ഖാസി ഇയാളിന്റെ ബുദ്ധിശക്തി
ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി
ജസ്റ്റിസ് മുഹമ്മദ് തഖി ഉസ്മാനി
ഖാസി ഇയാളി(റ)ന്റെ ബുദ്ധി ശക്തി വളരെ പ്രസിദ്ധമാണ്. ഇതു സംബന്ധമായി പല സംഭവങ്ങളും കാണാം. ഒരാള്‍ ഖാസി ഇയാളി(റ)ന്റെ അടത്തു വന്ന് പറഞ്ഞു: ''ഞാന്‍ കുറച്ച് പണം ഒരാള്‍ക്ക് സൂക്ഷിക്കാന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ അത് തിരിച്ചാവശ്യപ്പെടുമ്പോള്‍ അയാള്‍ എന്നെ പരിഹസിക്കുന്നു.'' ഖാസി പ്രതിയെ വിളിച്ചു ചോദിച്ചപ്പോള്‍ നിഷേധിക്കുകയും തന്റെ പക്കല്‍ വാദി ഒന്നും ഏല്‍പ്പിച്ചിട്ടില്ലെന്നും പറഞ്ഞു. ഖാസി വാദിയോട് ചോദിച്ചു: ''താങ്കള്‍ ഈ പണം എവിടെ വച്ചാണ് ഇയാള്‍ക്ക് കൈമാറിയത്?''
വാദി: ''കാട്ടില്‍ ഒരിടത്ത് വച്ച.്''
ഖാസി: ''അവിടെ വല്ല അടയാളവുമുണ്ടോ?''
വാദി: ''ഉണ്ട്; ഒരു മരമാണ്, അതിന് ചുവട്ടില്‍ വച്ചാണ് ഞാന്‍ പണമയാള്‍ക്ക് കൈമാറിയത്.''
ഖാസി: ''ശരി, എന്നാല്‍ ആ മരത്തിന്റെ ചുവട്ടില്‍ പോയി നോക്കൂ! അവിടെ താങ്കള്‍ കുഴിച്ചിട്ടിട്ട് മറന്നു പോയതായിരിക്കാം.''
വാദി പോയ ശേഷം പ്രതിയോട് ഖാസി പറഞ്ഞു: ''അദ്ദേഹം വരുന്നത് വരെ നീ ഇവിടെ ഇരിക്കുക.''
ഖാസി മറ്റു കേസുകളില്‍ തീരുമാനമെടുക്കാന്‍ പോയി. അല്‍പം കഴിഞ്ഞ് ഖാസി(റ) പെടുന്നനെ പ്രതിയോട് ചോദിച്ചു: ''എന്താ, അയാള്‍ ആ മരത്തിന്റെ അടുത്ത് എത്തിയിട്ടുണ്ടാകുമോ?''
''ഇല്ല, ഇപ്പോള്‍ എത്തിയിട്ടുണ്ടാവില്ല''-പ്രതിയുടെ മറുപടിയും പെട്ടെന്നായിരുന്നു.
അതോടെ ഖാസി കള്ളനെ കണ്ടെത്തി. അയാള്‍ക്ക് ആ മരം പരിചയമുണ്ടെന്നു വ്യക്തമായി. അതിന്നര്‍ത്ഥം അവിടെ വച്ച് അയാള്‍ വാദിയുമായി എന്തോ ഒരു ഇടപാട് നടത്തിയെന്നാണ്. ഒടുവില്‍ തെറ്റു സമ്മതിക്കേണ്ടിവന്നു.
മറ്റൊരു സംഭവം കൂടിയുണ്ട്. ഇതേ പരാതിയുമായി തന്റെയടുക്കല്‍ വന്ന ഒരാളോട് ഖാസി പറഞ്ഞു: ''ഇപ്പോള്‍ നിങ്ങള്‍ പോയിക്കൊള്ളൂ. നിങ്ങള്‍ ഇവിടെ വന്നു പറഞ്ഞത് പ്രതി അറിയരുത്. രണ്ടു ദിവസം കഴിഞ്ഞ് ഇവിടെ തിരിച്ചുവരുക.''
അയാള്‍ സ്ഥലംവിട്ടപ്പോള്‍ പ്രതിയെ വിളിച്ച് അദ്ദേഹം പറഞ്ഞു: ''എന്റെയടുത്ത് ധാരാളം പണം വന്നിട്ടുണ്ട്. നിങ്ങളുടെ വീട് സുരക്ഷിതമാണെങ്കില്‍ അതവിടെ സൂക്ഷിച്ചുവക്കണം.''
