Friday, February 17, 2012

ചാലിലകത്തും ഖാദിയാനിസവും

ചാലിലകത്തും ഖാദിയാനിസവും
ഇബ്രാഹീം ഫൈസി റിപ്പണ്‍

മലബാറിന്റെ ധാര്‍മിക വൈജ്ഞാനിക രംഗത്ത് നിലനിന്നിരുന്ന പരമ്പരാഗത പാഠ്യപദ്ധതി ക്രമത്തോടൊപ്പം തന്നെ ഭൗതിക ഫന്നുകളും ഉള്‍പ്പെടുത്തിക്കൊണ്ട് ദര്‍സ് സംവിധാനത്തെ ആപാദചൂടം പരിഷ്‌കരണം നടത്തിയവരില്‍ പ്രഥമസ്ഥാനീയനാണ് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. മതവിജ്ഞാനത്തിലെന്നപോലെ ഭൗതിക ശാസ്ത്രങ്ങളിലും തികഞ്ഞ നൈപുണ്യം ആര്‍ജ്ജിച്ചെടുത്ത ചാലിലകത്ത് തന്റെ വീക്ഷണങ്ങളും ദര്‍ശനങ്ങളും മതവിദ്യാഭ്യാസ രംഗത്ത് പ്രയോഗവല്‍ക്കരിക്കാന്‍ കിണഞ്ഞു ശ്രമിക്കുകയുണ്ടായി. താന്‍ അധ്യാപനം നടത്തിയിടങ്ങളിലെല്ലാം ധാര്‍മിക വിജ്ഞാനത്തോടൊപ്പം ഭൗതികവിദ്യകളും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നൂതന പരിഷ്‌കരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മലബാറില്‍ പരമ്പരാഗതമായി നിലനിന്നുപോന്നിരുന്ന സുന്നി ആശയങ്ങളെ തുരങ്കംവെക്കുമാറുള്ള പരിഷ്‌കരണ പ്രവര്‍ത്തനങ്ങളല്ല അദ്ദേഹം നിര്‍വഹിച്ചത് എന്നത് പ്രത്യേകം സ്മരണീയമാണ്. പ്രത്യുത കാലോചിതമായി നടന്നിരിക്കേണ്ട അനിവാര്യ പരിഷ്‌കരണങ്ങളെ പറ്റിയാണ് അദ്ദേഹം സംസാരിച്ചത്. അല്ലാതെ നജദ്കാരനായ ഇബ്‌നു വഹാബിന്റെ നവീനാശയങ്ങള്‍ അദ്ദേഹത്തിലേക്ക് സംക്രമിച്ചതായിരുന്നില്ല.
കേരളത്തിന്റെ മുസ്‌ലിം നവോത്ഥാന ചരിത്ര രേഖകളില്‍ ഇന്നും തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയായി ചാലിലകത്തിനെ ചിത്രീകരിക്കുന്നത് ഖേദകരം തന്നെയാണ്. ശാഹ്‌വലിയുല്ലാഹിദ്ദഹ്‌ലവിയെയും ശൈഖ് അഹ്മദ് സര്‍ഹിന്ദിയെയും വഹാബിസത്തിന്റെ വക്താക്കളായി ഉത്തരേന്ത്യന്‍ ലോബി ചിത്രീകരിച്ചത് പോലെയാണ് മൗലാനാ ചാലിലകത്തിനെ ഇസ്‌ലാഹി ആശയക്കാരനാക്കാന്‍ നവീനവാദികളായ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരെന്നു പറയുന്നവര്‍ ശ്രമിക്കുന്നത്. പരിഷ്‌കരണം എന്നു കേള്‍ക്കുമ്പോഴേക്ക് അതിന് ഉല്‍പതിഷ്ണുത്വം എന്നു വിവക്ഷ നല്‍കുന്നത് തികഞ്ഞ വങ്കത്തമാണ്. അതാണ് വഹാബികള്‍ക്ക് സംഭവിച്ചത്. അല്ലാതെ ചാലിലകത്ത് ഒരിക്കലും ഒരു വിരുദ്ധ പക്ഷക്കാരനായിരുന്നില്ല. തവസ്സുലും ഇസ്തിഗാസയുമുള്ള എത്രയോ സദസുകളില്‍ അദ്ദേഹം പങ്കെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ വക്താക്കളും അനുയായികളും സാമ്പ്രദായികമായി അനുഷ്ഠിച്ച് പോരുന്ന ഒരു കര്‍മശാസ്ത്ര വിധിവിലക്കുകളെയും അദ്ദേഹം നിരാകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സ്ത്രീകള്‍ ജുമുഅ-ജമാഅത്തില്‍ പങ്കെടുക്കുന്നത് അനുവദനീയമല്ലെന്നും തറാവീഹ് ഇരുപത് റക്അത്ത് തന്നെ നിസ്‌കരിക്കണമെന്നും നിസ്‌കാരത്തില്‍ കൈവെക്കേണ്ടത് നെഞ്ചിന് താഴെയാണെന്നുമുള്ള അഹ്‌ലുസ്സുന്നത്തിവല്‍ജമാഅത്തിന്റെ ഖണ്ഡിത നിയമങ്ങളെ പറ്റിയെല്ലാം തന്റെ അമലിയ്യാത്ത് എന്ന കൃതിയില്‍ ചാലിലകത്ത് കൃത്യമായി പരാമര്‍ശിക്കുകയുണ്ടായി. പിന്നെ, എങ്ങനെ അദ്ദേഹം ഉല്‍പതിഷ്ണുവാകും? ഇസ്‌ലാമിന്റെ അസൂയാവഹമായ അഭിവൃദ്ധിയെ ചെറുക്കാന്‍ ബ്രിട്ടീഷ് അധികാരികള്‍ നിയോഗിച്ച ചാരവൃന്ദത്തിന്റെ മോഹവലയത്തില്‍പെട്ട് സമഗ്രാവിഷ്‌കൃത നടപടിക്രമമായ ഇസ്‌ലാമിക ശരീഅത്തിനെ സ്വാഭീഷ്ട പ്രകാരം ഭേദഗതി വരുത്തിയ ഇബ്‌നു അബ്ദില്‍ വഹാബുമാരെ പോലുള്ളവര്‍ പടച്ചുണ്ടാക്കിയ എല്ലാ പുത്തന്‍ പ്രസ്ഥാനങ്ങളുടെയും ബദ്ധവൈരി കൂടിയായിരുന്നു മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി.
ചാലിലകത്തിന്റെ ജാമാതാവും പില്‍ക്കാലത്ത് കെ.എം.മൗലവി എന്ന പേരിലറിയപ്പെടുകയും ചെയ്ത മമ്മുട്ടി മുസ്‌ലിയാര്‍ ചാലിലകത്ത് അടയാളപ്പെടുത്തിയ വഴികളിലൂടെ സഞ്ചരിക്കാന്‍ അമാന്തം കാണിച്ച വ്യക്തിയായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആശയധാരയില്‍ ഒരു കാലത്ത് ദൃഢമായ വിശ്വാസമുണ്ടായിരുന്നു അദ്ദേഹത്തിന്. പിന്നീട് തന്റെ ഉല്‍പതിഷ്ണുത്വ ആശയങ്ങള്‍ പൊടിതട്ടിയെടുത്ത് പൊതുജനമധ്യേ അനൈക്യം സൃഷ്ടിക്കാനായി പരിഷ്‌കാരത്തിന്റെയും ഭൗതികതയുടെയും പേരില്‍ സമുദായത്തിന്റെ ആചാരപ്രമാണങ്ങളെ പൊളിച്ചെഴുതി വഴിമാറി ഗമിച്ചതിന് ചാലിലകത്ത് ഉത്തരവാദിയല്ല.
