Saturday, February 18, 2012

ഫത്‌വ


? പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്കും ഹജ്ജ് നിര്‍ബന്ധമാണല്ലോ. ഹജ്ജിന് ശുദ്ധി അനിവാര്യവുമാണല്ലോ. ആര്‍ത്തവ വേളയില്‍ സ്ത്രീകള്‍ എന്താണ് ചെയ്യുക?

=ആണുങ്ങള്‍ക്കില്ലാത്ത ചില നിബന്ധനകള്‍ കൂടുതലുണ്ടെങ്കിലും സ്ത്രീകള്‍ക്ക് ഹജ്ജും ഉംറയും നിര്‍ബന്ധമുണ്ട്. രണ്ടിന്റെയും കര്‍മ്മങ്ങളില്‍ ത്വവാഫിന് മാത്രമെ ശുദ്ധി നിര്‍ബന്ധമുള്ളൂ. ആര്‍ത്തവത്തോടു കൂടി ഇഹ്‌റാം ചെയ്ത് ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുന്നതിന് വിരോധമില്ല. അറഫയിലെ നിറുത്തം, രാപ്പാര്‍ക്കലുകള്‍, കല്ലേറ്, സഅ്‌യ് മുതലായവയും അശുദ്ധിയോടെ നിര്‍വഹിക്കാം. ത്വഫാവിന് വിശാലമായ സമയമുണ്ട്. അതിനാല്‍ ആര്‍ത്തവത്തില്‍ നിന്നും ശുദ്ധിയായ ശേഷം അത് നിര്‍വഹിക്കാവുന്നതാണ്. മക്കയില്‍ പ്രവേശിച്ചുള്ള ഖുദൂമിന്റെ ത്വവാഫ് ഹജ്ജിന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ആര്‍ത്തവകാരിക്ക് അത് ഉപേക്ഷിക്കാം. നാട്ടിലേക്ക് തിരിക്കുമ്പോള്‍ നിര്‍ബന്ധമായ വദാഇന്റെ തവാഫ് ആര്‍ത്തവകാരികള്‍ക്ക് ബാധകമല്ല. അവര്‍ക്ക് ത്വവാഫ് ചെയ്യാതെ നാട്ടിലേക്ക് തിരിക്കാവുന്നതാണ്.

? 13 വര്‍ഷം മുമ്പ് എനിക്ക് ഒരു റമളാനിലെ മുഴുവന്‍ നോമ്പും നഷ്ടപ്പെട്ടിട്ടുണ്ട്. പ്രത്യേക കാരണമൊന്നുമില്ലാതെ ഇത്രയും കാലം ഖളാവീട്ടിയില്ല. ഇപ്പോള്‍ അത് എങ്ങനെ ഖളാവീട്ടണം? എത്ര മുദ്ദ് കൊടുക്കണം?

= എത്ര നോമ്പാണോ നഷ്ടപ്പെട്ടത് അത്രയും നോമ്പ് ഖളാ വീട്ടണം. ഇത്രയും കാലം ഖളാ വീട്ടാതെ പിന്തിച്ചത് ഉദ്ര്‍ കൂടാതെയായതിനാല്‍ ഒരു നോമ്പിന് ഒരു കൊല്ലത്തേക്ക് ഒരു മുദ്ദ് എന്ന തോതില്‍ ഫിദ്‌യ കൊടുക്കുകയും വേണം. നഷ്ടപ്പെട്ട റമളാനിനു ശേഷം 13 റമളാന്‍ കഴിഞ്ഞുപോയിട്ടുണ്ടെങ്കില്‍ ഒരു നോമ്പിന് 13 മുദ്ദ് കൊടുക്കേണ്ടിവരും. 30 നോമ്പിന് 30x13= 390 മുദ്ദ് കൊടുക്കണം.


? ഒരാള്‍ ഖസ്വ്ര്‍ ആക്കി ഇശാഅ് നിസ്‌കരിച്ച ശേഷം സുബ്ഹിനു മുമ്പായി വീട്ടില്‍ തിരിച്ചെത്തിയാല്‍ മടക്കി നിസ്‌കരിക്കേണ്ടതുണ്ടോ?

= നിസ്‌കരിക്കേണ്ടതില്ല. ഖസ്വ്‌റാക്കി നിസ്‌കരിക്കുമ്പോള്‍ നിസ്‌കാരം അവസാനിക്കുന്നത് വരെ യാത്രയിലായിരിക്കല്‍ നിര്‍ബന്ധമാണ്. നിസ്‌കാരം കഴിഞ്ഞ ശേഷം യാത്ര അവസാനിച്ചാല്‍ അത് മടക്കേണ്ടതില്ല.


