ങള്‍
മഹ്മൂദ് ഹുദവി പനങ്ങാങ്ങര
മഹ്മൂദ് ഹുദവി പനങ്ങാങ്ങര
‘മത-ഭൗതിക സമന്വയ വിദ്യാഭ്യാസം’ എന്ന, ഒറ്റ ശ്വാസത്തില്‍ പറഞ്ഞുതീര്‍ക്കുന്ന പ്രയോഗം ഏറെ പ്രശ്‌നബദ്ധമാണ്. കേള്‍ക്കുന്നത് പോലെ അത്ര രസമുള്ളതല്ല, അതിനെ ഇഴകീറി പരിശോധിക്കല്‍. മതവും ഭൗതികവും വിദ്യാഭ്യാസത്തിന്റെ രണ്ടറ്റങ്ങളായി പരിഗണിക്കപ്പെടുകയും, രണ്ടും രണ്ട് ദിശകളിലായി സമരസപ്പെടാതിരിക്കുകയും ചെയ്യുന്നിടത്താണ് ‘സമന്വയ’ത്തിന്റെ പ്രസക്തി കല്‍പിക്കപ്പെടുന്നത്. എല്ലാം ഉള്‍ക്കൊള്ളുന്ന മതം, ഭൗതികതയെ ഉള്‍ക്കൊള്ളുന്നില്ല, ഭൗതികത മതത്തിന്റെ നേര്‍വിപരീതമായി നില്‍ക്കുന്നു തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈയൊരു പ്രയോഗം ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. അവയുടെ ചുവടുപിടിച്ചാണ് ചുവടെ വരുന്ന വിശകലനങ്ങള്‍. കേരളത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രപരമായി ‘സമന്വയം’ അര്‍ഥീകരിച്ച വിദ്യാഭ്യാസ രീതി എന്തായിരുന്നുവെന്നും, മതവും ഭൗതികതയും എത്രത്തോളം അകലം പാലിച്ചെന്നും, സമന്വയവിദ്യാഭ്യാസത്തിന്റെ ആഗമനത്തോടെ എത്രത്തോളം അടുപ്പം സാധ്യാമായെന്നും, മതത്തിന്റെയും ‘ഭൗതികത’യുടെയും രണ്ടറ്റങ്ങളില്‍ നിന്നും ഈ പുതിയ വിദ്യാഭ്യാസ രീതിക്ക് ലഭിച്ച പ്രതികരണങ്ങളെന്തായിരുന്നുവെന്നുമാണ് ഈ പഠനം പരിശോധിക്കുന്നത്. ചരിത്രപരമായ വിശകലനമാണ് ലേഖനത്തിന്റെ ആകെത്തുക. നന്മ-ഗുണങ്ങളുടെ വിധിയെഴുത്തോ വിചാരണയോ പരിഗണയില്‍ വരുന്നില്ല.
കേരളത്തിലെ മതപഠനത്തിന്റെ ഇരുപതാം നൂറ്റാണ്ട്
1920കളില്‍ മതസംഘടനകള്‍ സംസ്ഥാപിതമായതിന് ശേഷം കേരള ഇസ്‌ലാമിന്റെ വിദ്യാഭ്യാസ സമീപനങ്ങളില്‍ വന്ന മാറ്റങ്ങള്‍ പല ഘട്ടങ്ങളായി തിരിച്ച് വിശകലനം ചെയ്തിട്ടുണ്ട്, 2009 ല്‍ പ്രൊഫ. ഇ. മുഹമ്മദ് സ്മരണികയില്‍. മതവിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങളൊന്നും കൊണ്ടുവരാത്തതായിരുന്നു 1950 വരെയുള്ള മൂന്ന് പതിറ്റാണ്ടുകള്‍. മതവിദ്യാഭ്യാസം എപ്പോഴും പാരമ്പര്യത്തിന്റെ ചിഹ്നങ്ങളുമായി ബന്ധപ്പെട്ടാണ് നിലനിന്നിരുന്നത്; പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ഇവ്വിഷയകമായി ഈയടുത്ത കാലത്തൊഴിച്ച് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പുതുതായി തലയുയര്‍ത്തിയ അവാന്തരവിഭാഗങ്ങളുടെ പരിഷ്‌കരണവാദങ്ങള്‍ക്കെതിരെ ശക്തമായി പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും, പാരമ്പര്യത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുകയുമായിരുന്നു 1950 വരെയുള്ള കാലയളവില്‍ സമസ്ത എന്ന പാരമ്പര്യപ്രസ്ഥാനത്തിന്റെ പ്രധാന ഉത്തരവാദിത്തം. നാടൊട്ടുക്കും പ്രഭാഷണപരമ്പരകള്‍ സംഘടിപ്പിച്ചും സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയും മതപരിഷ്‌കരണവാദത്തിന്റെ അപകടങ്ങള്‍ തുറന്നുകാട്ടാന്‍ പണ്ഡിതനേതൃത്വം അഹോരാത്രം പരിശ്രമിച്ചു. പ്രതിരോധാത്മകം എന്ന് ഈ ഘട്ടത്തെ നമുക്ക് വിശേഷിപ്പിക്കാം.
1950 ന് ശേഷമുള്ള സമസ്തയുടെ ചരിത്രത്തില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിഞ്ഞുതുടങ്ങുകയും, ക്രിയാത്മകമായ പ്രവര്‍ത്തനമേഖലകളിലേക്ക് കാലെടുത്ത് വെക്കുകയും ചെയ്യുന്നുണ്ട്. 1945 ല്‍ നടന്ന കാര്യവട്ടം സമ്മേളനത്തിലും തുടര്‍ന്നും പ്രാഥമിക തലത്തില്‍ സമൂലമായ മാറ്റങ്ങളോടെ മതവിദ്യാഭ്യാസ രീതികള്‍ പരിചയപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നി ബാഫഖി തങ്ങള്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. സ്വതന്ത്ര്യഭാരതത്തില്‍, പൊതുവിദ്യാലയങ്ങളില്‍ മതവിദ്യാഭ്യാസം നിരോധിച്ചുകൊണ്ടുള്ള ഗവണ്‍മെന്റിന്റെ ഉത്തരവ് പുറത്തുവരിക കൂടി ചെയ്തപ്പോള്‍, പ്രാഥമിക മതവിദ്യാഭ്യാസത്തിന് പുതിയ മാധ്യമങ്ങള്‍ കണ്ടെത്താന്‍ മഹിതനേതൃത്വം നിര്‍ബന്ധിതരായി. നിലവിലെ ഓത്തുപള്ളി സമ്പ്രദായത്തിന്റെ കുറവുകള്‍ പരിഹരിച്ചും, ബ്രിട്ടീഷ് ഗവണ്‍മെന്റ് വഴി പരിചിതമായ ആധുനികവിദ്യാഭ്യാസ രീതികളില്‍ നിന്ന് കടമെടുത്തും മദ്‌റസാ സംവിധാനം അങ്ങനെയാണ് നിലവില്‍ വരുന്നത്. കേരള ഇസ്‌ലാമിന്റെ പിന്നീടുള്ള ചരിത്രത്തില്‍ കാതലായ ഇടം കണ്ടെത്തിയ ഈ സമ്പ്രദായം ശരിക്കൊമൊരു നവോത്ഥാനാത്മകമായ ചുവടുവെയ്പായിരുന്നു. ഇതേ കാലയളവില്‍ തന്നെയാണ്, ഉന്നത മതവിദ്യാഭ്യാസത്തിന് വഴിയൊരുക്കിക്കൊണ്ട് പട്ടിക്കാട് ജാമിഅ നൂരിയ്യ സ്ഥാപിതമാകുന്നത്. മദ്‌റസാപഠനത്തിന് ശേഷം ദര്‍സുകളില്‍ മതപഠനം തുടരുന്നവര്‍ക്ക് ഉന്നത പഠനം നടത്താന്‍ അന്ന് കേരളത്തില്‍ മതസ്ഥാപനങ്ങളുണ്ടായിരുന്നില്ല. ബാഫഖി തങ്ങളും പൂക്കോയ തങ്ങളുമെല്ലാം മുന്‍കൈ എടുത്താണ് ഈ മഹിതമായ സ്ഥാപനത്തിനും ശില പാകുന്നത്. മൊത്തത്തില്‍ ഈ ഘട്ടത്തെ, നിര്‍മാണാത്മകം എന്നു വിശേഷിപ്പിക്കാം.
