Friday, February 24, 2012

ഫത്‌വ
 
? എന്റെ പേര് ഉബൈദുല്ല. എന്റെ ജനനം ഒരു ഹൈന്ദവ കുടുംബത്തിലായിരുന്നു. ഇപ്പോള്‍ രണ്ടു വര്‍ഷമായി ഞാന്‍ ഇസ്‌ലാം മതം സ്വീകരിച്ചിട്ട്. എന്റെ മാതാപിതാക്കള്‍ ഹൈന്ദവ മതത്തിലാണ് മരിച്ചത്. എനിക്ക് അവരുടെ പരലോക ഗുണത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ? ഒരു ഫാതിഹ ഓതിയാല്‍ അത് സ്വീകരിക്കുമോ? എന്റെ മാതാപിതാക്കള്‍ക്ക് പൊറുത്തു കൊടുക്കണേ എന്ന് അല്ലാഹുവിനോട് ദുആ ചെയ്യാന്‍ പറ്റുമോ? ചെയ്താല്‍ അത് സ്വീകരിക്കുമോ?
= അല്ലാഹുവിന്റെയടുക്കല്‍ സ്വീകാര്യതയുള്ള ഏക മതമായ ഇസ്‌ലാം സ്വീകരിക്കാന്‍ സൗഭാഗ്യവും തൗഫീഖും ലഭിച്ച താങ്കള്‍ക്ക് അതിന് ഭാഗ്യം ലഭിക്കാതെ മരിച്ചുപോയ മാതാപിതാക്കളെ പറ്റി വിഷമമുണ്ടാവുക സ്വാഭാവികമാണ്. മുസ്‌ലിംകള്‍ക്ക് മാത്രമെ സ്വര്‍ഗ്ഗം ലഭിക്കുകയുള്ളൂ എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എത്ര അടുത്ത ബന്ധുവാണെങ്കിലും മുശ്‌രിക്കുകള്‍ക്കുവേണ്ടി പൊറുക്കലിനെ തേടല്‍ പ്രവാചകര്‍ക്കോ വിശ്വാസികള്‍ക്കോ പാടില്ലെന്ന് പരിശുദ്ധ ഖുര്‍ആന്‍ അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുണ്ട്. (അത്തൗബ 113) അവരുടെ ദോഷങ്ങള്‍ പൊറുക്കാനോ അവരെ സ്വര്‍ഗ്ഗത്തില്‍ പ്രവേശിപ്പിക്കാനോ പ്രാര്‍ത്ഥിക്കല്‍ ഹറാമാകുന്നു. എല്ലാം അല്ലാഹുവിന്റെ വേണ്ടുകയാണെന്നു കരുതി സമാധാനിക്കുക മാത്രമെ നമുക്ക് നിര്‍വ്വാഹമുള്ളൂ. ഇബ്‌റാഹീം നബി(അ)യുടെ പിതാവ്, ആദം നബി(അ)യുടെ മകന്‍ ഖാബീല്‍, നൂഹ് നബിയുടെ മകന്‍, ലൂത് നബിയുടെ ഭാര്യ തുടങ്ങിയവരൊക്കെ പ്രവാചകന്മാരുടെ ഉറ്റവരാണെങ്കിലും വഴിതെറ്റിയവരാണല്ലോ.

?ക്രിസ്ത്യാനികള്‍ അവരുടെ മൃതശരീരങ്ങളെ ആഭരണമണിയിച്ച് മറവുചെയ്യാറുണ്ടെന്ന് പറഞ്ഞുകേള്‍ക്കാറുണ്ട്. മുസ്‌ലിം സ്ത്രീകള്‍ മരണപ്പെട്ടാല്‍ കഫന്‍ പുടവകള്‍ക്കുപുറമെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിയിച്ച് മറവുചെയ്യാമോ? അത് സമ്പത്ത് വെറുതെ നഷ്ടപ്പെടുത്തലാവില്ലേ?
=  അവകാശികളുടെ സമ്മതത്തോടുകൂടെ സ്ത്രീകളുടെയും കുട്ടികളുടെയും മയ്യിത്തിന് സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങള്‍ അണിയിച്ചുകൊടുക്കലും ആഭരണത്തോടെ മറവ്‌ചെയ്യലും അനുവദനീയമാണ്. മയ്യിത്തിനെ ആദരിക്കുക എന്ന ഉദ്ദേശ്യം അതിലുണ്ടായതുകൊണ്ട് അത് സ്വത്ത് നിഷ്ടപ്പെടുത്തലാണെങ്കിലും ഹറാമാകുന്നില്ല. ഒരാവശ്യവുമില്ലാതെ സ്വത്ത് നഷ്ടപ്പെടുത്തലാണ് ഹറാമുള്ളത്. എങ്കിലും അത് കറാഹത്താണ്. (ബാജൂരി 1/257, 258)


