Friday, February 17, 2012

ചാലിലകത്ത് കുടുംബവും കൊയപ്പതൊടി കുടുംബവും

ചാലിലകത്ത് കുടുംബവും കൊയപ്പതൊടി കുടുംബവും
ഉമര്‍ റഹ്മാനി പുല്ലൂര്‍

സ്വിന്‍ഫാനി എന്ന പദം ഹദീസ് പാഠങ്ങളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. സമുദായത്തിന്റെ ഉയര്‍ച്ചയും താഴ്ചയും നിശ്ചയിച്ചുകൊടുക്കുന്ന രണ്ടു ഘടകങ്ങളായാണ്  നബി(സ) ആ സജ്ഞയെ വിശദീകരിക്കുന്നത്. പണ്ഡിതരും ഭരണകര്‍ത്താക്കളുമായ ഈ രണ്ടു വിഭാഗവും നന്മ കൊണ്ടും തിന്മകൊണ്ടും ഉമ്മത്തിനെ സ്വാധീനിക്കുമെന്നാണ്. അവര്‍ നന്നായാല്‍ സമൂഹവും നന്നായി, മോശമായാല്‍ സമൂഹവും മോശമായിയെന്ന് സാരം. പണ്ഡിതന്മാരും നാട്ടുകാരണവന്മാരും നന്മയുടെ മുഖത്ത് സമന്വയിക്കുമ്പോള്‍ ആ ദേശത്തിനും ദേശക്കാര്‍ക്കും കൈവരുന്ന സുകൃതങ്ങളുടെ സ്തുതിവര്‍ത്തമാനങ്ങള്‍ പറഞ്ഞാല്‍തിരാത്ത അഭിമാനം കൊണ്ടുവരുന്നതാണ്. മുത്ത് നബിയുടെ നാട്ടില്‍ ഇതിന്റെ അനുഭവം വസന്തകാലമായി വിരിഞ്ഞുവന്നിട്ടുണ്ട്. നബിയുടെ കാലത്ത് തന്നെ വിശുദ്ധ ഇസ്‌ലാമിനെ വഴിയും വിശ്വാസവുമായി സ്വീകരിച്ച കേരള മുസ്‌ലിംകള്‍ക്കും അവരുടെ ഓര്‍മ്മകളില്‍ നിന്ന്ഇങ്ങനെയുള്ള അഭിമാന മുഹൂര്‍ത്തങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനാകുന്നു.
ചാലിലകത്ത് എന്ന ഉലമാ കുടുംബവും കൊയപ്പതൊടി എന്ന ഉമറാ കുടുംബവും നന്മയുടെ ചരടില്‍ ചേര്‍ന്നുവന്നപ്പോള്‍ അനുഭവമായത് ആ അനുഭൂതിയാണ്. അഥവാ ചാലിലകത്ത് പണ്ഡിതന്‍മാരുടെ പാണ്ഡിത്യവും കൊയപ്പതൊടി കാരണവരുടെ പിന്തുണയും ഒന്നായി വന്നപ്പോള്‍ ഒരു ജനതയുടെ ഉയര്‍ച്ചയുടെ സൂര്യോദയങ്ങളായിരുന്നു പിറവിയെടുത്തത്. അതുവഴി കേരള മുസ്‌ലിംകള്‍ക്ക് ഒതുക്കവും ഉയര്‍ച്ചയും നിര്‍ണയിച്ചുകൊടുക്കുന്ന വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌കരിക്കപ്പെട്ടതോടെ സ്വത്വബോധത്തിന്റ അഭിമാനം കൂടി രൂപപ്പെട്ടുവരികയായിരുന്നു. മഖ്ദൂമുമാര്‍ പള്ളിദര്‍സുകളിലൂടെ തുടങ്ങിവച്ച പഠന കരിക്കുലത്തിന് അന്തസുള്ളതും ക്രിയാത്മകവുമായ പിന്തുടര്‍ച്ചയായിരുന്നു അത്.   കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പരവും സാഹിതീയവും സാംസ്‌കാരികവുമായ സല്‍ശീലങ്ങളെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ ചാലിലകത്ത്-കൊയപ്പതൊടി കൂട്ടുകെട്ടിന് കാര്യമായ കഥ പറയാനുണ്ട്. തിരൂരങ്ങാടിയിലെ ചാലിലകത്ത് കുടുംബവും വാഴക്കാട്ടെ കൊയപ്പതൊടി കുടുംബവും ദാര്‍ശനികമായി സമന്വയിച്ച് മുസ്‌ലിം ജീവിതത്തിന്റെ നിര്‍മാണതലങ്ങള്‍ സംവിധാനിച്ചതില്‍ മറ്റാരെക്കാളും വലിയ പങ്കും പിതൃത്വവും അന്നത്തെ പണ്ഡിത കാരണവരായ മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്കും കൊയപ്പതൊടി ഖാന്‍ സാഹിബ് മുഹമ്മദ് കുട്ടി ഹാജിക്കുമാണെന്ന് ഓര്‍ക്കണം.