1978-80 കാലയളവില്‍ തുടക്കം കുറിക്കുന്നു കേരള ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ മൂന്നാം ഘട്ടം. നിലവിലെ മതവിദ്യാഭ്യാസരീതികളിലും ഭൗതിക വിദ്യാഭ്യാസ രീതികളിലുമുള്ള മതപരവും മതേതരവുമായ കുറവുകള്‍ നികത്തുക എന്നതായിരുന്നു ഈ ഘട്ടത്തിന്റെ തിരിച്ചറിവും പ്രത്യേകതയും. പ്രധാനമായും ഉന്നത മതപഠന രംഗത്തെ അപാകതകളെ ലക്ഷ്യം വെച്ചായിരുന്നു ഓരോ പ്രവര്‍ത്തനങ്ങളും. ഈ ഘട്ടത്തിന്റെ പ്രാധാന്യം, ‘സമന്വയ വിദ്യാഭ്യാസം’ എന്ന ആശയത്തിന്റെയും അതിന്റെ സാക്ഷാല്‍ക്കാരത്തിന്റെയും നാളറിവുകള്‍ മനസ്സിലാകണമെങ്കില്‍, ‘ഭൗതിക’ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ അത്യാവശ്യമാണ്. ഈ ലേഖനത്തിന്റെ അടുത്ത ഉപതലക്കെട്ടില്‍ ചര്‍ച്ച ചെയ്യുന്നത് അതാണ്. ഏതായിരുന്നാലും, കടമേരി റഹ്മാനിയ്യ അറബിക് കോളെജില്‍ തുടങ്ങിയ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി എന്ന പ്രസ്ഥാനപരമായ ചുവടുവെയ്പിലൂടെയായിരുന്നു, രണ്ടുപതിറ്റാണ്ടോളം നീണ്ടുനിന്ന ഇക്കാലയളവിലെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍. അതേസമയം, മതരംഗത്ത് മാത്രം ശ്രദ്ധയൂന്നിയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടര്‍ച്ചയും നവസംസ്ഥാപനങ്ങളും ഇക്കാലത്തും വളരെ പ്രാധാന്യത്തോടെത്തന്നെ തുടര്‍ന്നുകൊണ്ടിരുന്നു.
കഴിഞ്ഞ പത്തുപതിനഞ്ചോളം വര്‍ഷത്തെ മതവിദ്യാഭ്യാസ മേഖലയെ മുന്‍നിര്‍ത്തിയുള്ളതാണ്, നാലാം ഘട്ടം. സമന്വയവിദ്യാഭ്യാസമെന്ന മൂന്നാം ഘട്ടത്തിലെ പ്രധാനമാറ്റത്തെ നെഞ്ചേറ്റി മതവിദ്യാഭ്യാസരംഗം മുന്നോട്ട് പോകുന്നതാണ് ഇവിടെ നാം കാണുന്ന കാതലായ മാറ്റം. മതരംഗത്ത് മാത്രം ശ്രദ്ധയൂന്നിയുള്ള സ്ഥാപനങ്ങള്‍ക്ക് സാമുദായിക പരിഗണനകളില്‍ പ്രാധാന്യം നഷ്ടപ്പെടുകയും, ‘രണ്ട് വിദ്യാഭ്യാസവും ഒരുമിച്ച് കിട്ടുന്ന’ കേന്ദ്രങ്ങളുടെ ഇടം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. വ്യവസ്ഥാപിതമായ രീതിയില്‍ പരസ്പരം സഹകരിച്ചുള്ള ‘വിദ്യാഭ്യാസ സ്ഥാപനച്ചങ്ങലകള്‍’ തീര്‍ക്കാന്‍ സമന്വയവിദ്യാഭ്യാസത്തിന്റെ പ്രയോക്താക്കള്‍ ശ്രദ്ധ വെച്ചത്, പുതിയ പഠനക്രമങ്ങള്‍ക്ക് കൂടുതല്‍ ജനാംഗീകാരം നേടിക്കൊടുക്കാന്‍ കാരണമായി. കഴിഞ്ഞ ഒന്നു രണ്ട് വര്‍ഷങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന ചരിത്രപരമായ ഒരു മാറ്റം, മതവിദ്യാഭ്യാസത്തില്‍ മാത്രം ശ്രദ്ധയൂന്നി രണ്ടും മൂന്നും ഘട്ടങ്ങളില്‍ സ്ഥാപിതമായ സ്ഥാപനങ്ങളില്‍ നല്ലൊരു ശതമാനവും മൂന്നാംഘട്ടത്തിലെ സമന്വയത്തിന്റെ പാതയിലേക്ക് ആകര്‍ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നതാണ്. അതിലേറെ ശ്രദ്ധേയം, മതവിജ്ഞാനീയങ്ങളിലെ ഉന്നത പഠനത്തിന് പാരമ്പര്യവാദികളാല്‍ സ്ഥാപിതമായ പ്രഥമസ്ഥാപനം പോലും ഈ മാറ്റത്തിന്റെ പാതയില്‍ അണിചേരുന്നു/നേതൃപരമായ വഹിക്കുന്ന പങ്കാണ്. ഏറെ സാമൂദായികാംഗീകാരവും മതവിദ്യാഭ്യാസാടിത്തറയുമുള്ള ജാമിഅ നൂരിയ്യയുടെ ഈ നിലപാടുമാറ്റം മൂലം ചുരുങ്ങിയ കാലയളവില്‍ മുപ്പതോളം സ്ഥാപനങ്ങള്‍ ഒറ്റയടിക്ക് സമന്വയവിദ്യാഭ്യാസത്തിന്റെ പാതയിലേക്ക് എത്തുകയുണ്ടായി. കേരളഇസ്‌ലാമില്‍ മുമ്പൊരു സ്ഥാപനശൃംഖലക്കും കഴിയാത്ത ഒന്നാണ് ജാമിഅ ഇതിലൂടെ സാധ്യമാക്കിയതും, മറ്റുപലതിലുമെന്ന പോലെ ചരിത്രപരമായ വഴിയടയാളങ്ങള്‍ കുറിച്ചുവെച്ചതും.
