Friday, February 17, 2012

ചാലിലകത്തിന്റെ ആദര്‍ശം

ചാലിലകത്തിന്റെ ആദര്‍ശം
വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി

ഇവിടത്തെ പണ്ഡിതന്‍മാര്‍ തന്നെ പാഠഗ്രന്ഥങ്ങളെഴുതി പഠിപ്പിക്കുന്ന രീതി മതപഠനസംവിധാനങ്ങള്‍ സജീവമായതു തൊട്ടേ കേരളത്തിലുണ്ട്. പൊന്നാനി പണ്ഡിതന്‍മാര്‍ എഴുതിയ കര്‍മശാസ്ത്ര-വ്യാകരണ അറബി ഗ്രന്ഥങ്ങളാണ് അന്നത്തെ പോലെ ഇന്നും നമ്മുടെ മതപഠനശാലകളിലെ പ്രധാന പ്രാഥമിക പാഠഗ്രന്ഥങ്ങള്‍.
മതരംഗത്ത് അറബിയല്ലാത്ത ഭാഷയില്‍ വിശിഷ്യാ അറബി മലയാളത്തില്‍ പാഠപുസ്തകങ്ങളെഴുതി പഠിപ്പിക്കുന്ന രീതി കേരളത്തിലെ മദ്‌റസാ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയോടെയാണ് കടന്നുവരാന്‍ സാധ്യത. അക്കാലം വരെയുണ്ടായിരുന്ന ഓത്തുപള്ളികളില്‍ ഖുര്‍ആന്‍ പലകയില്‍ എഴുതിയും ഓതിയുമുള്ള പഠന ശൈലിയായിരുന്നു മിക്കയിടങ്ങളിലും ഉണ്ടായിരുന്നത്.
മലയാളം മാതൃഭാഷയായ ഒരു നാട്ടുകാര്‍ക്ക് ദീന്‍ പഠിക്കാന്‍ അറബിയിലേറെ സുഖമുള്ള ഭാഷ എന്ന നിലയിലാണല്ലോ കേരള മുസ്‌ലിമിന്റെ വ്യവഹാര പരിസരങ്ങളില്‍ അറബി മലയാളത്തിന്റെ സാധ്യത തെളിഞ്ഞുവരുന്നത്. ഈ സാധ്യതയെ  ഫലപ്രദമായി ഉപയോഗപ്പെടുത്തുകയായിരുന്നു വാഴക്കാട് ദാറുല്‍ ഉലൂമിലെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് അറബി മലയാള പാഠപുസ്തകങ്ങള്‍ രചിക്കുകവഴി മൗലാനാ ചാലിലകത്ത് ചെയ്തത്. ശേഷകാലത്ത് സമസ്തയുടെ കീഴില്‍ നിലവില്‍ വന്ന മദ്‌റസകളിലൊക്കെ അറബി മലയാളത്തില്‍ പാഠപുസ്തകങ്ങള്‍ വന്നു.
വാഴക്കാട് ദാറുല്‍ ഉലൂമില്‍ പഠിപ്പിക്കാനായി തഅ്‌ലീമുല്‍ ഖുര്‍ആന്‍, ദീനിയ്യാത്ത്, അമലിയ്യാത്ത്, അക്ഷരമാല, മബാദിഉല്‍ ഖിറാഅ, കിതാബു സ്വര്‍ഫ്, അന്നഹ്‌വുല്‍ കബീര്‍, അല്ലുഗത്തുല്‍ അറബിയ്യ എന്നീ പാഠഗ്രന്ഥങ്ങളാണ് മൗലാനാ ചാലിലകത്ത് രചിച്ചത്. ഇവയില്‍ ശ്രദ്ധയില്‍പ്പെട്ട ഏക ഗ്രന്ഥം അമലിയ്യാത്താണ്. ഇവയെല്ലാം 1909-ല്‍ വാഴക്കാട്ടെത്തിയ ശേഷം രചിച്ച കൃതികളാണ്. ശ്രദ്ധയില്‍പെട്ട അമലിയ്യാത്ത് നാലാം പതിപ്പായി പ്രസിദ്ധീകരിക്കപ്പെട്ടതാണ്. വലിയ ജനസ്വീകാര്യതയും വില്‍പനയുമാണ് മുന്‍പതിപ്പുകള്‍ക്ക് ലഭിച്ചതെന്നും അതാണ് നാലാം പതിപ്പിലേക്കുള്ള പ്രേരണയെന്നും പുസ്തകത്തിന്റെ പ്രസാധക കുറിപ്പില്‍ മൗലാന ചാലിലകത്തിന്റെ പുത്രന്‍മാരായ എം.സി.സി. സഹോദരന്‍മാര്‍ പറയുന്നുണ്ട്. അറബി മലയാളത്തിലുള്ള ഈ ഗ്രന്ഥത്തിന്റെ നാലാം പതിപ്പ് 1931 ജൂണ്‍ 13-നാണ് അച്ചടിച്ചത്. 112 പേജുകളാണ്.