ചാലിലകത്ത് കുടുംബം
തിരൂരങ്ങാടിയാണ് ചാലിലകത്ത് കുടുംബക്കാരുടെ ദേശം. ഇസ്‌ലാമിക ധാര എല്ലാ വിശുദ്ധിയും ഉള്‍കൊണ്ട് വന്നെത്തിയതിന്റെ അടങ്ങാത്ത അഭിമാനംപറച്ചിലും പിറന്ന മണ്ണില്‍ ജീവിക്കാനുള്ള അവകാശം സാധിച്ചെടുക്കാന്‍ പോരാടിയതിന്റെ എരിവുള്ള ഓര്‍മയും ഒരു നാളിലും മറക്കാനാവാത്തവിധം നാടിനുണ്ട്.
ഇസ്‌ലാമിന്റെ പാരമ്പര്യ ജ്ഞാന ശീലങ്ങള്‍ക്ക് ഉത്തമമായ വഴിയും വ്യവസ്ഥയും സജീകരിച്ചപ്പോള്‍ ആ അറിവിന്റെ അവസരങ്ങള്‍ പരിഗണിച്ച് കേരളത്തിന്റെ മദീനയെന്ന് തിരൂരങ്ങാടിയെ വിളിച്ചിരുന്നു. ദേശങ്ങളുടെ അതിര് വകവെക്കാതെ എല്ലാവര്‍ക്കും അറിവിന്റെ അവലംബമായി ഉയര്‍ന്ന മലയാളക്കരയുടെ മക്കയായ പൊന്നാനിക്കു ശേഷമാണ് തിരൂരങ്ങാടിയുടെ ഈ പെരുമ. ദര്‍സ് പഠിക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവിടേക്ക് ആളുകള്‍ വന്നു. തിരൂരങ്ങാടിയുടെ ഈ ജ്ഞാനധന്യമായ കാലത്തിന്റെ ഉടമ പറയുന്നിടത്ത് ചാലിലകത്ത് പണ്ഡിതന്‍മാര്‍ക്ക് വലിയ വിഹിതമുണ്ട്. ആ ഓര്‍മകള്‍ പ്രതാപങ്ങളുടെ നിറവില്‍ നിന്ന് ഒരു നാടിനെ ഉയര്‍ത്തിക്കൊണ്ടുവരും.