നാല് ഘട്ടങ്ങളായി തരംതിരിച്ചുള്ള കേരള ഇസ്‌ലാമിക വിദ്യാഭ്യാസ സംവിധാനം മൊത്തത്തില്‍ നമ്മോട് പറയുന്നത് സമന്വയ വിദ്യാഭ്യാസം എന്ന വിപ്ലവപരമായ ആശയത്തിന് പാരമ്പര്യ-പാരമ്പര്യേതര മതവിഭാഗങ്ങള്‍ക്കിടയില്‍ ലഭിച്ച വന്‍തോതിലുള്ള സ്വീകാര്യതയാണ്. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വിദ്യാഭ്യാസ രീതികളില്‍, പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയെപ്പോലുള്ള ചില വിദ്യാഭ്യാസ നവോത്ഥാനനായകര്‍ മാറ്റങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നെങ്കിലും കാര്യക്ഷമമായ മാറ്റങ്ങള്‍ എല്ലായിടത്തുമെത്തിയിരുന്നില്ല. ചില പ്രത്യേക സ്ഥലങ്ങളിലൊ സ്ഥാപനങ്ങളിലോ ഒതുങ്ങി നിന്നു. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതല്‍ പാരമ്പര്യവാദികളുടെ കഠിനശ്രമങ്ങളിലൂടെ വളരെ ആഴത്തിലുള്ള മാറ്റങ്ങള്‍ക്ക് കേരളത്തിലെ ഇസ്‌ലാമിക വിദ്യാഭ്യാസ രംഗം സാക്ഷിയായി. സമന്വയവിദ്യാഭ്യാസമെന്ന ആശയസംഹിതയുടെ സാക്ഷാല്‍ക്കാരത്തോടെ വിപ്ലവാത്മകവും നവോത്ഥാനാത്മകവുമായ രൂപപ്പെടലുകള്‍ക്കാണ് വൈജ്ഞാനിക ലോകത്ത് അരങ്ങൊരുങ്ങിയത്.
‘ഭൗതികത’ സമന്വയത്തിലേക്ക് വഴിതെളയിക്കുന്നു.
‘ഇസ്‌ലാമിക വിദ്യാഭ്യാസ’വും ‘മുസ്‌ലിം വിദ്യാഭ്യാസ’വും വഴി തിരിയുന്നത്, പഠിപ്പിക്കപ്പെടുന്ന വിഷയങ്ങളെക്കൂടി മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ വരികളില്‍ ചര്‍ച്ച ചെയ്തതൊക്കെയും ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ കേരളീയ പരിസരങ്ങളെക്കുറിച്ചായിരുന്നു; മതം എങ്ങനെ പഠിപ്പിക്കപ്പെട്ടു എന്നതിനെക്കുറിച്ച്. എന്നാല്‍, ‘മുസ്‌ലിം വിദ്യാഭ്യാസം’ സമുദായം എങ്ങനെ പഠിച്ചു എന്ന പ്രശ്‌നഭാഗമാണ് അഭിമുഖീകരിക്കുന്നത്. അവര്‍ എന്ത് പഠിച്ചു എന്നതിനെക്കാളേറെ, അവര്‍ പഠിച്ചു എന്നതാണ് അതില്‍ പ്രധാനം. മറ്റു സമുദായ-മതവിഭാഗങ്ങളെപ്പോലെ, ശാസ്ത്ര-സാമൂഹ്യവിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കും വിദ്യാഭ്യാസം നേടാനായോ, ആയെങ്കില്‍ എങ്ങനെ എന്നൊക്കെ പ്രശ്‌നവല്‍ക്കരിക്കുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, ഇസ്‌ലാമിക വിദ്യാഭ്യാസം മതത്തെ കേന്ദ്രബിന്ദുവാക്കുമ്പോള്‍, മുസ്‌ലിം വിദ്യാഭ്യാസം സമുദായത്തെ കേന്ദ്രമാക്കുന്നു.
‘ഭൗതിക വിദ്യാഭ്യാസം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മതേതരമായ വിദ്യാഭ്യാസ സംഹിതകള്‍ നേരെചൊ വ്വേ പറഞ്ഞാല്‍ പാശ്ചാത്യന്റെ വെച്ചുനീട്ടമാണ്. ആധുനികകാലത്തിന്റെ ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ സംഭവിച്ച യുക്തിയിലധിഷ്ഠിതമായ ശാസ്ത്ര വിജ്ഞാനീയങ്ങളുടെ വളര്‍ച്ച, വിദ്യാഭ്യാസത്തെ പൂര്‍ണമായും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്നകറ്റി നിര്‍ത്തുകയും ‘ബൗദ്ധികത’, ‘യുക്തി’ തുടങ്ങിയ ‘മാഹാത്മ്യങ്ങളെ’ വാഴ്ത്തുകയും ചെയ്തു. കൊളോണിയല്‍ കാലഘട്ടത്തിന് മുമ്പ് ഇന്ത്യയില്‍ പോലും നിലനിന്നിരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ പൂര്‍ണമായും മതത്തിന്റെ പരിസരങ്ങളിലധിഷ്ഠിതമായിരുന്നു. എന്നാല്‍, ബ്രിട്ടീഷുകാരനിലൂടെ പരിചയപ്പെടുത്തപ്പെട്ട ‘ആധുനിക ശാസ്ത്രീയവിദ്യാഭ്യാസം’ മതേതരവും മതരഹിതവുമായിരുന്നു. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ നിലനിന്നിരുന്ന വിദ്യാഭ്യാസരീതികള്‍ക്കോ വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ ഉള്‍ക്കൊള്ളാനാകുന്നതിനപ്പുറത്തായിരുന്നു അതിന്റെ പരിചയവൃത്തങ്ങള്‍. സ്വാഭാവികമായും ആ വിദ്യാഭ്യാസരീതി ഘട്ടംഘട്ടമായി നമ്മുടെ മുഖ്യധാര കൈയടക്കുകയും, നിത്യവൃത്തിക്കും സാമൂഹികമായ ഔന്നത്യത്തിനും ആധാരശിലകളായി മാറുകയും ചെയ്തു. ഇവിടെ പൂര്‍ണമായും പിന്തള്ളപ്പെട്ടത്/പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടത് പരമ്പരാഗതമായ മതവിദ്യാഭ്യാസ രീതികളായിരുന്നു.
ഏതായിരുന്നാലും, കേരളീയ പരിസരത്തില്‍ മുസ്‌ലിം സമൂഹത്തിനിടക്ക് ‘ആധുനിക ശാസ്ത്രീയ ഭൗതികവിദ്യാഭ്യാസം’ വേരൂറക്കുന്നത് 1920കള്‍ക്ക് ശേഷമുണ്ടായ ഭൗതികമായ സാമൂദായിക പരിഷ്‌കരണപ്രക്രിയകളിലൂടെയാണ്. പ്രധാനമായും മതപരിഷ്‌കരണവാദികള്‍ വഴി പ്രചരണം ചെയ്യപ്പെട്ട ഭൗതിക വിദ്യാഭ്യാസത്തിന്റെ ആശയ സംഹിതകള്‍ കാലങ്ങളെടുത്താണെങ്കിലും മുസ്‌ലിം സമുദയാത്തില്‍ വേരുകള്‍ കണ്ടെത്തി. ഫാറുഖ് കോളെജ്, പി.എസ്.എം.ഒ. കോളെജ് എന്നീ സ്ഥാപനങ്ങളിലൂടെയും, മുസ്‌ലിം എജുക്കേഷന്‍ അസോസിയേഷന്‍, ലജ്‌നത്തുല്‍ മുഹമ്മദിയ്യ, സമസ്ത കേരള മുസ്‌ലിം എജുക്കേഷന്‍ ബോര്‍ഡ്, മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റി തുടങ്ങിയ പ്രസ്ഥാനങ്ങളിലൂടെയും മതേതര വിദ്യാഭ്യാസ മേഖലകളില്‍ മുസ്‌ലിംകള്‍ സാന്നിധ്യമറിയിച്ചു. ഇതര സാമുദായിക മുന്നേറ്റങ്ങളോളം ഈ സംരംഭങ്ങള്‍ വഴിയൊന്നും മുസ്‌ലിംകള്‍ക്ക് തിളങ്ങാനായില്ലെങ്കിലും, തങ്ങളുടേതായ ഒരിടം സൃഷ്ടിച്ചെടുക്കുന്നതില്‍ അവര്‍ ഏറെക്കുറെ വിജയിക്കുകയുണ്ടായി.
