Monday, February 20, 2012

ഫത്‌വ

? മരണം ആസന്നമായ വ്യക്തിയുടെ സമീപം വെച്ച് ഒരു സൂറത്ത് ഓതിയാല്‍ ആ വ്യക്തി ദാഹം തീര്‍ന്നവനായി മരിക്കുമെന്ന് ഒരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ശരിയാണെങ്കില്‍ ആ സൂറത്ത് ഏതാണ്?
= മരണാസന്നന്റെ സമീപം വെച്ച് സൂറതു യാസീന്‍ ഓതല്‍ സുന്നത്താകുന്നു. അബൂദാവൂദ്, ഇബ്‌നു ഹിബ്ബാന്‍ തുടങ്ങിയവര്‍ നിവേദനം ചെയ്ത ഹദീസില്‍ യാസീന്‍ ഓതാനുള്ള കല്‍പന വന്നിട്ടുണ്ട്. രോഗിയുടെ സമീപം വെച്ച് യാസീന്‍ ഓതിയാല്‍ ദാഹം തീര്‍ന്നവനായി മരിക്കുമെന്നും ദാഹം  തീര്‍ന്നവനായി ഖബറടക്കപ്പെടുമെന്നും ഗരീബായി ഒരു ഹദീസില്‍ വന്നിട്ടുണ്ട് (ഒരാള്‍ മാത്രം നിവേദനം ചെയ്ത ഹദീസിനാണ് ഗരീബ് എന്നു പറയുക. ഗരീബില്‍ സ്വഹീഹും ഹസനും ളഈഫും ഉണ്ടാവാം.) അതുപോലെ മരണാസന്നന്റെ അടുത്തുവെച്ച് സൂറതുര്‍അ്ദ് ഓതലും സുന്നത്തുണ്ട്. റഅ്ദ് സൂറത്ത് ഓതിയാല്‍ റൂഹ് പുറപ്പെടല്‍ എളുപ്പമാക്കപ്പെടുമെന്ന് വന്നിട്ടുണ്ട്.
    (ബുജൈരിമി 1:449)
? പണ്ഡിതന്മാരുടെയും സയ്യിദുമാരുടെയും കൈ ചുംബിക്കുന്നതില്‍ പുണ്യമുണ്ടെന്ന് പറയുന്നു. ഇതിന് തെളിവുണ്ടോ?
= പണ്ഡിതനാവുക, സയ്യിദന്മാരില്‍ പെട്ട ആളാവുക, സജ്ജനങ്ങളില്‍ പെടുക തുടങ്ങി ദീനിയായ മഹത്വം ഉള്ളവരുടെ കൈ ചുംബിക്കല്‍ സുന്നത്താകുന്നു. സമ്പത്ത്, ഐഹികമായ കീര്‍ത്തി, നേതാവാകല്‍ തുടങ്ങി ഐഹികമായി മഹത്വത്തിന്റെ അടിസ്ഥാനത്തില്‍ കൈ ചുംബിക്കല്‍ ശക്തിയായ കറാഹത്തുമാകുന്നു. ഹറാമാണെന്നാണ് ഇമാം മുതവല്ലിയുടെ പക്ഷം. അബ്ദുല്‍ ഖൈസ് ഗോത്രക്കാര്‍ നിവേദകരായി നബി(സ) അടുത്തെത്തിയപ്പോള്‍ എല്ലാവരും വേഗത്തില്‍ വാഹനമിറങ്ങുകയും തിരുമേനിയുടെ അടുത്തേക്ക് ഉളരിച്ചെന്ന് അവിടുത്തെ കയ്യും കാലും ചുംബിക്കുകയും ചെയ്തതായി പ്രസ്തുത സംഘത്തില്‍പെട്ട സാരിഉ്(റ) പറഞ്ഞതായി അബൂദാവൂദ് നിവേദനം ചെയ്തിരിക്കുന്നു. ഇബ്‌നു ഉമര്‍(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവത്തില്‍ ഞങ്ങള്‍ നബി(സ)യോട് അടുക്കുകയും അവിടുത്തെ കൈ ചുംബിക്കുകയും ചെയ്തു' എന്ന് വന്നിട്ടുണ്ട്. (അബൂദാവൂദ്) മറ്റു പല ഹദീസുകളിലും സ്വഹാബികള്‍ നബി(സ)യുടെ കൈ ചുംബിച്ചതായി കാണാം.


? അമുസ്‌ലിംകള്‍ സലാം ചൊല്ലിയാല്‍ മടക്കേണ്ടതുണ്ടോ? അവരോട് സലാം പറയാമോ?
= അമുസ്‌ലിംകള്‍ സലാം ചൊല്ലിയാല്‍ 'അലയ്ക' എന്നു മാത്രം സലാം മടക്കല്‍ നിര്‍ബന്ധമാണ്. ഇസ്‌ലാമിലെ സലാമിന്റെ വാചകങ്ങള്‍ മുസ്‌ലിംകള്‍ പരസ്പരം ഉപയോഗിക്കാനുള്ളതാണ്. അതിനാല്‍ അമുസ്‌ലിംകളോട് സലാം പറയാവതല്ല. സലാം അല്ലാത്ത മറ്റെന്തെങ്കിലും വാചകങ്ങള്‍ കൊണ്ട് അഭിവാദനമാവാം.


