സമസ്തയുടെ വിദ്യാഭ്യാസ നവോത്ഥാനം
കെ.ടി. മാനുമുസ്‌ലിയാര്‍
കെ.ടി. മാനുമുസ്‌ലിയാര്‍
എട്ടര പതിറ്റാണ്ടിലധികമായി ബഹുമാനപ്പെട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലയാളി മുസ്‌ലിംകള്‍ക്ക് ശ്ലാഘനീയ നേതൃത്വം നല്‍കിവരുന്നു.
1925-ല്‍ രൂപീകൃതമായ സംഘടനയുടെ ഭരണഘടന 1934-35-ലാണ് രജിസ്റ്റര്‍ ചെയ്തത് (രജി. നമ്പര്‍ എസ്. 1.1934-35) ഭരണഘടനയുടെ ഉദ്ദേശ്യലക്ഷ്യം 2 വകുപ്പ് ഇപ്രകാരമാണ്: മത വിദ്യാഭ്യാസത്തെ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിന് പുറമെ മതവിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഹാനി തട്ടാത്ത വിധത്തിലുള്ള ലൗകിക വിദ്യാഭ്യാസ വിഷയത്തിലും വേണ്ടത് പ്രവര്‍ത്തിക്കുക. (ഇ) മുസ്‌ലിം സമുദായത്തിന്റെ പൊതുവായ ഗുണത്തിന് സമുദായമദ്ധ്യേ ഉണ്ടായിക്കൊണ്ടിരിക്കുന്ന അധര്‍മ്മം, അനൈക്യം, അരാജകത്വം, അന്ധവിശ്വാസം ഇത്യാതികളെ നശിപ്പിച്ച് സമുദായത്തിന്റെയും മതത്തിന്റെയും ഗുണത്തിനുവേണ്ടി പരിശ്രമിക്കുക. മേല്‍പറഞ്ഞ സംഗതികള്‍ സമാധാനമായും ശറഇനും നിയമത്തിനും അതീനമായും നടപ്പില്‍വരുത്തുക എന്നുള്ളതാകുന്നു ഈ സഭയുടെ ഉദ്ദേശ്യങ്ങള്‍ (സമസ്ത ഭരണഘടന അനുഛേദം 2 ഡി.ഇ.)
സമസ്തയുടെ പ്രഥമ കീഴ്ഘടകമാണ് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്. 1951-ല്‍ രൂപീകരിച്ചു (രജിസ്‌ത്രേഷന്‍ നമ്പര്‍: 194/85) അഞ്ച് പതിറ്റാണ്ടിലധികമായി സംഘടന മത വിദ്യാഭ്യാസ രംഗത്ത് അഥവാ, പ്രാഥമിക പഠനരംഗത്ത് അതിവിപുലവും ശ്ലാഘനീയവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഇപ്പോള്‍ 8777 മദ്‌റസകളിലായി 10,13,810 വിദ്യാര്‍ത്ഥികളും 89,910 ഗുരുനാഥന്മാരും നിലവിലുണ്ട്. 389 റെയ്ഞ്ചുകളിലായി ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നു. 106 മുഫത്തിശുമാരും, 6 ഖാരിഉകളും 7 പരിശീലകരും 5 ഓര്‍ഗനൈസര്‍മാരും സേവനത്തിലുണ്ട്. ഒന്നാം തരം മുതല്‍ പ്ലസ്ടു വരെയാണ് മദ്‌റസാ ക്ലാസുകള്‍. ശവ്വാല്‍ മുതല്‍ തുടങ്ങുന്നതും ജൂണ്‍ മുതല്‍ തുടങ്ങുന്നതുമായ രണ്ട് വിദ്യാഭ്യാസ കലണ്ടറും കുറ്റമറ്റ കരിക്കുലവും നിലവിലുണ്ട്. അഞ്ച്, ഏഴ്, പത്ത്, പ്ലസ് ടു ക്ലാസുകളില്‍ പൊതു പരീക്ഷ നടന്നുവരുന്നു. 31,89,122 വിദ്യാര്‍ത്ഥികള്‍ക്ക് പൊതു പരീക്ഷ വിജയിച്ച സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. വിവിധ തരം അധ്യാപക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ 81,324 അധ്യാപകര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്.
