Saturday, February 18, 2012

ഫത്‌വ
? എണ്ണം അറിയാതെ ഖളാ ആയിപ്പോയ നിസ്‌കാരം എങ്ങനെ വീട്ടിത്തീര്‍ക്കണം?
= ഇസ്‌ലാമിലെ കര്‍മങ്ങളില്‍ പ്രാധാന്യമേറിയതാണ് നിസ്‌കാരം. ശരീരം കൊണ്ട് ചെയ്യുന്ന ഇബാദത്തുകളില്‍ ഏറ്റവും ശ്രേഷ്ഠമായത് നിസ്‌കാരമത്രെ. നിസ്‌കാരം നിര്‍ബന്ധമാണെന്ന വസ്തുത നിഷേധിച്ചയാള്‍ കാഫിറാണ്. നിസ്‌കരിക്കാത്ത ആളെ വെട്ടിക്കൊല്ലണമെന്നാണ് നിയമം. സമയമായാല്‍ ഉടന്‍ നിസ്‌കരിക്കണം. ആദ്യ സമയത്ത് നിസ്‌കരിക്കുന്നില്ലെങ്കില്‍ സമയം കഴിയുന്നതിന് മുമ്പ് നിസ്‌കരിക്കുമെന്ന് മനസ്സില്‍ ഉറപ്പിച്ച് വെക്കണം. കാരണം കൂടാതെ നിസ്‌കാരം ഖളാആക്കല്‍ വന്‍കുറ്റമാകുന്നു. എത്രയും വേഗം അത് വീട്ടിത്തീര്‍ക്കണം. അത്യാവശ്യത്തിന് വേണ്ടത് കഴിച്ച് ബാക്കി സമയം മുഴുവനും ഖളാ വീട്ടാന്‍ ഉപയോഗപ്പെടത്തുകയാണ് വേണ്ടത്. കാരണം കൊണ്ട് നഷ്ടപ്പെട്ടത് സാവധാനം ഖളാ വീട്ടിയാലും മതി. നഷ്ടപ്പെട്ടത് ഇത്രയാണെന്ന് ഓര്‍മയില്ലെങ്കില്‍ ചെയ്തു എന്ന് ഉറപ്പില്ലാത്ത എല്ലാ നിസ്‌കാരങ്ങളും ചെയ്തുതീര്‍ത്ത് ഇനി തനിക്ക് ഒരു നിസ്‌കാരവും ബാക്കിയില്ലെന്ന് ഉറപ്പുവരുന്നതു വരെ വീട്ടിത്തീര്‍ക്കേണ്ടതാണ്. (തുഹ്ഫ 1/440)

? പള്ളിയില്‍ ജുമുഅ നടന്നുകൊണ്ടിരിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് വീട്ടില്‍ വെച്ച് ജുമുഅ നിസ്‌കരിക്കാമോ? അതോ ജുമുഅ കഴിയുന്നതു വരെ കാത്തിരിക്കണോ?
= ആശ്വാസം വരുമെന്ന് പ്രതീക്ഷയുള്ള രോഗി മുതലായ ഉദ്ര്‍ നീങ്ങി ജുമുഅയില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ളവര്‍ ജുമുഅ ലഭിക്കില്ലെന്ന് ഉറപ്പ് വരുന്നത് വരെ ളുഹ്ര്‍ നിസ്‌കാരം പിന്തിക്കല്‍ സുന്നത്താകുന്നു. ആശ്വാസം കിട്ടിയാല്‍ ജുമുഅയില്‍ പങ്കെടുക്കാമല്ലോ. എന്നാല്‍ സ്ത്രീ ജുമുഅ നിര്‍ബന്ധമില്ലാത്തവളാണ്. അവളുടെ ഉദ്ര്‍ നീങ്ങിപ്പോവാത്തതുമാണ്. അതിനാല്‍ അവര്‍ ളുഹ്ര്‍ നിസ്‌കരിക്കാന്‍ പള്ളിയിലെ ജുമുഅ കഴിയുന്നതുവരെ കാത്തിരിക്കേണ്ടതില്ല. ആദ്യ സമയത്തിന്റെ ശ്രേഷ്ഠത ലഭിക്കാന്‍ വേണ്ടി ആദ്യ
സമയത്ത് തന്നെ ളുഹ്ര്‍ നിസ്‌കരിക്കലാണ് അവള്‍ക്ക് സുന്നത്തുള്ളത്. (തുഹ്ഫ 2/419)