പ്രതി: ''അതെ, എന്റെ വീട് പൂര്‍ണ്ണ സുരക്ഷിതമാണ്.''
ഖാസി: ''ശരി, എന്നാല്‍ നിങ്ങള്‍ അതിനുള്ള സ്ഥലം സജ്ജീകരിച്ചു വക്കുക.''
പ്രതി വളരെ സന്തോഷത്തോടെ വീട്ടിലേക്ക് പോയി. ശേഷം പരാതിക്കാരന്‍ വന്നു. അദ്ദേഹത്തോട് ഖാസി പറഞ്ഞു: ''ഇനി നിങ്ങളുടെ സുഹൃത്തിന്റെയടുക്കല്‍ ചെന്ന് പണം ചോദിക്കുക. തരുന്നുവെങ്കില്‍ പ്രശ്‌നമില്ല. ഇല്ലെങ്കില്‍ പണം തിരിച്ചുതരണമെന്നും തരാത്ത പക്ഷം ഖാസിയോട് പരാതി പറയുമെന്നും പറയുക.''
അയാള്‍ സുഹൃത്തിന്റെയടുക്കല്‍ പോയി. ഖാസി(റ) പറഞ്ഞ പ്രകാരം ആവശ്യപ്പെട്ടു. സുഹൃത്ത് പണം തിരിച്ചു നല്‍കി. പിന്നീട് അയാള്‍ ഖാസിയുടെ അടുക്കല്‍ വന്നപ്പോള്‍ അദ്ദേഹം അയാളെ ശകാരിക്കുകയും മാപ്പു കൊടുക്കുകയും ചെയ്തു. (അത്വുറുഖുല്‍ ഹികമിയ്യസ്സിയാസിയ്യ, ഇബ്‌നു ഖയ്യിം പേജ്: 22,23-അല്‍ ഇത്തിഹാദ് പ്രസ്സ്, ദമസ്‌കസ്. ഹി. 1375)
ഇബ്‌റാഹീമുബ്‌നു മര്‍സൂഖ് ബസ്വരീ പറയുന്നു:
'' ഖാസി ഇയാള്(റ) ഖാസിയാകുന്നതിനു മുമ്പാണ്. ഞങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ ഇരിക്കുകയാണ്. ഒരാള്‍ വന്ന് മുമ്പിലുളള ഉയര്‍ന്ന സ്ഥലത്തിരുന്ന് വഴിയാത്രക്കാരെ വീക്ഷിച്ചുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ അയാള്‍ അവിടെ നിന്ന് എഴുന്നേറ്റ് ഒരു വഴിയാത്രക്കാരന്റെ പിന്നാലെ കൂടി മുഖം നോക്കി തിരിച്ചു വന്നു അതേ സ്ഥലത്ത് തന്നെ ഇരിക്കുകയും ചെയ്തു. അദ്ദേഹത്തെ നോക്കി ഇയാള്(റ) ചോദിച്ചു: ''പറയൂ, അദ്ദേഹത്തിന് എന്താണ് വേണ്ടത്?''
''താങ്കള്‍ തന്നെ പറഞ്ഞാലും''-എല്ലാവരും മറുപടി പറഞ്ഞ.
ഇയാള്: ''അദ്ദേഹം അധ്യാപകനാണ്. അദ്ദേഹത്തിന്റെ ഒറ്റ കണ്ണുള്ള ഒരു ഭൃത്യനെ കാണാതായിട്ടുണ്ട്. അവനെ തിരയുകയാണ്.''
ഉടനെ ഞങ്ങളില്‍നിന്ന് ഒരാള്‍ ആ വ്യക്തിയുടെ അടുക്കല്‍ ചെന്ന് ചോദിച്ചു: ''താങ്കള്‍ എന്താണ് അന്വേഷിക്കുന്നത്.''
അദ്ദേഹം: ''എന്റെ ഒരു ഭൃത്യനെ കാണാനില്ല. അവനെ അന്വേഷിക്കുകയാണ്.''
ചെന്നയാള്‍: ''ഭൃത്യന്‍ എങ്ങനെയുള്ളയാളാണ്?''
അദ്ദേഹം: (പല വിശേഷണങ്ങളും പറഞ്ഞ ശേഷം) ''അവന് ഒരു കണ്ണില്ല.''
ചെന്നയാള്‍: ''നിങ്ങള്‍ക്ക് എന്താണ് ജോലി?''
അദ്ദേഹം: ''കുട്ടികളെ പഠിപ്പിക്കുകയാണ്.''