മറ്റു ദേശങ്ങളേക്കാള്‍ നബിയുടെ കാലത്തു കിട്ടിയ ഇസ്‌ലാമിനെ കാത്തുവെക്കാന്‍ കേരളത്തിനായി എന്നത് അധികം മറ്റാര്‍ക്കും പറയാനില്ലാത്ത വിശേഷമാണ്. മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, കോഴിക്കോട്, ചാലിയം, നാദാപുരം, കണ്ണൂരിലെ വളപട്ടണം തുടങ്ങിയ ദേശങ്ങള്‍ ആ കാലുറപ്പിച്ച സംസ്‌കാരത്തിന്റെ അനുഭവം പങ്കുവെക്കുന്നു. ഇവിടെ തിരൂരങ്ങാടിയും ചാലിയവും പരസ്പരം ഒരു ബന്ധം കൈവരുത്തിയിട്ടുണ്ട്. കേരളത്തിലെ ആദ്യകാല ഇസ്‌ലാം പ്രബോധകര്‍ 'ശാലിയാത്ത്' എന്നാണ് ചാലിയത്തെ വിളിച്ചിരുന്നത്. ഏറനാട്ടിലെ ആദ്യ ഇസ്‌ലാമിക കേന്ദ്രമായിരുന്നു ഇവിടുത്തെ തുറമുഖം ഇസ്‌ലാം വന്നെത്തുന്നതിനു മുമ്പ് ജൂതന്‍മാരുടെ വ്യാപാര വിളനിലമായിരുന്നു. ഹിജ്‌റ 22-ല്‍ ചാലിയത്ത് പള്ളി നിര്‍മിക്കപ്പെട്ടതോടെ ഇസ്‌ലാമിക ചലനങ്ങളും ആരംഭിച്ചു. ഇവിടുത്തെ ഖാസി ശൈഖ് സൈനുദ്ദീന്‍ ഇബ്‌നു മുഹമ്മദ് ഇബ്‌നു മാലിക് ഇബ്‌നു മദനി എന്നവരായിരുന്നു. ഈ ചാലിയം മുതല്‍ തിരൂരങ്ങാടി വരെയാണ് മലബാറില്‍ നേരത്തെ ഇസ്‌ലാം പ്രചരിച്ചിരുന്നത്.(1)
പഴയ കാലത്ത് കോഴിക്കോട്ടെ ഖാസിമാര്‍ താമസകേന്ദ്രമാക്കിയിരുന്നത് ചാലിയത്തെയായിരുന്നു. ശൈഖ് റമളാനുശ്ശാലിയാത്തി, അബൂബക്ര്‍ ഖാസി തുടങ്ങിയ പലരും ചാലിയത്തുകാരായിരുന്നല്ലോ. . ഖാസിമാരടക്കമുള്ള മഹാപണ്ഡിതര്‍ മലബാറിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇസ്‌ലാം പ്രചരിപ്പിച്ചിരുന്നു. തിരൂരങ്ങാടി, താനൂര്‍, തിക്കോടി, പറവണ്ണ മുതലായ പ്രദേശങ്ങള്‍ മുസ്‌ലിം കേന്ദ്രമായി ഉയര്‍ന്നുവന്നത് ഇങ്ങനെയാണ്. വലിയ പണ്ഡിതനായ മുഹമ്മദ് ഖാസിം എന്ന മഹാവ്യക്തിയെയായിരുന്നു ചാലിയത്തെ ഖാളിമാരിലൊരാള്‍ തിരൂരങ്ങാടിയിലേക്ക് ഇസ്‌ലാമിക പ്രബോധനത്തിന് അയച്ചത്. അദ്ദേഹം കാരണം എത്രയോ ജനങ്ങള്‍ ഇസ്‌ലാമിനെ വിശ്വാസവും വഴിയുമായി തങ്ങളിലേക്ക് ചേര്‍ത്തുപിടിച്ചു.
മഹാനായ ഈ പണ്ഡിതന്റെ പരമ്പരയിലേക്കാണ് ചാലിലകത്ത് കുടുംബം ചെന്നുചേരുന്നത്. ഈ കുടുംബത്തിലെ ഓരോ പണ്ഡിത മഹത്തുക്കളും അതാതു കാലത്തെ കര്‍മശാസ്ത്രത്തിലും സാഹിത്യത്തിലും തീര്‍പ്പുപറയുന്നതില്‍ മുമ്പിലായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങള്‍ക്കും പുത്രന്‍ ഫസല്‍ പൂക്കോയ തങ്ങള്‍ക്കും ഈ കുടുംബത്തോട് വലിയ ബന്ധവും മതിപ്പുമുണ്ടായിരുന്നു. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിക്ക് പുറമെ ചാലിലകത്ത് അലി ഹസന്‍, ചാലിലകത്ത് ഖുസയ്യ് ഹാജി, ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍, ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കേരളീയ മുസ്‌ലിംകള്‍ക്ക് ഇസ്‌ലാമിന്റെ അറിവും അഭിമാനവും നല്‍കിയ മികച്ച പണ്ഡിതന്‍മാരാണ്.

