Wednesday, February 8, 2012

ഇബ്റാഹീം നബി: പരീക്ഷണത്തിന്റെ മരുഭൂമികള്‍ -2


ഇബ്റാഹീം നബി: പരീക്ഷണത്തിന്റെ മരുഭൂമികള്‍ -2
മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്‌

വലിയൊരു അഗ്‌നികുണ്ഡം. മാസങ്ങളോളം ശേഖരിച്ച വിറകാണ് അതില്‍ ആളിക്കത്തുന്നത്. അതിന്നടുത്തൊരു തെറ്റുവില്ല്. ഇബ്രാഹീമിനെ കൈകാലുകള്‍ ബന്ധിച്ച് അതില്‍ ഘടിപ്പിച്ചിരിക്കുന്നു. തന്റെ വിശ്വാസത്തില്‍നിന്നു പിന്തിരിയണം. പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമമിടണം. എങ്കില്‍ രക്ഷപ്പെടാം.
അല്ലെങ്കില്‍ അടുത്ത നിമിഷം തീ ജ്വാലകള്‍ തുപ്പുന്ന അഗ്നി കുണ്ഡത്തിലേക്ക് തന്നെ തൊടുത്തുവിടും. പക്ഷേ, അത്തരം ചിന്തകളൊന്നും ഇബ്രാഹീമിനെ നടുക്കിയില്ല. അദ്ദേഹത്തിന്റെ ചിത്തം ചിതറുകയോ പാദം പതറുകയോ ചെയ്തില്ല. ദൃഢമാനസനായി അതിനെ തരണം ചെയ്യാന്‍ തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തിയിരിക്കുകയാണ്. തീ ഒന്നു കൂടി ആളിക്കത്തിച്ചു. അതിനു ഉഗ്രത കൂടിയ സന്ദര്‍ഭം ഇബ്രാഹീം അതിലേക്കെടുത്തെറിയപ്പെട്ടു.
ഇബ്രാഹീം (അഗ്നികുണ്ഡത്തിന്റെ മധ്യത്തിലെത്തുന്നതിനു മുമ്പായി): ''ഹസ്ബിയല്ലാ..'' (എനിക്കല്ലാഹുമതി. ഭരമേല്‍പ്പിക്കാന്‍ അവനെത്ര നല്ലവന്‍)
ഈ ദയനീയ രംഗം ആകാശത്തുള്ള മലക്കുകള്‍ കണ്ടു. ഭൂമിയിലെ മനുഷ്യരല്ലാത്ത ജീവജാലങ്ങള്‍ അല്ലാഹുവില്‍ ആവലാതിപ്പെട്ടു. ഈ മഹാവിപത്തില്‍നിന്ന് ഇബ്രാഹീമിനെ രക്ഷിക്കാനഭ്യര്‍ത്ഥിച്ചു.
ജിബ്‌രീല്‍ (ആകാശത്തു നിന്നിറങ്ങി വന്നുകൊണ്ട്): ''ഇബ്രാഹീം, അങ്ങേക്കെന്തു വേണം? പറഞ്ഞാളൂ, നിര്‍വഹിച്ചു തരാം.''
ഇബ്രാഹീം: ''ജിബ്‌രീല്‍! അങ്ങ് പോയ്‌കൊള്ളൂ! താങ്കളോടെനിക്കൊന്നും ബോധിപ്പിക്കാനില്ല; ഒന്നും ആവാശ്യപ്പെടാനുമില്ല. 'ഹസ്ബിയല്ലാഹ്...' (എനിക്കല്ലാഹു മതി..)''
അല്ലാഹുവിന്റെ ഭാഗത്ത് നിന്ന്: ''ഓ... തീ, നീ ഇബ്രാഹീമിനു രക്ഷയേകുന്ന തണുപ്പായി മാറുക.'' (അല്ലാഹുവിന്റെ കല്‍പന കിട്ടേണ്ട താമസം അസഹ്യമായ ചൂട് സമാധാനപരമായ തണുപ്പായി ത്തീര്‍ന്നു. നംറൂദിന്റെ തീയ്ക്ക് ഇബ്രാഹീമിന്റെ വിശ്വാസത്തെയും ശരീരത്തെയും കരിക്കാനുള്ള ചൂടുണ്ടായിരുന്നില്ല.
*  *  *

