Saturday, February 18, 2012

ഫത്‌വ
? തറാവീഹ് നിസ്‌കാരം രണ്ടു റക്അത്ത് വീതമായി തന്നെ നിസ്‌കരിക്കണമെന്നുണ്ടോ? നാലോ അതില്‍ കൂടുതലോ റക്അത്തുകള്‍ ഒരുമിച്ച് നിസ്‌കരിച്ചാല്‍ പോരേ?
= തറാവീഹ് നിസ്‌കാരം ഈരണ്ടു റക്അത്തായി മാത്രമെ നിസ്‌കരിക്കാവൂ. നാലോ അതില്‍ കൂടുതലോ ഒന്നിച്ചു നിസ്‌കരിക്കാവതല്ല. എല്ലാ രണ്ടു റക്അത്തിലും സലാം വീട്ടിയ നിലയില്‍ മാത്രമെ തറാവീഹ് നിസ്‌കാരം നിവേദനം ചെയ്യപ്പെട്ടിട്ടുള്ളൂ. ജമാഅത്ത് സുന്നത്തുള്ള നിസ്‌കാരമാണല്ലോ തറാവീഹ്. അതിനാല്‍ അത് ഫര്‍ള് നിസ്‌കാരം പോലെയാണ്. വാരിദായ രൂപത്തിലല്ലാതെ നിര്‍വഹിക്കാവതല്ല. അറിഞ്ഞുകൊണ്ട് ഒരാള്‍ തറാവീഹിന്റെ നിയ്യത്ത് വെച്ച് രണ്ടില്‍ കൂടു
തല്‍ ഒരുമിച്ച് നിസ്‌കരിച്ചാല്‍ നിസ്‌കാരം സ്വഹീഹാകുന്ന
തല്ല. അറിവില്ലാത്തവനായ
നിലയില്‍ വര്‍ദ്ധിപ്പിച്ചാല്‍ അത് നഫ്‌ല് മുത്വ്‌ലഖായി സ്വഹീഹാകും. തറാവീഹ് ആകുന്നതല്ല. (തുഹ്ഫ 2/241)