ചാലിലകത്ത് എന്ന പേര്
സാമുദായികമായി വൈജ്ഞാനിക നേതൃത്വം നല്‍കിയതു കാരണം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഇടം നേടിയ പണ്ഡിത കുടുംബമാണിതെന്ന്  പറഞ്ഞുവന്നു. യഥാര്‍ത്ഥത്തില്‍ മൗലാന കുഞ്ഞഹമ്മദ് ഹാജി ചാലിലകത്ത് കുടുംബക്കാരനല്ല. പിതാവിന്റെ വീട്ടുപേരില്‍ അറിയപ്പെടുകയെന്ന മലബാറിലെ പൊതു ശൈലിയില്‍നിന്നു മാറിയാണ് കുഞ്ഞഹമ്മദ് ഹാജിയിലേക്ക് ചാലിലകത്ത് എന്ന വിളി ചേര്‍ന്നുവന്നത്.(2)
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത ആദൃശ്ശേരിയിലെ പുരാതന മുസ്‌ലിം കുടുംബാംഗവും വ്യാപാര പ്രമുഖനുമായിരുന്ന മുത്താട്ടു കാള മൊയ്തീന്‍കുട്ടി ഹാജിയായിരുന്നു പിതാവ്. അദ്ദേഹം പൊതുസമ്മതനും തിരൂരിലും ചുറ്റുപാടുകളിലും പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു പറയുന്ന മധ്യസ്ഥനുമായിരുന്നു.(4) മാതാവ് വിശ്രുതമായ പണ്ഡിതകുടുംബത്തിലെ കണ്ണിയാണ്. മമ്പുറം സയ്യിദ് അലവി തങ്ങളുടെ സുഹൃത്തും ഫസല്‍ പൂക്കോയ തങ്ങളുടെ ഗുരുവര്യനുമായ മൗലാന ചാലിലകത്ത് ഖുസയ്യ് ഹാജിയുടെ മകള്‍ ഫാത്വിമ. വിജ്ഞാനത്തില്‍ വലിയ കഴിവുണ്ടായിരുന്ന ആ മാതാവ് ഖുര്‍ആന്‍ പാരായണ ശാസ്ത്രത്തില്‍ മികവ് തെളിയിച്ചിരുന്നു. തികഞ്ഞ മത ഭൗതികതയില്‍ ജീവിതം വിശുദ്ധമാക്കിയ അവര്‍ ആ കാലത്ത് കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുത്തുവന്നു. മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയും മതവിജ്ഞാനങ്ങളുടെ ആദ്യപാഠം ഈ മാതാവിന്റെ തിരുമുഖത്തുനിന്നാണ് സ്വായത്തമാക്കിയത്.
മൗലാനക്ക് അറിവിന്റെ അനുഭൂതി കിട്ടിത്തുടങ്ങിയത് മാതാവിന്റെ തണലിലാണ്. ഒരുപാട് ഇമാമുമാര്‍ക്ക് ഉണ്ടായ അനുഭവം പോലെ ആ മാതാവ് എല്ലാ പിന്തുണയുമായി തന്റെ മകന് ശക്തി നല്‍കിക്കൊണ്ടിരുന്നു. ഇമാം ശാഫിഈ(റ), ഇമാം മാലിക്(റ), ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍(റ) തുടങ്ങിയവര്‍ ഇങ്ങനെ മാതാവിന്റെ തണലിന്റെ സുഖം പറഞ്ഞുതന്നവരാണ്.