വിജനമായൊരു മലഞ്ചെരുവ്. അവിടെ വെള്ളമില്ല; ഭക്ഷണമില്ല. ഉയര്‍ന്നു നില്‍ക്കുന്ന പാറക്കെട്ടുകളും ഹിംസ്ര ജന്തുക്കളും ഘോരാട്ടഹാസങ്ങളുമാണവിടത്തെ കൂട്ടുകാര്‍. അവിടേക്ക് രണ്ടു പേര്‍ നടന്നുവരുന്നു. ഒരു സ്ത്രീയും പുരുഷനും. അവരുടെ കൈയില്‍ ഒരു ചോരപ്പൈതലുമുണ്ട്. ആ കുഞ്ഞിനെയും അതിന്റെ മാതാവായ ആ സ്ത്രീയെയും അവിടെ നിര്‍ത്തിയിട്ട് ആ മനുഷ്യന്‍ തിരിഞ്ഞു നടക്കുന്നു. സ്ത്രീയുടെ ഭര്‍ത്താവും കുഞ്ഞിന്റെ പിതാവുമാണദ്ദേഹം.
സ്ത്രീ: ''ജനവാസമില്ലാത്ത, വിശപ്പടക്കാന്‍ ഭക്ഷണവും ദാഹം തീര്‍ക്കാന്‍ വെള്ളവും ലഭിക്കാത്ത ഈ വിജന ദേശത്ത് ഞങ്ങളെയും വിട്ടേച്ചങ്ങ് പോവുകയാണോ?''
(പുരുഷന്‍ ഉത്തരം പറയാതെ നടക്കുന്നു.)
സ്ത്രീ: ''ഇതു അങ്ങയുടെ സ്വാഭീഷ്ടപ്രകാരമോ, അെേതാ അല്ലാഹുവിന്റെ കല്‍പനയോ?''
പുരുഷന്‍: ''അതെ, അല്ലാഹുവിന്റെ കല്‍പനയാല്‍ തന്നെ. (ഇബ്രാഹീം(അ)ആണ് ആ  മനുഷ്യന്‍.)
വാര്‍ധക്യകാലത്ത് തനിക്ക് ലഭിച്ച ഓമന സന്താനം ഇസ്മാഈലിനെയും പ്രിയപത്‌നി ഹാജറയെയും ആ വരണ്ട വിജനദേശത്ത് വിട്ടേച്ച് പോവണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. ആ ത്യാഗീവര്യന്‍ അത് അക്ഷരംപ്രതി സ്വീകരിച്ചു.
ഇബ്രാഹീം (രണ്ട് കൈകളും ആകാശത്തേക്കുയര്‍ത്തി കൊണ്ട്): ''നാഥാ ഇതിനെ നീ നിര്‍ഭയ രാജ്യമാക്കണമേ. എന്നെയും എന്റെ സന്താനത്തെയും ബിംബാരാധനയെ തൊട്ടകറ്റേണമേ. ആ ബിംബാങ്ങള്‍ വളരെയധികം മനുഷ്യരെ വഴിപിഴപ്പിച്ചിരിക്കുന്നു. അതിനാല്‍ ആര് എന്നെ പിന്തുടര്‍ന്നുവോ അവര്‍ എന്നില്‍പെട്ടവനാണ്. എനിക്ക് വിരുദ്ധമായി നില്‍ക്കുന്നവര്‍, നാഥാ! നീ പൊറുക്കുന്നവനും കരുണാവാരിധിയുമാണ്. ഞങ്ങളുടെ നാഥാ! ഞാനെന്റെ സന്താനത്തെ കൃഷിയില്ലാത്ത ഈ താഴ്‌വരയില്‍, നിന്റെ ആദരണീയ വീടിന് സമീപം കൃത്യമായി നിസ്‌കാരം അനുഷ്ഠിക്കാന്‍ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. അതുകൊണ്ട് മനുഷ്യഹൃദയങ്ങളെ അവരിലേക്ക് നീ ആകര്‍ഷിപ്പിക്കേണമേ. അവര്‍ക്ക് പഴവര്‍ഗങ്ങളില്‍നിന്നു നീ ഭക്ഷിപ്പിക്കേണമേ. അവര്‍ നന്ദി ചെയ്യുന്നവരാകാന്‍...''
ശോകമൂകമായ അന്തരീക്ഷം. സഹന ശീലനായ ഇബ്രാഹീം നബി(അ)യുടെ ഹൃദയം നൊന്തുകൊണ്ടുള്ള പ്രാര്‍ത്ഥന ഉയര്‍ന്നു നില്‍ക്കുന്ന മലകളില്‍ ചെന്നലച്ചു. ദ്വിഗന്തങ്ങള്‍ അതേറ്റുചൊല്ലി. താങ്ങാനാവാത്ത ഹൃദയഭാരത്തോടെ അവിടെനിന്നു നടന്നുമറഞ്ഞു.
*  *  *