ഭൗതിക വിദ്യാഭ്യാസം മുന്‍ പറഞ്ഞതുപോലെ പ്രധാനമായും മതേതരമോ മതരഹിതമോ ആയിരുന്നതിനാല്‍, അതിതരം സ്ഥാപനങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടി പുറത്തിറങ്ങുന്നവര്‍ പലപ്പോഴും മതത്തിന്നകത്തെ മതരാഹിത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഒരവസ്ഥയാണ് പിന്നീടുള്ള കേരള ഇസ്‌ലാം കണ്ടത്. മതരാഹിത്യമോ മതപരിഷ്‌കരണമോ ലക്ഷ്യം വെച്ചുള്ള അവരുടെ വെമ്പല്‍കൊള്ളലുകളില്‍, പാരമ്പര്യത്തിന്റെ ആശയസ്രോതസ്സുകള്‍ അവരോട് സംവദിക്കാനാകാതെ വിറങ്ങലിച്ചു നിന്നു. സാമാന്യയുക്തിയും സാമാന്യവിദ്യാഭ്യാസ മേന്മയും മുന്‍നിര്‍ത്തി സമുദായാംഗങ്ങളെ പരമ്പരാഗത വിശ്വാസാചാര സംഹിതകളില്‍ നിന്ന് അകറ്റാന്‍ അവര്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തി. ഭൗതിക വിദ്യാഭ്യാസം കിട്ടിയ നല്ലൊരു ശതമാനം മുസ്‌ലിംകള്‍ ഇങ്ങനെയാണ് പാരമ്പര്യത്തോട് പ്രതികരിച്ചതെങ്കില്‍, മറ്റൊരു വിഭാഗം ഒന്നുകില്‍ പൂര്‍ണമായും മതത്തിന്റെ ചട്ടക്കൂടുകളില്‍ നിന്ന് അകലുകയോ അഭേദ്യമായ മൗനവാല്‍മീകങ്ങളില്‍ അഭയം കണ്ടെത്തുകയോ ചെയ്തു. സാമാന്യമായി അവരും ഭൗതികവിദ്യസ്തരുടെ ‘സാമുദായിക പരിഷ്‌കരണ’ പ്രവര്‍ത്തനങ്ങള്‍ക്ക് നെരേ ചൊവ്വയോ അല്ലാതെയോ പിന്തുണ നല്‍കുന്നുമുണ്ടായിരുന്നു. ഏതായിരുന്നാലും, ഇവര്‍ നടത്തുന്ന വികലമായ ആശയ പ്രചരണങ്ങള്‍ക്ക് അവരുടെ അതേ ഭാഷയില്‍ മറുപടി പറയാനും സമുദായത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ‘കാലഘട്ടത്തിന്റെ ഭാഷ’ മനസ്സിലാക്കാനുതകുന്ന പണ്ഡിത വൃന്ദത്തെ വാര്‍ത്തെടുക്കുക എന്നത് പാരമ്പര്യവാദലോകത്തെ ചിന്തിക്കുന്നവരുടെ ദീര്‍ഘകാലത്തെ സ്വപ്നമായിരുന്നു.
പുറമെ, മതവിദ്യാഭ്യാസം എന്ന പേരില്‍ നൂറ്റാണ്ടുകളായി പഠിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പല ഗ്രന്ഥങ്ങളും കാലാനുചിതമായി പരിഷ്‌കരിക്കപ്പെടേണ്ടതുണ്ടെന്നും, കാലത്തിന്റെ അറിവുകളില്‍ ആംഗലേയ ലോകത്ത് സജീവമായി നിലനില്‍ക്കുന്നവ അവര്‍ ഉപയോഗിക്കുന്ന അതേ വിദ്യാഭ്യാസരീതികള്‍ ഉപയോഗിച്ച് പഠിപ്പിക്കപ്പെടണമെന്നും ‘പാരമ്പര്യ ബുദ്ധിജീവികള്‍’ (പ്രയോഗത്തോട് അന്റോണിയോ ഗ്രാംഷിയോട് കടപ്പാട്) ശക്തമായി ആഗ്രഹിച്ചു. നിലവിലെ മതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സമുചിതമായി പരിഷ്‌കരണവിധേയമാക്കുക എന്നതായിരുന്നു അവരുടെ മുമ്പിലെ ഏക പോംവഴി. അത്തരം ഇടങ്ങളില്‍ തീര്‍ത്തും അപരിചിതമായിരുന്ന വിജ്ഞാനീയ വൈവിധ്യങ്ങളെ പാരമ്പര്യ സംവിധാനങ്ങളില്‍ ആവുംവിധം സന്നിവേശിപ്പെച്ചടുക്കുക എന്നതായിരുന്നു അവരുടെ ഉദ്യമം. ഈ പോംവഴിയും ഉദ്യമവും തമ്മിലുള്ള കൂടിച്ചേരലിനെയാണ് ‘മത-ഭൗതിക സമന്വയവിദ്യാഭ്യാസ സമ്പ്രദായം’ എന്ന് നാമവിധേയമാക്കിയത്. അതാണ് പിന്നീടുള്ള കേരളത്തിലെ ഇസ്‌ലാമിക/മുസ്‌ലിം വിദ്യാഭ്യാസ രീതികളുടെ ദിശ നിര്‍ണയിച്ചത്; ഇസ്‌ലാമിക വിദ്യാഭ്യാസം, മുസ്‌ലിം വിദ്യാഭ്യാസം എന്നീ വേര്‍തിരിവുകളിലെ മതപരവും സാമുദായികവുമായ ആഴങ്ങള്‍ ഇല്ലാതാക്കിയത്..
ദാറുല്‍ ഹുദാ സാധ്യമാക്കിയ പ്രാസ്ഥാനികത
മുമ്പ് സൂചിപിച്ചത് പോലെ, മത-ഭൗതിക സമന്വയവിദ്യാഭ്യാസമെന്ന ആശയത്തിന്റെ ഉറവിടകേന്ദ്രം, പാരമ്പര്യവാദികള്‍ക്കിടയില്‍ ഒരര്‍ഥത്തില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളെജ് ആയിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, റഹ്മാനിയ്യയുടെ തലപ്പത്തുണ്ടായിരുന്ന എം.എം. ബശീര്‍ മുസ്‌ലിയാരായിരുന്നു ഇത്തരം വിപ്ലവാത്മക ചിന്തയുടെ സ്രോതസ്സ്. തദനുസൃതമായി പല പരിഷ്‌കരണങ്ങളും റഹ്മാനിയ്യയുടെ പാഠ്യപദ്ധതിക്കകത്ത് അദ്ദേഹം നടത്തിയെങ്കിലും, നല്ലൊരു പിന്തുണ നല്‍കാനോ വേണ്ട പോലെ പദ്ധതികള്‍ ഏറ്റെടുക്കാനോ കടമേരിയുടെ മണ്ണ് പാകമായില്ലായിരുന്നതിനാല്‍, അവയൊന്നും ഉദ്ദേശിച്ച ഫലം കണ്ടില്ല.