ഏതായിരുന്നാലും 19-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ കേരളം ദര്‍ശിച്ച കരുത്തനായ പ്രതിഭാശാലിയും മഹാനായ പണ്ഡിതനുമായിരുന്നു. മൗലാന ചാലിലകത്ത്. കേരളീയ മത വിദ്യാഭ്യാസ രംഗത്ത് നവോത്ഥാനത്തിന്റെ പുതിയ പാതകള്‍ വെട്ടിത്തുറന്ന മൗലാന അക്ഷരാര്‍ത്ഥത്തിലൊരു പരിഷ്‌കര്‍ത്താവ് കൂടിയായിരുന്നു. മാതൃഭാഷയായ മലയാളം മാധ്യമമായി അറബി വ്യാകരണം പഠിപ്പിക്കാന്‍ അദ്ദേഹം പുസ്തകങ്ങള്‍ തയ്യാറാക്കുകയും അറബി മലയാള ഭാഷയെ ഒന്നുകൂടി സംശോധന നടത്തുകയും ചെയ്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളില്‍ നിസാരമായ അഭിപ്രായാന്തരം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സമകാലികരായ ചില പണ്ഡിതന്‍മാര്‍ക്കിടയിലും ഉണ്ടായിരുന്നുവെന്നത് അനിഷേധ്യമായ സത്യമാണ്. എന്നുവെച്ച് അദ്ദേഹം ഉല്‍പതിഷ്ണുവാണെന്ന് പറഞ്ഞാല്‍ അത് ചരിത്ര സത്യങ്ങളെ മാനഭംഗപ്പെടുത്തലാകും. വൈജ്ഞാനിക സപര്യയില്‍ ഒരു പുരുഷായുസ് മുഴുവന്‍ ബലിതര്‍പ്പണം നടത്തിയ ചാലിലകത്ത് മലയാളത്തിലും അറബിയിലും പുറമെ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലും ആഴത്തിലുള്ള പരിജ്ഞാനം നേടിയിരുന്നു.

കുടുംബം
ക്രിസ്താബ്ദം 1866(ഹിജ്‌റ 1283) തിരൂരങ്ങാടിയിലെ പ്രഖ്യാതമായ ചാലിലകത്ത് തറവാട്ടിലായിരുന്നു കുഞ്ഞഹമ്മദ് ഹാജിയുടെ ജനനം. കേരള മുസ്‌ലിംകളുടെ ചരിത്രത്തില്‍ എക്കാലത്തും സമരിക്കപ്പെടുന്ന സ്ഥലങ്ങളാണ് തിരൂരങ്ങാടി, മമ്പുറം എന്നിവ. പോര്‍ച്ചുഗീസുകാര്‍ക്കെതിരെയും ബ്രിട്ടീഷുകാര്‍ക്കെതിരെയും തിരൂരങ്ങാടിക്കാര്‍ നയിച്ച ഇതിഹാസ തുല്യമായ ചെറുത്തുനില്‍പ്പുകളുടെ അധ്യായം ഇന്നും ചരിത്ര ഏടുകളില്‍ ചിതലരിക്കാത്ത പോരാട്ടത്തിന്റെ കാര്യത്തില്‍ രണശൂരരായിരുന്ന തിരൂരങ്ങാടിക്കാര്‍ വൈജ്ഞാനിക രംഗത്തും സ്മരണകളായി നിലകൊള്ളുന്നു. വന്‍കുതിച്ചുചാട്ടമാണ് നടത്തിയത്. തിരൂരങ്ങാടി കലകളുടെയും വിജ്ഞാനങ്ങളുടെയും കേന്ദ്രങ്ങളായി പ്രോജ്വലിച്ചു. ഇത്തരമൊരു സമ്പന്നമായ സാംസ്‌കാരിക ചുറ്റുപാടിലാണ് കുഞ്ഞഹമ്മദ് ഹാജി പിറന്നുവീഴുന്നത്. തിരൂരങ്ങാടിക്കടുത്ത് പൊന്മുണ്ടം ആദൃശ്ശേരിയിലെ മൂത്താട്ട് കാള മൊയ്തീന്‍കുട്ടി ഹാജിയായിരുന്നു പിതാവ്. കാളവണ്ടിയില്‍ ചരക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ജോലി പിതാമഹന്മാരില്‍ ആര്‍ക്കോ ഉണ്ടായിരുന്നതു കൊണ്ടാണ് അദ്ദേഹത്തിന് ഈ പേര്‍ ലഭിച്ചത്. തിരൂരങ്ങാടി ചാലിലകത്ത് തറവാട്ടിലെ ഇബ്‌റാഹീം എന്ന കുസ്സായി ഹാജിയുടെ മകള്‍ ഫാതിമയായിരുന്നു മാതാവ്. പിതാവും മാതാവും തമ്മിലുള്ള വിവാഹബന്ധം നേരത്തെ വിച്ഛേദിച്ചത് കാരണം മാതൃഗൃഹത്തില്‍ ഉമ്മയുടെ ശിക്ഷണത്തിലാണ് അദ്ദേഹം തന്റെ ബാല്യം കഴിച്ചുകൂട്ടിയത്. അമ്മാവനായ അഹ്മദ് കാക്കയുടെ സംരക്ഷണത്തില്‍ ചാലിലകത്ത് തറവാട്ടില്‍ വളര്‍ന്നതുകൊണ്ടാണ് പിതാവിന്റെ വീട്ടുപേര് പറയുന്ന കീഴ് വഴക്കത്തിനെതിരെ മാതാവിന്റെ വീട്ടുപേര് പ്രചരിക്കാന്‍ കാരണം.
ചാലിലകത്ത് കുടുംബം പൗരാണികമായി ഒരു പണ്ഡിത കുടുംബമെന്ന നിലയില്‍ അറിയപ്പെട്ടിരുന്നില്ലെങ്കിലും ഹാജിയുടെ മാതാമഹന്‍ കുസ്സായി ഹാജി വിശ്രുത പണ്ഡിതനും സൂഫീവര്യനും ഖുതുബുസ്സമാന്‍ സയ്യിദ് അലവി തങ്ങളുടെ മുരീദുമായിരുന്നു. വിഖ്യാത പണ്ഡിതനായിരുന്ന കുസ്സായി ഹാജിക്ക് അന്ന് തിരൂരങ്ങാടി നടുവിലെ പള്ളിയിലായിരുന്നു ദര്‍സ്. പില്‍ക്കാലത്ത് പ്രശസ്തനായിത്തീര്‍ന്ന കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരെ (1844-1907) പോലുള്ള പല പ്രഗത്ഭരും അന്നവിടെ ദര്‍സില്‍ പഠിച്ചവരാണ്. ചാലിലകത്തിന്റെ മാതുലന്മാരായിരുന്ന ചാലിലകത്ത് അബ്ദുല്ല മൗലവിയും ചാലിലകത്ത് ഹസന്‍ മൗലവിയും പ്രശസ്തിയാര്‍ജ്ജിച്ച പണ്ഡിതന്മാരായിരുന്നു.