നിസ്‌കാരമാണ് 'അമലിയ്യാത്തിലെ' പ്രതിപാദ്യവിഷയം. ശുദ്ധി, കുളി, ഉളൂഅ്, തയമ്മും, നിസ്‌കാരത്തിന്റെ സുന്നത്തുകള്‍, നിസ്‌കാരം ബാത്വിലാകുന്ന കാര്യങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ അനുബന്ധമായി വരുന്നു.
ഏകദേശം ഒരു നൂറ്റാണ്ടുകാലം മുമ്പുള്ള ഒരു മഹാപണ്ഡിതന്റെ മലയാള ഭാഷയിലുള്ള അറിവും എഴുത്തുവഴക്കവും തെളിഞ്ഞുകാണുന്നതാണ് തന്റെ അമലിയ്യാത്ത്. മൗലികമായ പല കാരണങ്ങള്‍ കൊണ്ടും മലയാള ഭാഷക്ക് അത്ര ശ്രദ്ധ കിട്ടാതെപോയ കാലത്ത് മലയാള ഭാഷ പഠിക്കാനും പഠിപ്പിക്കാനുമുള്ള മൗലാന ചാലിലകത്തിന്റെ ആവേശം അദ്ദേഹം പരാമര്‍ശിക്കപ്പെടുന്നിടത്തൊക്കെ പറയുന്ന സംഗതിയാണ്.
ഡോ. സി.കെ. കരീം എഴുതുന്നു: ''മലയാള ഭാഷയും വ്യാകരണവും പഠിക്കുക അക്കാലത്ത് പതിവുള്ളതായിരുന്നില്ല. കുഞ്ഞഹമ്മദ് ഹാജിയുടെ സവിശേഷതയായി എടുത്തുപറയേണ്ട കാര്യമാണ് മാതൃഭാഷയോടുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രതിപത്തി.'' (കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം-573)
ഉളൂഇന്റെ നിയ്യത്തായി 'ഞാന്‍ അശുദ്ധിയെ ഉയര്‍ത്തുന്നു' എന്നു പറയുന്നിടത്ത് 'അശുദ്ധി' എന്ന വാക്കിനുശേഷം ബ്രേക്കറ്റില്‍ എം.സി.സി. മാരുടെ വക 'വെടിപ്പുകേട്' എന്ന് നല്‍കിയിട്ടുണ്ട്. അക്കാലത്ത് പരക്കെ ഉപയോഗിക്കപ്പെടുന്ന വാക്ക് 'വെടിപ്പുകേടാ'യതു കൊണ്ടാകാം അശുദ്ധിക്ക് അങ്ങനെയൊരു പര്യായം കൊടുക്കേണ്ടിവന്നത്, അഥവ, അശുദ്ധി എന്ന വാക്കിന് അത്ര കേട്ടുകേള്‍വിയുണ്ടായിരുന്നില്ലെന്നര്‍ത്ഥം. ഇന്ന് 'വെടിപ്പുകേടിന്' അശുദ്ധി എന്ന് പര്യായം നല്‍കേണ്ട സ്ഥിതിയില്‍ മുസ്‌ലിം കേരളത്തെ പരിവര്‍ത്തിച്ചെടുത്തതില്‍ പ്രഥമവും പ്രധാനവുമായ സ്ഥാനം മൗലാനാ ചാലിലകത്തിനുണ്ട്.
മലയാളത്തിലുള്ള ഓരോ അക്ഷരങ്ങള്‍ക്കും കൃത്യമായ അറബി കൂട്ടക്ഷരങ്ങള്‍ നല്‍കിയ മൗലാന ചാലിലകത്തിന്റെ അറബി മലയാള ലിപി പരിഷ്‌കരണ മികവിന് അമലിയ്യാത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. സ്ഥൂല സാധനം പോലെയുള്ള മികച്ചവാക്കുകള്‍ ഉടനീളം കാണാമെങ്കിലും സൂക്ഷിപ്പാന്‍ പോലെയുള്ള പ്രയോഗശൈലികളും അമലിയ്യാത്തിലുണ്ട്. നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍ എന്നതിന് നമസ്‌കാരത്തിന്റെ അംഗങ്ങള്‍ എന്നാണ് മൗലാനയുടെ ഭാഷ.
