ഒരു ഥലാഖ് വിവാദത്തിന്റെ കഥ
എം.എ. ജലീല്‍ സഖാഫി പുല്ലാര
എം.എ. ജലീല്‍ സഖാഫി പുല്ലാര
ഹിജ്‌റാബ്ദം രണ്ടാം നൂറ്റാണ്ടില്‍ അറബുനാട്ടില്‍ ഒരു ത്വലാഖ് വിവാദമുണ്ടായി. സംഭവം ഇങ്ങനെ: ഒരാള്‍ തന്റെ ഭാര്യയെ വളരെയധികം സ്‌നേഹിക്കുന്നു. പക്ഷേ, ഭാര്യ മെലിഞ്ഞൊട്ടിയതില്‍ അയാള്‍ അസംതൃപ്തനാണ്. അവള്‍ ആഹാരം കഴിച്ചു ശരീരം പുഷ്ടിപ്പെടുത്താന്‍ ഭര്‍ത്താവ് അവളോട് ഉപദേശിച്ചു. സഹധര്‍മ്മിണി ഈ ഉപദേശം ഗൗരവമായി കണക്കിലെടുക്കാന്‍ വേണ്ടി അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''ഞാന്‍ ഒരു യാത്രപോകുന്നു. തിരിച്ചുവരുമ്പോഴേക്ക് നീ അതീവ സുന്ദരിയായി മാറണം. പതിനാലാം രാവിനേക്കാള്‍ സൗന്ദര്യം നിനക്കുണ്ടാവണം. ഇല്ലാത്തപക്ഷം നിന്റെ ത്വലാഖ് മൂന്നും സംഭവിക്കുന്നതാണ്''.
ഈ വാക്കിന്റെ ഗൗരവം മനസ്സിലാക്കാതെ അദ്ദേഹം നടത്തിയ പ്രഖ്യാപനം പ്രശ്‌നത്തിനിടയാക്കി. ഭര്‍ത്താവ് യാത്രകഴിഞ്ഞു തിരിച്ചെത്തി. ഭാര്യയുടെ ശരീരം പുഷ്ടിച്ചിരിക്കുന്നു. അതുമൂലം സൗന്ദര്യവര്‍ധനവും ഉണ്ടായി. പക്ഷേ, പതിനാലാം രാവിനേക്കാള്‍ സൗന്ദര്യം എങ്ങനെ ലഭിക്കാന്‍! പ്രശ്‌നം പണ്ഡിതരുടെ അടുത്തെത്തി. ഭര്‍ത്താവ് ഞെട്ടി. പണ്ഡിതരുടെ ഫത്‌വ വന്നു: താങ്കളുടെ ഭാര്യയുടെ ത്വലാഖ് സംഭവിച്ചിരിക്കുന്നു. താങ്കളുടെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാള്‍ സൗന്ദര്യമില്ല.
ഭര്‍ത്താവ് ദുഃഖിതനായി. അദ്ദേഹം പറഞ്ഞു: ഞാന്‍ ത്വലാഖു ഉദ്ദേശിച്ചു പറഞ്ഞതല്ല. ഭാര്യ സൗന്ദര്യവതിയാവാന്‍ വേണ്ടി പറഞ്ഞതാണ്. എങ്ങനെ പറഞ്ഞാലും ശരി ത്വലാഖ് സംഭവിച്ചുകഴിഞ്ഞു -പണ്ഡിതര്‍ മറുപടി പറഞ്ഞു.