വിദ്യാഭ്യാസം
അക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് മതാധ്യാപനങ്ങള്‍ നുകരാന്‍ പ്രൈമറി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നില്ല. മതവിജ്ഞാന പ്രായമായ സ്ത്രീകളും പുരുഷന്‍മാരുമായിരുന്നു അവര്‍ക്ക് പ്രാഥമിക അറിവുകള്‍ പകര്‍ന്നു നല്‍കിയത്. അതുകൊണ്ട് തന്നെ മൗലാന ചാലിലകത്ത് പണ്ഡിതയും മതഭക്തയുമായ തന്റെ മാതാവിന്റെ പക്കല്‍നിന്നാണ് ആദ്യമായി ഖുര്‍ആനും ഖുര്‍ആന്‍ പാരായണ ശാസ്ത്രവും അഭ്യസിച്ചത്. മാതാവിന്റെ ആദ്യവിവാഹത്തില്‍ പിറന്ന മകന്‍ ചാലിയം സ്വദേശി കുട്ടിയാമു സാഹിബ് പിന്നീട് തന്റെ ഇളയ സഹോദരനെ കോഴിക്കോട്ടൊരു പ്രൈമറി സ്‌കൂളില്‍ ചേര്‍ക്കുകയുണ്ടായി. അദ്ദേഹം നാലാം ക്ലാസ് വരെ ആ സ്‌കൂളില്‍ അധ്യയനം നിര്‍വഹിച്ചു. തിരൂരങ്ങാടിയിലും പരിസര പ്രദേശങ്ങളിലും പ്രൈമറി വിദ്യാഭ്യാസം നേടാന്‍ യാതൊരു സൗകര്യവും ഇല്ലാതിരുന്ന കാലത്താണ് അദ്ദേഹം കോഴിക്കോട്ടേക്ക് പോയി പ്രൈമറി പഠനം നടത്തിയിരുന്നതെന്ന് പ്രത്യേകം സ്മരണീയമാണ്.
പ്രാഥമിക പഠനാനന്തരം മാതൃസഹോദരന്‍ അലി ഹസന്‍ മുസ്‌ലിയാരില്‍നിന്ന് അദ്ദേഹം തന്റെ മതപഠനം ആരംഭിച്ചു. അലി ഹസന്‍ മുസ്‌ലിയാര്‍ വലിയ പണ്ഡിതനും ധിഷണാശാലിയും ശ്രോതാക്കളെ ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്തിരുന്ന നല്ല വാഗ്വിലാസത്തിനുടമയുമായിരുന്നു. മാത്രമല്ല, കേരളത്തിലെ മുസ്‌ലിംകളുടെ ആദ്യത്തെ മാസികയായി വിശേഷിപ്പിക്കാവുന്ന ഹിദായത്തുല്‍ ഇഖ്‌വാന്റെ പത്രാധിപരുമായിരുന്നു അദ്ദേഹം. മാപ്പിളകവിയായിരുന്ന ചാക്കീരി മൊയ്തീന്‍കുട്ടിയുടെ ക്ഷണപ്രകാരം ചേറൂരിലെത്തിയ അലി ഹസന്‍ മുസ്‌ലിയാര്‍ ശിഹാബുദ്ദീന്‍ ബ്‌നു ഹാജരില്‍ ഹൈതമി(റ)യുടെ തുഹ്ഫത്തുല്‍ മുഹ്താജ് എന്ന ഗ്രന്ഥം മൂന്നു വാള്യങ്ങളിലായി അറബി മലയാള ഭാഷയിലേക്ക് ഭാഷാന്തരപ്പെടുത്തുകയുണ്ടായി. ഒരു പണ്ഡിതനുണ്ടായിരിക്കേണ്ട സകല ജ്ഞാനീയങ്ങളും ചാലിലകത്ത് തന്റെ അമ്മാവനില്‍നിന്ന് കരസ്ഥമാക്കിയിട്ടുണ്ടായിരുന്നു. തുടര്‍ന്നദ്ദേഹം വഹാബികളുടെ പേടിസ്വപ്നമായിരുന്ന സയ്യിദ് അഹ്മദ് സൈനി ദഹ്‌ലാന്റെയും (മക്കയിലെ മുഫ്തിയായിരുന്നു ഇദ്ദേഹം) ശാഫിഈ ഫിഖ്ഹിലെ ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥമായ തുഹ്ഫയുടെ വ്യാഖ്യാതാവ് അബ്ദുല്‍ ഹമീദ് ശര്‍വാനിയുടെയും മുഹമ്മദ് ഹിസ്ബുല്ലാഹില്‍ മക്കിയുടെയും ശിഷ്യനായിരുന്ന കോടഞ്ചേരി അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു (പൊന്നാനിയിലെ അവസാനത്തെ സൈനുദ്ദീന്‍ മഖ്ദൂമിന്റെയും അഹ്മദ് എന്ന ബാവ മുസ്‌ലിയാരുടെയും ചാലിലകത്ത് കുസായി ഹാജിയുടെയും ശിഷ്യനായ അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ പത്തുകൊല്ലം മക്കയില്‍ പഠിച്ചിട്ടുണ്ട്. അണ്ടത്തോടുകാരന്‍ അമ്മുമുസ്‌ലിയാര്‍ തിരൂരങ്ങാടിയില്‍ ദര്‍സ് നടത്തിയിരുന്ന കാലത്ത് കുഞ്ഞമ്മദ് ഹാജി അവിടെ ഓതിപ്പഠിച്ചിരുന്നു. അനന്തരം അക്കാലത്തെ മതവിജ്ഞാനങ്ങളുടെ പറുദീസയായിരുന്ന പൊന്നാനിയില്‍ ചെന്ന് ബദ്ര്‍ മൗലിദ് കര്‍ത്താവും മഹാപണ്ഡിതനുമായിരുന്ന വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിക്കുകയുണ്ടായി (പണ്ഡിതനും ഗ്രന്ഥകാരനുമൊക്കെയായിരുന്ന വളപ്പില്‍  അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍(1852-1904) ഭാവനാസമ്പന്നനായൊരു കവി കൂടിയായിരുന്നു. ബദ്ര്‍ മൗലിദിനു പുറമെ പുറന്തിയില്‍ അബ്ദുല്‍ ഖാദിര്‍ ശൈഖ് ഥാസി മൗലിദ്, അഹ്മദുല്‍ ബദവി മൗലിദ്, ഹംസതുല്‍ ഖര്‍റാര്‍ മൗലിദ് എന്നിവയും അദ്ദേഹം രചിക്കുകയുണ്ടായി). കോഴിക്കോട് മുദാക്കര ജുമുഅത്ത് പള്ളിയില്‍ ചാലിലകത്ത് കുറച്ചുകാലം ഓതിത്താമസിച്ചിട്ടുണ്ട്. തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാര്‍ ഹാജിയുടെ മറ്റൊരു ഗുരുവര്യനായിരുന്നു.
