Thursday, February 23, 2012

ബാഖിയാത്തില്‍ പുതുമയുടെ ആഘോഷം സൃഷ്ടിച്ച പി.കെ.പി.

ബാഖിയാത്തില്‍ പുതുമയുടെ
ആഘോഷം സൃഷ്ടിച്ച പി.കെ.പി.

കെ.പി. കുഞ്ഞിമൂസ

ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധിപെറ്റ ഒരു ഉന്നത ദീനീ കോളേജാണ് വെല്ലൂര്‍ ബാഖിയാത്തുസ്വാലിഹാത്ത് അറബിക് കോളേജ്. സുന്നത്ത് ജമാഅത്തിന്റെയും സലഫുസ്വാലിഹുകളുടെയും കാല്പാടുകള്‍ പിന്‍പറ്റിയ ഈ മാതൃകാ സ്ഥാപനം ശതക്കണക്കില്‍ പണ്ഡിത കേസരികളെ വാര്‍ത്തുവിടുകയുണ്ടായി.
ബാഖിയാത്തിന്റെ ചരിത്രത്തില്‍ പുതിയ ഒരദ്ധ്യായം തുന്നിച്ചേര്‍ത്ത മലബാര്‍ വിദ്യാര്‍ത്ഥികളെ ബി.എസ്.എ. കോളേജ് പ്രിന്‍സിപ്പല്‍ അല്‍ഹാജ് ശൈഖുനാ മുഹമ്മദ് അബൂബക്കര്‍ ഹസ്രത്ത് മുക്തകണ്ഠം പ്രശംസിച്ചത് 1963-ലാണ്. ഞാന്‍ അന്ന് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്നു. മലബാര്‍ വിദ്യാര്‍ത്ഥികള്‍ ബാഖിയാത്തില്‍ ഒരു ജമാഅത്തിന് രൂപം നല്‍കിയതും പ്രസംഗ പരിശീലനവും മറ്റും നടത്തിയതും കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിക്കാരന്റെ നേതൃത്വത്തിലാണെന്നറിഞ്ഞപ്പോള്‍ ഊര്‍ജ്വസ്വലനായ ആ വ്യക്തിയെപ്പറ്റി അടുത്തറിയാന്‍ കൗതുകം ജനിച്ചു.
പിന്നെയും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോഴാണ് പി.കെ.പി. അബ്ദുസ്സലാം മൗലവി എന്ന പാപ്പിനിശ്ശേരിക്കാരനെ നേരില്‍ കണ്ടത്. സീനത്തുല്‍ ഉലമയുടെ കീഴില്‍ സീനത്ത് എന്ന പ്രസിദ്ധീകരണത്തിലൂടെ പി.കെ.പി. കൈവരുത്തിയ നേട്ടങ്ങളറിഞ്ഞപ്പോള്‍ ഒരു വ്യക്തിക്ക് പ്രസ്ഥാനമായി മാറാന്‍ സാധിക്കുമെന്ന് ബോധ്യപ്പെട്ടു.
സ്ഥിരോത്സാഹവും കഠിനാധ്വാനവും വഴി ദീനിനെതിരെ ആര്‍ത്തിരമ്പി വരുന്ന  എതിര്‍പ്പുകളെ സുധീരം എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും നേരിട്ട പി.കെ.പി. അബ്ദുസ്സലാം മൗലവി സുന്നത്ത് ജമാഅത്തിന്റെയും സലഫുസ്വാലിഹുകളുടെയും കാല്‍പ്പാടുകള്‍ പിന്‍പറ്റാന്‍ തലമുറയെ പ്രചോദിപ്പിക്കുകയായിരുന്നു.
സീനത്തുല്‍ ഉലമയുടെ സീനത്തിന്റെ ചീഫ് എഡിറ്ററായ പി.കെ.പി. അബ്ദുസ്സലാം മൗലവി അക്ഷര വിപ്ലവത്തിലൂടെ ഇസ്‌ലാമിന്റെ അഭിവൃദ്ധിക്കും യശസ്സിനുമായി ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു.
കക്കാടും മുക്കത്തും ഊരകത്തും മൊഗ്രാലിലും പാണാപള്ളിയിലും തവനൂരിലും ക്ലാരിയിലുമുള്ള സഹപാഠികളെ കോര്‍ത്തിണക്കി സീനത്തുല്‍ ഉലമയെ ചൈതന്യവത്താക്കിയ പി.കെ.പി. ചേരിപിരിയലിന്റെയും കക്ഷിമാത്സര്യത്തിന്റെയും മുനയൊടിക്കുകയാണ് ആദ്യം ചെയ്തത്. മതസ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനത്തിന് കോട്ടം തട്ടാതെ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ആത്മീയമായ രീതിയില്‍ ബോധ്യപ്പെടുത്തിയ മാതൃകാപുരുഷനാണ് പി.കെ.