Saturday, February 18, 2012

ഫത്‌വ

?     ശാഫിഈ മദ്ഹബില്‍ നായ, പന്നി എന്നിവ കൊണ്ട് നജസായാല്‍ ഏഴുതവണ കഴുകുകയും ഒരു പ്രാവശ്യം മണ്ണ് ഉപയോഗിക്കുകയും വേണമല്ലോ. മാലികി മദ്ഹബില്‍ നായ നജസല്ല. മറ്റു രണ്ട് മദ്ഹബിലും നായ തൊട്ടാല്‍ ഏഴു പ്രാവശ്യം കഴുകേണ്ടതുണ്ടോ?
=     നായ ഗൗരവമേറിയ നജസാണെന്നും അതുകൊണ്ട് നജസായ വസ്തു ഏഴ് പ്രാവശ്യം കഴുകണമെന്നും അവയിലൊന്ന് മണ്ണ് കലക്കിയ വെള്ളം കൊണ്ടാവണമെന്നുമാണ് ശാഫിഈ മദ്ഹബ്. ഹമ്പലീ മദ്ഹബും ഇപ്രകാരം തന്നെ. ഇതുസംബന്ധമായ ഹദീസുകള്‍ ഇമാം മുസ്‌ലിം തുടങ്ങിയവര്‍ നിവേദനം ചെയ്തിട്ടുണ്ട്. നായ നജസാണെന്ന് ഇമാം അബൂഹനീഫ
(റ)യും പറയുന്നു. പക്ഷേ, സാധാരണ നജസുകള്‍ കഴുകുന്നതുപോലെ കഴുകിയാല്‍ മതി. ഏഴു വട്ടം വേണ്ടതില്ല. മണ്ണും വേണ്ട. നജസ് നീങ്ങുന്നത് വരെ കഴുകണം. എന്നാല്‍, നായ ശുദ്ധിയുള്ള ജീവിയാണെന്നാണ് ഇമാം മാലിക്(റ) പറയുന്നത്. എങ്കിലും നായ പാത്രത്തില്‍ തലയിട്ടാല്‍ ഏഴ് പ്രാവശ്യം കഴുകണം. മണ്ണും വേണം. നജസായതു കൊണ്ടല്ല കഴുകുന്നത്. കാരണം മനസിലാവാത്ത 'തഅബ്ബുദി' എന്ന ഇനത്തിലാണ് അദ്ദേഹം ഇതിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തലയിട്ടാല്‍ മാത്രമെ കഴുകേണ്ടതുള്ളൂ. കയ്യോ, കാലോ പാത്രത്തിലിട്ടാല്‍ കഴുകേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തലയിടുന്നതിനെക്കുറിച്ച് മാത്രമെ ഹദീസില്‍ പരാമര്‍ശമുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത് (റഹ്മതുല്‍ ഉമ്മ). പന്നിയും ഇപ്രകാരം തന്നെ.

? പിതൃവ്യന്റെ ഭാര്യയെ വിവാഹം ചെയ്യാമോ?
=    പിതാവ്, പിതാമഹന്‍ എന്നിവരുടെ ഭാര്യമാരെ വിവാഹം ചെയ്യാവതല്ല. എന്നാല്‍, പിതൃവ്യന്റെ ഭാര്യയെ അദ്ദേഹം ഉപേക്ഷിക്കുകയോ മരണപ്പെടുകയോ ചെയ്താല്‍ വിവാഹം ചെയ്യാവുന്നതാണ്.

? ഒരാള്‍ ഒരു സ്ത്രീയെ നികാഹ് ചെയ്തു. മഹ്‌റായി അഞ്ചു പവന്‍ സ്വര്‍ണവും നല്‍കി. അവര്‍ തമ്മില്‍ ബന്ധപ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലിയാല്‍ മഹ്ര്‍ ആര്‍ക്ക് അവകാശപ്പെട്ടതാണ്?
=    ബന്ധപ്പെടുന്നതിന് മുമ്പ് (ഇണചേരുന്നതിന് മുമ്പ്) ത്വലാഖ് ചൊല്ലിയാല്‍ മഹ്‌റിന്റെ പകുതി മാത്രമെ ഭാര്യക്ക് അവകാശമുള്ളൂ. മഹ്ര്‍ കൈപ്പറ്റിയിട്ടുണ്ടെങ്കില്‍ പകുതി മടക്കി കൊടുക്കേണ്ടതാണ്.