അത്ഭുതസ്തബ്ദ്ധരായി ഞങ്ങള്‍ ഇയാളിനോട് ചോദിച്ചു: ''ഇതെല്ലാം താങ്കള്‍ക്ക് എങ്ങനെയാണ് അറിയാന്‍ കഴിഞ്ഞത്?''
ഖാസി(റ) പറഞ്ഞു: ''അദ്ദേഹം ഇവിടെ വരുമ്പോഴേ ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കുന്നുണ്ട്. തനിക്ക് ഇരിക്കാന്‍ അനുയോജ്യമായ ഒരിടം അദ്ദേഹം തെരയുന്നത് ഞാന്‍ കണ്ടു. അവസാനം ഇവിടെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് അദ്ദേഹം തെരഞ്ഞെടുത്തത്. ഞാന്‍ അദ്ദേഹത്തെ ആപാദചൂഢം നോക്കിയപ്പോള്‍ ഒരു രാജ കുടുംബത്തിലെ അംഗമല്ലെന്ന് മനസ്സിലായി. എനിക്ക് ബോധ്യമായത് രാജാക്കന്മാരെ പോലെ ഇരിക്കാന്‍ താല്‍പര്യപ്പെടുന്നയാളാണ് അദ്ദേഹമെന്നാണ്. അങ്ങനെ ചിന്തിച്ചപ്പോള്‍ കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകരാണ് ഈ സ്വഭാവക്കാരെന്ന് മനസ്സിലായി. അതുകൊണ്ട് അദ്ദേഹം ഒരു അധ്യാപകനാണെന്ന് എനിക്ക് പിടികിട്ടി.
''പിന്നെ, ഭൃത്യന്റെ കഥയോ?''-ഞങ്ങള്‍ ചോദിച്ചു:
''ഈ സാഹചര്യത്തില്‍ അയാള്‍ ഒരു കണ്ണേ സാധാരണ വഴിയാത്രക്കാരന്റെ മുഖം നോക്കി പോന്നിരുന്നു. ആ യാത്രക്കാരന് ഒരു ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ അയാള്‍ തന്റെ ഭൃത്യനെ അന്വേഷിക്കുകയാണെന്നും ഭൃത്യന്‍ ഒറ്റക്കണ്ണനാണെന്നും എനിക്ക് ബോധ്യമായി.
രസകരമായ പരാതി
യുക്തമായ പരിഹാരം
ഇമാം ശഅ്ബീ(റ) പറയുന്നു: ''ഒരിക്കല്‍ ഉമര്‍(റ)ന്റെ സന്നിധിയില്‍ ഒരു സ്ത്രീ വന്നു പറഞ്ഞു: ''അമീറേ, എന്റെ ഭര്‍ത്താവിനെപ്പോലെ നല്ല ഒരാള്‍ ലോകത്ത് ഒരുപക്ഷേ, വേറെയുണ്ടാകില്ല; അദ്ദേഹം പകല്‍ മുഴുവന്‍ നോമ്പും രാത്രി മുഴുവന്‍ നിസ്‌കാരവും നിര്‍വഹിക്കുന്നു.'' ഇത്രയും പറഞ്ഞ് സ്ത്രീ നിശ്ശബ്ദയായി. ഉമര്‍(റ)ന് സ്ത്രീ പറഞ്ഞതിന്റെ നിജസ്ഥിതി മനസ്സിലായില്ല. അദ്ദേഹം പറഞ്ഞു: ''അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, നിങ്ങള്‍ക്ക് പൊറുത്ത് തരട്ടെ. നല്ല സ്ത്രീകള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെ കുറിച്ച് ഇങ്ങനെ തന്നെയാണ് പുകഴ്ത്തിപ്പറയുക.''
ഇതു കേട്ട സ്ത്രീ ഒന്നു സ്തംഭിച്ചുനിന്നു. എഴുന്നേറ്റു മടങ്ങിപ്പോവാനൊരുങ്ങി. അടുത്ത് കഅ്ബ്ബ്‌നു സിവാര്‍(റ) ഉണ്ടായിരുന്നു. തിരിച്ചുപോകാനൊരുങ്ങുന്ന സ്ത്രീയെ കണ്ട അദ്ദേഹം ഉമര്‍(റ)നോട് പറഞ്ഞു: ''അമീറെ, താങ്കള്‍ക്ക് അവര്‍ പറഞ്ഞത് മനസ്സിലായിട്ടില്ല. അവര്‍ തന്റെ ഭര്‍ത്താവിനെ പുകഴ്ത്തിയതല്ല, പരാതി പറഞ്ഞതാണ്. അവരുടെ ഭര്‍ത്താവ് ആരാധനാതല്‍പരനായി തന്റെ ബാധ്യതകള്‍ നിര്‍വഹിക്കുന്നില്ലെന്നാണ് പറഞ്ഞത്?''