? ഇമാമിനോടു കൂടെ ഒരു മഉ്മൂം മാത്രമാവുമ്പോള്‍ ഇമാമിന്റെ വലതു ഭാഗത്താണല്ലോ നില്‍ക്കേണ്ടത്. പിന്നീട് ഒന്നോ ഒന്നിലധികമോ ആളുകള്‍ വന്നാല്‍ എന്തു ചെയ്യണം? വലിയവരും കുട്ടികളും ഒരുമിച്ചുകൂടുമ്പോള്‍ ചിലര്‍ വലിയവര്‍ക്കു വേണ്ടി കുട്ടികളെ മാറ്റിനിര്‍ത്തി മുന്നില്‍ നില്‍ക്കുന്നത് തടയുന്നു. ഇത് ശരിയാണോ?
= ജമാഅത്ത് നിസ്‌കാരത്തില്‍ ഒരു മഉ്മൂം മാത്രമെയുള്ളൂവെങ്കില്‍ അയാള്‍ ഇമാമിന്റെ വലതു ഭാഗത്ത് അല്‍പം പിന്നിലായി നില്‍ക്കണം. പിന്നീട് ഒരാള്‍ വന്നാല്‍ അയാള്‍ ഇമാമിന്റെ ഇടതുഭാഗത്ത് നിന്ന് തക്ബീര്‍ കെട്ടണം. അതിനു ശേഷം ഇമാം മുന്നിലേക്കോ മഉ്മൂമുകള്‍ പിന്നിലേക്കോ നീങ്ങണം. ഇമാം നീങ്ങുന്നതിനെക്കാള്‍ മഉ്മൂമുകള്‍ നീങ്ങലാണ് ശ്രേഷ്ഠമേറിയത്. രണ്ടില്‍ ഒന്നു മാത്രമെ സൗകര്യം ഉള്ളൂവെങ്കില്‍ സൗകര്യമുള്ളത് ചെയ്യാം. ഇമാമിന്റെ ഇടതുഭാഗത്ത് നില്‍ക്കാന്‍ സ്ഥലമില്ലെങ്കില്‍ വന്ന ആള്‍ പിന്നില്‍നിന്ന് തക്ബീര്‍ കെട്ടണം. പിന്നീട് പല ഭാഗത്തുള്ള ആള്‍ പിന്നിലേക്ക് നീങ്ങണം.
    ഇമാമിന്റെ വലതു ഭാഗത്ത് ഒരാള്‍ നിസ്‌കരിച്ചുകൊണ്ടിരിക്കെ രണ്ടോ അതില്‍ കൂടുതലോ ആളുകള്‍ വന്നാല്‍ അവര്‍ ഇമാമിന്റെ പിന്നില്‍ സ്വഫ്ഫായി നില്‍ക്കണം. അവരില്‍ ഒരാള്‍ തക്ബീര്‍ ചൊല്ലിയ ശേഷം വലതു ഭാഗത്ത് നില്‍ക്കുന്ന ആള്‍ക്ക് പിന്നിലേക്ക് നീങ്ങാം.
    മുതിര്‍ന്നവരും കുട്ടികളും നിസ്‌കരിക്കാനുണ്ടാവുമ്പോള്‍ മുതിര്‍ന്നവര്‍ മുന്നിലും കുട്ടികള്‍ പിന്നിലുമാണ് സ്വഫ്ഫായി നില്‍ക്കേണ്ടത്. മുതിര്‍ന്നവരെ കൊണ്ട് ഒരു സ്വഫ്ഫ് പൂര്‍ത്തിയായില്ലെങ്കില്‍ കുട്ടികള്‍ പൂര്‍ത്തിയാക്കണം. ആളുകള്‍ കണ്ടറിഞ്ഞ് നില്‍ക്കുകയാണ് വേണ്ടത്. കുട്ടികള്‍ ആദ്യം വന്നതു കൊണ്ടോ അവര്‍ കയറിനിന്നതുകൊണ്ടോ ഒന്നാം സ്വഫില്‍ സ്ഥലംപിടിച്ചാല്‍ പിന്നെ വലിയവര്‍ക്കു വേണ്ടി അവരെ പിന്നിലേക്ക് മാറ്റാതിരിക്കുകയാണ് വേണ്ടത്. മുന്നില്‍ കയറി നിന്നവരെ പിന്നിലേക്ക് മാറ്റാതിരിക്കല്‍ സുന്നത്താകുന്നു. (തുഹ്ഫ 2/304-307)


? 1) നര ബാധിച്ച തലമുടിയും താടിയും കറുപ്പിക്കുന്നതിന്റെ ശര്‍ഇയ്യായ വിധി എന്ത്? ഇങ്ങനെ കറുപ്പിച്ചവരുടെ വുളൂഉം, നിര്‍ബന്ധ കുളിയും ശരിയാകുമോ? അവര്‍ ഇമാമ് നിന്നാല്‍ തുടര്‍ന്ന് നിസ്‌കരിക്കാന്‍ പറ്റുമോ?
  2)കക്കൂസില്‍ വെച്ചും കുളിമുറിയില്‍ വെച്ചും വുളൂഅ് ചെയ്യുന്നതിന്റെ വിധിയെന്ത്? കക്കൂസിലും കുളിമുറിയിലും വുളൂഅ് ചെയ്താല്‍ വെള്ളം കക്കൂസിന്റെ ടാങ്കിലേക്ക് പോവുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ?