? മഗ്‌രിബിന് അര മണിക്കൂര്‍ മുമ്പ് ഒരു നോമ്പുകാരിക്ക് ആര്‍ത്തവമുണ്ടായി. എന്നാല്‍, ആ നോമ്പ് മുറിക്കേണ്ടതുണ്ടോ? ബാങ്ക് കേട്ടതിനു ശേഷം മുറിക്കുകയാണെങ്കില്‍ ആ നോമ്പ് പൂര്‍ത്തിയാകുമോ? ഖളാ വീട്ടേണ്ടിവരുമോ?

= സൂര്യാസ്ഥമനത്തിന് ഒരു മിനുട്ട് മുമ്പാണെങ്കിലും ആര്‍ത്തവമുണ്ടായാല്‍ നോമ്പ് മുറിയുന്നതാണ്. ആര്‍ത്തവം കൊണ്ട് തന്നെ നോമ്പ് മുറിഞ്ഞതിനാല്‍ ഭക്ഷണം കഴിച്ചോ മറ്റോ ഇനി വേറെ മുറിക്കേണ്ടതില്ല. നോമ്പാണെന്ന ഉദ്ദേശ്യത്തോടെ ആര്‍ത്തവകാരികള്‍ ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിക്കല്‍ ഹറാമാകുന്നു. ഫാസിദായ ഇബാദത്തോട് ബന്ധപ്പെടലാണത് (തുഹ്ഫ 3/414) ആര്‍ത്തവം കൊണ്ട് നഷ്ടപ്പെട്ട നോമ്പ് ഖളാ വീട്ടല്‍ നിര്‍ബന്ധമാണ്.

? നിസ്‌കരിക്കുന്നതിനിടയില്‍ കാറ്റടിച്ചപ്പോള്‍ ഔറത്ത് വെളിവായി. അപ്പോള്‍ തന്നെ മറക്കുകയും ചെയ്തു. എന്നാല്‍ നിസ്‌കാരം ബാത്വിലാകുമോ?

= ബാത്വിലാകുന്നതല്ല. (തുഹ്ഫ 2/119)


? ലൈംഗിക ബന്ധത്തിലേര്‍പ്പെടാതെ ഒരു സ്ത്രീക്ക് സ്ഖലനം സംഭവിച്ചാല്‍ കുളി നിര്‍ബന്ധമാകുമോ?

= ശുക്ലസ്ഖലനം കുളി നിര്‍ബന്ധമാവാനുള്ള ഒരു കാരണമാണ്. ലൈംഗിക ബന്ധത്തോടു കൂടിയാണെങ്കിലും അല്ലെങ്കിലും സ്ഖലനം സംഭവിച്ചാല്‍ കുളി നിര്‍ബന്ധമാവും. സ്ത്രീയും പുരുഷനും ഈ വിഷയത്തില്‍ ഒരു പോലെയാണ്. (തുഹ്ഫ 1/263)


? ഒരു അമുസ്‌ലിം പഠിക്കാനും മനസ്സിലാക്കാനും വേണ്ടി ഖുര്‍ആന്‍ ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റുമോ?

= യാതൊരു കാരണവശാലും അമുസ്‌ലിമിന് ഖുര്‍ആന്‍ നല്‍കാന്‍ പാടില്ല. അമുസ്‌ലിമിനെ ഖുര്‍ആന്‍ തൊടാന്‍ അനുവദിക്കാവതല്ല. എന്നാല്‍ അവരെ ഖുര്‍ആന്‍ കേള്‍പ്പിക്കാം. അവര്‍ ഇസ്‌ലാമിലേക്ക് വരുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ ഖുര്‍ആന്‍ പഠിക്കുകയും ആവാം. (ശര്‍വാനി 1/154)


? എനിക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ തുടക്കത്തില്‍ രണ്ടു ദിവസം രക്തം കാണുന്നു. പിന്നീട് രണ്ടു മൂന്ന് ദിവസം കാണാതെ ആറ്, ഏഴ് ദിവസങ്ങളില്‍ വീണ്ടും കാണുന്നു. രക്തം കാണാത്ത ഇടവേള ആര്‍ത്തവമായാണോ ശുദ്ധിയായാണോ പരിഗണിക്കുക? നോമ്പും നിസ്‌കാരവും സ്വഹീഹാവുമോ?