മഹല്ലുകളുടെ ഫലപ്രദമായ നടത്തിപ്പും സംഘടിതമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യംവെച്ച് സ്ഥാപിതമായ സുന്നി മഹല്ല് ഫെഡറേഷന്റെ പ്രസക്തി ഇവിടെയാണ് എഴുന്ന് നില്‍ക്കുന്നത്. മഹല്ലുകളിലെ പള്ളികള്‍ വഴി വ്യവസ്ഥാപിതമായി നടത്തപ്പെട്ടിരുന്ന പരമ്പരാഗത ദര്‍സ് സമ്പ്രദായത്തെ സമന്വയവിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങള്‍ നല്‍കി, ‘മാതൃകാദര്‍സുകള്‍’ എന്ന പേരില്‍ തിരൂരങ്ങാടി മണ്ഡലം കേന്ദ്രീകരിച്ച് ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച്. ഐദറൂസ് മുസ്‌ലിയാര്‍, യു. ബാപ്പുട്ടി ഹാജി തുടങ്ങിയ പണ്ഡിത-കര്‍മവര്യര്‍ ഒരു പീക്ഷണക്കളരിയൊരുക്കി. ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ മുന്നോട്ടുപോയെങ്കിലും, പല കാരണങ്ങള്‍ മൂലം ചുരുങ്ങിയ കാലം കൊണ്ടുതന്നെ അവ തികഞ്ഞ പരാജയമായി ഭവിക്കുന്നതാണ് കാണാന്‍ കഴിഞ്ഞത്. പാരമ്പര്യസമ്പ്രദായങ്ങളുടെ കല്ലച്ചില്‍ വൈചാത്യങ്ങളുടെ തരിമ്പുപോലുമില്ലാതെ വാര്‍ത്തെടുപ്പെട്ട ദര്‍സ് പോലുള്ള ഒരു സംവിധാനത്തെ, ഒരു സുപ്രഭാതത്തില്‍ സമൂലമായ മാറ്റത്തിനുള്ള പരീക്ഷണവേദിയാക്കാന്‍ കഴിയില്ലെന്ന് സ്ഥാപകകര്‍മവര്യര്‍ തിരിച്ചറിഞ്ഞു.
ആ തിരിച്ചറിവില്‍ നിന്നാണ്, ദാറുല്‍ ഹുദാ എന്ന പരീക്ഷണാലയം പിറവി കൊള്ളുന്നത് (ദാറുല്‍ ഹുദാ ഒരു പരീക്ഷണമാണ് എന്ന് സ്ഥാപകനേതാവ് ബാപ്പുട്ടി ഹാജി ഇടക്കിടെ വിദ്യാര്‍ഥികളെ ഓര്‍മിപ്പിക്കാറുള്ളത് അക്ഷരാര്‍ഥത്തില്‍ ഇവിടെ അനുസ്മരിക്കുന്നു). ആശയപരമായി പാരമ്പര്യത്തിന്റെ എല്ലാ അടിത്തറകളും ഉള്‍ക്കൊള്ളുകയും, എന്നാല്‍ പ്രയോഗപരമായി പരിഷ്‌കരണത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുകയും ചെയ്യുന്നതായിരുന്നു ദാറുല്‍ ഹുദാ എന്ന ‘ഇസ്‌ലാമിക് അക്കാഡമി’യുടെ സാക്ഷാല്‍ക്കാരത്തിനു പിന്നില്‍ വര്‍ത്തിച്ച സ്വപ്ന രസതന്ത്രം. എം.എം. ബശീര്‍ മുസ്‌ലിയാര്‍ തന്നെയായിരുന്നു സ്വപ്നകലാലായത്തിന് വേണ്ട ബൗദ്ധികമായ കൂട്ടിക്കിഴിക്കലുകളും ഗുണനഹരണങ്ങളും നടത്തിയിരുന്നത്. സ്ഥാപനം സാക്ഷാല്‍ക്കരിക്കപ്പെട്ട ശേഷം അധികനാള്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ അദ്ദേഹം ഭൗതികമായി കൂടെയില്ലായിരുന്നുവെങ്കിലും, ബൗദ്ധികമായി അദ്ദേഹം ഒരുക്കിയ അടിത്തറയാണ് എന്നും ദാറുല്‍ ഹുദായുടെ ലോകവീക്ഷണം നിശ്ചയിച്ചുകൊണ്ടിരുന്നത്. ആ മഹിത വീക്ഷണങ്ങളില്‍ നല്ലൊരു ശതമാനം ഇപ്പോഴും അസാക്ഷാല്‍കൃതമായി ശേഷിക്കുന്നുവെന്നത്, കാലത്തിന് എത്രത്തോളം മുമ്പിലാണ് എം.എം. ബശീര്‍ മുസ്‌ലിയാര്‍ എന്ന മനീഷി നടന്നതെന്ന് അനുമാനിക്കാനെങ്കിലും നമുക്ക് വക നല്‍കും.