= 1) നരച്ച തലമുടിയിലും താടിയിലും മഞ്ഞയോ ചുവപ്പോ ചായം കൊടുക്കല്‍ സുന്നത്താകുന്നു. 'ജൂതന്‍മാരും ക്രിസ്ത്യാനികളും ചായം കൊടുക്കാറില്ല. നിങ്ങള്‍ അവരോട് എതിരാവുക' എന്ന് നബി(സ)യില്‍ നിന്ന് അബൂ ഹുറയ്‌റ(റ) ഉദ്ധരിച്ച ഹദീസ് ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്തിട്ടുണ്ട്. അബൂബക്കര്‍ (റ)വിന്റെ പിതാവ് അബൂഖുഹാഫ(റ) മക്കം ഫാത്ഹിനാണ് മുസ്‌ലിമായത്. അദ്ദേഹത്തെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരപ്പെട്ടു. അദ്ദേഹത്തിന്റെ തലയും താടിയും നരച്ച് വെളുവെളുത്തിരിക്കുന്നു. ഇത് കണ്ടപ്പോള്‍ നബി(സ) പറഞ്ഞു: 'ഇത് നിങ്ങള്‍ പകര്‍ച്ചയാക്കുക, കറുപ്പ് ഉപേക്ഷിക്കുകയും ചെയ്യുക.' നബി(സ)യില്‍ നിന്നും ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിച്ച ഒരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: പ്രാവിനെ പോലെ കറുപ്പ് കൊണ്ട് ചായം കൊടുക്കുന്ന ഒരു വിഭാഗം അവസാന കാലത്ത് വരാനുണ്ട്. സ്വര്‍ഗത്തിന്റെ മണം അവര്‍ ആസ്വദിക്കുകയില്ല. (അബൂദാവൂദ്, നസാഈ)
    കറുത്ത ചായം കൊടുക്കല്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും ഹറാമാണെന്നാണ് പ്രബലാഭിപ്രായം. യുദ്ധാവശ്യത്തിനു വേണ്ടി മുടി കറുപ്പിക്കുന്നതിന് വിരോധമില്ല. ഭര്‍ത്താവിന് ഭംഗിയാവാന്‍ സ്ത്രീകള്‍ക്ക് അനുവദനീയമാണെന്ന് ചിലര്‍ക്ക് അഭിപ്രായമുണ്ട്. (ശര്‍ഹുല്‍ മുഹദ്ദബ് 1/294)
   മുടിയില്‍ ഒട്ടിപ്പിടിക്കുന്ന വെള്ളം ചേരുന്നതിനെ തടയുന്ന വസ്തു കൊണ്ടാണ് ചായം കൊടുത്തതെങ്കില്‍ അതു വുളൂഇനെയും കുളിയെയും ബാധിക്കും. വെറും കളര്‍ മാത്രമെയുള്ളൂവെങ്കില്‍ പ്രശ്‌നമില്ല.
=  2) കക്കൂസില്‍ വെച്ചും കുളിമുറിയില്‍ വെച്ചും വുളൂഅ് ചെയ്യുന്നതിന് വിരോധമൊന്നുമില്ല. കക്കൂസില്‍ വെച്ച് ദിക്‌റുകള്‍ ചൊല്ലല്‍ കറാഹത്താണെന്നു മാത്രം. കുളിപ്പുരയില്‍ വെച്ച് ദിക്‌റ് ചൊല്ലുന്നതും ഖുര്‍ആന്‍ ഓതുന്നതും കറാഹത്തില്ല. വുളൂഇന്റെ വെള്ളം കക്കൂസിന്റെ ടാങ്കിലേക്ക് ഒഴുക്കികളയുന്നതില്‍ കുഴപ്പമൊന്നുമില്ല.


? നിലവിളക്ക് കത്തിച്ച് സ്ഥാപനങ്ങളും മറ്റും ഉദ്ഘാടനം ചെയ്യുന്നതായി കാണുന്നു. ഇത് ശരിയാണോ? പള്ളികളിലും മഖ്ബറകളിലും നിലവിളക്ക് കത്തിക്കുന്നതായി കാണാറുണ്ട്. ഇതിനെ കുറിച്ച് മസ്ഊല്‍ എന്തു പറയുന്നു?

