രോഗിയില്‍ മരണലക്ഷണം കണ്ടാല്‍
സി.എച്ഛ്. ഹൈദ്രോസ് മുസ്‌ലിയാര്‍
സി.എച്ഛ്. ഹൈദ്രോസ് മുസ്‌ലിയാര്‍
ഒരു സന്ദര്‍ശകന്‍ രോഗിയില്‍ മരണലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ സൗമ്യമായി അയാളെ തൗബക്കും അതുപോ ലെ അവന് കിട്ടാനും കൊടുക്കാനുമുള്ള കാര്യങ്ങളിലെല്ലാം വസിയ്യത്തിനും പ്രേരിപ്പിക്കണം. അല്ലാഹുവിലുള്ള നല്ല വിചാരവും അവന്റെ സല്‍ക്കര്‍മ്മങ്ങളും ഓര്‍മിപ്പിക്കുകയും അതുവഴി അല്ലാഹുവിന്റെ വിശാലമായ 'മഗ്ഫിറത്തില്‍' ആഗ്രഹം ജനിപ്പിക്കുകയും ചെയ്യണം. അവന്റെ അരികത്ത് വെച്ച് യസീന്‍ സൂറത്ത് ഉറക്കെയും 'റഅ്ദ്' സൂറത്ത് പതുക്കെയും, മറ്റിതര ദിക്ര്‍, ഖുര്‍ആന്‍, സജ്ജനങ്ങളുടെ ചരിത്രകഥകള്‍ മുതലായവ കേള്‍പ്പിച്ചുകൊണ്ടിരിക്കുകയും, സുഗന്ധം ഉപയോഗപ്പെടുത്തി അവന്റെ കിടപ്പറ സുഗന്ധപൂരിതമാക്കുകയും ചെയ്യുന്നത് സുന്നത്താണ്.
അവന് വുളു എടുത്ത് കൊടുത്ത ശേഷം വലതു ഭാഗത്തിന്‍മേല്‍, മുഖം ഖിബ്‌ലയിലേക്കു തിരിച്ചുകിടത്തലും, അത് പ്രയാസമാവുന്നപക്ഷം ഇടതുഭാഗത്തിന്‍മേലും അതു അപ്രായോഗികമായാല്‍ രണ്ടു ഉള്ളന്‍കാലുകള്‍ ഖിബ്‌ല കൊള്ളെ നീട്ടി മലര്‍ത്തിയും കിടത്തണം. ചരിച്ചു കിടത്തുന്നതിനേക്കാള്‍ പുണ്യം പ്രസ്തുത കിടത്തമാണെന്നും അഭിപ്രായമുണ്ട്. ഈ അഭിപ്രായമനുസരിച്ചാണ് പലയിടത്തും കണ്ടുവരുന്നത്.
'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് കേള്‍ക്കത്തക്ക ശബ്ദത്തില്‍ ചൊല്ലിക്കൊടുക്കലും സുന്നത്താണ്. ഇതിന് ശത്രുവോ അനന്തരാവകാശിയോ അല്ലാത്ത ഒരാളാവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അതേറ്റുചൊല്ലാന്‍ നിര്‍ബന്ധിക്കാതിരിക്കുകയും, ഒരു പ്രാവശ്യം രോഗി 'കലിമത്ത്' ചൊല്ലിക്കഴിഞ്ഞാല്‍ പിന്നീടത് ചൊല്ലിക്കൊടുക്കാതിരിക്കുകയും ചെയ്യണം.
ശക്തമായ ദാഹം അനുഭവപ്പെടുന്ന പക്ഷം രോഗിക്ക് കുടിനീര്‍ തൊട്ടുകൊടുക്കല്‍ നിര്‍ബന്ധവും അല്ലാത്തപ്പോള്‍ സുന്നത്തുമാണ്. അവിടെ സംബന്ധിച്ചവര്‍ നല്ല വാക്കുകളും ഗുണങ്ങളും മാത്രമെ പറയാവൂ. മയ്യിത്തിന്റെ അരികെ വെച്ച് ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്.