ഏതായിരുന്നാലും, ദാറുല്‍ ഹുദാ എന്ന പരീക്ഷാണലയം വര്‍ഷങ്ങളിലൂടെ പുറത്തുവിട്ട ഫലങ്ങള്‍ ദീര്‍ഘ ദൃക്കുകളുടെ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നതായിരുന്നു. ബഹുഭാഷകളും സാമാന്യമായ ഭൗതിക വിജ്ഞാനീയങ്ങളും ‘കാലോചിതമായ ഭാഷയും’ (ദാറുല്‍ ഹുദാ വിദ്യാര്‍ഥികള്‍ ഉപയോഗിച്ച സംസാര ഭാഷയല്ല, അവര്‍ സൃഷ്ടിക്കാനും സംവദിക്കാനും ശ്രമിച്ച കാലാനുസൃതമായ ചിന്താപരിസരങ്ങളാണ് ഈ പ്രയോഗത്തിന്റെ ലക്ഷ്യം) മുസ്‌ലിം സാമുദായിക പരിസരങ്ങളില്‍ ദാറുല്‍ ഹുദാ എന്ന വേറിട്ട സ്ഥാപനത്തിന്റെ വ്യത്യസ്തമായ സാധ്യതയും അത് നികത്തിയ വിടവും ബോധ്യമാക്കപ്പെട്ടു. പാരമ്പര്യ മതപണ്ഡിതര്‍ മതവൃത്തങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയും, മതകീയമായ അവാന്തരവിഭാഗീയതകളില്‍ ഊര്‍ജം ചെലവഴിക്കുകയും ചെയ്യുമ്പോള്‍, പൊതുസമൂഹവുമായ സംവദിക്കാനോ ഇസ്‌ലാമിന്റെ ആത്യന്തികദൗത്യമായ പ്രബോധനമെന്ന ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനോ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ദാറുല്‍ ഹുദാ അതിനുള്ള പ്രായോഗികമായ ഉത്തരമായിരുന്നു. ഭൗതികവിദ്യാഭ്യാസം നേടിയവര്‍ മതപരിഷ്‌കരണത്തിന്റെ തെറ്റായ വഴികളില്‍ കേവലയുക്തിയുടെ പിന്‍ബലത്തില്‍ മതകീയരതി കണ്ടെത്തുകയോ, ഭൗതികവിദ്യാഭ്യാസം പ്രദാനം ചെയ്ത മതേതരത്വത്തിന്റെ ‘വിശാലതകളില്‍’ അഭിരമിക്കുകയോ ചെയ്യുമ്പോള്‍ നഷ്ടമായിക്കൊണ്ടിരുന്ന പാരമ്പര്യത്തിന്റെയും മതബോധത്തിന്റെയും അടിസ്ഥാനബോധ്യങ്ങള്‍ അതീവ ഗുരുതരവും അത്യപകടകരവുമായിരുന്നു. ദാറുല്‍ ഹുദാ അതിനുമൊരു ഉത്തരമായിരുന്നു. രണ്ട് ഉത്തരങ്ങളും രണ്ട് ധ്രുവങ്ങളില്‍ നിന്നായിരുന്നില്ല. രണ്ടും ഒരേ ബിന്ദുവില്‍ സമന്വിതമായിരുന്നു. അതിനാല്‍, ‘സമന്വയ വിദ്യഭ്യാസം’ എന്ന ആശയം ലക്ഷ്യം വെച്ചതെന്തോ, അത് മാതൃകാപരമായി സാക്ഷാല്‍ക്കരിക്കുന്നതില്‍ ദാറുല്‍ ഹുദാ എടുത്തുപറയത്തക്ക പങ്ക് വഹിച്ചിട്ടുണ്ട്.
മതവൈജ്ഞാനിക രംഗത്ത് സ്വന്തവും സ്വതന്ത്രവുമായ ഇടം സൃഷ്ടിച്ച ദാറുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമി ഇന്നൊരു ഇസ്‌ലാമിക സര്‍വകലാശാലയുടെ വളര്‍ച്ചയിലേക്ക് അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. സ്ഥാപനത്തിന്റെ ഭൗതിക ചട്ടക്കൂടിലും ബാഹ്യമായ പ്രകടനങ്ങളിലും സര്‍വകലാശാലയുടെ അര്‍ഥാന്തരങ്ങള്‍ക്ക് ദാറുല്‍ ഹുദാ ശ്രമിച്ചുകൊണ്ടിരിക്കുന്നു. നിരവധി വിഭാഗങ്ങളും ഉപവിഭാഗങ്ങളുമായി ഇഷ്ടാനുസരണമുള്ള തിരഞ്ഞെടുപ്പുകള്‍ അക്കാദമികമായി സാധ്യമാക്കുന്ന പുതിയ പാഠ്യക്രമങ്ങള്‍ മതവിദ്യാഭ്യാസമേഖലയില്‍ നവ്യാനുഭവമാണ്. ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഒരു കോളെജ് നല്‍കുന്ന വ്യാപ്തിയാണ് അതെന്ന തിരിച്ചറിവുണ്ടെങ്കിലും, ഘട്ടംഘട്ടമായുള്ള മാറ്റങ്ങള്‍ക്ക് ദാറുല്‍ ഹുദാ വിധേയമാകുമെന്ന് പ്രത്യാശിക്കാം. ഭൗതികതയിലും ബാഹ്യഘടനയിലും മാത്രം സര്‍വകലാശാല എന്ന സംവിധാനത്തിലേക്കുള്ള മാറ്റത്തിന്റെ വെമ്പല്‍ പ്രകടമായാല്‍ പോരാ, മാനസികമായിട്ടുകൂടി അത്തരം ഒരു വികാസപ്പെടലിനെ ഉള്‍ക്കൊള്ളേണ്ടതുണ്ട്. പഴയ സംവിധാനങ്ങളുടെ മേന്മകള്‍ വിടാതിരിക്കുമ്പോള്‍ തന്നെ, അവയുടെ കുറവുകള്‍ കൂടെക്കൂട്ടാതിരിക്കാനും ശ്രമിക്കണം. വര്‍ഷങ്ങളായി സ്ഥാപനത്തില്‍ തുടരുന്ന വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും അധികാരവൃത്തങ്ങളുടെയും ചുമതലയാണത്.
ഇരുപത്തഞ്ച് വര്‍ഷം ഒന്നിനെയും ചരിത്രാത്മകമായി വിലയിരുത്താന്‍ പോന്ന കാലപരിധിയല്ലെങ്കിലും, ചെറിയ ചില ആശയങ്ങളും പ്രവര്‍ത്തനങ്ങളും ചെറിയ പ്രയോഗങ്ങളിലൂടെ ദൂരവ്യാപകമായ പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കാറുണ്ട്. വിപ്ലവങ്ങളുടെ പാത എന്നും അതാണ്. ആയിരത്തിത്തൊള്ളായിരത്തി എണ്‍പത്താറില്‍ തുടക്കം കുറിച്ച ഏതാനും പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയൊട്ടുക്കും പടരുന്ന പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരിക്കിക്കൊണ്ടിരിക്കുന്നുവെങ്കില്‍, അത് മഹിതമായ ഒരു വിപ്ലവ വിദ്യാഭ്യാസ പ്രസ്ഥാനമല്ലാതെ മറ്റെന്താണ്. കേരളമെന്ന ചെറുഭൂതലത്തില്‍ മത-ഭൗതിക വിദ്യാഭ്യാസ രംഗത്ത് അതിശക്തമായ സ്വാധീനവൃത്തങ്ങള്‍ സൃഷ്ടിക്കാന്‍ അതിന് കഴിഞ്ഞെങ്കില്‍, കഴിഞ്ഞകാലത്തെ വിലയിരുത്തലോടെ പകര്‍ത്തുന്ന ചരിത്രമെഴുത്ത് ഒരു മതവിദ്യാഭ്യാസ പ്രസ്ഥാനമെന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കും ഇതിനെ.
ദാറുല്‍ഹുദയേതര സമന്വയവിദ്യാഭ്യാസ സംരംഭങ്ങള്‍
മത വിദ്യാഭ്യാസത്തെ ഭൗതികമായ നവപാഠ്യക്രമങ്ങളോടൊപ്പം സമരസപ്പെടുത്തി കൊണ്ടുപോകുക എന്ന ദാറുല്‍ഹുദാ സാധ്യമാക്കിയ ആശയം, കേരളത്തിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നിട്ടുണ്ട്. നിലവിലുള്ളവയും പുതുതായി സ്ഥാപിതമായവുമെല്ലാം ഒരുപോലെ സമന്വയവിദ്യാഭ്യാസം എന്ന ചുരുക്കവിശേഷണത്തിലൊതുക്കാവുന്ന ദാറുല്‍ഹുദാ പാഠ്യരീതിയെ തങ്ങളിലേക്കാവാഹിച്ചു. ഒറ്റയും തെറ്റയുമായുള്ള സ്ഥാപനങ്ങളും നിരവധി സ്ഥാപനങ്ങളുള്‍ക്കൊള്ളുന്ന സ്ഥാപനച്ചങ്ങലകളും ഒരുപോലെ, കഴിഞ്ഞ പത്തുപതിനഞ്ച് വര്‍ഷത്തിനിടക്ക് ഈ ആവാഹനത്തിന്റെ പ്രയോക്താക്കളായിട്ടുണ്ട്.
