Sunday, February 19, 2012

ഫത്‌വ

? മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ മയ്യിത്തിന് വുളൂഉ് ചെയ്തുകൊടുക്കല്‍ സുന്നത്താണല്ലോ. മയ്യിത്തിന് വുളൂഅ് ചെയ്ത് കൊടുത്തശേഷം വുളൂഇന്റെ ശേഷമുള്ള ദിക്‌റും ദുആയും ചൊല്ലല്‍ സുന്നത്തുണ്ടോ?
= മയ്യിത്തിന് വുളൂ ചെയ്തുകൊടുത്ത ശേഷം വുളൂഇന്റെ ശേഷമുള്ള ദിക്‌റ് ചൊല്ലല്‍ സുന്നത്തുണ്ട്. അല്ലാഹുമ്മജ്അല്‍നീ മിനത്തവ്വാബീന്‍.. എന്നതിനു പകരം ഇജ്അല്‍ഹുമിന ത്തവ്വാബീന്‍ എന്നോ ഇജ്അല്‍ നീ വഇയ്യാഹു എന്നോ ആണ് പറയേണ്ടത്. (തുഹ്ഫ 3/106)

? മയ്യിത്ത് കുളിപ്പിച്ച ശേഷം മയ്യിത്തിന്റെ ജനനേന്ദ്രിയത്തിലൂടെ അല്‍പം ഇന്ദ്രിയം പുറപ്പെട്ടതായി കാണാനിടയായി. മയ്യിത്തിനെ വീണ്ടും കുളിപ്പിക്കേണ്ടതുണ്ടോ? കുളിപ്പിക്കുന്നതിന് മുമ്പ് വുളൂ ചെയ്തു കൊടുത്ത ശേഷം മലമോ മൂത്രമോ പുറപ്പെട്ടാല്‍ വുളൂഉ് വീണ്ടും ചെയ്തുകൊടുക്കണോ?
= ചെറുതോ വലുതോ ആയ അശുദ്ധിയുടെ നിയമങ്ങള്‍ മരിച്ചുകഴിഞ്ഞാല്‍ ബാധകമാകുന്നതല്ല. ഒരാള്‍ ജനാബത്തോടെ മരിച്ചാലും മയ്യിത്ത് കുളി മാത്രമേ വേണ്ടതുള്ളൂ. മയ്യിത്ത് കുളിപ്പിക്കുമ്പോള്‍ വുളൂഉ് ചെയ്തു കൊടുക്കുന്നത് മയ്യിത്തിന്റെ ചെറിയ അശുദ്ധി ഉയരാനല്ല. കുളിയുടെ സുന്നത്ത് എന്ന നിലക്കാണ്. അതാണ് ഈ വുളൂഇന് നിയ്യത്ത് ചെയ്യേണ്ടതും. വുളൂ ചെയ്തുകൊടുത്ത ശേഷം മലമോ മൂത്രമോ പുറപ്പെട്ടാല്‍ വുളൂ വീണ്ടും ചെയ്തുകൊടുക്കേണ്ടതില്ല. അതുപോലെ കുളികഴിഞ്ഞശേഷം ഇന്ദ്രിയം പുറപ്പെട്ടാല്‍ വീണ്ടും കുളിപ്പിക്കേണ്ടതില്ല. (തുഹ്ഫ 3/106)