കേരള മുസ്‌ലിംകളുടെ അടിസ്ഥാന നേതൃത്വമാണ് യഥാര്‍ത്ഥത്തില്‍ മുഅല്ലിംകള്‍. അതോടൊപ്പം സമുദായത്തിന്റെ ഭാഗധേയം നിശ്ചയിക്കുന്ന കേന്ദ്രനേതൃത്വവും അവര്‍ തന്നെയാണ്. മദ്‌റസകളിലൂടെയാണ് നാളത്തെ സമൂഹം വളര്‍ച്ച പ്രാപിക്കുന്നത്. ക്ലാസ്മുറികള്‍ക്കുള്ളിലാണ് ഭാവി തലമുറ രൂപംകൊള്ളുന്നത്. അവര്‍ക്ക് ശരിയായ ശിക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശവും അവിടെ നല്‍കപ്പെടുന്നു. നമ്മുടെ രാജ്യത്തിന്റെ മികച്ച പൗരന്മാരെയാണ് മദ്‌റസകള്‍ വികസിപ്പിക്കുന്നത്; കൂട്ടത്തില്‍ നല്ല മുസ്‌ലിമിനെയും.
പലപ്പോഴും ചില കേന്ദ്രങ്ങളില്‍ നിന്ന് മദ്‌റസകളെ സംബന്ധിച്ച് തെറ്റായ പ്രചാരണങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. എന്താണ് മദ്‌റസകളില്‍ പഠിപ്പിക്കുന്നതെന്ന് അറിയാത്തവരാണ് ഇത്തരം പ്രചാരകര്‍. വിശുദ്ധ ഖുര്‍ആനും, വിശ്വാസ പ്രമാണങ്ങളും, കര്‍മ്മ ശാസ്ത്ര വിധികളും, ചരിത്ര പാഠങ്ങളും, സംസ്‌കരണ-സാമൂഹിക പാഠങ്ങളും, ഭാഷാ പഠനവും നടക്കുന്നു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് 3-ാം തരത്തിലേക്ക് അഥവാ എട്ട് വയസ്സായ പഠിതാക്കള്‍ക്ക് വേണ്ടി തയ്യാര്‍ ചെയ്ത അഖ്‌ലാഖ് പാഠപുസ്തകത്തിലെ 10-ാമത്തെ പാഠം 'ഹുബ്ബുല്‍ വത്വന്‍' (സ്വരാജ്യ സ്‌നേഹം' എന്നാണ്. പാഠഭാഗങ്ങള്‍ ഇപ്രകാരം: 'നാം ഇന്ത്യക്കാരാണ്. ബഹു മത വിശ്വാസികള്‍ ഇന്ത്യയില്‍ വസിക്കുന്നു. തുല്യ പ്രാധാന്യവും സംരക്ഷണവും എല്ലാ മതങ്ങള്‍ക്കും മത സംസ്‌ക്കാരങ്ങള്‍ക്കും ഉണ്ടിവിടെ. മത വിശ്വാസം അനുസരിച്ച് ജീവിക്കാന്‍ ഇവിടെ എല്ലാവര്‍ക്കും അവകാശമുണ്ട്.'
മതത്തിന്റെ പേരില്‍ കലഹിക്കാനോ അന്യരെ ദ്രോഹിക്കാനോ പാടില്ല. ജനാധിപത്യ രാജ്യമാണ് നമ്മുടേത്. പരസ്പരം സ്‌നേഹത്തിലും മമതയിലും ജീവിക്കണം. സാഹോദര്യ ബന്ധത്തിലും കഴിയണം. നാടിന്റെ ഐക്യവും ഐശ്വര്യവും പുരോഗതിയുമാണ് നമ്മുടെ ലക്ഷ്യം. ദേശസ്‌നേഹം ഓരോരുത്തരുടെയും കടമയാണ്. പരസ്പരം കഴിയുന്ന സഹായ സഹകരണങ്ങള്‍ ചെയ്യണം.