?    ഫാതിഹ പകുതി ആയ ശേഷം 'ബിസ്മി' മടക്കി ഓതിയാല്‍ നിസ്‌കാരം ബാത്വിലാകുമോ?
=    ഫാതിഹ പകുതി ആയ ശേഷം ബിസ്മിയോ മുമ്പുള്ള വേറെ ആയത്തോ മടക്കി ഓതിയാല്‍ നിസ്‌കാരം ബാത്വിലാവുകയില്ല. എങ്കിലും ഓതിയതു മുതല്‍ തുടര്‍ച്ചയായി ഓതേണ്ടതാണ്. അല്ലെങ്കില്‍ ഫാതിഹയുടെ മുവാലാത്ത് (തുടര്‍ച്ച) മുറിഞ്ഞുപോകും. ഉദാഹരണത്തിന് ഫാതിഹ ആദ്യം മുതല്‍ ഓതി 'അന്‍ അംത അലയ്ഹിം' വരെ എത്തിയ ശേഷം ഒരാള്‍ 'മാലികി യവ്മുദ്ദീന്‍' എന്ന് ഓതിയാല്‍ തുടര്‍ന്ന് ഇയ്യാക്ക മുതല്‍ ഓതണം. ഇയ്യാക്ക തുടങ്ങാതെ ഗൈരില്‍ മഅ്‌ളൂബി ഓതി അവസാനിപ്പിച്ചാല്‍ മുവാലാത്ത് മുറിഞ്ഞതു കൊണ്ട് ഫാതിഹ സ്വഹീഹാകുന്നതല്ല. അപ്പോള്‍ ഫാതിഹ വീണ്ടും ഓതേണ്ടിവരും. (തുഹ്ഫ ശര്‍വാനി സഹിതം 2/41)

?     എല്ലാ മക്കള്‍ക്കും അഖീഖത്തറുക്കല്‍ സുന്നത്തില്ലേ? ചിലര്‍  ഒന്നാമത്തെ കുട്ടിക്ക് മാത്രം അറക്കുന്നതായി കാണുന്നു. ഇത് ശരിയാണോ?
=    മൂത്ത കുട്ടിക്ക് മാത്രമല്ല, എല്ലാ മക്കള്‍ക്കും വേണ്ടിയും അഖീഖത്ത് അറുക്കല്‍ സുന്നത്തുണ്ട്. കുട്ടിക്ക് ചെലവിന് കൊടുക്കല്‍ നിര്‍ബന്ധമായവര്‍ തന്നെയാണ് കുട്ടിക്കു വേണ്ടി അഖീഖ അറുക്കേണ്ടതും. കഴിവുള്ളവര്‍ അറുക്കണം. ഫിത്വ്ര്‍ സകാത്ത് നിര്‍ബന്ധമാവാനുള്ള കഴിവാണ് ഇവിടെ പരിഗണിക്കുക. പ്രസവം മുതല്‍ നിഫാസിന്റെ അധിക കാലയളവായ 60 ദിവസത്തിനുള്ളില്‍ മേല്‍പറഞ്ഞ കഴിവുണ്ടായാല്‍ അയാള്‍ അഖീഖ അറുക്കല്‍ സുന്നത്താകുന്നു. കുട്ടിയുടെ സ്വത്തില്‍ നിന്നും എടുത്ത് കുട്ടിയുടെ അഖീഖത്ത് അറുക്കാവതല്ല. പ്രായപൂര്‍ത്തി വരെ റക്ഷിതാവ് അറുത്തില്ലെങ്കില്‍ സ്വന്തമായി അറുക്കല്‍ സുന്നത്താകുന്നു.
        അഖീഖത്ത് ഒരു സുന്നത്തായ കര്‍മമാണ്. നിര്‍ബന്ധമായതല്ല. തന്റെ സന്താനത്തിനു വേണ്ടി അറക്കാന്‍ താല്‍പര്യമുള്ളവര്‍ ചെയ്തുകൊള്ളട്ടെ എന്ന് അബൂദാവൂദ് നിവേദനം ചെയ്ത ഹദീസില്‍ വന്നിട്ടുണ്ട്. കുട്ടി അഖീഖത്തു കൊണ്ട് പണയംവെക്കപ്പെട്ടതുപോലെയാണെനും അറത്താല്‍ മാത്രമെ പണയത്തില്‍ നിന്നും മോചിതനാവുകയുള്ളൂവെന്നും ഹദീസില്‍ വന്നിട്ടുണ്ട്. 