മരണശേഷം
മരണം ഉറപ്പായതിന് ശേഷം ''ബിസ്മില്ലാഹി അലാ മില്ലത്തി റസൂലില്ലാഹി'' എന്ന് ചൊല്ലിക്കൊണ്ട് അവന്റെ കണ്ണ് ചിമ്മിപ്പിക്കുകയും വീതിയുള്ളൊരു നാട കൊണ്ട്, തലയിലൂടെ അവന്റെ താട കെട്ടിക്കൊടുക്കലും പ്രത്യേകം സുന്നത്താണ്. വിരലുകള്‍ മയമാക്കുകയും മുഴംകൈ തോള്‍ കയ്യിലേക്കും കണംകാല്‍ തുടയിലേക്കും തുട പള്ളയിലേക്കും മടക്കി നിവര്‍ത്തിവെക്കലും സുന്നത്താണ്. മരിച്ച ഉടനെ ശരീരത്തില്‍ അനുഭവപ്പെടാറുള്ള ഇളം ചൂട് തണുക്കുന്നതിന് മുമ്പ് തന്നെ ഇത്യാദി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ എളുപ്പമേറും. കട്ടില്‍ പോലുള്ള ഉയരങ്ങളില്‍ വിരിപ്പില്ലാതെ കിടത്തണം.
നേരിയ ഒരു വസ്ത്രം കൊണ്ട് ശരീരം മുഴുവന്‍ മൂടുകയും ശേഷം വയറിന് മീതെയായി അല്‍പം ഭാരമുള്ള വല്ലതും വെയ്ക്കുകയും ചെയ്യണം. ഇത്തരം കാര്യങ്ങള്‍ അയോളോട് ഏറ്റവും അടുത്ത ബന്ധുമിത്രാദികളോ, ഭാര്യഭര്‍ത്താക്കളോ ആണ് ചെയ്യേണ്ടത്.
മയ്യിത്ത് നിസ്‌കാരത്തിന് ആളുകളെ കൂട്ടുന്നതിന് വേണ്ടി മരണവാര്‍ത്ത എല്ലാവരെയും അറിയിക്കുന്നത് സുന്നത്താണ്.
പണ്ഡിതന്‍മാര്‍ പോലുള്ള സച്ചരിതരായ മഹത്തുക്കളുടെ മുഖം ചുംബിക്കല്‍ സുന്നത്തും അല്ലാത്ത മയ്യിത്തുകളെ ബന്ധുക്കളല്ലാത്തവര്‍ ചുംബിക്കല്‍ ഗുണകരമല്ലാത്തതുമാണ്.
അന്യസ്ത്രീ പുരുഷന്‍മാര്‍ മയ്യിത്തിനെ നോക്കല്‍ ഹറാമും അന്യരല്ലാത്തവര്‍ക്ക് ഗുണമില്ലാത്തതുമാണ്. മയ്യിത്തിനെ കുളിപ്പിക്കുന്നതിന് മുമ്പും, കുളിപ്പിച്ച ശേഷവും മയ്യിത്തിനെ ഒരു പ്രദര്‍ശനവസ്തുവായി വെക്കല്‍ ഇന്ന് സാര്‍വത്രികമാണല്ലോ. യഥാര്‍ത്ഥത്തില്‍ ഇതൊരു പുണ്യകര്‍മ്മമോ ഗുണമുള്ളതോ അല്ല.
മയ്യിത്തിന്റെ കടങ്ങളും വസ്വിയ്യത്തുകളും കൊടുത്തു വീട്ടലും മറ്റു ഇടപാടുകള്‍ പൊരുത്തപ്പെടുവിപ്പിക്കലും മയ്യിത്തിനെ കുളിപ്പിക്കുന്നതിനും, നിസ്‌കരിക്കുന്നതിനും മുമ്പായി ചെയ്തുതീര്‍ക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. ഹദീസുകളില്‍ ഇക്കാര്യം വളരെ സ്പഷ്ടമായി നമുക്കു ദര്‍ശിക്കാവുന്നതാണ്. മയ്യിത്തിന്റെ കടങ്ങള്‍ വീട്ടിയതിന് ശേഷമേ ആയാളുടെ ആത്മാവ് ഉന്നത സ്ഥാനങ്ങളില്‍ എത്തുകയുള്ളൂ എന്ന് നബി തിരുമേനി(സ) പറഞ്ഞതായി ഹദീസുകളുണ്ട്. കടപ്പെട്ടു മരിച്ചവരുടെ കടങ്ങള്‍ ആരെങ്കിലും ഏറ്റെടുത്തതിന് ശേഷം മാത്രമേ നബി ആ മയ്യിത്തുകളുടെ പേരില്‍ നമസ്‌കരിക്കാറുണ്ടായിരുന്നുള്ളൂ. പലപ്പോഴും നബി(സ) തന്നെ നേരിട്ട് കടങ്ങള്‍ ഏറ്റെടുത്തതായും ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
No comments:
Post a Comment