 ഹിജ്‌റാബ്ദം 1304-ല്‍ ദക്ഷിണേന്ത്യയിലെ പൗരാണിക മതകലാലയങ്ങളിലൊന്നായ വെല്ലൂരിലെ ബാഖിയാത്തുസ്വാലിഹാത്ത് അറബി കോളേജില്‍ ചേര്‍ന്നു. മലബാറില്‍ നിന്ന് ആദ്യമായി ബാഖിയാത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥിയായിരുന്നു കുഞ്ഞഹമ്മദ് ഹാജി. ബാഖിയാത്തിന്റെ ശൈശവ ദശയായിരുന്നു അക്കാലമെങ്കിലും വിജ്ഞാന പ്രഥിതനായിരുന്ന ശംസുല്‍ ഉലമാ ബാനീ അബ്ദുല്‍ വഹാബ് ഹസ്രത്തായിരുന്നു അന്നവിടെ പ്രധാനാധ്യാപകന്‍. ഈ മഹാ പണ്ഡിതനാണ് ബാഖിയാത്ത് സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ ശിഷ്യത്വത്തിന് കീഴില്‍ ഒരു വര്‍ഷം ചാലിലകത്ത് അവിടെ അധ്യയനം നടത്തുകയുണ്ടായി. തര്‍ക്കശാസ്ത്രം, ഗണിതശാസ്ത്രം, ഗോളശാസ്ത്രം, തത്വശാസ്ത്രം, ഭൂമിശാസ്ത്രം മുതലായ വിജ്ഞാന ശാഖകള്‍ ഇവിടെ വെച്ചാണ് അദ്ദേഹം അഭ്യസിച്ചത്. കേരളത്തിലെ പണ്ഡിതന്‍മാര്‍ക്ക് കീഴില്‍ കര്‍മശാസ്ത്ര വിഷയങ്ങളില്‍ സുദീര്‍ഘമായ പഠനം നടത്തിയതു കൊണ്ട് ബാഖിയാത്തില്‍ നിന്ന് അതിനു വേണ്ടി പ്രത്യേക സമയം വിനിയോഗിക്കേണ്ടിവന്നില്ല അദ്ദേഹത്തിന്. ആധുനിക പരിഷ്‌കാരങ്ങള്‍ക്കു മേല്‍ ഹാജിക്കുണ്ടായിരുന്ന അഭിനിവേശം കാരണം അന്നത്തെ ചില പണ്ഡിതന്‍മാര്‍ അദ്ദേഹത്തെ പറ്റി സന്ദേഹിക്കുകയുണ്ടായി. എന്നിട്ടും സുന്നീ ഉലമാക്കള്‍ ആരും തന്നെ അദ്ദേഹത്തെ എതിര്‍ക്കുവാനോ ആക്ഷേപിക്കാനോ മുതിരുകയുണ്ടായില്ല. ബാനി അബ്ദുല്‍ വഹാബ് ഹസ്‌റത്തിനു ശേഷം ബാഖിയാത്ത് പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്, വെല്ലൂര്‍ ലത്തീഫിയ്യാ അറബി കോളേജ് പ്രിന്‍സിപ്പലായിരുന്ന അബ്ദുല്‍ അസീസ് ഹസ്‌റത്ത് തുടങ്ങിയ മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ ബാഖിയാത്തില്‍ അദ്ദേഹത്തിന്റെ സഹപാഠികളായിരുന്നു. തുടര്‍ന്ന് അദ്ദേഹം കുറച്ചുകാലം ബാംഗ്ലൂരില്‍ പോയി താമസിക്കുകയുണ്ടായി.
ബാംഗ്ലൂര്‍ താമസത്തിനു ശേഷം രണ്ടാമതും വെല്ലൂരിലേക്ക് വന്ന ചാലിലകത്ത് ഹിജ്‌റ 1305-ല്‍ തെന്നിന്ത്യയിലെ സുപ്രസിദ്ധ കലാലയമായിരുന്ന ലത്തീഫിയ്യാ അറബി കോളേജില്‍ ചേര്‍ന്നു. ആര്‍ക്കാട് നവാബിന്റെ മേല്‍നോട്ടത്തില്‍ മൗലാന മുഹ്‌യുദ്ദീന്‍ അബ്ദുല്ലത്തീഫില്‍ ഖാദിരിയാണ് ലത്തീഫിയ്യാ അറബി കോളേജ് സ്ഥാപിച്ചത്. ചാലിലകത്ത് ലത്തീഫിയ്യയില്‍ ചേര്‍ന്ന കാലത്ത് സയ്യിദ് മുഹമ്മദ് റുക്‌നുദ്ദീനുല്‍ ഖാദിരിയായിരുന്നു അവിടുത്തെ പ്രധാനാധ്യാപകന്‍. ഹിജ്‌റാബ്ദം 1325-ല്‍ ഇദ്ദേഹം നിര്യാതനായി. മൗലാന മുഹ്‌യുദ്ദീന്‍ അബ്ദുല്ലത്തീഫില്‍ ഖാദിരിയുടെ പുത്രനായിരുന്നു സയ്യിദ് മുഹമ്മദ് റുക്‌നുദ്ദീന്‍. വെല്ലൂരിലെ ലത്തീഫിയ്യ അറബിക് കോളേജില്‍ നിന്ന് ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയായിരുന്നു മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. 'നിസാമിയ്യ' പാഠ്യപദ്ധതി പിന്തുടര്‍ന്നിരുന്ന ലത്തീഫിയ്യയില്‍ നിന്ന് ക്ഷേത്ര ഗണിതം, ജ്യോതിര്‍ഗണിതം, ഭൂമിശാസ്ത്രം, തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം എന്നീ വിജ്ഞാന ശാഖകളില്‍ അദ്ദേഹം അഗാധ പ്രാവീണ്യം നേടി.
ലത്തീഫിയ്യയില്‍ ഇന്ത്യയിലെ അതി സമര്‍ത്ഥരായ അധ്യാപകരുടെ സാന്നിധ്യവും അവരുമായുള്ള സമ്പര്‍ക്കവും മൗലാനയുടെ ധൈഷണിക ജിവിതത്തെ ആഴത്തില്‍ സ്വാധീനിക്കുകയുണ്ടായി. അശൈഖ് മുഹമ്മദ് അബ്ദുല്‍ ജലീല്‍ പിശാവരി, അശ്ശൈഖ് മുഹമ്മദ് ഹസന്‍ റാംപൂരി, മുഹമ്മദ് അഫ്ഹാമുല്ലാഹില്ലഖ്‌നവി എന്നിവര്‍ ലത്തീഫിയ്യയില്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്‍മാരായിരുന്നു. അദ്ദേഹത്തിന്റെ അതുല്യമായ കഴിവിലും പ്രാപ്തിയിലും മതിപ്പ് തോന്നിയ സ്ഥാപന അധികൃതര്‍ അദ്ദേഹത്തെ അധ്യാപകനാക്കാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ചാലിലകത്ത് കൃതജ്ഞതാ പൂര്‍വ്വം അത് നിരസിക്കുകയാണ്  ചെയ്തത്. ആറു വര്‍ഷം ലത്തീഫിയ്യയില്‍ തങ്ങി ഉന്നത ബിരുദം കരസ്ഥമാക്കിയ ഹാജി ഹിജ്‌റ 1311 ശഅ്ബാന്‍ 18-ാം തിയ്യതി ലത്തീഫിയ്യാ കോളേജ് വിട്ടു. തുടര്‍ന്ന് ആതിരാംപട്ടണത്തെ ശൈഖ് അഹ്മദുല്‍ അദ്‌റമി എന്ന അഹ്മദ് ഹാലിം സാഹിബ് ആതിരാം പട്ടണത്തെ റഹ്മാനിയ്യാ അറബി കോളജിന്റെ ശില്‍പിയും പ്രിന്‍സിപ്പലുമായിരുന്നു.