രണ്ടാം വയസ്സില്‍ പിതാവ് നഷ്ടമായ തന്റെ മകനെ വളരെ ചെറുപ്രായത്തില്‍ തന്നെ നിലവാരമുള്ള പാഠശാലയിലേക്ക് ചേര്‍ത്തു പഠിപ്പിക്കുകയായിരുന്നു ശാഫിഈ ഇമാമിന്റെ മാതാവ് ഫാത്വിമ. ഏഴാം വയസില്‍ ഖുര്‍ആനും പത്താം വര്‍ഷം മാലിക് ഇമാമിന്റെ 'മുവത്വ'യും മനഃപാഠമാക്കിയ അദ്ദേഹത്തിന് ഒരിക്കല്‍ ഇമാം മാലികി(റ)ന്റെ അടുത്തേക്ക് അറിവ് തേടിപ്പോകാനുള്ള പണം വീട്ടുപകരണങ്ങള്‍ വിറ്റാണ് മാതാവ് സൗകര്യപ്പെടുത്തി കൊടുത്തത്.
ഇമാം മാലിക്(റ)വിന്റെ ജീവിതവും ഇതില്‍നിന്ന് വേര്‍പിരിഞ്ഞുപോവുന്നില്ല. ഹിജ്‌റ 93-ല്‍ ജനിച്ച അദ്ദേഹത്തിന് ചെറുപ്പത്തിലേ പിതാവ് നഷ്ടമായി. പ്രയാസങ്ങളെന്തുണ്ടെങ്കിലും തന്റെ മകനെ അറിവ് പഠിപ്പിക്കണമെന്ന മാതാവിന്റെ ഉന്നതമായ ബോധം അവിടെ വേണ്ടതു ചെയ്തു. എഴുപത് മഹാപണ്ഡിതന്‍മാര്‍ വ്യത്യസ്തമായ ദര്‍സ് നടത്തുന്ന മദീന പള്ളിയിലെ റബീഅത് ബിന്‍ ആമിര്‍(റ)ന്റെ ദര്‍സില്‍ മകനെ ചേര്‍ത്തു പഠിപ്പിക്കുകയായിരുന്നു.(5) ഇമാമുമാര്‍ക്കു ശേഷവും ഈ അനുഭവം കൊണ്ട് അഭിമാനിക്കുന്ന നിരവധി മഹാത്മാക്കളുണ്ട്.
മൗലാന ചാലിലകത്തിന് പിതാവ് നഷ്ടപ്പെട്ടതല്ലെങ്കിലും ആ സാന്നിധ്യവും നോട്ടവും നഷ്ടമായി. തന്റെ വളരെ ചെറുപ്പത്തില്‍ തന്നെ പിതാവ് മാതാവിനെ മൊഴിചൊല്ലി ഉപേക്ഷിക്കുകയായിരുന്നു. അതുകാരണം മാതാവിന്റെ കുടുംബമായ ചാലിലകത്ത് തറവാട്ടുകാരോടൊപ്പമായിരുന്നു താമസം. അവിടെയാണ്  മൗലാനയുടെ ശരീരവും ബോധവും വളര്‍ന്നുവരുന്നത്. പില്‍കാലത്ത് ചാലിലകത്ത് എന്ന മാതാവിന്റെ വീട്ടുപേരില്‍ അദ്ദേഹം വിളിക്കപ്പെടുകയായിരുന്നു.(6) ദീനീ ചിട്ടയും വൈജ്ഞാനിക താല്‍പര്യവും തെളിഞ്ഞുനിന്ന ആ മാതാവും കുടുംബവും മൗലാനയുടെ വളര്‍ച്ചയില്‍ മറ്റെന്തിനെക്കാളേറെ സ്വാധീനമുണ്ടാക്കിയെന്ന് ഉറപ്പാണ്. ഈ കുടുംബവുമായി ബന്ധപ്പെട്ട് അറിയപ്പെട്ട മൂന്നു മേല്‍വിലാസ ചുരുക്കങ്ങളാണ് സി.എച്ച്, സി.എ, എം.സി.സി. എന്നിവ. ഇതില്‍ ആദ്യത്തേത് ചാലിലകത്ത്(സി.എച്ച്) എന്നും രണ്ടാമത്തേത് ചാലില്‍ അകത്ത്(സി.എ) എന്നുമാണ്. മൂന്നാമത്തേത്(എം.സി.സി) മൗലാനയുടെ മാതാവിന്റെയും പിതാവിന്റെയും വീട്ടുപേരുകള്‍ ചേര്‍ന്നുണ്ടായതാണ്. 'മൂത്താട്ട് കാള ചാലിലകത്ത്'എന്നാണ് അതിന്റെ വിശദം. മൗലാനയുടെ മക്കള്‍ ഈ വീട്ടുപേരിലാണ് അറിയപ്പെടുന്നത്(എം.സി.സി. സഹോദരങ്ങള്‍)(7)