വര്‍ഷങ്ങള്‍ പലതു പിന്നിട്ടു. ഇസ്മാഈല്‍(അ)ന് ഏഴു വയസായി. ആ കുട്ടി പിതാവ് വരുമ്പോള്‍ കൂടെ അവിടെയെല്ലാം ഓടി നടക്കും. തന്റെ സായംസന്ധിയില്‍ ലഭിച്ച ഓമനക്കുഞ്ഞ് തുള്ളിച്ചാടി നടക്കുന്നതും വര്‍ത്തമാനം പറഞ്ഞു ചിരിച്ചുകളിക്കുന്നതും കാണുമ്പോള്‍ ഇബ്രാഹീം(അ)നു എന്തൊരു സന്തോഷമാണെന്നോ ആനന്ദാതിരേകത്താല്‍  അദ്ദേഹം മകനെ കെട്ടിപ്പിടിച്ചുമ്മവെക്കും. തുരുതുരാ നല്‍കുന്ന ചുടുചുംബനമേറ്റ ഇസ്മാഈല്‍ പ്പൊട്ടിപ്പൊട്ടിച്ചിരിക്കും.
ഇതെല്ലാം കാണുന്ന മാതാവിന്റെ സന്തോഷത്തിനതിരില്ല. അവര്‍ കുട്ടിയെ വാരിപ്പുണര്‍ന്ന് ചുംബനങ്ങളാല്‍ വീര്‍പ്പുമുട്ടിക്കും. പക്ഷേ, ആ സന്തുഷ്ട സുമോഹന ജീവിതം ഏറെനാള്‍ നീണ്ടുനിന്നില്ല. ഒരു ദിവസം ഇബ്രാഹീം(അ) നിദ്രയില്‍ ലയിച്ചിരിക്കുകയാണ്. തദവസരം ഒരു ദൂതന്‍ അദ്ദേഹത്തിന്നരികെ വന്നു.
ദൂതന്‍: ''ഓ ഇബ്രാഹീം! താങ്കളോട് മകന്‍ ഇസ്മാഈലിനെ ബലികഴിക്കാന്‍ അല്ലാഹു ആജ്ഞാപിക്കുന്നു.''
ഇബ്രാഹീം ഞെട്ടിയുണര്‍ന്നു. താനെന്താണീ കേട്ടത്? മകനെ ബലികഴിക്കണമെന്നോ? അദ്ദേഹം ചിന്താകുലനായി. അടുത്ത രണ്ട് ദിവസങ്ങളിലും ഇതാവര്‍ത്തിച്ചു. ഇത് അല്ലാഹുവിന്റെ കല്‍പ്പനയാണെന്നദ്ദേഹത്തിന് ബോധ്യമായി. മകനെ വിളിച്ചു വിവരം പറയാന്‍ അദ്ദേഹം നിശ്ചയിച്ചു. അഭിപ്രായം ആരായാനല്ല, മകന്റെ ഹൃദയ സ്ഥിതിയും ക്ഷമാ ശീലവുമറിയാന്‍.
ഇബ്രാഹീം: ''മകനേ ഇസ്മായില്‍! നിന്നെ ബലിയര്‍പ്പിക്കണമെന്ന് അല്ലാഹു സ്വപ്നദര്‍ശനം നല്‍കിയിരിക്കുന്നു. നീയെന്തു പറയുന്നു?''
ഇസ്മാഈല്‍: ''പ്രിയ പിതാവെ! അങ്ങയോടെന്താജ്ഞാപിക്കപ്പെട്ടുവോ അതങ്ങു നടപ്പാക്കുക! എനിക്കതില്‍ യാതൊരു ചാഞ്ചല്യവുമില്ല. അല്ലാഹു ഉദ്ദേശിക്കുകില്‍ ക്ഷമാശീലരില്‍ അങ്ങെന്നെ കാണും.
*  *  * 