അധ്യാപന രംഗം
അതിരാംപട്ടണത്തെ അഹ്മദ് ഹാലിം സാഹിബില്‍നിന്ന് പഠനം പൂര്‍ത്തീകരിച്ച് നാട്ടിലെത്തിയ ചാലിലകത്ത് ആദ്യമായി ദര്‍സ് ആരംഭിച്ചത് തിരൂരങ്ങാടിയിലെ തറമ്മല്‍ പള്ളിയിലാണ്. ചാലിലകത്ത് തറവാട്ടുകാര്‍ തറകെട്ടി ഓലമേഞ്ഞതുകൊണ്ടാണ് അതിനു തറമ്മല്‍ പള്ളി എന്ന് പേര് വരാന്‍ കാരണം. തുടര്‍ന്ന് മയ്യഴിയിലേക്ക് ക്ഷണിക്കപ്പെട്ടതോടെ ചാലിലകത്തിന്റെ പ്രവര്‍ത്തന തലം കൂടുതല്‍ വ്യാപിക്കുകയുണ്ടായി. പരിഷ്‌കരിച്ച പാഠ്യപദ്ധതിക്കനുസൃതമായിട്ടായിരുന്നു അദ്ദേഹം അവിടെ ദര്‍സ് നടത്തിയിരുന്നത്. ഗണിതശാസ്ത്രത്തിന്റെയും ഗോളശാസ്ത്രത്തിന്റെയും കിതാബുകള്‍ അദ്ദേഹം അക്കാലത്ത്  അധ്യാപനം നടത്തിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ മലബാറിലെ ഇസ്‌ലാമിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നെടുനായകത്വം വഹിച്ചിരുന്ന ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, ചാലിലകത്ത് മുഹമ്മദ് ഹാജി എന്നിവര്‍ പുളിക്കലില്‍ ഹാജിയുടെ ദര്‍സില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ്. തര്‍ക്കശാസ്ത്രത്തിലെ സുപ്രധാന ഗ്രന്ഥമായ 'ഖുതുബി' മൗലാനാ സിലബസിലുള്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ എ.ആര്‍.നഗര്‍ എന്ന പേരിലറിയപ്പെടുന്ന കൊടുവായൂരിലെ ചെപ്പിപ്പാലം എന്ന ഗ്രാമത്തില്‍ ജനിച്ച മുഹമ്മദ് മുസ്‌ലിയാര്‍ ഈ കിതാബില്‍ അഗാധപാണ്ഡിത്യം നേടിയതു കൊണ്ടാണ് അദ്ദേഹത്തിന് ഖുതുബി എന്ന പേര് ലഭിച്ചത്. ഖുതുബിയെയും മുഹമ്മദ് മുസ്‌ലിയാരെയും കൂടാതെ കടവത്തൂരിലെ പറമ്പത്ത് മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഇല്ലത്ത് പയ്യയി മുസ്‌ലിയാര്‍ (പാനൂര്‍), പി.പി. ഉണ്ണിമൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഉബൈദുല്ല മൗലവി, പേഴങ്ങോട്ടില്‍ കോയക്കുട്ടി മൗലവി (പ്രസിദ്ധ അറബി കവിയായിരുന്ന പി.പി.മുഹമ്മദ് മൗലവി ഇദ്ദേഹത്തിന്റെ പൗത്രനാണ്) എന്നിവരും പുളിക്കലില്‍ മൗലാനയുടെ ശിഷ്യന്‍മാരായിരുന്നു.
ഖിബ്‌ലാ തര്‍ക്കം
ഖിബ്‌ലാ നിര്‍ണയ ശാസ്ത്രത്തില്‍(ഇല്‍മു മീഖാത്ത്) ചാലിലകത്തിന് ആഴത്തിലുള്ള പ്രാവീണ്യമുണ്ടായിരുന്നു. ഈ വിജ്ഞാനം അദ്ദേഹം കരഗതമാക്കിയത് തഞ്ചാവൂര്‍ ജില്ലയിലെ അതിരാംപട്ടണത്തുള്ള ശൈഖ് അഹ്മദുല്‍ അബ്‌റമിയുടെ പക്കല്‍ നിന്നാണ്. പ്രതിഭാസമ്പന്നനും സര്‍വ്വകലാ വിജ്ഞാനിയുമായിരുന്ന ശൈഖ് അഹ്മദുല്‍ അദ്‌റമി മഹാപണ്ഡിതപ്പടുവായിരുന്ന ദഹ്‌ലാന്റെ ശിഷ്‌നാണ്. അക്കാലത്ത് കേരളത്തിലെ പണ്ഡിതന്‍മാര്‍ക്ക് ഖിബ്‌ലാ സംബന്ധമായ ശാസ്ത്ര ശാഖയില്‍ വേണ്ടത്ര അറിവില്ലാത്തതു കാരണമായി ചാലിലകത്തിനെതിരെ ചില വിവാദങ്ങള്‍ തലപൊക്കുകയുണ്ടായി. പുളിക്കലെ ഖിബ്‌ല പുനഃപരിശോധിക്കാന്‍ തീരുമാനിച്ചതോടെയാണ് പ്രസ്തുത സംഭവം ആകെ വഷളായത്.
നിസ്‌കാരം നിര്‍വഹിക്കുമ്പോള്‍ കഅ്ബക്ക് നേരെ (ഐനുല്‍ ഖിബ്‌ലയിലേക്ക്) തിരിയണമെന്ന് ചാലിലകത്ത് വാദിച്ചപ്പോള്‍ ഖിബ്‌ലക്ക് നേരെ കൃത്യമായി തിരിയേണ്ടതില്ലെന്നും ജിഹത്തിലേക്ക് മാത്രം തിരിഞ്ഞാല്‍ മതിയെന്നുമായിരുന്നു അദ്ദേഹത്തിന്റെ എതിര്‍പക്ഷം വാദിച്ചിരുന്നത്. ഇവ്വിഷയമായി ധാരാളം വാദപ്രതിവാദങ്ങളും ഖണ്ഡനസദസുകളും അക്കാലത്ത് അരങ്ങേറുകയുണ്ടായി. പ്രശ്‌നസങ്കീര്‍ണമായ ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഭൂരിഭാഗം പണ്ഡിതരും ചാലിലകത്തിന്റെ പക്ഷത്തെയാണ് അംഗീകരിച്ചത്. ഖിബ്‌ലാ തര്‍ക്കത്തില്‍ അദ്ദേഹത്തിന്റെ പക്ഷം ന്യായീകരിച്ച പ്രമുഖ പണ്ഡിതന്‍ കൊണ്ടോട്ടിക്കടുത്ത് തുറക്കല്‍ സ്വദേശിയായ കുഞ്ഞാമു മുസ്‌ലിയാരുടെ മകന്‍ ചെറുശ്ശേരി അഹമ്മദ്കുട്ടി (1873-1930) മുസ്‌ലിയാരായിരുന്നു. പുളിക്കലില്‍ ചാലിലകത്തിന്റെ എതിര്‍പക്ഷത്തുണ്ടായിരുന്ന കൊല്ലോളി അഹമ്മദ്കുട്ടി മുസ്‌ലിയാരുടെ ഖിബ്‌ല ജിഹത് വാദത്തെ ഖണ്ഡിച്ചുകൊണ്ട് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഖിബ്‌ല വിവാദത്തിന്റെ എതിര്‍പക്ഷത്തുണ്ടായിരുന്നവരില്‍ പ്രമുഖന്‍ മൗലാനയുടെ ശിഷ്യനും പുളിക്കല്‍ ജുമാമസ്ജിദിലേക്ക് മൗലാനയെ ക്ഷണിക്കുകയും ചെയ്ത പേവൂക്കാട്ടില്‍ കോയക്കുട്ടി സാഹിബായിരുന്നു. തന്റെ വാദം സ്വീകരിക്കുന്നതിന് വേണ്ടി ചാലിലകത്ത് 'അദ്ദഅ്‌വ' എന്നൊരു കൃതി രചിക്കുകയുണ്ടായി. അറബി ഭാഷയിലായിരുന്നു ഈ കൃതി രചിക്കപ്പെട്ടത്. ഇവ്വിഷയകമായി മൗലാന രചിച്ച മറ്റൊരു കൃതിയാണ് 'ഇല്‍മുല്‍ മീഖാത്ത്'.
