Saturday, February 18, 2012

ഫത്‌വ
? ഒരാള്‍ക്ക് നിന്ന് നിസ്‌കരിക്കാന്‍ കഴിയില്ല. കസേരയില്‍ ഇരിക്കാനെ കഴിയൂ. അപ്പോള്‍ കസേരയില്‍ ഇരുന്ന് ഒരു സ്റ്റൂള് മുന്നില്‍ വെച്ച് അതിന്‍മേല്‍ സുജൂദ് ചെയ്തുകൂടേ? വിശദമാക്കിയാലും.

= നില്‍ക്കാന്‍ കഴിയാതെ കസേരയില്‍ ഇരുന്ന് നിസ്‌കരിക്കുന്നവര്‍ക്കും റുകൂഉം സുജൂദും ശരിയായവിധം ചെയ്യാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്യണം. സാധിക്കാത്തവര്‍ കഴിയുന്ന വിധം ചെയ്യണം. മുന്നില്‍ സ്റ്റൂളിട്ട് അതിന്‍മേല്‍ സുജൂദ്ദ് ചെയ്യാന്‍ മാത്രമെ കഴിവുള്ളൂവെങ്കില്‍ അപ്രകാരമാവാം.


? നമ്മുടെ നാട്ടില്‍ മാസപ്പിറവി ദര്‍ശിക്കുകയോ റമളാന്‍ ഉറപ്പിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍, ഗള്‍ഫില്‍ മാസം തീരുമാനിച്ചിട്ടുണ്ട്. ഗള്‍ഫിലെ തീരുമാനമനുസരിച്ച് നാട്ടില്‍ ഒരാള്‍ നോമ്പ് നോറ്റാല്‍ സ്വഹീഹാകുമോ?

= ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ ഉദിപ്പ് വ്യത്യാസപ്പെടാത്ത എല്ലാ സ്ഥലങ്ങളിലേക്കും അത് ബാധകമാണ്. ഉദിപ്പ് വ്യത്യാസമുള്ള രാജ്യങ്ങളിലേക്ക് ബാധകവുമല്ല. ഗള്‍ഫ് രാജ്യങ്ങളും കേരളവുമായി ഉദയത്തില്‍ രണ്ടു മണിക്കൂറിലധികം വ്യത്യാസമുണ്ട്. അവിടത്തെ മാസപ്പിറവി അനുസരിച്ച് നമുക്ക് നോമ്പ് നോല്‍ക്കാവതല്ല. റമളാനിന്റെ നിയ്യത്തോടെ നോറ്റാല്‍ അത് സാധുവാകുന്നതുമല്ല.


? പെരുന്നാള്‍ നിസ്‌കാരത്തില്‍ പ്രത്യേകതയുള്ള ഏഴും അഞ്ചും തക്ബീര്‍ ഇമാമോടൊപ്പം മഉ്മൂമുകളും ഉച്ചത്തില്‍ ചൊല്ലേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ അത് ഏത് കിതാബിലാണ് പറഞ്ഞിട്ടുള്ളത്?

= പെരുന്നാള്‍ നിസ്‌കാരത്തിലെ ഏഴും അഞ്ചും തക്ബീറുകള്‍ ഇമാമും മഉ്മൂമും ഒറ്റക്ക് നിസ്‌കരിക്കുന്നവനും ജഹ്‌റാക്കിയാണ് ചൊല്ലേണ്ടത്. തുഹ്ഫയിലും (3/46,50) ശര്‍വാനി, ഇബ്‌നു ഖാസിം തുങ്ങിയ ഹാശിയകളിലും മറ്റും ഇത് പറഞ്ഞിട്ടുണ്ട്.


? നാലു കിതാബുകളും 100 ഏടുകളും ഇറക്കപ്പെട്ട നബിമാര്‍ ആരെല്ലാം?

= നാലു കിതാബുകളും 100 ഏടുകളും അല്ലാഹു ഇറക്കിയിട്ടുണ്ട്. തൗറാത്ത് മൂസാ നബി (അ)ക്കും സബൂര്‍ ദാവൂദ് നബി(അ)ക്കും ഇന്‍ജീല്‍ ഈസ(അ) മിന്നും ഖുര്‍ആന്‍ നമ്മുടെ നബി മുഹമ്മദ് (സ)ക്കുമാണ് ലഭിച്ചത്.
    ആദം (അ)മിന്ന് പത്ത്, ഇബ്‌റാഹിം (അ) മിന്ന് പത്ത് ശീസ് (അ)മിന്ന് 50, ഇദ്‌രീസ് (അ)മിന്ന് 30 ഇപ്രകാരമാണ് 100 ഏടുകള്‍ നല്‍കപ്പെട്ടിട്ടുള്ളത്. (ബുശ്‌റല്‍ കരീം 1/10)


? മയ്യിത്ത് നിസ്‌കരിക്കുമ്പോള്‍ ചിലര്‍ ചെരിപ്പ് ഊരി അതിന്‍മേല്‍ നിസ്‌കരിക്കുന്നതായി കാണാം. ഇതെന്തിനാണ്? അങ്ങനെ ചെയേണ്ടതുണ്ടോ?