ഒരു പരിക്ഷണം നടക്കാന്‍ പോവുകയാണ്. അനുപമമായ പരീക്ഷണം. പിതാവ് പുത്രനെ അറക്കുന്ന അതുല്യ പരീക്ഷണം! അല്ലാഹുവിന്റെ ആജ്ഞയാല്‍ അവന്റെ തൃപ്തിക്കു വേണ്ടി ചെയ്യുന്ന ധീരകൃത്യം!!
ഇബ്രാഹീം(അ) വെട്ടിത്തിളങ്ങുന്ന മൂര്‍ച്ചയേറിയ വാള്‍ മകന്റെ കണ്ഠത്തിലേക്ക് നീട്ടുന്നു!!
ആകാശത്തുള്ള മലക്കുകള്‍ ഭയവിഹ്വലരായി. ഭൂമിയിലെ പക്ഷിപറവാദികള്‍ വാവിട്ടു കരഞ്ഞു. അവസാനം... അല്ലാഹുവിന്റെ ഭാഗത്തുനിന്ന്: ''ഓ, ഇബ്രാഹീം! മതി! നിര്‍ത്തുക! താങ്കളുടെ സ്വപ്നം താങ്കള്‍ സത്യമായി പുലര്‍ത്തിയിരിക്കുന്നു.''
ഇബ്രാഹീം(അ) ബലി നിര്‍ത്തി. ജിബ്‌രീല്‍(അ) ഇസ്മാഈലിനെ പിടിച്ചുമാറ്റി. തല്‍സ്ഥാനത്ത് സ്വര്‍ഗത്തില്‍ നിന്നും കൊണ്ടുവരപ്പെട്ട ഒരു ആടിനെ കിടത്തി. അതിനെ അറക്കാന്‍ കല്‍പ്പിച്ചു. ഇബ്രാഹീം അതിന്റെ കഴുത്തില്‍ കത്തിവെച്ചു.
മഹത്തായ ഒരു പരീക്ഷണത്തിനു അന്ത്യം കുറിക്കപ്പെട്ടു. ഇബ്രാഹീം നബിക്ക് അതോടെ ഖലീലുല്ലാഹി എന്ന സ്ഥാനപ്പേര്‍ നല്‍കപ്പെട്ടു. പിതാവും പുത്രനും വിജയശ്രാലാളിതരായി സന്തോഷ സമേതം വീട്ടിലേക്ക് തിരിച്ചു. ഈ സ്മരണ നിലനിര്‍ത്തിക്കൊണ്ട് വിശ്വാസികളെന്നും വലിയ പെരുന്നാളിനു മൃഗബലി നടത്തുന്നു.


No comments:

Post a Comment