ഖിബ്‌ലാ തര്‍ക്കം സങ്കീര്‍ണമായ സാഹചര്യത്തില്‍ ധാരാളം ലഘുലേഖകളും ഗ്രന്ഥങ്ങളും നോട്ടീസുകളുമായി നിരവധി കൃതികള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരെ പോലെ മൗലാനാ ചാലിലകത്തിന്റെ വാദത്തെ ശക്തമായി ന്യായീകരിച്ചിരുന്ന മറ്റൊരു വ്യക്തി പ്രമുഖ സൂഫിവര്യനും കോഴിക്കോട് ജില്ലയിലെ പുതിയറയില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ദെഞ്ചിപ്പാടി സുലൈമാന്‍ മുസ്‌ലിയാരാണ്. ഇദ്ദേഹം മൗലാനയുടെ ശിഷ്യനും മംഗലാപരം സ്വദേശിയുമായിരുന്നു. സുലൈമാന്‍ മുസ്‌ലിയാര്‍ ഖിബ്‌ലതുല്‍ ഐന്‍ വാദം സ്ഥാപിച്ചുകൊണ്ട് എഴുതിയ പുസ്തകത്തിന്റെ പേരാണ് 'തുഹ്ഫത്തുല്‍ അഹ്ബാബ്'. ഇത് അറബി മലയാള ഭാഷയിലാണ് രചിക്കപ്പെട്ടത്. മൗലാന അഹ്മദ് കോയ ശാലിയാത്തിയും ഖിബ്‌ല സംബന്ധമായി ഒരു പുസ്തകം രചിച്ചിട്ടുണ്ട്. 'ഖീറത്തുല്‍ അദില്ലഫീഹദ്‌യിസ്തിഖ് ഖാലില്‍ ഖിബ്‌ല' എന്നാണ് ആ കൃതിയുടെ പേര്.
പടിഞ്ഞാറ് ദിശയിലേക്ക് തിരിഞ്ഞ് നിസ്‌കാരം നിര്‍വഹിച്ചാല്‍ തന്നെ നിസ്‌കാരത്തിന്റെ ശര്‍ത്തായ ഖിബ്‌ലയ്ക്ക് നേരെ തിരിയല്‍ സാധിക്കുമെന്നായിരുന്നു മൗലാനയുടെ എതിര്‍പക്ഷം വാദിച്ചിരുന്നത്. ഈ വാദഗതി സ്ഥിരീകരിക്കുന്നതിനുവേണ്ടി ശക്തമായി നിലകൊണ്ടിരുന്നത്  കൊല്ലോളി അഹ്മദ് കുട്ടി മുസ്‌ലിയാരായിരുന്നു. പൊന്നാനി മഖ്ദൂം കുഞ്ഞിബാവ മുസ്‌ലിയാര്‍, അറക്കല്‍ പരി മുസ്‌ലിയാര്‍, നാദാപുരം കാസര്‍ഗോഡ് ഖാളി അബ്ദുല്ല ഹാജി മുതല്‍ അന്നത്തെ പ്രസിദ്ധ പണ്ഡിതന്‍മാര്‍ വരെ ഈ തര്‍ക്കത്തില്‍ സജീവമായി പങ്കെടുക്കുകയുണ്ടായി.
തങ്ങള്‍ പഠിച്ചത് പ്രകാരം ഗണിച്ച കണക്കുകള്‍ ശരിയല്ലെന്ന കാരണത്താല്‍ കേരളത്തില്‍ പൗരാണികമായി നിലനില്‍ക്കുന്ന പള്ളികള്‍ തകര്‍ക്കരുതെന്നും നുറ്റാണ്ടുകളായി പൂര്‍വ്വഗാമികള്‍ നിസ്‌കരിച്ചുവന്ന ഖിബ്‌ലയുടെ ദിശ പിഴച്ചതാണെന്ന് വ്യാഖ്യാനിക്കരുതെന്നും കേരളത്തിലെ ഒരു വിഭാഗം പണ്ഡിതന്‍മാര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുകയുണ്ടായി. ഇവരില്‍ പ്രമുഖര്‍ ഉപരിസൂചിത പണ്ഡിതനായ തട്ടാങ്ങര കുട്ട്യാമു മുസ്‌ലിയാരായിരുന്നു. കുട്ട്യാമു മുസ്‌ലിയാരുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പണ്ഡിതനായിരുന്നു മഖ്ദൂം കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍. പ്രശസ്ത മുഫ്തിയും ചാലിലകത്തിന്റെ ഗുരുവര്യനുമായിരുന്നു കുട്ട്യാമു മുസ്‌ലിയാര്‍.
ഏതായിരുന്നാലും 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ തന്നെ പണ്ഡിതന്മാര്‍ക്കിടയില്‍ ആഴത്തില്‍ ചര്‍ച്ചക്ക് വന്നൊരു വിഷയമായിരുന്നു ഖിബ്‌ലാ തര്‍ക്കം. ചുരുക്കത്തില്‍, ചാലിലകത്ത് പുളിക്കല്‍ ജുമാമസ്ജിദില്‍ ജോലി ചെയ്തിരുന്ന അതേ വര്‍ഷത്തില്‍ തന്നെ ഖിബ്‌ലാ വാദത്തെ സംബന്ധിച്ച് ആ കാലത്തെ പ്രമുഖ പണ്ഡിതര്‍ സംഘടിച്ച് ഒരു വലിയ സമ്മേളനം നടത്തുകയുണ്ടായി. ഈയൊരു പ്രശ്‌നത്തിലാണ് ചാലിലകത്ത് അന്ന് പുളിക്കല്‍ ദര്‍സില്‍നിന്ന് വിട്ടുനിന്നത്.