ഇബ്‌നു സൗരിയെയ്‌നി
മൗലാനയുടെ പിതാവിന്റെ പേരിനൊപ്പം കാള എന്ന വാക്കു ചേര്‍ന്നു വരുന്നുവെന്ന് മുമ്പ് പറഞ്ഞു (മൂത്താട്ടു 'കാള' മൊയ്തീന്‍ കുട്ടി ഹാജി). യാത്രയുടെ പോക്കുവരവുകള്‍ക്ക് ഇന്നത്തെപോലെ സൗകര്യം അന്നുണ്ടായിരുന്നില്ല. തീവണ്ടിയോ മറ്റു വാഹനങ്ങളോ റോഡുകളോ നേരായിയില്ലാത്ത അന്ന് കഴിവുള്ളവര്‍ കാളപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. കച്ചവടച്ചരക്കും മറ്റും അതിന്‍മേല്‍ വഹിച്ചുകൊണ്ടു പോവുക പതിവായിരുന്നു. അത്തരം കാളകളെ പഴമക്കാര്‍ 'പൊതുക്കാളകള്‍' എന്നു പേരുവിളിക്കുന്നു.
അങ്ങനെ ചരക്കുകള്‍ വരുത്തി കച്ചവടം നടത്തിയിരുന്ന വന്‍കിട വാണിജ്യക്കാരെ പേരിനോട് സൗരിയ്യ് (കാളക്കാരന്‍) എന്ന് ചേര്‍ത്ത് വിളിച്ചു പോന്നു. ഇത് ഒരു പതിവു രീതിയും വിളിയുമായി തുടര്‍ന്നുപോന്നിരുന്നുവത്രെ. മൗലാനയുടെ പിതാവിന്റെ പ്രപിതാമഹന്‍മാരിലാരെയോ ഇങ്ങനെ വിളിക്കപ്പെട്ടതു കാരണം അദ്ദേഹത്തിനും ഈ പേര്‍ വന്നു. കുറെ മുമ്പുള്ള പിതാമഹന് വന്ന ഈ വിളിപ്പേര് സന്താന പരമ്പരയിലൂടെ തുടര്‍ന്നുവരാനാണ് സാധ്യത. ഇത് മൗലാനയുടെ പിതൃകുടുംബത്തിന്റെ അവസ്ഥ മാത്രമല്ല, മാതാവിന്റെ കുടംബത്തിലെ പഴമക്കാരെയും ഇവ്വിധം വിളിക്കപ്പെട്ടിരുന്നു. മാതൃപിതാവിന്റെ പിതാമഹനായിരുന്ന ഖുസയ്യ് എന്നയാളുടെ പേരിനൊപ്പം ഈ 'കാള' വിളിയുണ്ടായിയെന്നാണ്. അദ്ദേഹം പ്രമുഖനായ ഒരു വ്യാപാരിയായിരുന്നെന്നും പറയപ്പെടുന്നു. അങ്ങനെ മാതാവും പിതാവും വഴിയുള്ള പിതാമഹന്‍മാര്‍ 'കാള' വിളിക്കപ്പെട്ടതിനാല്‍ അവരുടെ സന്താനം എന്ന് അറിയിക്കാന്‍ മൗലാനയെ ഇബ്‌നു സൗരിയുയ്‌നിയായി മനസിലാക്കുന്നു.(8)

വഴിയും വീക്ഷണവും