''അത് ശരി, അതാണോ കാര്യം, അവരെ വിളിക്കൂ.'' ഉമര്‍(റ) ആജ്ഞാപിച്ചു.
അവര്‍ തിരിച്ചുവന്നു. അന്വേഷണത്തില്‍ കഅ്ബ്(റ) പറഞ്ഞതു തന്നെയാണ് കാര്യമെന്ന് ബോധ്യമായി. അതിനാല്‍ കഅ്ബിനോട് തന്നെ ഒരു തീരുമാനം പറയാന്‍ ഉമര്‍(റ) ആവശ്യപ്പെട്ടു. കഅ്ബ്(റ) പറഞ്ഞു: ''നേതാവേ, നിങ്ങള്‍ ഉണ്ടായിരിക്കെ ഞാന്‍ എങ്ങനെ തീരുമാനമെടുക്കാനാണ്?''
''നിങ്ങള്‍ക്കാണ് അവരുടെ പരാതി മനസ്സിലായത്. അതിനാല്‍ നിങ്ങള്‍ തന്നെ അത് പരിഹരിച്ചു കൊടുക്കുക''-ഉമര്‍(റ) പറഞ്ഞു.
കഅ്ബ്(റ) പറഞ്ഞു: ''വിശ്വാസികളുടെ നേതാവേ, ഏറിവന്നാല്‍ നാലു സ്ത്രീകളെ വിവാഹം കഴിക്കാനുള്ള അനുമതി ഓരോ പുരുഷനും അല്ലാഹു നല്‍കിയിട്ടുണ്ട്. ആരെങ്കിലും ഈ അനുമതിപ്രകാരം നാലു പേരെ കല്ല്യാണം കഴിച്ചാല്‍ നാലു ദിനരാത്രങ്ങളില്‍ ഒന്ന് ഒരു ഭാര്യക്ക് അവകാശപ്പെട്ടതാണ്. അതിനാല്‍ അവരുടെ ഭര്‍ത്താവ് മൂന്നു ദിവസം ആരാധനയില്‍ മുഴുകാനും നാലാം നാള്‍ നിര്‍ബന്ധമായും തന്റെ ഭാര്യയോടൊപ്പം കഴിയാനും താങ്കള്‍ കല്‍പന കൊടുക്കുക.''
കഅ്ബിന്റെ തീരുമാനം കേട്ടയുടനെ ഉമര്‍(റ) എഴുന്നേറ്റ് നിന്നു പറഞ്ഞു: ''ഈ തീരുമാനം താങ്കളുടെ ആദ്യത്തെ ഗ്രഹണ ശക്തിയെക്കാള്‍ അത്ഭുതകരം തന്നെ.'' പിന്നീട് കഅ്ബി(റ)നെ ഉമര്‍ ബസ്വറയുടെ ഖാസിയായി അവരോധിച്ചു. (അല്‍ ഇസ്തീആബ്..., ഇബ്‌നു അബ്ദുല്‍ ബര്‍റ്/286/3. മുസ്തഫ മുഹമ്മദ് പ്രസ്സ് -ഈജിപ്ത്: ഹി. 1358)
വ്യഭിചരിക്കാന്‍
അനുവദിക്കണം
പ്രബോധന രംഗത്ത് യുക്തിയും ബുദ്ധിയും ആവശ്യമാണ്. പക്ഷേ, സംശയരോഗമുള്ള ചില ആളുകളുണ്ടാവും. അവരെ ചികിത്സിക്കുന്നത് ഭാരിച്ച ചുമതലയാണ്. സത്യപ്രബോധകന് ഇവിടെ അത്യധികം ക്ഷമയും സഹനതയും വാത്സല്യത്തോടെയുള്ള സംബോധന കഴിവും യുക്തിയും ബുദ്ധിയും കാര്യങ്ങള്‍ ഹൃദയത്തില്‍ സന്നിവേഷിപ്പിക്കാനുള്ളത്ര ഗാംഭീര്യവും അത്യാവശ്യമാണ്. പ്രവാചകന്‍ സംശയരോഗികളെ എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് വ്യക്തമാക്കുന്ന ഒരു ഹദീസ് ഇന്ന് എന്റെ ശ്രദ്ധയില്‍പ്പെട്ടു.