? മയ്യിത്ത് നിസ്‌കാരത്തിന് നില്‍ക്കുമ്പോള്‍ ചെരിപ്പ് ഊരി നില്‍ക്കണമെന്നുണ്ടോ? ധരിച്ചു നില്‍ക്കുന്നതില്‍ വിരോധമുണ്ടോ?
=    ചെരിപ്പ് ധരിച്ച് നിസ്‌കരിക്കുന്നതിന് വിരോധമൊന്നുമില്ല. ചെരിപ്പില്‍ പൊറുക്കപ്പെടാത്ത നജസ് ഉണ്ടായിരിക്കരുതെന്ന് മാത്രം. ചെരിപ്പില്‍ നജസുണ്ടാവുകയും അതില്‍ കാല് സ്പര്‍ശിക്കുകയും ചെയ്താല്‍ നിസ്‌കാരം ബാത്വിലാകുന്നതാണ്. നജസില്‍ സ്പര്‍ശിച്ചില്ലെങ്കിലും നജസുള്ള ചെരിപ്പ് ധരിച്ച് നിസ്‌കരിക്കാവതല്ല. നജസ് ചുമന്ന് നിസ്‌കാരിക്കാന്‍ പാടില്ല എന്നതു തന്നെ കാരണം. ചെരിപ്പിന്നടിയില്‍ നജസുണ്ടാവുകയും ചെരിപ്പ് ധരിക്കാതെ അതിന്റെ മേല്‍ കയറി നില്‍ക്കുകയും ചെയ്താല്‍ കറാഹത്ത് വരുമെങ്കിലും നിസ്‌കാരം സ്വഹീഹാകുന്നതാണ്. അടിയില്‍ നജസുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് ഗ്രൗണ്ടില്‍ വെച്ച് മയ്യിത്ത് നിസ്‌കരിക്കുമ്പോള്‍ ചെരിപ്പ് അഴിച്ച് അതിന്‍മേല്‍ കയറി നില്‍ക്കുന്നത്.
? യതീമുകള്‍ക്ക് കിട്ടുന്ന പണം അവരുടെ മാതാക്കള്‍ക്കോ അവരെ സംരക്ഷിക്കുന്ന മറ്റുള്ളവര്‍ക്കോ സ്വന്തം ആവശ്യത്തിന് എടുക്കാമോ?
=    യതീമിനെ സംരക്ഷിക്കുന്ന ആള്‍ സ്വന്തമായി ജീവിക്കാന്‍ ആവശ്യമായ സാമ്പത്തിക ശേഷിയുള്ളവനാണെങ്കില്‍ യതീമിന്റെ സ്വത്തില്‍നിന്ന് ഒന്നും എടുക്കാവതല്ല. അയാള്‍ ദരിദ്രനാവുകയും യതീമിനെ സംരക്ഷിക്കുന്ന കാരണത്താല്‍ ജീവിതമാര്‍ഗം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ജീവിതച്ചെലവിന് ആവശ്യമായത് യതീമിന്റെ സ്വത്തില്‍ നിന്നും എടുക്കാവുന്നതാണ്. പിന്നീട് കഴിവുണ്ടായാല്‍ അത് തിരിച്ചു കൊടുക്കേണ്ടതില്ല. (ഫത്ഹുല്‍ മുഈന്‍)

?     സ്വര്‍ണം കൊണ്ട് മുസ്ഹഫ് അലങ്കരിക്കാന്‍ പറ്റുമോ? അലങ്കരിച്ചാല്‍ അതിന് സകാത്ത് കൊടുക്കേണ്ടതുണ്ടോ?
=    വെള്ളി കൊണ്ട് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും മുസ്ഹഫ് അലങ്കരിക്കാവുന്നതാണ്. അതിന് സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍, സ്വര്‍ണം കൊണ്ട് പുരുഷന്‍മാര്‍ മുസ്ഹഫ് അലങ്കരിക്കാവതല്ല. ഹറാമായത് കൊണ്ട് അതിന് സകാത്ത് കൊടുക്കേണ്ടിവരും. എന്നാല്‍, സ്ത്രീകള്‍ സ്വര്‍ണം കൊണ്ട് മുസ്ഹഫ് അലങ്കരിക്കുന്നത് അനുവദനീയമാണ്. അതിന് സകാത്ത് വേണ്ടതില്ല (തുഹ്ഫ 3/282). സ്വര്‍ണം കൊണ്ട് ഖുര്‍ആന്‍ എഴുതുന്നത് നല്ലതാണെന്നും അതില്‍ സകാത്ത് വേണ്ടതില്ലെന്നും ഇമാം ഗസ്സാലി(റ) പ്രസ്താവിച്ചതിനെ തുഹ്ഫ, നിഹായ, മുഗ്‌നി മുതലായവര്‍ ബലപ്പെടുത്തിയിരിക്കുന്നു. ഇതില്‍ പുരുഷന്‍മാരും സ്ത്രീ കളും പെടും.

No comments:

Post a Comment