?സ്ത്രീകള്‍ ജുമുഅ നിസ്‌കാരത്തില്‍ പങ്കെടുത്താല്‍ ളുഹര്‍ മടക്കേണ്ടതുണ്ടോ?
= സ്ത്രീകള്‍ക്ക് ജുമുഅ നിര്‍ബ്ബന്ധമില്ല. പരപുരുഷന്മാരോട് കൂടി ജുമുഅ ജമാഅത്തില്‍ പങ്കെടുക്കാതിരിക്കുകയാണ് അവര്‍ വേണ്ടത്. എങ്കിലും അവര്‍ പങ്കെടുത്താല്‍ ജുമുഅ സ്വഹീഹാകുന്നതാണ്. അതിനാല്‍ ളുഹര്‍ മടക്കി നിസ്‌കരിക്കേണ്ടതില്ല.

? സ്ത്രീകള്‍ ഡ്രൈവിംഗ് ചെയ്യുന്നതിന്റെ ഇസ്‌ലാമിക വിധിയെന്ത്? സ്ത്രീകള്‍ക്ക് ഭര്‍ത്താക്കന്മാരുടെയോ ആങ്ങളമാരുടെയോ പിന്നില്‍ ബൈക്ക് യാത്ര ചെയ്യാമോ?
= സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ ഇസ്‌ലാം വിവരിച്ചിട്ടുണ്ട്. അവ പൂര്‍ണ്ണമായും പാലിച്ച് ഡ്രൈവ് ചെയ്യുന്നതിനോ ബൈക്കില്‍ പിന്നിലോ മുന്നിലോ ഇരുന്ന് യാത്ര ചെയ്യുന്നതിനോ വിരോധമില്ല.


? സുബ്ഹി നിസ്‌കാരത്തിലെ ഖുനൂതിന് ശേഷം രബ്ബിഗ്ഫിര്‍ വര്‍ഹം വഅന്‍ത ഖൈറുര്‍റാഹിമീന്‍ എന്ന് ചൊല്ലുന്നതിന്റെ വിധി എന്താണ്?
= ഖുനൂത്തില്‍ റബ്ബിഗ്ഫിര്‍ വര്‍ഹം വ അന്‍ത ഖൈറുര്‍റാഹിമീന്‍ എന്ന് പറയല്‍ നല്ലതാ(സുന്നത്താ)ണെന്ന് ബിഗ്‌യ പേജ് 31-ല്‍ പ്രസ്താവിച്ചിട്ടുണ്ട്.


?ജുമുഅ ഖുതുബ നിര്‍വ്വഹിക്കാന്‍ ഖതീബ് മിമ്പറില്‍ കയറുമ്പോള്‍ ഏത് കാല്‍ മുന്തിക്കണം?
    ഇവിടെ മുമ്പ് ഉണ്ടായിരുന്നവര്‍ വലത് കാല്‍ ആദ്യം വെച്ച് പിന്നെ ഇടത് കാല്‍ വെച്ചായിരുന്നു ഇതുവരെ കണ്ടിരുന്നത്. ഇപ്പോള്‍ ഉള്ള ഖതീബ് പതിവായി ആദ്യം ഇടത് കാല്‍ വെച്ച് ഒന്നാം പടിയിലും പിന്നെ വലത് കാല്‍ രണ്ടാം പടിയിലും പിന്നെ ഇടത് കാല്‍ മൂന്നാം പടിയിലും വെച്ച് തിരിഞ്ഞ് നില്‍ക്കുന്നു. ശരിയായ രൂപം എങ്ങനെയെന്ന് അറിയിച്ചാലും?

= പള്ളിയില്‍ നിന്നാണല്ലോ മിമ്പറിലേക്ക് കയറുന്നത്. പള്ളിയേക്കാള്‍ മിമ്പറിന് മഹത്വമൊന്നുമില്ല. അതിനാല്‍ മിമ്പറില്‍ കയറുമ്പോള്‍ ഇന്ന കാല്‍ മുന്തിക്കണമെന്ന് പ്രത്യേകം നിയമമില്ല. നടന്ന് മിമ്പറിനടുത്തെത്തുമ്പോള്‍ ഏതു കാലാണോ സൗകര്യമായതെങ്കില്‍ ആ കാല്‍ മിമ്പറിന്റെ അടിയിലെ തട്ടില്‍ വെച്ച് മറ്റെ കാല്‍ അതിന്റെ മുകളിലെ തട്ടിലും വെച്ച് കയറുകയാണ് വേണ്ടത്.