= ചെരിപ്പ് ധരിച്ച് നിസ്‌കരിക്കുന്നതിന് വിരോധമൊന്നുമില്ല. ചെരിപ്പില്‍ നജസുണ്ടാകരുതെന്ന് മാത്രം. നജസ് അടിഭാഗത്താണെങ്കിലും നിസ്‌കാരം സ്വഹീഹാകുന്നതല്ല. നജസ് ചുമന്ന് നിസ്‌കരിക്കാവതല്ല എന്നതുതന്നെ കാരണം. ചെരിപ്പ് അഴിച്ച് അതിന് മുകളില്‍ കയറി നിന്നാല്‍ ചെരിപ്പില്‍ നജസുണ്ടെങ്കിലും കാല് സ്പര്‍ശിക്കുന്നില്ലെങ്കില്‍ നിസ്‌കാരം സ്വഹീഹാകുന്നതാണ്. ധരിച്ചാലാണ് നജസ് ചുമക്കലാവുക. ചെരിപ്പിന്റെ അടിയില്‍ നജസുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ചിലര്‍ ചെരിപ്പ് ഊരി അതിന്‍മേല്‍ കയറി നില്‍ക്കുന്നത്. ചെരിപ്പില്‍ നജസുണ്ടെങ്കില്‍ നജസ് പര്‍ശിക്കാത്ത അവസ്ഥയില്‍ നിസ്‌കാരം സ്വഹീഹാകുമെങ്കിലും കറാഹത്ത് വന്നുചേരുന്നതാണ്. നജസിനോട് സൂത്രമായി നിസ്‌കരിക്കല്‍ കറാഹത്തായതാണ് കാരണം.


? അഫ്കാര്‍ വാര്‍ഷിക പതിപ്പില്‍ ഉള്ഹിയ്യത്ത് പോലെയാണ് അഖീഖത്ത് എന്നു കണ്ടു. അപ്പോള്‍ ഏഴു പേര്‍ ചേര്‍ന്ന് അവരുടെ കുട്ടികള്‍ക്ക് ഒരു മൂരിയെ അഖീഖത്തറുത്താല്‍ സ്വഹീഹാകുമോ?

= അധിക നിയമങ്ങളിലും ഉള്ഹിയ്യത്തും അഖീഖത്തും ഒരുപോലെയാണ്. ചുരുക്കം ചില കാര്യങ്ങളിലേ വ്യത്യാസമുള്ളൂ. ഏഴു പേര്‍ ചേര്‍ന്ന് അവരുടെ ഏഴു കുട്ടികള്‍ക്ക് വേണ്ടി ഒരു ഒട്ടകത്തെയോ മാടിനെയോ അഖീഖത്തറുത്താല്‍ അത് സ്വഹീഹാകുന്നതാണ്.


? അറഫ നോമ്പിന്റെ ശരിയായ ദിവസം ഏതാണ്?

= ദുല്‍ഹജ്ജ് മാസം ഒമ്പതാണ് അറഫാ ദിനം. നാം നമ്മുടെ കണക്കനുസരിച്ച് ഒമ്പതിനാണ് നോമ്പു നോല്‍ക്കേണ്ടത്. എട്ടിനു കൂടി നോമ്പു നോല്‍ക്കല്‍ സുന്നത്തുണ്ട്. സൂക്ഷ്മതക്കു വേണ്ടി എന്നാണ് ഫുഖഹാഉ് അതിനു പറഞ്ഞ ഒരു കാരണം. മാത്രമല്ല, ദുല്‍ഹജ്ജ് ഒന്നു മുതല്‍ 10 കൂടിയ  ദിവസങ്ങളില്‍ നോമ്പു നോല്‍ക്കല്‍ സുന്നത്താകുന്നു. ഇതും സ്വഹീഹായ ഹദീസില്‍ വന്നിരിക്കുന്നു. (തുഹ്ഫ 3/500)


? ബിസ്മിയില്ലാത്ത സൂറത്താണല്ലോ സൂറതു തൗബ. ആ സൂറത്ത് മുഴുവനാക്കാതെ പകുതി ഓതി വെച്ച് പിന്നീട് ബാക്കി ഓതുമ്പോള്‍ ബിസ്മി ഓതേണ്ടതുണ്ടോ?