? നബിയും റസൂലും തമ്മിലുള്ള വ്യത്യാസമെന്താണ്?
= നബിയും റസൂലും തമ്മിലുള്ള വ്യത്യാസമെന്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഒരു ശറഉ് കൊണ്ട് വഹ്‌യ് നല്‍കപ്പെട്ട മനുഷ്യനാണ് നബി. പ്രബോധനം ചെയ്യാനുള്ള കല്‍പന വേണമെന്നില്ല. പ്രബോധനം ചെയ്യാനുള്ള കല്‍പനകൂടിയുണ്ടെങ്കില്‍ അദ്ദേഹം നബിയായതിനു പുറമെ റസൂല്‍ കൂടിയാണ്. പ്രസിദ്ധമായ അഭിപ്രായ പ്രകാരം നബിയും റസൂലും തമ്മിലുള്ള വ്യത്യാസം ഇപ്പറഞ്ഞതാണ്. രണ്ടു പേര്‍ക്കും ശര്‍ഉ് കൊണ്ട് വഹ്‌യ് ലഭിച്ചുകൊണ്ടിരിക്കും. നബിക്ക് പ്രബോധനം ചെയ്യാന്‍ കല്‍പനയുണ്ടാവില്ല. റസൂലിന് അതുണ്ടായിരിക്കും. നബിക്ക് ലഭിക്കുന്ന വഹ്‌യ് കൊണ്ട് സ്വന്തമായി പ്രവര്‍ത്തിക്കാം. അദ്ദേഹം പ്രബോധനം ചെയ്യുന്നില്ലെങ്കിലും അദ്ദേഹത്തെ കണ്ട് മാതൃകയാക്കുന്നവര്‍ക്കും പ്രവര്‍ത്തിക്കാം.
രണ്ടാമത്തെ അഭിപ്രായത്തില്‍ ഒരു ശറഉ് കൊണ്ട് വഹ്‌യ് ലഭിക്കുകയും അത് പ്രബോധനം ചെയ്യാന്‍ കല്പിക്കപ്പെടുകയും ചെയ്ത ആളാണ് നബി. സ്വന്തമായി കിതാബോ മുന്‍ ശറഇനെ ദുര്‍ബലപ്പെടുത്തലോ വേണമെന്നില്ല. അത് കൂടിയുണ്ടെങ്കില്‍ അദ്ദേഹം റസൂല്‍ കൂടിയാണ്. ഈ അഭിപ്രായപ്രകാരം നബിയും റസൂലും വഹ്‌യ് ലഭിക്കുകയും പ്രബോധനം ചെയ്യാന്‍ കല്‍പിക്കപ്പെടുകയും ചെയ്തവരാണ്. സ്വന്തമായി ഗ്രന്ഥമുണ്ടാവുക അല്ലെങ്കില്‍ തന്റെ വരവ് കൊണ്ട് മുന്‍ ശറഇനെ ദുര്‍ബലപ്പെടുത്തല്‍ ഉണ്ടാവുക ഇതാണ് രണ്ടുപേരും തമ്മിലുള്ള വ്യത്യാസം.
ഈ രണ്ട് അഭിപ്രായപ്രകാരവും 'നബി' വിശാല പദവും റസൂല്‍ സങ്കുചിത പദവുമാണ്. അതായത് എല്ലാ റസൂലും നബിയാണ്. പക്ഷേ, എല്ലാ നബിയും റസൂലല്ല.
മറ്റൊരു അഭിപ്രായത്തില്‍ നബിയും റസൂലും പര്യായ പദങ്ങളാണ്. രണ്ടും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കുന്ന പദങ്ങളാണെന്നര്‍ത്ഥം. ഈ അഭിപ്രായപ്രകാരം വഹ്‌യും പ്രബോധന കല്പനയും ഉള്ള ആള്‍ക്ക് നബി എന്നും റസൂല്‍ എന്നും പറയപ്പെടുന്നതാണ്. ജംഉല്‍ ജവാമിഇന്റെ ശര്‍ഇന്റെ ആദ്യത്തില്‍ ഇമാം മഹല്ലി(റ) ഇത് വിവരിച്ചിട്ടുണ്ട്.

? നബി എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? പ്രവാചകന്‍ എന്ന് അതിനെ പരിഭാഷ പറയുന്നത് ശരിയാണോ?
= അറബി ഭാഷയിലെ നബിയ്യ് എന്ന വാക്കിനെയാണ് മലയാളത്തില്‍ നാം നബി എന്നു പറഞ്ഞുവരുന്നത്. അറബിയില്‍ നബീഉ് എന്നും പറയാറുണ്ട്. നബഉ് എന്ന ദാതുവില്‍ നിന്നാണ് നബീഉ് ഉണ്ടായത്. വൃത്താന്തം എന്നാണ് നബഉ് എന്ന വാക്കിനര്‍ത്ഥം. അല്ലാഹുവില്‍ നിന്നും വര്‍ത്തമാനം ലഭിക്കുന്ന ആള്‍ അല്ലെങ്കില്‍, അല്ലാഹുവിനെ കുറിച്ച് വര്‍ത്തമാനം പറയുന്ന ആള്‍ എന്നല്ലാം നബീഇന് അര്‍ത്ഥം പറയാം. അല്ലാഹുവിനെ കുറിച്ച് പറയുന്ന വര്‍ത്തമാനങ്ങളുടെ കൂട്ടത്തില്‍ ഇഹലോകത്തും പരലോകത്തും വരാനിരിക്കുന്ന കാര്യങ്ങള്‍ പ്രവചിക്കലുമുണ്ടല്ലോ. അപ്പോള്‍ പ്രവചിക്കുന്ന ആള്‍ എന്ന അര്‍ത്ഥത്തിലുള്ള പ്രവാചകന്‍ എന്ന് പരിഭാഷപ്പെടുത്തുന്നതില്‍ തെറ്റൊന്നുമില്ല. നബീഉ് ലോപിച്ച് നബിയ്യ് ആയതാണ്.
എന്നാല്‍ നബിയ്യ് എന്നത് നബ്‌വത് എന്ന ക്രിയാദാതുവില്‍ നിന്നും പിടിച്ചെടുത്തതാണെന്നും അഭിപ്രായമുണ്ട്. ഉയര്‍ച്ച എന്നാണ് ആ വാക്കിനര്‍ത്ഥം. നബിമാര്‍ മറ്റ് സൃഷ്ടികളെക്കാള്‍ സ്ഥാനം ഉയര്‍ത്തപ്പെട്ടവരാണല്ലോ. ഈ അര്‍ത്ഥത്തില്‍ നബിയ്യ് എന്നു പറയുമ്പോള്‍ പ്രവാചകന്‍ എന്നത് നേരെ പരിഭാഷയാകുന്നതല്ല.