ഇവക്കിടയില്‍ ഏറെ എടുത്ത് പറയാവുന്ന രണ്ട് വിപ്ലവാത്മക പ്രതിപ്രവര്‍ത്തനങ്ങളാണ് വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യ അല്‍ ഇസ്‌ലാമിയ്യയുടെ നേതൃത്വത്തിലുള്ള കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളെജസും, പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളെജിന്റെ നേതൃത്വത്തിലുള്ള അറബിക് കോളെജസ് കോ-ഓഡിനേഷന്‍ കമ്മിറ്റിയും. രണ്ട് സംരംഭങ്ങളുടെയും കീഴില്‍ ഇന്ന് മുപ്പതിലധികം വീതം സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദാറുല്‍ ഹുദാ സാക്ഷാല്‍ക്കരിച്ച ഒരു വിദ്യാഭ്യാസ ക്രമത്തിന് സാമുദായികവിദ്യാഭ്യാസ ചിന്തകളില്‍ ലഭിച്ച സ്വീകാര്യതയുടെ വ്യാപ്തി വ്യക്തമാക്കുന്നു ഈ സാപനങ്ങളത്രയും. രണ്ട് ചുവടുവെയ്പുകളും, തീര്‍ത്തും ഭിന്നമായ ഉദ്ദേശ്യലക്ഷ്യങ്ങളും പരിഹാരക്രിയകളും തേടുന്നുവെങ്കിലും, ആത്യന്തികമായി സമന്വയവിദ്യാഭ്യാസമെന്ന മഹിതരീതിയുടെ പ്രയോഗമാണ് ലക്ഷീകരിക്കുന്നത്.
മര്‍കസ് നേതൃത്വം നല്‍കുന്ന സ്ഥാപനശൃംഖലകള്‍ പ്രായോഗികതലത്തില്‍ വ്യത്യസ്തമായതും ആകുന്നതും, ദാറുല്‍ ഹുദാ പോലും വികസിച്ചിട്ടില്ലാത്തത്ര നൂതനമായ പാഠ്യപദ്ധതിയുടെയും പാഠ്യക്രമങ്ങളുടെയും പരിചയപ്പെടുത്തലിലൂടെയാണ്. എസ്.എസ്.എല്‍.സി. വിദ്യാഭ്യാസം കഴിഞ്ഞ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത്, എട്ട് വര്‍ഷം നീളുന്ന കോഴ്‌സ് കാലയളവില്‍ വളരെ വ്യത്യസ്തമായ വിഷയങ്ങള്‍ തുടക്കം മുതലേ സെമസ്റ്റര്‍, ക്രഡിറ്റ് സിസ്റ്റങ്ങളിലൂടെ പരിചയപ്പെടുത്താന്‍ ‘വാഫി’ പാഠ്യക്രമങ്ങള്‍ക്ക് കഴിഞ്ഞു. വിദ്യാഭ്യാസ നിലപാടുകളിലും സംവിധാനക്രമങ്ങളിലും മര്‍കസ് എന്നും സ്വന്തമായ ഇടം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നു. ഇരുപതോളം വര്‍ഷങ്ങളായി തുടരുന്ന വാഫി സിലബസിന്റെ ഉത്ഥാനാത്മകമായ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍, കാലാനുസൃതമായി കാര്യക്ഷമമായ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നില്ല എന്നതാണ് പുറത്തുനിന്ന് നോക്കുമ്പോഴുള്ള ഒരു നിരൂപണം. അതിന് കൂടി ശ്രദ്ധ നല്‍കിയാല്‍, അവര്‍ നടത്തുന്ന വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളോട് കിട പിടിക്കാന്‍ മറ്റേതൊരു സംരംഭത്തിനും ഒരല്‍പം വിയര്‍ക്കേണ്ടി തന്നെ വരും.
ജാമിഅ നൂരിയ്യ ചുക്കാന്‍ പിടിക്കുന്ന സ്ഥാപനശൃംഖലകളുടെ സംസ്ഥാപനത്തില്‍ പ്രധാനമായും വര്‍ത്തിച്ച ലക്ഷ്യം, ജാമിഅക്ക് അനുയുക്തമായ വിദ്യാര്‍ഥികളെ കണ്ടെത്തുക എന്നതായിരുന്നു. പ്രഥമഘട്ടത്തില്‍ തന്നെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങള്‍ക്ക് തുടക്കം കുറിച്ചാണ് ജാമിഅ വിപ്ലവാത്മകമായ ചുവടുവെയ്പുകള്‍ നടത്തിയത്. സ്‌കൂള്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കും അല്ലാത്തവര്‍ക്കും വെവ്വേറെ സ്ഥാപനങ്ങള്‍ തുടങ്ങി ഔദ്യോഗിക വിദ്യാഭ്യാസത്തിന്റെ നടപ്പുരീതികള്‍ പിന്തുടരാന്‍ ഈ സ്ഥാപനങ്ങളത്രയും ശ്രമിക്കുന്നു. പട്ടിക്കാട്ടുനിന്നും പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് കാലങ്ങളായി ഇല്ലാതിരുന്ന പല വിദ്യാഭ്യാസ മേന്മകളും, ഈയൊരു സംരംഭത്തിന്റെ സാക്ഷാല്‍ക്കാരത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
നിരൂപണത്തിന്റെ ചിട്ടവട്ടങ്ങള്‍
രണ്ട് തലങ്ങളില്‍ നിന്നുള്ള വിമര്‍ശനാത്മകമായ നിരൂപണങ്ങളാണ് സമന്വയവിദ്യാഭ്യാസമെന്ന ആശയത്തിന്റെ ഫലപ്രദമായ സാക്ഷാല്‍ക്കാരത്തിന് ലഭിച്ചതും ലഭിച്ചുകൊണ്ടിരിക്കുന്നതും. ഒന്ന് പാരമ്പര്യവിദ്യാഭ്യാസത്തിന്റെ അച്ചില്‍ വാര്‍ത്തെടുക്കപ്പെട്ടവരുടേതാണെങ്കില്‍ മറ്റേത് ഭൗതിക വിദ്യാഭ്യാസരീതികളുടെ ഉല്‍പന്നങ്ങളുടെ ഭാഗത്തുനിന്നുമുള്ളതാണ്. ആദ്യത്തേത് ആപേക്ഷികമായി ഒരല്‍പം ക്രൂരമാണെങ്കില്‍, രണ്ടാമത്തേത് ‘ഇങ്ങനെ കൂടി ചെയ്താല്‍ ഒന്നുകൂടി നന്നാകുമായിരുന്നു’ എന്ന ഗുണകാംക്ഷയുടെ മാര്‍ദവമുള്ളതാണ്.