= തൗബ സൂറത്തിന്റെ ആദ്യത്തില്‍ ബിസ്മി ഓതല്‍ ഹറാമും ഇടയില്‍ നിന്ന് ഓതുമ്പോള്‍ ബിസ്മി ചൊല്ലല്‍  കറാഹതുമാകുന്നു. (തുഹ്ഫ 2/38)


? ഏത് ജോലി ചെയ്യുന്നവന്റെ പണമാണ് ഏറ്റവും നല്ല പണം?

= ഏറ്റവും ശ്രേഷ്ഠമേറിയ തൊഴില്‍ കൃഷിയും പിന്നെ കൈതൊഴിലും മൂന്നാം സ്ഥാനം കച്ചവടവുമാണ് (ഫത്ഹുല്‍ മുഈന്‍). കൃഷിപ്പണിക്കാരന്റെ പണമാണ് ഏറ്റവും നല്ല പണമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാമല്ലോ.


? ജനാബത്തു കുളി കഴിഞ്ഞ് കുറെയായപ്പോഴാണ് വെള്ളം ചേരലിനെ തടയുന്ന വിളഞ്ഞി പോലെയുള്ള ഒരു വസ്തു ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്നത് കണ്ടത്. ഇത് നീക്കം ചെയ്ത് ആ സ്ഥലം മാത്രം കഴുകിയാല്‍ മതിയോ? അതോ ആദ്യം മുതല്‍ കുളിക്കണോ?

= കുളിയിലും വുളൂഇലും മുവാലാത്ത് (തുടര്‍ച്ചയാക്കല്‍) സുന്നത്താണ്. നിര്‍ബന്ധമില്ല. ജനാബത്ത് കുളി കഴിഞ്ഞ ശേഷം ശരീരത്തില്‍ എവിടെയെങ്കിലും വെള്ളം തടയുന്ന വസ്തു കണ്ടാല്‍ അത് നീക്കി ആ സ്ഥലം മാത്രം കഴുകിയാല്‍ മതി. വീണ്ടും കുളിക്കേണ്ടതില്ല.


? സഹ്‌വിന്റെ സുജൂദിന് പ്രത്യേകമായി നിയ്യത്ത് ചെയ്യേണ്ടതുണ്ടോ? എങ്കില്‍ എന്താണ് നിയ്യത്ത്? സഹ്‌വിന്റെ രണ്ടു സുജൂദിലും എന്താണ് ചൊല്ലേണ്ടത്?