? സാധാരണ പള്ളികളെക്കാള്‍ മസ്ജിദുല്‍ ഹറാമില്‍ നിസ്‌കരിക്കുന്നതിന് ഒരു ലക്ഷം ഇരട്ടി പ്രതിഫലവും മസ്ജിദുന്നബവിയില്‍ നിസ്‌കരിക്കുന്നതിന് ആയിരം ഇരട്ടി പ്രതിഫലവും ലഭിക്കുമല്ലോ. ഈ ശ്രേഷ്ഠത നബി(സ)യുടെ കാലത്ത് ഉണ്ടായിരുന്ന പള്ളിക്ക് മാത്രമാണോ ബാധകമാവുക. അതോ പിന്നീട് വിപുലീകരിച്ചുണ്ടാക്കിയ പള്ളിയുടെ ഭാഗങ്ങളില്‍ നിസ്‌കരിച്ചാലും ഈ പ്രത്യേക പുണ്യം ലഭിക്കുമോ?
= മസ്ജിദുല്‍ ഹറാമിന്റെ പുണ്യം നബി(സ)യുടെ കാലത്തുള്ള പള്ളിക്ക് മാത്രമല്ല, പള്ളി എത്ര വലുതാക്കിയാലും ഹറമ് മുഴുവനും പള്ളിയാക്കിയാലും അതില്‍ നിസ്‌കരിച്ചാല്‍ ലക്ഷം ഇരട്ടി പ്രതിഫലം ഉണ്ടായിരിക്കുന്നതാണ്. എന്നാല്‍, മസ്ജിദുന്നബവിക്കുള്ള പ്രത്യേക പുണ്യം നബി(സ) നിര്‍മ്മിച്ച പള്ളിക്കു മാത്രമെയുള്ളൂ. ഖുലഫാഇന്റെ കാലത്തോ ശേഷമോ വിപുലീകരിച്ച സ്ഥലത്ത് നിസ്‌കരിച്ചാല്‍ നബി(സ)യുടെ പള്ളിയുടെ പ്രത്യേക ശ്രേഷ്ഠത ലഭിക്കുന്നതല്ല. (തുഹ്ഫ 3/466)


? രിയാളില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടത്തെ വലിയ പള്ളിയില്‍ ഒരു ദിവസം ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. അന്ന് നേര്‍ച്ച വീട്ടാന്‍ സാധിച്ചില്ല. ഇപ്പോള്‍ വിസ കാന്‍സലാക്കി നാട്ടിലാണ്. നേര്‍ച്ച വീട്ടാന്‍ രിയാളില്‍ പോയി അവിടത്തെ വലിയ പള്ളിയില്‍ തന്നെ ഇഅ്തികാഫ് ഇരിക്കേണ്ട തുണ്ടോ?
= മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി, ബൈതുല്‍ മുഖദ്ദസ് എന്നീ മൂന്ന് പള്ളികളല്ലാത്ത ലോകത്തുള്ള എല്ലാ പള്ളികളും ശ്രേഷ്ഠതയില്‍ തുല്യമാണ്. അതിനാല്‍ മൂന്നില്‍ പെടാത്ത ഒരു പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാനോ നിസ്‌കരിക്കാനോ നേര്‍ച്ചയാക്കിയാല്‍ അതേ പള്ളിയില്‍ തന്നെ നിര്‍വഹിക്കണമെന്നില്ല. വേറെ ഏത് പള്ളിയില്‍ നിര്‍വഹിച്ചാലും നേര്‍ച്ച വീടുന്നതാണ്. രിയാളിലെ വലിയ പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാന്‍ നേര്‍ച്ചയാക്കിയത് വീടാന്‍ നാട്ടിലെ പള്ളിയില്‍ ഇരുന്നാല്‍ മതി. രിയാളിലേക്ക് പോവേണ്ടതില്ല. മൂന്ന് പള്ളിയിലേക്കല്ലാതെ യാത്ര ചെയ്യേണ്ടതില്ലെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. (തുഹ്ഫ 3/466)

No comments:

Post a Comment