ആദ്യമായി, പരമ്പരാഗത മതവിദ്യാഭ്യാസ വക്താക്കളുടെ നിരൂപണങ്ങള്‍ നോക്കാം. സമന്വയവിദ്യാഭ്യാസത്തിന്റെ ആഗമനത്തോടെ ആഴത്തിലുള്ള മതപഠനരീതി ഇല്ലാതാകുന്നു എന്നതാണ് പ്രധാനവിമര്‍ശനം. മതഗ്രന്ഥങ്ങള്‍ ഇഴകീറി പരിശോധിച്ച്, ഓരോ വാക്യങ്ങളും വാചകങ്ങളും മനസ്സിലുറപ്പിച്ച് സംശയലേശമന്യേ ഹൃദിസ്ഥമാക്കുകയും, അവയില്‍ ‘ആര് സംശയം ചോദിച്ചാലും ഉടനടി മറുപടി പറയാന്‍’ സന്നദ്ധമാക്കുകയും ചെയ്യുന്നതാണ് കേരളത്തില്‍ നിലനിന്നിരുന്ന/ നിലനില്‍ക്കുന്ന(?) പാരമ്പര്യമതവിദ്യാഭ്യാസ രീതി. പ്രധാനമായും ദര്‍സുകളായിരുന്നു ഇത്തരം ‘അഗാധ പഠന’ത്തിന്റെ കേന്ദ്രങ്ങള്‍. ദാറുല്‍ ഹുദാ പോലുള്ള സമന്വയവിദ്യാഭ്യാസകേന്ദ്രങ്ങള്‍ ദര്‍സ് എന്ന സംവിധാനത്തിന്റെ തന്നെ ആവശ്യകതയെ നിരാകരിച്ചപ്പോള്‍, സ്വാഭാവികമായും നഷ്ടപ്പെട്ടത് ഇത്തരം പാഠ്യക്രമങ്ങള്‍ കൂടിയായിരുന്നു. നേര്‍ക്കുനേരെയല്ലാത്ത ഇത്തരം വിമര്‍ശനങ്ങള്‍ പലപ്പോഴും ‘കുറ്റം പറയുക’ എന്ന തരത്തിലുള്ളവയായിരുന്നു. ഈ വിമര്‍ശനത്തെ നേരിടുക എന്നുള്ളത്, ഈ ലേഖനത്തിന്റെ ചരിത്രാത്മകമായ സമീപനത്തില്‍ നിന്നകലെയാണ്. ഏതായിരുന്നാലും, ഇത്തരം വിമര്‍ശനങ്ങളുന്നയിച്ചവരില്‍ നല്ലൊരു ശതമാനവും, ജാമിഅ നൂരിയ്യ പോലുള്ള കേന്ദ്രങ്ങള്‍ കൂടി ദര്‍സുകളിലേക്കും മറ്റും സമന്വയവിദ്യാഭ്യാസത്തിന്റെ രീതിക്രമങ്ങള്‍ പകര്‍ത്തിത്തുടങ്ങിയതോടെ, ഈ സംവിധാനത്തെ അംഗീകരിക്കാന്‍ ബാധ്യസ്ഥരായിത്തീര്‍ന്നിരിക്കുന്നു.
ഭൗതികവിദ്യാഭ്യാസ മേഖലയില്‍ നിന്നാണ് വിമര്‍ശനങ്ങളുടെ രണ്ടാം തലം രൂപപ്പെടുന്നത്. സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന്റെ മാസ്മരികത ഉള്‍ക്കൊണ്ടവരും, മതവിദ്യാഭ്യാസത്തോടൊപ്പം കേരള ഇസ്‌ലാമിന് കാലങ്ങളായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൗതികവിദ്യാഭ്യാസത്തിന്റെ പുതിയതരത്തിലുള്ള തിരിച്ചുപിടിക്കലില്‍ ആനന്ദം കണ്ടെത്തുന്നവരുമാണവര്‍. ദാറുല്‍ ഹുദാ പോലുള്ള സ്ഥാപനങ്ങളെ പുറത്ത് നിന്ന് ഏറെ സ്‌നേഹിക്കുന്ന ഇവര്‍ ഉയര്‍ത്തുന്ന പ്രധാന നിരൂപണങ്ങള്‍, ഭൗതികവിദ്യാഭ്യാസത്തിന്റെ വൈവിധ്യങ്ങളുടെ അഭാവവുമായി ബന്ധപ്പെട്ടുള്ളതാണ്. മിക്ക സമന്വയവിദ്യാഭ്യാസ സ്ഥാപനങ്ങളും പേരിന് ഒരു ഡിഗ്രി നല്‍കി വിദ്യാര്‍ഥികളെ ഭൗതികവിദ്യാഭ്യാസത്തില്‍ ഏകതാനകമായി പരിമിതപ്പെടുത്തുന്നത് മാറണം എന്നവര്‍ ആശിക്കുന്നു. വ്യത്യസ്തമായ ഭൗതിക വിദ്യാഭ്യാസ വിഷയങ്ങള്‍, വിദ്യാര്‍ഥികളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള അവസരങ്ങളൊരുങ്ങണമെന്ന് അവര്‍ ആവശ്യമുന്നയിക്കുന്നു. സമന്വയവിദ്യാഭ്യാസ രംഗത്തെ പ്രഥമ സാക്ഷാല്‍ക്കാരമായ ദാറുല്‍ ഹുദാ, എസ്.എസ്.എല്‍.സി. പോലുള്ള അത്യന്താപേക്ഷികതകളില്‍ ഇപ്പോഴും തുടരുന്ന പിടിപ്പുനിര്‍ബന്ധങ്ങള്‍ ഒഴിവാക്കണമെന്നും അവര്‍ക്ക് ആവശ്യമുണ്ട്.
മതപരവും മതേതരവുമായ വിദ്യാഭ്യാസക്രമങ്ങള്‍ സൂക്ഷിച്ചിരുന്ന അകല്‍ച്ച ഇല്ലാതാക്കി പരസ്പരം അടുത്തെത്തിച്ചു എന്നുള്ളതാണ് സമന്വയവിദ്യാഭ്യാസത്തിന്റെ ചരിത്രപരമായ ദൗത്യനിര്‍വഹണം. പല ഇടങ്ങളും ഘട്ടങ്ങളും കടന്നെത്തിയ സമന്വയമെന്ന സ്വപ്നയാഥാര്‍ഥീകരണം, കേരളഇസ്‌ലാമിന്റെയും മുസ്‌ലിമിന്റെയും മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് ബൗദ്ധികവും വൈഭവവുമായ പിന്തുണ നല്‍കുന്നതതില്‍ കഴിഞ്ഞ പത്ത് വര്‍ത്തിനിടക്ക് ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. മുഖ്യധാരകളില്‍ നിന്ന് പലവിധ മുദ്രണങ്ങളിലൂടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന മുസ്‌ലിമിന്റെ സാമുദായികവും മതപരവുമായ താല്‍പര്യങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ ഇടം നല്‍കുന്നതിന് രണ്ടറ്റങ്ങളെയും കൂട്ടിമുട്ടിക്കാന്‍ കഴിവുള്ള ‘സമന്വിത ഉല്‍പന്നങ്ങള്‍’ ശ്രമം നടത്തുമെന്ന് പ്രത്യാശിക്കാം. വിദ്യഭ്യാസപരമായ ശക്തിപ്പെടലിലൂടെയാണല്ലോ അടിച്ചമര്‍ത്തപ്പെടുകയോ, പിന്തള്ളപ്പെടുകയോ ചെയ്യുന്ന ജനവിഭാഗങ്ങള്‍ എന്നും കരുത്ത് നേടിയിട്ടുള്ളത്.
No comments:
Post a Comment