പി. ദക്ഷിണേന്ത്യയിലെ അറബി ഗ്രന്ഥശാലകളില്‍ പ്രഥമസ്ഥാനമര്‍ഹിക്കുന്ന ബാഖിയാത്തിന്റെ ലൈബ്രറിയില്‍ മുങ്ങിത്തപ്പി അറബി ഗ്രന്ഥങ്ങളും ഇതര ഭാഷാ ഗ്രന്ഥങ്ങളും സ്വായത്തമാക്കിയ വിജ്ഞാനം വികസിപ്പിച്ച ഈ വിദ്യാര്‍ത്ഥി എല്ലാ വ്യാഴാഴ്ചയും ഇശാനിസ്‌കാരാനന്തരം കോളേജ് ഹാളില്‍ നടത്തിയ പരിശീലന യോഗത്തിലെ മുഖ്യ പ്രാസംഗികനായി മാറി. ശൈഖുല്‍ ഹദീസ് ഹസ്‌റത്ത് അബൂബക്കര്‍ ഹസ്രത്ത്, മുസ്തഫാ ആലിം സാഹിബ് എന്നീ പണ്ഡിതന്മാര്‍ ഈ വിദ്യാര്‍ത്ഥിയുടെ മിടുക്ക് മനസ്സിലാക്കി സര്‍വ്വ പ്രോത്സാഹനങ്ങളും നല്‍കി. സീനത്തുല്‍ ഉലമയുടെ പ്രസിഡണ്ടായി അദ്ദേഹം അവരോധിക്കപ്പെട്ടു. പ്രസിദ്ധീകരണ കമ്മിറ്റിയില്‍ ചീഫ് എഡിറ്റര്‍ എന്ന പദവി ആലങ്കാരികമായി കൊണ്ടുനടക്കാനല്ല, ചൈതന്യവത്തായി ഉപയോഗപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചത്. സീനത്തില്‍ പ്രഗത്ഭരെ അണിനിരത്തിയതിനു പുറമെ പഠനാര്‍ഹങ്ങളായ ലേഖനങ്ങള്‍ എഴുതിത്തയ്യാറാക്കാനും പി.കെ.പി. മുതിര്‍ന്നു.
ഖാദിയാനിസത്തിന്റെ തനിനിറം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം എഴുതിയ സുദീര്‍ഘമായ ലേഖനം അഹമ്മദിയ്യാ ജമാഅത്തിന്റെ ജനയിതാവായ മീര്‍സാ ഗുലാം അഹ്മദ് ഖാദിയാനിയുടെ പ്രവചനങ്ങളിലെ പൊള്ളത്തരത്തിന് അക്കമിട്ടു മറുപടി പറയുന്നതായി. താന്‍ മഹ്ദിയും മസീഹുമാണെന്ന മീര്‍സയുടെ വാദവും ഇതില്‍ വിശ്വസിക്കാത്തവര്‍ ശിക്ഷാര്‍ഹരാണെന്ന താക്കീതും പിന്നീടുള്ള നബിത്വ വാദവും ഖണ്ഡിച്ചുകൊണ്ടായിരുന്നു പി.കെ.പിയുടെ തൂലിക ചലിച്ചത്. മീര്‍സയുടെ അനുചരന്മാര്‍ പൊതുജനങ്ങളെ കബളിപ്പിക്കാന്‍ കച്ചകെട്ടയിറങ്ങിയ കാലത്തായിരുന്നു ഇത്. പ്രത്യേകിച്ച് കണ്ണൂര്‍ ജില്ലയിലെ ചില പ്രദേശങ്ങള്‍ ആസ്ഥാനമാക്കി ഖാദിയാനികള്‍ അഭ്യസ്തവിദ്യരെ ചാക്കിട്ടു പിടിക്കുമ്പോഴാണ് മീര്‍സയുടെ ജീവചരിത്രം തന്നെ തേടിപ്പിടിച്ച് അഹമ്മദിയാക്കളുടെ ന്യായീകരണത്തിലെ വൈരുദ്ധ്യത്തെ തുറന്നു കാട്ടിയത്.
ഒരാള്‍ നബിയാണെന്ന് വാദിക്കുകയും സ്വപ്രയത്‌നം കൊണ്ട് ദൗത്യം കരസ്ഥമാക്കാമെന്ന് മോഹിക്കുകയും ചെയ്യുന്നതിലെ അപകടം അക്കമിട്ടു നിരത്തിയ പി.കെ.പി. അബ്ദുസ്സലാം മൗലവിയുടെ ലേഖനം പഠനാര്‍ഹവും ചിന്താര്‍ഹവുമായി.
മതമേഖലയില്‍ ദിശാസൂചികയായി വെളിച്ചം വിതറുന്ന തിളക്കമേറിയ തൂലികയുടെ ഈ ഉടമ വിശ്രമമില്ലാത്ത പ്രവര്‍ത്തനം ഇന്നും തുടരുമ്പോള്‍ സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തകരുടെ മനസ്സില്‍ കുളിര് പകരുന്നു. എത്ര തിരക്കിലും കൃത്യാന്തരബാഹുല്യങ്ങള്‍ക്കിടയിലും ഇസ്‌ലാമിക പ്രവര്‍ത്തകര്‍ക്ക് ആശയും ആവേശവും നല്‍കുന്ന പി.കെ.പി. അബ്ദുസ്സലാം മൗലവിയെ പോലുള്ളവര്‍ സമുദായത്തിന് അനിവാര്യമായ സന്ദര്‍ഭമാണിത്. കരുതലോടെ തൂലിക ചലിപ്പിക്കുന്നവര്‍ക്ക് ഗുണകരമായ മാറ്റം സൃഷ്ടിക്കാനാവും എന്ന് പി.കെ.പി. തെളിയിക്കുന്നു.

No comments:

Post a Comment