= നിസ്‌കാരത്തിലെ ഓരോ പ്രവൃത്തികളും ചെയ്യുമ്പോള്‍ വെവ്വേറെ നിയ്യത്തുകള്‍ വേണ്ടതില്ല. നിസ്‌കാരത്തിന്റെ ആദ്യത്തില്‍ ചെയ്യുന്ന നിയ്യത്ത് എല്ലാ പ്രവൃത്തികളെയും ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതുതന്നെ കാരണം. എന്നാല്‍ സഹ്‌വിന്റെ സുജൂദ്ദ് അപ്രകാരമല്ല. മറവിയാണല്ലോ അതിന്റെ കാരണം. മറവി നിസ്‌കാരത്തില്‍ വേണ്ടതല്ല. വേണ്ടാത്തതാണ്. അപ്പോള്‍ ആദ്യം ചെയ്യുന്ന നിയ്യത്തില്‍ അത് ഉള്‍പ്പെടുന്നില്ല. അതിനാല്‍ സഹ്‌വിന്റെ സുജൂദിന് പ്രത്യേകം നിയ്യത്ത് നിര്‍ബന്ധമാണ്. സുജൂദ് ചെയ്യാനാരംഭിക്കുമ്പോള്‍ 'ഞാന്‍ സഹ്‌വിന്റെ സുജൂദ് ചെയ്യുകയാണെ'ന്ന് മനസ്സില്‍ കരുതണം. ഉച്ചരിച്ചാല്‍ നിസ്‌കാരം ബാത്വിലാകും. നിയ്യത്ത് ചെയ്യല്‍ ഇമാമിനും ഒറ്റക്ക് നിസ്‌കരിക്കുന്നവനും മാത്രമെ നിര്‍ബന്ധമുള്ളൂ. മഉ്മൂമിന് നിര്‍ബന്ധമില്ല. അയാള്‍ക്ക് ഇമാമിനോട് തുടരല്‍ നിര്‍ബന്ധമാണല്ലോ. ഇമാം സഹ്‌വിന്റെ സുജൂദ് ചെയ്താല്‍ മഉ്മൂമും ചെയ്യല്‍ നിര്‍ബന്ധമാണ്. ഇമാമിന് പറ്റിയ മറവി എന്താണെന്ന് തന്നെ മഉ്മൂം അറിയണമെന്നില്ല.
സാധാരണ സുജൂദിലും ഇടയിലെ ഇരുത്തത്തിലും ചൊല്ലുന്നത് തന്നെയാണ് സഹ്‌വിന്റെ രണ്ടു സുജൂദുകളിലും ഇടയിലെ ഇരുത്തത്തിലും ചൊല്ലേണ്ടത്. 'സുബ്ഹാന മന്‍ ലാ യനാമു വലാ യസ്ഹു' (ഉറങ്ങുകയും മറക്കുകയും ചെയ്യാത്ത അല്ലാഹു പരിശുദ്ധന്‍) എന്ന് രണ്ടു സുജൂദില്‍ ചൊല്ലാല്‍ സുന്നത്താണെന്ന് അഭിപ്രായമുണ്ട്. സുജൂദ് മറവിക്കാണെങ്കില്‍ ഇത് സന്ദര്‍ഭത്തോട് അനുയോജ്യമായതാണ്. മനഃപൂര്‍വം സംഭവിച്ച പാകപ്പിഴക്ക് സുജൂദ് ചെയ്യുമ്പോള്‍ പൊറുക്കലിനെ തേടലാണ് അനുയോജ്യം. (തുഹ്ഫ)

ഹാജിമാര്‍ക്ക് ഹദ്‌യ എന്ന നിയ്യത്തോടെ പ്രിന്റ് ചെയ്യപ്പെടുന്ന മുസ്ഹഫുകള്‍ ഒരു വ്യക്തി ഒരു പള്ളിയിലേക്ക് അയച്ചുകൊടുക്കുന്നു. ഇത്തരം മുസ്ഹഫുകള്‍ മഖ്ബറയിലെ ഖത്തംപുരയിലേക്കോ മദ്രസാപഠനത്തിനോ വ്യക്തികള്‍ക്ക് സ്വന്തമായോ ഉപയോഗപ്പെടുത്തുവാന്‍ പാടുണ്ടോ? ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു.

= ഹാജിമാര്‍ക്ക് 'ഹദ്‌യ' ചെയ്യാന്‍ വേണ്ടി തയ്യാറാക്കിയ മുസ്വ്ഹഫുകള്‍ അങ്ങനെ തന്നെ ചെയ്യണം. ഹദ്‌യ ലഭിച്ചവര്‍ അവര്‍ക്കു കിട്ടിയ മുസ്വ്ഹഫുകള്‍ വഖ്ഫായോ സംഭാവനയായോ പള്ളിയിലേക്കു നല്‍കാവുന്നതാണ്. സംഭാവനയായി കിട്ടിയത് ചോദ്യത്തില്‍ പറഞ്ഞ ആവശ്യങ്ങള്‍ക്കു പുറത്തുകൊണ്ടുപോകാമോ എന്നതു പള്ളി ഭാരവാഹികള്‍ക്ക് തീരുമാനിക്കാം. വഖ്ഫായി ലഭിച്ചത് വാഖിഫിന്റെ ഉദ്ദേശ്യം പോലെയാണ്. പുറത്തുകൊണ്ടുപോകതെ പള്ളിയില്‍ വെച്ച് ഓതാനുപയോഗിക്കലാണ് അയാളുടെ ഉദ്ദേശ്യമെങ്കില്‍ അങ്ങനെ ചെയ്യണം. പള്ളിയില്‍ സൂക്ഷിക്കുകയും ആവശ്യത്തിന് പുറത്തു കൊണ്ടുപോവുകും ചെയ്യാമെന്നാണ് അയാളുടെ ഉദ്ദേശ്യമെങ്കില്‍ ആവശ്യത്തിന് കൊണ്ടുപോകാവുന്നതാണ്. ആവശ്യം കഴിഞ്ഞാല്‍ തിരിച്ചു കൊണ്ടുവന്ന് പള്ളിയില്‍ വെക്കണം.

No comments:

Post a Comment