ഭാര്യയെ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് ഒട്ടും മനസ്സില്ല. അനുകൂല ഫത്‌വ തേടി അദ്ദേഹം ഒരു മഹാപണ്ഡിതന്റെ തിരുസന്നിധിയിലെത്തി. ആ പണ്ഡിതനുമായി സംസാരിക്കുംമുമ്പ് അദ്ദേഹത്തിന്റെ ദര്‍സില്‍ പഠിക്കുന്ന ഒരു മുതഅല്ലിം പ്രശ്‌നം അന്വേഷിച്ചു. ഭര്‍ത്താവ് പറഞ്ഞ വാക്കുകള്‍ ഈ വിദ്യാര്‍ത്ഥി വിലയിരുത്തികൊണ്ട് പറഞ്ഞു. ഈ വാക്കുകള്‍ കൊണ്ട് നിങ്ങളുടെ ഭാര്യയുടെ ത്വലാഖ് സംഭവിക്കുകയില്ല. പക്ഷേ, ഈ വിദ്യാര്‍ത്ഥിയുടെ വാക്ക് മാത്രം അവലംബിക്കാന്‍ അയാള്‍ക്ക് ധൈര്യം വന്നില്ല. അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു ഉദ്ദേശിച്ച മഹാപണ്ഡിതന്റെ മുമ്പിലെത്തി പ്രശ്‌നം അവതരിപ്പിച്ചു. പ്രഥമദൃഷ്ട്യാ ത്വലാഖ് സംഭവിച്ചു എന്ന മറുപടിയാണ് പണ്ഡിതന്‍ നല്കിയത്. ഭര്‍ത്താവിന്റെ മുഖം മങ്ങി. ശിഷ്യന്‍ പറഞ്ഞ മറുപടി ഗുരുവിന്റെ ശ്രദ്ധയില്‍ പെടുത്തി. ഗുരു ശിഷ്യനെ വിളിച്ചു വിശദീകരണം ആവശ്യപ്പെട്ടു.
ഗുരു: ''ഈ പ്രശ്‌നത്തില്‍
താങ്കള്‍ എന്തുകൊണ്ടാണിങ്ങനെ മറുപടി നല്കിയത്?
ശിഷ്യന്‍: ഭര്‍ത്താവ് പറഞ്ഞ വാക്കുകളെന്തായിരുന്നു.
ഭര്‍ത്താവ്: പതിനാലാം രാവിനേക്കാള്‍ സൗന്ദര്യം നിനക്കില്ലാത്തപക്ഷം നിന്റെ മൂന്നു ത്വലാഖും സംഭവിക്കുന്നതാണ്.
ശിഷ്യന്‍: ഈ പ്രഖ്യാപനം കൊണ്ട് ത്വലാഖ് സംഭവിക്കില്ല.
ഗുരു: എന്തുകൊണ്ട്, എന്താണ് തെളിവ്?
ശിഷ്യന്‍: വിശുദ്ധ ഖുര്‍ആന്‍ അടിസ്ഥാനപ്പെടുത്തിയാണ് ഞാന്‍ പറഞ്ഞത്.
ഗുരു: ഏത് ഖുര്‍ആന്‍ വചനം?
ശിഷ്യന്‍: ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പതിനാലാം രാവിനേക്കാള്‍ സൗന്ദര്യമുണ്ടെന്നു വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു.
ഗുരു: എന്ത്!? എവിടെയാണത്?
ശിഷ്യന്‍: അല്ലാഹു പറയുന്നു- നിശ്ചയം മനുഷ്യനെ നാം ഏറ്റവും സുന്ദരമായ രൂപത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. (ഖുര്‍ആന്‍ 95/4)
ഗുരുനാഥന്‍ എഴുന്നേറ്റു നിന്ന് ശിഷ്യനെ അനുമോദിച്ചു. ഏറ്റവും സുന്ദരരൂപത്തില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യര്‍ക്ക് പതിനാലാം രാവിനേക്കാളും മറ്റെന്തിനേക്കാളും സൗന്ദര്യമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞത് അപ്പോഴാണ് ഗുരുനാഥനും മറ്റും മനസ്സിലാക്കിയത്. അങ്ങനെ ത്വലാഖ് പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെട്ടു. ഈ ശിഷ്യന്റെ അപഗ്രഥന സാമര്‍ത്ഥ്യത്തെ എല്ലാവരും ശ്ലാഘിച്ചു.
ആരായിരുന്നു ഈ ശിഷ്യന്‍? അവരാണ് രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദും നാലു മദ്ഹബിന്റെ ഇമാമുകളില്‍ ഒരാളുമായ ഇമാം ശാഫിഈ(റ)
അവലംബം:
മനാഖിബുശ്ശാഫിഈ, പേജ്-317
No comments:
Post a Comment