'ഭൂമിയില്‍ ഉള്ളവര്‍ക്ക് നിങ്ങള്‍ കരുണ ചെയ്യുക. എന്നാല്‍ അല്ലാഹു തആല നിങ്ങള്‍ക്ക് കരുണ ചെയ്യും.' എന്ന് നബി(സ) പറഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ ആരാധനാലയങ്ങളേയും ആരാധ്യ വസ്തുക്കളെയും നിന്ദിക്കുകയോ ചീത്ത പറയുകയോ ചെയ്യരുത്. അല്ലാഹു തആല പറയുന്നു: ഇതര മതസ്ഥരുടെ ആരാധ്യ വസ്തുക്കളെ നിങ്ങള്‍ ചീത്ത പറയരുത്.' (വിശുദ്ധ ഖുര്‍ആന്‍: അല്‍ അന്‍ആം 118)
മദ്‌റസകളും പള്ളികളും സമാധാനവും സന്തോഷവും പ്രതിഫലിപ്പിക്കുന്നു. വിശുദ്ധ ഇസ്‌ലാമിന് ആഗോള തലത്തില്‍ നേടാനായ വര്‍ദ്ധിച്ച സ്വാധീനം അതിന്റെ മഹത്തായ പ്രായോഗികതകള്‍ തന്നെയാണ്. ദാരിദ്ര്യം, അരാജകത്വം, അസമത്വം, വിദ്വേഷം, ശത്രുത, സംഘര്‍ഷങ്ങള്‍, സ്വാര്‍ത്ഥത തുടങ്ങി മാനവസമൂഹത്തിന്റെ പൊതുശത്രുക്കളെ ഇസ്‌ലാം ശക്തിയായി പ്രതിരോധിക്കുന്നു. പൊതുസമൂഹത്തില്‍ മികച്ച സഹവര്‍ത്തിത്വം ഇസ്‌ലാമിന്റെ പ്രകടമായ അടയാളമാണ്. നമ്മുടെ രാജ്യം വൈദേശികരില്‍നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യക്കാര്‍ ഒത്തൊരുമിച്ച് പോരാടി. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങി എല്ലാ വൈദേശിക അധിനിവേശങ്ങളും ഇന്ത്യയുടെ ആത്മാവിനെ മുറിവേല്‍പ്പിച്ചു. അവരിവിടെ വര്‍ഗ്ഗീയതയും, വിഭാഗീയതയും ഉണ്ടാക്കി. ഭിന്നിപ്പിച്ചു ഭരിച്ചു. എന്നിട്ടും നമ്മെ ഏറെക്കാലം അടിമത്വത്തില്‍ തളച്ചിടുവാന്‍ അവര്‍ക്കായില്ല. നമ്മുടെ ദേശ വിചാരവും, സ്‌നേഹവും നമ്മെ ഒന്നിപ്പിച്ചു. ഭാരതത്തിന്റെ ഉന്നതവും ഉദാത്തവുമായ പാരമ്പര്യവും പൈതൃകവും കാത്തുസൂക്ഷിക്കുവാനും, നിലനിര്‍ത്തുവാനും നമുക്ക് സാധിച്ചു.
ഇന്ത്യയുടെ മേല്‍ ഉയര്‍ന്നുവന്ന എല്ലാ വെല്ലുവിളികളെയും നമുക്ക് ഒറ്റക്കെട്ടായി തകര്‍ക്കാനായി. ഈയടുത്ത കാലത്തായി രാജ്യത്തിന്റെമേല്‍ ചിലര്‍ നടത്തിയ തീവ്രവാദ-ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വളരാനോ നിലനിര്‍ത്തുവാനോ അനുവദിച്ചുകൂടാ.
No comments:
Post a Comment