? 50 വര്‍ഷം ഞങ്ങളുടെ മഹല്ലില്‍ ഖതീബും സദര്‍ മുഅല്ലിമും എല്ലാമായി പ്രവര്‍ത്തിച്ചിരുന്ന മാന്യ വ്യക്തി സുഖമില്ലാതെ വീട്ടില്‍ വിശ്രമിക്കുകയാണ്.
   പള്ളിഫണ്ടില്‍ നിന്ന് മാസാന്തം ഒരു സംഖ്യ പെന്‍ഷന്‍ നല്‍കാന്‍ പറ്റുമോ? പള്ളിയിലേക്ക് പൂര്‍വ്വീകര്‍ വഖഫ് ചെയ്ത സ്ഥലങ്ങളും ഒറ്റത്തെങ്ങുകളും കണ്ട് ചെറിയ ഒരു ശതമാനം മാത്രമേ അതില്‍ നിന്നുള്ള വരുമാനമുള്ളൂ. വെള്ളിയാഴ്ചകളില്‍ ദുആ ഇനത്തില്‍ കിട്ടുന്ന സംഭാവന, വാര്‍ഷിക വരിസംഖ്യ, നിക്കാഹ്, മരണം എന്നീ വുരമാനമാണ്. കാര്യമായ ജനറല്‍ ബോഡി തീരുമാനപ്രകാരം പെന്‍ഷനായി കൊണ്ടോ മറ്റോ മാസംതോറും നിശ്ചിത സംഖ്യ ഉസ്താദിന് നല്‍കുന്നതിന്റെ മതപരമായ വിധി പ്രസിദ്ധീകരിക്കുമെന്ന് പ്രത്യാശിക്കുന്നു?
= പള്ളിയിലും മദ്രസയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന മുന്‍ജീവനക്കാര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്നതിന് വിരോധമൊന്നുമില്ല. വഖഫ് സ്വത്തില്‍നിന്ന് കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊരാവശ്യത്തിനു വേണ്ടിയാണോ വഖ്ഫ് ചെയ്തത് ആ ആവശ്യത്തില്‍ മാത്രമെ വഖഫ് സ്വത്ത് വിനിയോഗിക്കാവൂ. വഖഫ് ചെയ്ത ആളുടെ നിബന്ധനയാണ് പ്രഥമമായി പരിഗണിക്കേണ്ടത്. അയാള്‍ പ്രത്യേക നിബന്ധനയൊന്നും പറഞ്ഞിട്ടില്ലെങ്കില്‍ വഖഫ് ചെയ്ത സമയത്തുള്ള പതിവ് പരിഗണിക്കണം. അതിന് നിബന്ധനയുടെ സ്ഥാനമുണ്ട്. മുന്‍കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ദീനീ പ്രവര്‍ത്തകര്‍ക്ക് പെന്‍ഷന്‍ കൊടുക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നില്ലല്ലോ. അതിനാല്‍ അന്നത്തെ വഖഫുകളില്‍ നിന്ന് പെന്‍ഷന്‍ കൊടുക്കാവതല്ല. പെന്‍ഷന്‍ കൊടുക്കാന്‍ മാത്രമായോ പെന്‍ഷന്‍ കൊടുക്കല്‍ കൂടി ഉദ്ദേശിച്ചോ വഖഫ് ചെയ്തിട്ടുണ്ടെങ്കില്‍ അതില്‍നിന്നും പെന്‍ഷന്‍ കൊടുക്കാവുന്നതാണ്.
പെന്‍ഷന്‍ കൊടുക്കാനായി പ്രത്യേകം ഒരു ഫണ്ടുണ്ടാക്കലാണ് ഏറ്റവും നല്ല മാര്‍ഗ്ഗം. ചോദ്യത്തില്‍ പറഞ്ഞതുപോലെ വെള്ളിയാഴ്ചകളിലെ ദുആ, വരിസംഖ്യ, മരണം, നിക്കാഹ് മുതലായവകളില്‍ നിന്ന് കിട്ടുന്ന പണം ഏതെല്ലാം വഴിക്ക് ചെലവാക്കാമെന്ന് തീരുമാനിക്കുകയും അത് ജനങ്ങളെ അറിയിക്കുകയും ചെയ്താല്‍ അതില്‍ നിന്നും പെന്‍ഷന്‍ നല്‍കാവുന്നതാണ്.

No comments:

Post a Comment