ചാലിലകത്ത് കുടുംബക്കാരുടെ വഴിയും വീക്ഷണവും തന്നെയായിരുന്നു മൗലാനക്ക് പൊതുവിലും പ്രത്യേകിച്ചുമുണ്ടായിരുന്നത്. കുടുംബക്കാര്‍ പൊതുവില്‍ ഒന്ന് മൗലാനക്ക് പ്രത്യേകിച്ച് മറ്റൊന്ന് എന്ന സമവാക്യം ഇവിടെ അപ്രസക്തമാണ്. ഇസ്‌ലാമിക ധാരയുടെ പാരമ്പര്യ ആചാരശീലങ്ങള്‍ പച്ചയായി ഉള്‍കൊണ്ടവരും മാതൃക കാണിച്ചവരുമാണ് മൗലാനയുടെ ചാലിലകത്ത് കുടുംബക്കാരും. മൗലാനയുടെ മാതൃപിതാവ് (വല്യുപ്പ) ചാലിലകത്ത് ഖുസയ്യ് ഹാജി അകം തെളിഞ്ഞ സൂഫിയും മഹാപണ്ഡിതനുമായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ മുരീദും ശിഷ്യനുമായ അദ്ദേഹം ഇസ്‌ലാമിന്റെ വിശുദ്ധിയും സമഗ്രതയും ഉള്‍ചേര്‍ന്ന ത്വരീഖത്തിന്റെ ഉടമയായിരുന്നു. ഇസ്‌ലാമിക ചിന്തയുടെ യഥാര്‍ത്ഥഭാവമായ തസ്വവ്വുഫിനെ അംഗീകരിക്കുകയെന്നത് സുന്നികളുടെ പ്രത്യേകതയാണ്. മൗലാനയും ചാലിലകത്ത് കുടുംബത്തിലെ മുമ്പുള്ളവരും ഈ രീതിയില്‍ സ്വത്വവും ദര്‍ശനവും വിശുദ്ധിയില്‍ ലയിപ്പിച്ചവരായിരുന്നു.
മൗലാനയുടെ അമ്മാവന്മാരായ ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാരും ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാരും ഇസ്‌ലാമിന്റെ തനത് വഴിയില്‍ ചിന്താസാന്നിധ്യം ബലപ്പെടുത്തിയവരാണ്. അലി ഹസന്‍ മുസ്‌ലിയാര്‍ ബദ്‌രീങ്ങളെ തവസ്സുല്‍ ചെയ്ത് രചിച്ച 'ഖസ്വീദത്തുല്‍ ബദ്‌രിയ്യ' എന്ന കീര്‍ത്തനകാവ്യം പ്രസിദ്ധമാണെന്നതോടൊപ്പം പരിഷ്‌കരണത്തിന്റെ പേരില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന തെറ്റായ സന്ദേശങ്ങള്‍ക്കുള്ള താക്കീതു കൂടിയാണ്.
അലി ഹസന്‍ മുസ്‌ലിയാരുടെ പുത്രന്‍ ചാലിലകത്ത് മുഹമ്മദ് ഹാജി മൗലാനയുടെ ശിഷ്യനും പിതാവിനെപ്പോലെ ജീവിതത്തിന്റെ തെളിവ് മരണ ശേഷവും നിലനിര്‍ത്തിയവരുമാണ്. ബദ്‌രീങ്ങളെ വിളിച്ച് ആവശ്യങ്ങള്‍ കെട്ടഴിക്കുന്ന ''ഖസ്വീദത്തുല്‍ ബദര്‍' എന്ന അദ്ദേഹത്തിന്റെ കീര്‍ത്തനരചന നബിയും സ്വഹാബത്തും തുടര്‍ന്നുവന്ന ഇസ്‌ലാമിന്റെ തനിമയുടെ ഭാഗമാണിതെല്ലാം എന്ന ഉറപ്പ് തരാന്‍ പോന്നതാണ്. അമ്മാവനായ അബ്ദുല്ല മുസ്‌ലിയാരും ഈ രംഗത്തു നിന്ന് വിട്ടു നിന്നവരല്ല. സീറത്തുന്നബവിയ്യഃ, ഇര്‍ഷാദുല്‍ യാഫിഈ തുടങ്ങിയ കൃതികള്‍ മഹാനവര്‍ തര്‍ജമ ചെയ്തിട്ടുണ്ട്.(9)