= ആര്‍ത്തവം കുറഞ്ഞത് ഒരു ദിവസവും കൂടിയത് 15 ദിവസവുമാണ്. അതുപോലെ രണ്ട് ആര്‍ത്തവത്തിന്റെ ഇടയിലുള്ള ഏറ്റവും കുറഞ്ഞ ഇടവേള 15 ദിവസമാണ്. ചോദ്യത്തില്‍ പറഞ്ഞതുപോലെ രണ്ട് ദിവസം രക്തം കാണുകയും തുടര്‍ന്ന് രണ്ടോ മൂന്നോ ദിവസം നില്‍ക്കുകയും ചെയ്തു. വീണ്ടും രണ്ടു ദിവസം രക്തം കണ്ടു. എങ്കില്‍ ഈ മുഴുവന്‍ ദിവസങ്ങളും ആര്‍ത്തവമാണ്. രക്തം കാണാത്ത ഇടവേളയും ആര്‍ത്തവമായാണ് പരിഗണിക്കുക. അതിനാല്‍ ഇടവേളയില്‍ നോമ്പോ നിസ്‌കാരമോ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അത് സാധുവാകുന്നതല്ല. നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്.


? സംയോഗം കൊണ്ട് നോമ്പ് ഫസാദാക്കിയാലുള്ള കഫ്ഫാറത്ത് സ്ത്രീക്കും നിര്‍ബന്ധമുണ്ടോ? എങ്കില്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കുമ്പോള്‍ ഇടക്ക് ആര്‍ത്തവം ഉണ്ടാവില്ലേ? അതുകൊണ്ട് തുടര്‍ച്ച മുറിയുമോ?

= റമളാന്‍ നോമ്പ് സംയോഗം കൊണ്ട് ഫസാദാക്കിയാലുള്ള കഫ്ഫാറത്ത് പുരുഷന് മാത്രമേ നിര്‍ബന്ധമുള്ളൂ, സ്ത്രീക്ക് നിര്‍ബന്ധമില്ല. പുരുഷനോട് മാത്രമെ നബി(സ) കഫ്ഫാറത്ത് ചെയ്യാന്‍ കല്‍പ്പിച്ചിട്ടുള്ളൂ. (തുഹ്ഫ 3/450) എന്നാല്‍, സ്ത്രീ രണ്ടു മാസം തുടര്‍ച്ചയായി നോമ്പ് നോറ്റ് കഫ്ഫാറത്ത് ചെയ്യേണ്ട വേറെ സന്ദര്‍ഭമുണ്ട്. കൊലപാതകത്തിന്റെ കഫ്ഫാറത്ത് അതില്‍ പെട്ടതാണ്. അവിടെയും അടിമയെ മോചിപ്പിക്കാന്‍ സാധിക്കാത്തവര്‍ തുടര്‍ച്ചയായി രണ്ടു മാസം നോമ്പ് നോല്‍ക്കുകയാണ് വേണ്ടത്. കൊലപാതകം ചെയ്ത ആള്‍ സ്ത്രീയാകുമ്പോള്‍ അവള്‍ കഫ്ഫാറത്ത് കൊടുക്കേണ്ടിവരും. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല.


? ഒരാള്‍ക്ക് രാത്രി 12 മണി വരെയാണ് ജോലി. അതു കഴിഞ്ഞ് ഇശാ നിസ്‌കരിച്ചാണ് ഉറങ്ങാറ്. ഇശാ കഴിഞ്ഞ് രണ്ടു റക്അത്ത് തഹജ്ജുദ് കൂടി നിസ്‌കരിച്ചുകൂടെ?

= രാത്രി ഉറങ്ങിയതിനു ശേഷം മാത്രമേ തഹജ്ജുദ് നിസ്‌കാരം സ്വഹീഹാവുകയുള്ളൂ. ഉറങ്ങിയത് ഇശാ നിസ്‌കരിക്കുന്നതിന് മുമ്പ് ആവുന്നതിനും വിരോധമില്ല. തഹജ്ജുദിന് മുമ്പ് രാത്രി ഉറങ്ങലും ഇശാ നിസ്‌കരിക്കലും തഹജ്ജുദ് സ്വഹീഹാവാനുള്ള നിബന്ധനയാണ്. (തുഹ്ഫ ശര്‍വാനി സഹിതം 2/245)

No comments:

Post a Comment