? നിസ്‌കരിക്കുന്ന സമയത്ത് മറ്റ് ചിന്തകള്‍ മനസ്സില്‍ വന്നാല്‍ നിസ്‌കാരം ബാത്വിലാവുമോ?
= ശര്‍ത്വും ഫര്‍ളും ശരിയാക്കി നിസ്‌കാരം നിര്‍വ്വഹിച്ചാല്‍ അത് സ്വഹീഹാവുമെന്ന് പറയാം. ഹൃദയസാന്നിധ്യം, ഭയഭക്തി, ഓത്തിന്റെയും ദിക്‌റുകളുടെയും അര്‍ത്ഥം ചിന്തിക്കല്‍ മുതലായവ നിസ്‌കാരത്തിന്റെ ശര്‍ത്വുകളായി ഫുഖഹാഉ് എണ്ണാത്തത് നമ്മുടെ ഭാഗ്യം. നിസ്‌കാരത്തിന്റെ യഥാര്‍ത്ഥ ഫലവും പ്രതിഫലവും ലഭിക്കണമെങ്കില്‍ ഇവ അത്യാവശ്യമാണ്. മറ്റു ചിന്തകളൊന്നും കടന്നുവരാന്‍ ഇടം നല്‍കാതെ നിസ്‌കാരത്തിലേക്ക് മാത്രം ചിന്തിച്ച് പരിപൂര്‍ണ്ണ ഹൃദയസാന്നിധ്യത്തോടെ നിസ്‌കാരം അവസാനിപ്പിക്കുകയാണ് വേണ്ടത്. അനിയന്ത്രിതമായി വരുന്ന ചിന്തകള്‍ സാരമില്ലെന്നു കരുതാം. ഭക്തിയും ഖുശൂഉം ഉണ്ടാവാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇഹ്‌യാഉലൂമിദ്ദീന്‍ തുടങ്ങിയ കിതാബുകളില്‍ വിവരിച്ചിട്ടുണ്ട്.


? ബാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ മകന് അനന്തരാവകാശമില്ലെന്നാണല്ലോ ശറഇന്റെ നിയമം. എന്നാല്‍, മരിച്ച മകന് സന്താനമുണ്ടെങ്കില്‍ ആ മക്കള്‍ക്ക് മരിച്ച മകന്റെ സ്വത്ത് നല്‍കിക്കൂടെ? ഇതിനെ പറ്റി ശറഇന്റെ വിധി എന്താണ്?
= ഒരാള്‍ മരണപ്പെടുമ്പോള്‍ ജീവിച്ചിരിക്കുന്ന അവകാശികള്‍ക്കു മാത്രമെ പരേതന്റെ സ്വത്തില്‍ അവകാശമുണ്ടായിരിക്കുകയുള്ളൂ. വാപ്പ ജീവിച്ചിരിക്കെ മകന്‍ മരിച്ചാല്‍ വാപ്പാന്റെ സ്വത്തില്‍ മരിച്ച മകന് അവകാശമുണ്ടായിരിക്കുന്നതല്ല. വാപ്പാക്ക് വേറെ ആണ്‍മക്കളുണ്ടെങ്കില്‍ മരിച്ച മകന്റെ മക്കള്‍ക്കും അവകാശമുണ്ടായിരിക്കുന്നതല്ല. വേറെ ആണ്‍മക്കളില്ലെങ്കില്‍ മരിച്ച മകന്റെ മക്കള്‍ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

? ഗീബത്തിന് പൊരുത്തപ്പെടീക്കല്‍ എന്നത് ഏത് സാഹചര്യത്തിലും നിര്‍ബന്ധമാണോ? പരദൂഷണം പറയപ്പെട്ട ആളോട് നേരിട്ട് പറഞ്ഞ് പൊരുത്തപ്പെടീക്കാതെ അയാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ പോരെ?
= ഒരാളെക്കുറിച്ച് പരദൂഷണം (ഗീബത്ത്) പറഞ്ഞു. അയാള്‍ അത് അറിയുകയും ചെയ്തു. എങ്കില്‍ അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കല്‍ നിര്‍ബന്ധമാണ്. മരണപ്പെട്ടതു കൊണ്ടോ ദീര്‍ഘകാലം നാട്ടിലില്ലാത്തതുകൊണ്ടോ പൊരുത്തപ്പെടീക്കാന്‍ സാധിക്കാതെ വന്നാല്‍ അയാളെക്കുറിച്ച് ഗീബത്ത് പറഞ്ഞതിനെക്കുറിച്ച് ഖേദിക്കുകയും തൗബ ചെയ്യുകയും ചെയ്താല്‍ മതിയാകുന്നതാണ്. താന്‍ അയാളെക്കുറിച്ച് ഗീബത്ത് പറഞ്ഞത് അയാള്‍ അറിഞ്ഞിട്ടില്ലെങ്കിലും ഇപ്രകാരം തന്നെ. അറിയാത്തത് അറിയിക്കേണ്ടതില്ല. ഖേദിക്കുകയും അയാള്‍ക്ക് വേണ്ടി പൊറുക്കലിനെ തേടുകയും  ചെയ്താല്‍ മതി. (ഫത്ഹുല്‍ മുഈന്‍, പേജ് 510)