? ഗര്‍ഭകാലത്തും മറ്റും സ്ത്രീകള്‍ക്ക് പിഞ്ഞാണം എഴുതിക്കൊടുക്കുന്ന സമ്പ്രദായം ചിലയിടങ്ങളില്‍ കാണുന്നു. ഇതിന് ഇസ്‌ലാമില്‍ തെളിവുണ്ടോ?
= ഖുര്‍ആന്‍ ആയത്തുകള്‍, ദിക്‌റുകള്‍, അല്ലാഹുവിന്റെ പേരുകള്‍, സ്വിഫത്തുകള്‍ മുതലായവ ശുദ്ധിയുള്ള പിഞ്ഞാണത്തില്‍ എഴുതുകയും അതു മായ്ച്ചു രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കുകയും ചെയ്യുന്നതിന് യാതൊരു വിരോധവുമില്ല. അത് കുടിക്കല്‍ കറാഹത്തു പോലുമില്ലെന്ന് തുഹ്ഫ 1/15-ല്‍ പ്രസ്താവിച്ചിരിക്കുന്നു.
    സ്ത്രീകള്‍ക്ക് പ്രസവം പ്രയാസമായാല്‍ ശുദ്ധിയുള്ള ഒരു പാത്രത്തില്‍ സൂറത്തുല്‍ അഹ്ഖാഫിലെ 35-ാമത്തെ ആയത്ത്, നാസിഅത്തിലെ 46-ാമത്തെ ആയത്ത്, യൂസുഫിലെ 111-ാമത്തെ ആയത്ത് എന്നിവ എഴുതി അത് വെള്ളം  കൊണ്ട് കഴുകി സ്ത്രീക്ക് കുടിക്കാന്‍ കൊടുക്കുകയും അവളുടെ വയറിന്‍മേലും മുഖത്തും തെളിക്കുകയും ചെയ്യാന്‍ ഇബ്‌നു അബ്ബാസ് (റ) നിര്‍ദേശിച്ചതായി ഇബ്‌നു സുന്നി നിവേദനം ചെയ്തിട്ടുണ്ട്. ഖുര്‍ആന്‍ എഴുതി മായ്ച്ചു രോഗിയെ കുടിപ്പിക്കുന്നതിന് യാതൊരു വിരോധവുമില്ലെന്ന് ഇമാം മുജാഹിദ് പ്രസ്താവിച്ചിട്ടുണ്ട്. അബൂ ഖിലാബ(റ) ഖുര്‍ആന്‍ എഴുതി കഴുകിയ വെള്ളം രോഗിയെ കുടിപ്പിച്ചതായി ഇബ്‌നു ഖയ്യിം ഉദ്ധരിച്ചത് ശ്രദ്ധേയമാണ്. (സാദുല്‍ മആദ് 3/183, 4/157 നോക്കുക.)

? ഖബ്‌റിലെ ചോദ്യം ഏതു ഭാഷയിലായിരിക്കും? അറബിയിലാണെന്നും സുറിയാനി ഭാഷയിലാണെന്നും കേള്‍ക്കുന്നു. അങ്ങനെയാണെങ്കില്‍ ഈ ഭാഷകള്‍ അറിയാത്തവര്‍ എന്തു ചെയ്യും? ചോദ്യം മനസ്സിലാക്കാനും പറയാനും സാധിക്കില്ലല്ലോ.
= ഖബ്‌റിലെ ചോദ്യം എല്ലാവരോടും അറബിയിലായിരിക്കുമെന്നാണ് ഹദീസുകളില്‍ നിന്നും മനസ്സിലാകുന്നതെന്ന് ഇമാം ഇബ്‌നു ഹജര്‍(റ) ഫതാവല്‍ ഹദീസിയ്യ പേജ് 11-ല്‍ പ്രസ്താവിച്ചിരിക്കുന്നു. സ്വര്‍ഗത്തിലെ ഭാഷ അറബിയിലാണല്ലോ. അറബി അറിയാത്ത ആള്‍ മരണശേഷം അറബി മനസ്സിലാക്കുന്നതിലും സംസാരിക്കുന്നതിലും അസംഭവ്യമായി ഒന്നുമില്ല. മരണാനന്തരമുള്ള അവസ്ഥ ഇഹലോകത്തെ അവസ്ഥയില്‍ നിന്നും വിഭിന്നമാണ്. ഇവിടെ നടക്കാത്ത കാര്യങ്ങള്‍ അവിടെ സംഭവിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
ഖബ്‌റിലെ ചോദ്യം സുറിയാനി ഭാഷയിലായിരിക്കുമെന്നും അഭിപ്രായമുണ്ട്.

? ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തിലെ കല്ലാണെന്ന് ഒരു പ്രസംഗത്തില്‍ കേട്ടു. ഇത് ശരിയാണോ?
= ശരിയാണ്. ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍ നിന്നുള്ളതാണെന്ന് നബി(സ) പ്രസ്താവിച്ചതായി ഇബ്‌നു അബ്ബാസ് (റ)വില്‍ നിന്നും ഇമാം നസാഈ നിവേദനം ചെയ്തിട്ടുണ്ട്. ഹജറുല്‍ അസ്‌വദ് സ്വര്‍ഗത്തില്‍നിന്ന് ഇറങ്ങിയതാണെന്നും അത് പാലിനെക്കാള്‍ വെളുത്തതായിരുന്നുവെന്നും മനുഷ്യരുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചതെന്നുമുള്ള ഹദീസ് ഇമാം തുര്‍മുദിയും നിവേദനം ചെയ്തിട്ടുണ്ട്.


? ആര്‍ത്തവത്തോടുകൂടി ഹജ്ജിന് ഇഹ്‌റാം ചെയ്യുന്നതിന് വിരോധമില്ലെന്നറിയാം. ഇഹ്‌റാമിന്റെ കുളി ആര്‍ത്തവകാരിക്ക് സുന്നത്തുണ്ടോ? സുന്നത്തുണ്ടെങ്കില്‍ കുളിക്കുമ്പോള്‍ എന്താണ് നിയ്യത്ത് ചെയ്യേണ്ടത്?
= ഇഹ്‌റാമിന്റെ കുളി ആര്‍ത്തവമുള്ളവര്‍ക്കും പ്രസവരക്തമുള്ളവര്‍ക്കും സുന്നത്തുണ്ട്. ഇഹ്‌റാമിന്റെ കുളി ഹജ്ജ് കര്‍മങ്ങളില്‍പ്പെട്ടതാണ്. ഋതുമതിയായിരിക്കെ ഹജ്ജില്‍ പ്രവേശിക്കാന്‍ വേണ്ടി കുളിക്കാന്‍ നബി(സ) ആയിശ(റ)യോട് കല്‍പിച്ചതായി ഹദീസില്‍ വന്നിട്ടുണ്ട്. ജാബിര്‍(റ) പറയുന്നു: ഞങ്ങള്‍ ദുല്‍ഹുലൈഫയിലെത്തിയപ്പോള്‍ അസ്മാഉ് ബിന്‍ത് ഉമൈസ്(റ) മുഹമ്മദ് ഇബ്‌നു അബീബക്കറെ പ്രസവിച്ചു. എന്തു ചെയ്യണമെന്നന്വേഷിച്ച് അവര്‍ നബി(സ)യുടെ അടുക്കലേക്ക് ആളെ അയച്ചു. നബി തിരുമേനി(സ) പറഞ്ഞു: നീ കുളിച്ച് ഒരു വസ്ത്രം കൊണ്ട് നന്നായി തറ്റുടുത്ത് ഇഹ്‌റാമില്‍ പ്രവേശിക്കുക. (ബുഖാരി, മുസ്‌ലിം) ആര്‍ത്തവകാരിയും പ്രസവരക്തമുള്ളവളും ഇഹ്‌റാമിന് വേണ്ടി കുളിക്കുന്നതിലെ യുക്തി ശുദ്ധീകരണവും ദുര്‍ഗന്ധമകറ്റലും അശുദ്ധി ലഘൂകരിക്കലുമാണ്. മറ്റുള്ളവരെ പോലെ 'ഇഹ്‌റാമിന്റെ സുന്നത്തായി കുളി' എന്നുതന്നെയാണ് ആര്‍ത്തവകാരിയും നിയ്യത്ത് ചെയ്യേണ്ടത്. (തുഹ്ഫ: 456)