= നിലവിളക്ക് കത്തിച്ച് ഉദ്ഘാടനം ചെയ്യുക എന്നത് അമുസ്‌ലിംകളുടെ ആചാരമാണ്. ഇതര മതസ്ഥരുടെ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മുസ്‌ലിംകള്‍ കടപ്പെട്ടിരിക്കുന്നു. വിഗ്രഹാരാധനാപരമായ സങ്കല്‍പ്പം അതിനു പിന്നിലുണ്ടെന്നാണ് മനസ്സിലാകുന്നത്.
എന്നാല്‍ നിലവിളക്ക് എന്ന ഉപകരണം വിഗ്രഹപൂജയില്‍ മാത്രം ഉപയോഗിക്കുന്ന വസ്തുവല്ല. മണ്ണെണ്ണയും വൈദ്യുതിയും ഉപയോഗിക്കാത്ത കാലത്ത് സര്‍വ്വസാധാരണമായി ഉപയോഗിച്ചിരുന്ന ഒരു വസ്തുവാണത്. മുന്‍കാലങ്ങളില്‍ പള്ളികളിലും വീടുകളിലും അത് ഉപയോഗിച്ചിരുന്നു. പള്ളികളിലും മഖ്ബറകളിലും അത് ഉപയോഗിക്കുന്നതിന് വിരോധമൊന്നുമില്ല. മയ്യിത്തു കൊണ്ടുപോവുമ്പോഴും ഖബ്‌റിനു സമീപവും ആവശ്യത്തിനല്ലാതെ തീ കത്തിക്കല്‍ കറാഹത്താകുന്നു. (തുഹ്ഫ 3/188)
സിയാറത്തിനു വരുന്നവരുടെ ആവശ്യത്തിനു വേണ്ടി തീ കത്തിക്കാം. വൈദ്യുതിയും ലൈറ്റും ഉള്ളതോടു കൂടി നിലവിളക്ക് കത്തിക്കുന്നത് കറാഹത്താണ്. ആവശ്യമില്ല എന്നതു തന്നെ കാരണം. തബര്‍റുകിന് എണ്ണ എടുക്കാനാണ് പല മഖ്ബറകളിലും നിലവിളക്ക് കത്തിക്കുന്നത്. ബര്‍കത്ത് ലഭിക്കാന്‍ കറാഹത്ത് ചെയ്യേണ്ടതില്ല. എണ്ണ ഖബ്‌റിനു സമീപം ഒരു പാത്രത്തിലോ നിലവിളക്കിലോ ഒഴിച്ചുവെച്ചാല്‍ തന്നെ ബര്‍ക്കത്ത് ലഭിക്കുന്നതാണ്. ആളുകള്‍ക്ക് അതില്‍ നിന്നും എടുത്തു ഉപയോഗിക്കാം.


? ജീവിതകാലം മുഴുവനും സുന്നത്തു നോമ്പു നോല്‍ക്കാന്‍ കരുതാന്‍ പറ്റുമോ? പറ്റുമെങ്കില്‍ ഒഴിവാക്കേണ്ട ദിവസങ്ങള്‍ എതെല്ലാം?