? കേടായ പല്ല് റൂട്ട് കനാല്‍ ചെയ്തും കേപ്പ് ഇട്ടും വെപ്പ് പല്ല് വെച്ചും നിലനിര്‍ത്തിപ്പോരുന്നവര്‍ ധാരാളമുണ്ട്. ഇങ്ങനെ ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മരിച്ചുപോകുമ്പോള്‍ അല്ലാഹുവിന്റെ സൃഷ്ടിപ്പല്ലാതെ ശരീരത്തില്‍ പുതിയ ഒരു വസ്തു കൊണ്ടുപോകുന്നത് ശരിയാണോ? മയ്യത്തില്‍ നിന്നും അത് എടുത്ത് മാറ്റണോ?
= സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പല്ല് രാകുന്നതിനെ നബി(സ) വിരോധിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ സൃഷ്ടിപ്പിനെ പകര്‍ച്ചയാക്കലാണത്. അതിനാലത് ഹറാമാകുന്നു. എന്നാല്‍, കേടായ പല്ല് നന്നാക്കുന്നതിന് വിരോധമൊന്നുമില്ല. റൂട്ട് കനാല്‍ ചെയ്‌തോ കേപ്പ് ഇട്ടോ പല്ലിന്റെ കേട് തീര്‍ക്കാവുന്നതാണ്. വെപ്പ് പല്ല് വെയ്ക്കുന്നതിനും വിരോധമില്ല. സ്വര്‍ണ്ണ പല്ല് കൂടി അനുവദനീയമാണെന്ന് ഫുഖഹാഉ് വ്യക്തമാക്കിയിട്ടുണ്ട്. (ശര്‍ഹ് മുസ്‌ലിം 2:205, തുഹ്ഫ 3:275) ഉറപ്പിക്കപ്പെട്ട വെപ്പ് പല്ല് മരണശേഷം എടുത്തുമാറ്റേണ്ടതില്ല.


? സുബ്ഹ് നിസ്‌കാരം ഖളാഉ് വീട്ടുന്ന ആളെ ളുഹ്ര്‍ നിസ്‌കരിക്കുന്ന ആള്‍ തുടരാന്‍ പറ്റുമോ? പറ്റുമെങ്കില്‍ ഇമാം ഖുനൂത്ത് ഓതുമ്പോള്‍ ളുഹ്ര്‍ നിസ്‌കരിക്കുന്ന മഉമൂം എന്തു ചെയ്യണം?
= അദാആയി നിസ്‌കരിക്കുന്ന ആള്‍ ഖളാഉ് വീട്ടുന്ന ആളോടും ഖളാ വീട്ടുന്ന ആള്‍ അദാആയി നിസ്‌കരിക്കുന്ന ആളോടും നിസ്‌കാരത്തില്‍ തുടരുന്നതിന് വിരോധമില്ല. എങ്കിലും സ്വന്തമായി നിസ്‌കരിക്കലാണ് ഇതിനേക്കാള്‍ ശ്രേഷ്ഠമേറിയത്. സുബ്ഹി നിസ്‌കരിക്കുന്ന ആളോട് ളുഹ്ര്‍ നിസ്‌കരിക്കുന്ന ആള്‍ തുടരുന്നതിനും വിരോധമില്ല. ഇമാം ഖുനൂത്ത് ഓതുമ്പോള്‍ അതില്‍ തുടരുകയോ ഇമാമിനെ വിട്ടുപിരിയുകയോ ചെയ്യാം. ഖുനൂതില്‍ തുടരലാണ് ശ്രേഷ്ഠമേറിയത്. ഖസ്വീറായ (ചുരുങ്ങിയ) ഫര്‍ളായ ഇഅ്തിദാല്‍ ദീര്‍ഘിപ്പിക്കല്‍ വന്നാലും ഇമാമിനോട് ഖുനൂത്തില്‍ തുടരുന്നതിന് വിരോധമില്ല. തുടര്‍ച്ചക്കു വേണ്ടിയാണല്ലോ നീട്ടല്‍ സംഭവിച്ചത്. (തുഹ്ഫ 2:332-334)

No comments:

Post a Comment