? തമത്തുആയി ഹജ്ജും ഉംറയും നിര്‍വഹിക്കാമെന്ന ഉദ്ദേശ്യത്തോടെ ഉംറ കൊണ്ട് മീഖാതില്‍ വെച്ച് ഇഹ്‌റാം ചെയ്തു മക്കയിലെത്തി ത്വവാഫ് ചെയ്യുന്നതിന് മുമ്പ് ആര്‍ത്തവമുണ്ടായി. ആളുകള്‍ അറഫയിലേക്ക് നീങ്ങുന്നത് വരെ ശുദ്ധിയായില്ല. അറഫയിലേക്ക് പുറപ്പെടാതിരുന്നാല്‍ ഹജ്ജ് നഷ്ടപ്പെടും. ത്വവാഫും സഇയും ചെയ്യാതെ ഉംറയില്‍നിന്ന് തഹല്ലുലാവുകയുമില്ല.  ഈ സാഹചര്യത്തില്‍ എന്തു ചെയ്യണം?
= ഉംറ കൊണ്ട് ഇഹ്‌റാം ചെയ്ത് അതിന്റെ കര്‍മങ്ങള്‍ പൂര്‍ത്തിയാവുന്നതിന് മുമ്പ് ആര്‍ത്തവമുണ്ടായി. അറഫ വരെ അശുദ്ധി നിലനില്‍ക്കുകയും ചെയ്തു. എങ്കില്‍ അവള്‍ ഇഹ്‌റാമിലേക്ക് ഹജ്ജിന് കൂടി ഉള്‍പ്പെടുത്തണം. അപ്പോള്‍ അവള്‍ 'തമത്തുഅ്' വിട്ട് ഖാരിനത്ത് ആകുന്നതാണ്. ഹജ്ജും ഉംറയും ഒന്നായി ചെയ്യുന്നവളാണ് ഖാരിനത്ത്. ഇനി ഹജ്ജിന്റെ അമലുകള്‍ പൂര്‍ത്തിയാക്കിയാല്‍ ഹജ്ജും ഉംറയും ലഭിക്കുന്നതാണ്.
    ആയിശ(റ)  ഉംറക്കായിരുന്നു ഇഹ്‌റാം ചെയ്തിരുന്നത്. നബി(സ) അവരുടെ അടുത്ത് ചെന്നപ്പോള്‍ അവര്‍ കരയുകയാണ്. തിരുമേനി കാര്യമന്വേഷിച്ചു. ആയിശ(റ) പറഞ്ഞു: ഞാന്‍ ആര്‍ത്തവകാരിയായി. ആളുകളൊക്കെ ഉംറ ചെയ്തു ഒഴിവായി. ഞാനാണെങ്കില്‍ ത്വവാഫ് ചെയ്തിട്ടില്ല. ഉംറയില്‍ നിന്നൊഴിവായിട്ടുമില്ല. ഇപ്പോള്‍ ആളുകളെല്ലാം ഹജ്ജിന് പുറപ്പെടുകയാണ്.
    നബി(സ) പറഞ്ഞു: ഇത് സ്ത്രീകള്‍ക്ക് അല്ലാഹു നിശ്ചയിച്ചതാണ്. നീ കുളിച്ച് ഹജ്ജില്‍ പ്രവേശിക്കുക. അവര്‍ അങ്ങനെ ചെയ്തു. ഹജ്ജിനു വേണ്ടി നില്‍ക്കേണ്ട സ്ഥലങ്ങളിലെല്ലാം നിന്നു. ശുചിയായപ്പോള്‍ ത്വവാഫും സഉ്‌യും നിര്‍വഹിച്ചു. അപ്പോള്‍ നബി (സ) പറഞ്ഞു: ഹജ്ജും ഉംറയുമെല്ലാം നീ പൂര്‍ത്തിയാക്കിയിരിക്കുന്നു. (ബു. മു).

No comments:

Post a Comment