അബൂ ഉമാമയുടെ നിവേദനം, ഖുറൈശിയായ ഒരു യുവാവ് നബിയുടെ ചാരത്ത് വന്നു വിചിത്രമായ കാര്യം ചോദിച്ചു: പ്രവാചകരേ, എനിക്ക് വ്യഭിചരിക്കാന്‍ അനുമതി തരണം.''
ആരോടാണ് ഇതു ചോദിച്ചതെന്ന് ചിന്തിച്ചുനോക്കൂ? പരിശുദ്ധ പ്രവാചകരോട്. മാലാഖ പോലും തങ്ങളുടെ പരിപാവനതയുടെ കാര്യത്തില്‍ മുമ്പില്‍ വരില്ല. ചോദിച്ചതോ, അത്ര നിസാര തെറ്റുമല്ല-വ്യഭിചാരം. മാന്യന്‍ നാവില്‍ ഈ വാക്ക് വരുന്നതു പോലും നാണിക്കും. മറ്റൊരാളോടാണ് ഇതു പറഞ്ഞതെങ്കില്‍ പറഞ്ഞയാളെ തള്ളിപ്പുറത്താക്കും. അതുകൊണ്ട് തന്നെ സദസ്യര്‍ ഈ യുവാവോട് കോപിച്ചു. അയാളെ ശകാരിച്ചു ഭയപ്പെടുത്തി. പക്ഷേ, അനുഗ്രഹിയായ പ്രവാചകന്‍ അവരെ സമാധാനപ്പെടുത്തി. അയാള്‍ ശത്രുതയോ എതിര്‍പ്പോ ഒന്നും കൊണ്ടല്ല; പ്രത്യുത സംശയരോഗിയായതുകൊണ്ടാണെന്നും അവന്‍ വാത്സല്യവും സ്‌നേഹവും ആഗ്രഹിക്കുന്നുവെന്നും നബി(സ) അവരെ ധരിപ്പിച്ചു. നബി അയാളോട് പറഞ്ഞു: എന്റെ അടുത്ത് വരൂ. അടുത്ത് വന്ന അയാളോട് നബി(സ) ചോദിച്ചു: ''ഇത് നിങ്ങളുടെ ഉമ്മയോടാണെങ്കില്‍ നിങ്ങള്‍ക്കത് ഇഷ്ടപ്പെടുമോ?''
യുവാവ്: ''ഇല്ല, ഒരിക്കലുമില്ല''
നബി: ''നീയും മറ്റു ആളുകളും അത് തങ്ങളുടെ ഉമ്മയോട് ഇഷ്ടപ്പെടുന്നില്ല. നിന്റെ മകളോടാണെങ്കിലോ?''
യുവാവ്: ''ഇല്ല പ്രവാചകരേ, സത്യമായും ഇല്ല.''
നബി: ''നിന്റെ സഹോദരിയെയാണെങ്കിലോ?''
യുവാവ്: ''ഇല്ല ദൈവദൂതരേ, സത്യമായും ഇല്ല.''
നബി: ''ആരും തന്റെ സഹോദരിയെ അങ്ങനെ ചെയ്യാനിഷ്ടപ്പെടുന്നില്ല. നിങ്ങളുടെ അമ്മായിയോടാണെങ്കിലോ?''
യുവാവ്: ''ഇല്ല, നബിയേ, സത്യമായും.''
നബി: ''അതെ, ആരും അത് അമ്മായിയോട് ആഗ്രഹിക്കുന്നില്ല.''
ഇത്രയും പറഞ്ഞ് പ്രവാചകന്‍ തന്റെ വാത്സല്യകരം യുവാവിന്റെ മേല്‍ വച്ചു പറഞ്ഞു: ''അല്ലാഹുവേ! ഇയാളുടെ ഹൃദയത്തെ പവിത്രമാക്കൂ''
ഇതിനുശേഷം യുവാവ് വളരെ നന്നായെന്നും ഒരു ഭാഗത്തേക്കും തിരിഞ്ഞുനോക്കുക പോലും ചെയ്യാറില്ലെന്നും ഉമാമ(റ) പറയുന്നു. ഈ നിവേദനപരമ്പര പ്രബലമാണെന്ന് ഇമാം ഹൈശമീ(റ) പറയുന്നുണ്ട്.
(മജ്മഉസ്സവാഇദ്. 129/11 ദാറുല്‍ കിതാബ്-ബൈറൂത്ത് 1967)
No comments:
Post a Comment