= രണ്ടു പെരുന്നാളിലും അയ്യാമുത്തശ്‌രീഖിലും നോമ്പു നോല്‍ക്കല്‍ ഹറാമാണ്. നോറ്റാല്‍ അത് സാധുവാകുന്നതല്ല. ഇവ ഒഴിവാക്കി എന്നെന്നും നോമ്പ് നോല്‍ക്കുന്നത് കൊണ്ട് വിഷമം ഉണ്ടാവുമെന്ന് പേടിച്ചാലും നിര്‍ബന്ധമായതോ സുന്നത്തായതോ ആയ ചെയ്തു കൊടുക്കേണ്ട വല്ല കടമയും നഷ്ടപ്പെടുമെന്ന് കണ്ടാലും എന്നെന്നും നോമ്പ് നോല്‍ക്കല്‍ കറാഹത്താണ്. 'എന്നെന്നും നോറ്റവന് നോമ്പില്ല' എന്ന് ഹദീസില്‍ വന്നിട്ടുണ്ട്. മേല്‍പറഞ്ഞ അവസ്ഥയിലേക്കാണ് ഈ ഹദീസിനെ ഫുഖഹാഉ് ചുമത്തിയിട്ടുള്ളത്. ചെയ്തുകൊടുക്കേണ്ട അവകാശം നഷ്ടപ്പെടുക, വിഷമം ഭയക്കുക എന്നിവ ഇല്ലെങ്കില്‍ എന്നെന്നും നോമ്പ് നോല്‍ക്കല്‍ സുന്നത്താകുന്നു. എന്നെന്നും ഒരാള്‍ നോമ്പ് നോറ്റാല്‍ നരകത്തെ അവനെ തൊട്ട് കുടുസ്സാക്കപ്പെടുമെന്നും ഹദീസില്‍ വന്നിട്ടുണ്ട്. നരകത്തില്‍ അവന് സ്ഥലമുണ്ടാവുകയില്ലെന്നര്‍ത്ഥം. (തുഹ്ഫ 3/459)


? വുളൂഅ് എടുത്ത ശേഷം മൂത്രത്തില്‍ ചവിട്ടിയാല്‍ വുളൂഅ് എടുക്കേണ്ടതുണ്ടോ? അതോ മൂത്രം കഴുകിയാല്‍ മതിയോ?
= ശരീരത്തില്‍ നജസാവുക എന്നത് വുളു മുറിയുന്ന കാരണങ്ങളില്‍ പെട്ടതല്ല. വുളൂഅ് ചെയ്തതിന് ശേഷം മൂ്രതത്തില്‍ ചവിട്ടിയാല്‍ അത് കഴുകിക്കളഞ്ഞാല്‍ മതി. വുളൂഅ് വീണ്ടും എടുക്കേണ്ടതില്ല.


? ഈദുല്‍ അസ്ഹാ എന്നാല്‍ ബലിപെരുന്നാളാണെന്നറിയാം. 'അസ്ഹാ' എന്ന പദത്തിന്റെ അര്‍ത്ഥം എന്താണ്? ഏതിന്റെ ഇസ്മുത്തഫ്‌ളീലാണ് ആ പദം? അതുപോലെ 'അയ്യാമുത്തശ്‌രീഖി' ലെ തശ്‌രീഖ് എന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്?
= 'അള്ഹാ' എന്നത് ഇസ്മുത്തഫ്‌ളീല്‍ അല്ല. 'അള്ഹാത്ത്' എന്ന പദത്തിന്റെ ബഹുവചനമാണത്. ഉള്ഹിയ്യത്തിന്റെ മറ്റൊരു പദമാണ് അള്ഹാത്ത്. 'താ'ഇനെ കളഞ്ഞ് ബഹുവചനമാക്കുന്ന പല പദങ്ങളും അറബിയിലുണ്ട്. (ഉദാ: കലിമത്ത്, കലിമ്) ബലിമൃഗങ്ങളുടെ പെരുന്നാള്‍ എന്നര്‍ത്ഥം.
    'ശര്‍റഖ' എന്ന പദത്തിന്റെ ക്രിയാധാതുവാണ് 'തശ്‌രീഖ്'. ഇറച്ചി ഉണക്കി എന്നാണ് വാക്കര്‍ത്ഥം. പെരുന്നാളിന് കിട്ടിയ ഇറച്ചി അറബികള്‍ സൂക്ഷിക്കാന്‍ വേണ്ടി ഉണക്കിയിരുന്ന ദിവസങ്ങളായതുകൊണ്ടാണ് അയ്യാമുത്തശ്‌രീഖ് എന്ന പേരു കിട്ടിയത്.

No comments:

Post a Comment