ദാറുല്‍ ഉലൂമില്‍
മലബാര്‍ പ്രവിശ്യയിലെ സമുന്നത തറവാട്ടുകാരായിരുന്നു കൊയപ്പത്തൊടിക്കാര്‍. ഏകദേശം ഒന്നേമുക്കാല്‍ വര്‍ഷം മുമ്പ് തന്നെ മതപാഠശാലകള്‍ സംസ്ഥാപിക്കുന്നതിനുവേണ്ടി സ്വത്തുക്കള്‍ വഖഫ് ചെയ്തിരുന്നു അവര്‍. കൊയപ്പത്തൊടി മൊയ്തീന്‍കുട്ടി സാഹിബിന്റെ സഹോദര പുത്രനായിരുന്ന കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബ് ധാരാളം ഭൂസ്വത്തുക്കള്‍ മതസ്ഥാപനങ്ങള്‍ക്ക് വേണ്ടി വഖ്ഫ് ചെയ്തു. അങ്ങനെയാണ് തന്‍മിയത്തുല്‍ ഉലൂം മദ്‌റസ സംസ്ഥാപിതമായത്. മദ്‌റസയിലെ പഠനം മനോഹരമായി നടന്നുപോകണമെന്ന് കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബ് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രസിദ്ധപണ്ഡിതനായ ചെറുശ്ശേരി അഹ്മദ്കുട്ടി മുസ്‌ലിയാരെ അദ്ദേഹം അവിടെ മുദര്‍രിസായി നിയമിച്ചു. ഇടക്കാലത്ത് വെച്ചാണ് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി മാഹിയിലെ അധ്യാപനം നിര്‍ത്തുകയാണെന്നറിഞ്ഞത്. ഉടനെ തന്‍മിയത്തുല്‍ ഉലൂം മദ്‌റസാ മാനേജറും ധാനാഢ്യനുമായ കൊയപ്പത്തൊടി മോയിന്‍കുട്ടി സാഹിബും മുദരിസ് ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും ചേര്‍ന്ന് മൗലാനാ ചാലിലകത്തിനെ നേരില്‍ ചെന്നുകണ്ട് വാഴക്കാട്ടേക്ക് സ്വദര്‍ മുദരിസായി ക്ഷണിച്ചു. അങ്ങനെ 1909-ല്‍ ഈ ക്ഷണം സ്വീകരിച്ചുകൊണ്ട് മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി വാഴക്കാട് തന്‍മിയത്തുല്‍ ഉലൂം മദ്‌റസയില്‍ ചാര്‍ജ്ജെടുത്തു.
മൗലാന, വാഴക്കാട് സേവനമനുഷ്ഠിച്ച കാലം തന്‍മിയത്തുല്‍ ഉലൂമിന്റെ സുവര്‍ണ യുഗമായിട്ടാണ് വിശേഷിപ്പിക്കപ്പെടുന്നത്. തന്‍മിയത്തുല്‍ ഉലൂം മദ്‌റസയെന്നതിനെ ദാറുല്‍ ഉലൂം എന്ന് പുനര്‍നാമകരണം ചെയ്തപ്പോള്‍ അവിടെ മുദരിസായിരുന്ന ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അദ്ദേഹത്തിന്റെ ശിഷ്യനായി മാറി. വാഴക്കാട് ദാറുല്‍ ഉലൂമിന്റെ അതിശീഘ്രതയിലുള്ള വളര്‍ച്ചക്ക് പിന്നിലെ ചാലകശക്തി യഥാര്‍ത്ഥത്തില്‍ ചാലിലകത്ത് തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ആഗമനത്തോടെ വാഴക്കാട് പണ്ഡിത കേസരികളുടെയും വിജ്ഞാന ദാഹികളുടെയും ആസ്ഥാനമായി അവസ്ഥാന്തരപ്പെട്ടു. കേരളത്തിലെ മറ്റു മതപാഠശാലകളിലൊന്നുംതന്നെ ഇല്ലാതിരുന്ന ധാരാളം ശാസ്ത്രവിഷയങ്ങള്‍ ദാറുല്‍ ഉലൂമിന്റെ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തിക്കൊണ്ടാണ് മൗലാന തന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഒന്നുകൂടി പ്രയോഗ പ്രഥത്തില്‍ കൊണ്ടുവന്നത്. ഫിഖ്ഹ്, ഹദീസ്, തഫ്‌സീര്‍ എന്നിവയ്ക്ക് പുറമെ ഗോളശാസ്ത്രം, ഗണിതം, ഫിലോസഫി, ലോജിക് എന്നീ ശാസ്ത്രങ്ങളും മൗലാന സിലബസിലുള്‍പ്പെടുത്തിയിരുന്നു.
ഭൗതിക വിഷയങ്ങള്‍ ദര്‍സ് മുഖാന്തിരം പഠിപ്പിക്കാന്‍ തീരുമാനിച്ച കുഞ്ഞഹമ്മദ് ഹാജി ആധുനിക ഉപകരണങ്ങള്‍ മദ്‌റസയിലെത്തിക്കാന്‍ മാനേജറോട് ആവശ്യപ്പെട്ടു. അതോടു കൂടി അറ്റ്‌ലസുകളും ജീവജാലങ്ങളെ പറ്റിയുള്ള ഗ്രന്ഥങ്ങളും ഗ്ലോബുകളും ദാറുല്‍ ഉലൂമിലേക്ക് ഒഴുകി. മാത്രമല്ല, ലിസാനുല്‍ അറബ്, മുന്‍ജിദ്, ഖാമൂസുല്‍ അസ്‌രി എന്നീ ഡിക്ഷ്‌നറികളും അവിടേക്ക് വരുത്തി. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാനാ അബ്ദുല്‍ കലാം ആസാദിന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന അല്‍ഹിലാലും മറ്റു അറബി, ഉര്‍ദു പത്രങ്ങളും ചാലിലകത്ത് ദാറുല്‍ ഉലൂമില്‍ വരുത്താറുണ്ടായിരുന്നു. തന്റെ ശിഷ്യഗണത്തില്‍പെട്ട ചിലര്‍ക്ക് മലയാളം എഴുതാനും വായിക്കാനും പ്രയാസമുണ്ടെന്നറിഞ്ഞപ്പോള്‍ ദാറുല്‍ ഉലൂമിന്റെ സിലബസില്‍ ഭാഷാപഠനവും ഗണിതവും അദ്ദേഹം ഉള്‍പ്പെടുത്തുകയുണ്ടായി.
ചെറുശ്ശേരി അഹമ്മദ്കുട്ടി മുസ്‌ലിയാരെ കൂടാതെ അന്ന് വാഴക്കാട്ട് അധ്യയനം നടത്തിയവരില്‍ പ്രമുഖര്‍ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍, പാണമങ്കല്ലൂര്‍ ദെഞ്ചിപ്പാടി സുലൈമാന്‍ മുസ്‌ലിയാര്‍, അണ്ടത്തോട് ഉപ്പുങ്ങല്‍ കുഞ്ഞഹമ്മദ് എന്ന ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരാണ്. മൗലാനയുടെ പാഠ്യപദ്ധതിയിലെ പരിഷ്‌കരണങ്ങളും നവീകരണങ്ങളുമെല്ലാം പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും മൗലാന കുഞ്ഞഹമ്മദ് ഹാജി ഒരു സുന്നീ വിരുദ്ധ ആശയക്കാരനായിരുന്നില്ല. പ്രത്യുത അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ കരുത്തനായ പ്രബോധകനും പ്രചാരകനുമായിരുന്നു.  മതാധ്യയന രംഗത്ത് അറബി മലയാളം ലിപിയുടെ നവീകരണവും ചോക്കും ബോര്‍ഡും ഉപയോഗിച്ചുകൊണ്ടുള്ള അധ്യാപനവും വിവിധ കലാശാസ്ത്രങ്ങള്‍ ഉപരിപഠനത്തിന് അംഗീകൃത വിഷയങ്ങളായി സ്വീകരിച്ചുകൊണ്ടുള്ള സിലബസുമെല്ലാം മുസ്‌ലിം കൈരളിക്ക് മൗലാന സമര്‍പ്പിച്ച പരിഷ്‌കരണങ്ങളില്‍ ചിലതാണ്.