തെളിവ് പറയാതെ സംഗതി അതേപടി വിശദീകരിക്കുന്ന രീതിയാണ് അമലിയ്യാത്തിന്റേത്. ഒരു പാഠപുസ്തകമായതു കൊണ്ടാകാം ഇങ്ങനെ രചിച്ചിട്ടുണ്ടാവുക. അതിനാല്‍തന്നെ പൊതുവായ കാര്യങ്ങള്‍ പറഞ്ഞുപോകുന്ന ഗ്രന്ഥത്തില്‍ ചിലയിടങ്ങളില്‍ വളരെ സങ്കീര്‍ണവും അപൂര്‍വ്വവുമായ മസ്അലകള്‍ വിശദീകരിക്കുന്നുണ്ട്.
എം.സി.സി.മാര്‍ അമലിയ്യാത്തില്‍ ഇടക്കിടെ ബ്രേക്കറ്റില്‍ അനുബന്ധ വിഷയങ്ങള്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്. ചിലയിടങ്ങളില്‍ തങ്ങളുടെ ബിദഈ ചിന്തകളും അവര്‍ കടത്തിക്കൂട്ടിയിട്ടുണ്ട്. ഇമാം  സലാം വീട്ടി ഉടനെ എണീറ്റു പോകുന്നതിനെ കുറിച്ച് അവര്‍ ഒരിടത്ത് സൂചിപ്പിക്കുന്നു.
എന്തുതന്നെയായാലും അമലിയ്യാത്തിന്റെ താളുകളില്‍ നിന്ന് വേഗം ഗ്രഹിക്കാവുന്ന ഒന്ന്, ശാഫിഈ കര്‍മശാസ്ത്രധാരയെ അവലംബിച്ചു കൊണ്ടാണ് ചാലിലകത്ത് ഇതിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതെന്നാണ്. പൊതുവെ ആരെയും ഉദ്ധരിക്കാത്ത മൗലാന അപൂര്‍വ്വം സ്ഥലങ്ങളില്‍ ശൈഖാനിയുടെയും (ഇമാം നവവി(റ), ഇമാം റാഫിഈ(റ), ഇബ്‌നുഹജര്‍ ഹൈതമി(റ)യുടെയും ഇബ്‌നു സിയാദി(റ)ന്റെയും വാക്കുകളെ തെളിവ് നിരത്തുന്നുണ്ട്. മദ്ഹബിനെയും പാരമ്പര്യ കര്‍മശാസ്ത്രധാരയെയും നിഷേധിക്കുന്ന പുതിയ വാദക്കാര്‍ക്ക് മൗലാന ചാലിലകത്തിന്റെ ആദര്‍ശ പിന്തുണയില്ല.
മൗലാന ചാലിലകത്തിന്റെ പിതൃത്വം അവകാശപ്പെടുന്നവരുടെ സമീപകാല വാദങ്ങളോട് വിരുദ്ധമായ നിരവധി കാര്യങ്ങള്‍ ഇനിയും അമലിയ്യാത്തിലുണ്ട്. സുന്നത്തായ ഖുനൂത്ത്(പേജ് 87), തസ്ബീഹ് നിസ്‌കാരം
(പേജ് 11), അത്തഹിയ്യാത്തിലുള്ള ഇരുത്തത്തില്‍ ചൂണ്ടുവിരല്‍ ഉയര്‍ത്തേണ്ട രീതി (പേജ് 90), കണ്ണു കേന്ദ്രീകരിക്കേണ്ട ഇടം (പേജ് 92) തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ ഇപ്പോഴത്തെ പുതിയ ബിദഈ വാദങ്ങളെ തിരസ്‌കരിക്കുന്നവയാണ്.
അര്‍ഹമായ കാരണമില്ലാതെ നിസ്‌കാരം നഷ്ടപ്പെടുത്തിയവന് ജീവിതത്യാവശ്യങ്ങളൊഴികെ മറ്റൊന്നും ചെയ്യാന്‍ പാടില്ലെന്ന യഥാര്‍ത്ഥ കര്‍മശാസ്ത്ര വിധിയെയാണ് മൗലാന ചാലിലകത്ത് (അമലിയ്യാത്തി(പേജ് 7)ല്‍ എടുത്തുവക്കുന്നത്. 'കുടിക്കേണ്ട നേരത്ത് കുടിക്കാത്ത ഗുളിക നേരവും കഴിഞ്ഞ് കുടിച്ചിട്ടെന്തുകാര്യം, എന്ന കേവല യുക്തിയുടെ അപക്വത കൊണ്ട് പണ്ഡിതന്‍മാര്‍ പറഞ്ഞുതന്ന ഒരു കര്‍മ്മശാസ്ത്ര വിധിയെ നിഷേധിക്കുന്നവര്‍ മൗലാന ചാലിലകത്തിനെ വെറുതെ വിടുകയാണു വേണ്ടത്.


No comments:

Post a Comment