ഖാദിയാനിസത്തിനെതിരെ
20-ാം നൂറ്റാണ്ടിലെ കേരളീയ മുസ്‌ലിം ചരിത്രത്തിലെ മായാതെ കിടക്കുന്ന രേഖകളിലൊന്നാണ് ചാലിലകത്തിന്റെ ഖാദിയാനിസത്തിനെതിരെയുള്ള ആശയസംഘട്ടനങ്ങള്‍. ഖാദിയാനിസം 19-ാം നൂറ്റാണ്ടില്‍ പിറന്ന പ്രസ്ഥാനമാണെങ്കിലും ഇസ്‌ലാമിന്റെ തനതായ ആശയ സംഹിതകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഖാദിയാനിസം പോലുള്ള പ്രത്യയശാസ്ത്രങ്ങള്‍ കാലഹരണപ്പെട്ടതാണെന്ന് മൗലാന സമൂഹത്തോട് വിളിച്ചുപറഞ്ഞു. മൗലാനയുടെ കൂടെ അദ്ദേഹത്തിന്റെ കരങ്ങള്‍ക്ക് കരുത്ത് പകരാന്‍ കര്‍ണാടകയിലെ മംഗലാപുരം സ്വദേശി ദഞ്ചിപ്പാടി സുലൈമാന്‍ മുസ്‌ലിയാരുമുണ്ടായിരുന്നു. തര്‍ക്കശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും അഗാധ പ്രാവീണ്യമുണ്ടായിരുന്ന അതുല്യനായ വാഗ്മിയും ധിഷണാശാലിയുമായിരുന്നു മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്തെ മതപ്രസംഗ വേദികളില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തിന്റെ പരിവേശമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. ഇസ്‌ലാമിന്റെ നാമധേയത്തില്‍ പ്രത്യക്ഷപ്പെട്ട മുസ്‌ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച ഖാദിയാനി മതക്കാരുടെ ആശയാദര്‍ശങ്ങളെ ഖണ്ഡിക്കുന്നതില്‍ അദ്ദേഹം തന്റെ ജിഹ്വയും തൂലികയും ഉപയോഗപ്പെടുത്തുകയുണ്ടായി. പുതിയങ്ങാടി, കണ്ണൂര്‍ എന്നീ പ്രദേശങ്ങളില്‍ ഖാദിയാനിസത്തിനെതിരെ വിഷാഗ്നി ആളിക്കത്തിയപ്പോള്‍ അതിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കുഞ്ഞഹമ്മദ് ഹാജിയെയാണ് അറക്കല്‍ രാജാവ് നിയോഗിച്ചത്.
കണ്ണൂരിലെ കുട്ടിമാപ്ലാന്റകത്ത് ഇബ്‌റാഹീം കുഞ്ഞ് എന്ന ഖാദിയാനി മതക്കാരന്‍ തന്റെ ആശയഗതികള്‍ പ്രബോധനം ചെയ്യുന്നതിന് 'തുഹ്ഫത്തുല്‍ മലൈബാര്‍'  എന്ന പുസ്തകം രചിക്കുകയുണ്ടായി. ഈ പുസ്തകത്തെ തെളിവുകള്‍ നിരത്തി ഖണ്ഡിച്ചുകൊണ്ട് മൗലാന മറ്റൊരു പുസ്തകം രചിച്ചു. 'തഅ്‌ലീമാതുല്‍ ബലീഗ ഫീ ഖത്ഇ ദവാബിരി ഫിര്‍ഖത്തില്‍ ഖാദിയാനിയ്യ' എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്. തുടര്‍ന്നുള്ള കാലഘട്ടങ്ങളില്‍ മലബാറിലെ പണ്ഡിതന്‍മാരുടെ അതി ശക്തമായ പ്രതിരോധത്തിന് മുമ്പില്‍ ഖാദിയാനിസം കേരളീയ മനസില്‍ രൂഢമൂലമാകാതെ പോവുകയാണുണ്ടായത്.
തിരൂരങ്ങാടി, മയ്യഴി, പുളിക്കല്‍, വാഴക്കാട് എന്നിവക്ക് പുറമെ നല്ലളത്തും മണ്ണാര്‍ക്കാട്ടും മൗലാന സേവനമുഷ്ഠിച്ചിട്ടുണ്ട്. വാഴക്കാട് നിന്ന് ഒഴിഞ്ഞ ശേഷം ഖാന്‍ബഹദൂര്‍ കല്ലടി മൊയ്തുട്ടി സാഹിബിന്റെ ക്ഷണ പ്രകാരം മണ്ണാര്‍ക്കാട്ടാണ് മൗലാന തന്റെ അധ്യാപനം തുടര്‍ന്നത്.  കല്ലടി മൊയ്തുട്ടി സാഹിബിന്റെ മേല്‍നോട്ടത്തില്‍ അവിടെ നടന്നുവരാറുണ്ടായിരുന്ന മൗലിദ്, അന്നദാന പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു ഹാജിയുടേത്. മൗലിദിന്റെ പ്രസക്തിയെയും പ്രാധാന്യത്തെയും പറ്റിയെല്ലാം അദ്ദേഹം സമൂഹത്തെ തെര്യപ്പെടുത്തി.
ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വൈജ്ഞാനിക ജീവിതത്തിന് അന്ത്യം കുറിച്ചത് മണ്ണാര്‍ക്കാട്ടെ ദര്‍സോടെയാണ്. 1919-ല്‍ (ഹിജ്‌റ 1338 സഫര്‍, ശനിയാഴ്ച) മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ ക്ലാസെടുത്തു കൊണ്ടിരിക്കെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. മയ്യിത്ത് മണ്ണാര്‍ക്കാട്ട് നിന്നും തിരൂരങ്ങാടിയിലേക്ക് കൊണ്ടുവന്നത് ഒരു കാളവണ്ടിയിലായിരുന്നു. ശോകമൂകമായ അന്തരീക്ഷത്തില്‍ തിരൂരങ്ങാടി തറമ്മല്‍ പള്ളിയില്‍ തന്റെ ഗുരുവര്യനും മാതുലനുമായിരുന്ന അലി ഹസന്‍ മുസ്‌ലിയാരുടെ ഖബറിടത്തിനടുത്താണ് അദ്ദേഹത്തെ മറമാടിയത്. അദ്ദേഹത്തിന്റ മരണാനന്തരം നാല്‍പത് ദിവസം ഖത്തപ്പുര കെട്ടി ഖുര്‍ആന്‍ പാരായണം സംഘടിപ്പിച്ചിരുന്നു. കെ.എം. മൗലവി വരെ അതില്‍ പങ്കെടുത്തു എന്നാണ് അന്നത്തെ ചരിത്രം തെളിയിക്കുന്നത്. 



No comments:

Post a Comment