മൗലാനയെയും പരിഷ്‌കരണത്തിന്റെ പേരില്‍ സുന്നി വിചാര കോണില്‍നിന്ന് കടത്തിക്കൊണ്ടുപോകേണ്ടതില്ല. അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയാണ് സുന്നി ബോധങ്ങള്‍ക്ക് അഭിമാനകരമായ നിലയുറപ്പില്‍ അലകും പിടിയും ഉറപ്പിച്ച് നല്‍കിയത്. ചെറുശ്ശേരി അഹ്മദ് കുട്ടി മുസ്‌ലിയാരും ഖുത്ബി മുഹമ്മദ് മുസ്‌ലിയാരും ഇസ്‌ലാമിക ജീവിതത്തിന് വിശുദ്ധമായ സനദ് നല്‍കിയ മൗലാനയുടെ പ്രധാന ശിഷ്യന്‍മാരാണ്. അവരുടെ മുഖത്ത് നിന്ന് ആവാഹിച്ച ജ്ഞാനബോധങ്ങളാണ് ഇന്ന് കേരളത്തില്‍ വിശേഷിച്ചും നിറഞ്ഞു നില്‍ക്കുന്നത്.
മൗലാനയുടെ വിയോഗശേഷം ആ ഖബറിടത്തില്‍ നാല്‍പത് ദിവസം ഖത്തപ്പുര കെട്ടി ഓത്തുണ്ടായിരുന്നു. അന്ന് കെ.എം. മൗലവിയടക്കമുള്ള ശിഷ്യന്‍മാര്‍ പലരും പങ്കെടുത്തിട്ടുമുണ്ട്. ഇവിടെ ഒരു കാര്യം തുറന്നുവന്നിട്ടുണ്ട്. മണ്ണാര്‍ക്കാട് മഅ്ദനുല്‍ ഉലൂം മദ്‌റസയില്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ വഫാത്തായ മൗലാനയുടെ മയ്യിത്ത് ജന്മനാട്ടിലേക്ക് (തിരൂരങ്ങാടി) കൊണ്ടുവന്നുവെന്നു മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതകാലത്തോട് പൊരുത്തം ഉളവാക്കുന്ന രീതിയില്‍ മരണാനന്തര കര്‍മങ്ങള്‍ നടത്തിയെന്നത് നാടും നാട്ടുകാരും മൗലാനയെ എങ്ങനെ ഉള്‍കൊണ്ടുവെന്നതിന്റെ ഉറപ്പുതരുന്ന സംഗതിയാണ്.
മണ്ണാര്‍ക്കാട് ദര്‍സ് നടത്തിയത് ജീവിതത്തിന്റെ അവസാന വേളയിലാണ്. മൗലാനയെ വഹാബിയ്യത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്നത് ആ ജീവിതത്തോടും മനസ്സിലുറപ്പിച്ച വിശ്വാസത്തോടും പ്രതിയോഗിച്ചു നില്‍ക്കുന്ന ചരിത്രപരമായ വങ്കത്തമാണെന്ന് ഉറപ്പാക്കുന്ന അനുഭവം ഉദാഹരിക്കാം. മണ്ണാര്‍ക്കാട്ടെ പൗരപ്രമുഖരില്‍ പ്രധാനിയായ ഖാന്‍ ബഹദൂര്‍ മൊയ്തുട്ടി സാഹിബിന്റെ വകയായി വളരെ വിപുലമായ മൗലിദ് മജ്‌ലിസ് സംഘടിപ്പിക്കാറുണ്ട്. അവിടെ അറുക്കാനുള്ള പശുക്കളെ തക്ബീര്‍ മുഴക്കിയാണ് അങ്ങോട്ട് ആനയിക്കുക. ഈ പരിപാടിയില്‍ മൗലാന പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും പതിവായിരുന്നു.(10) മദ്‌റസയിലും ദര്‍സിലും ആവശ്യമായ പരിഷ്‌കരണ രീതികള്‍ പ്രായോഗികമാക്കിയതിന് മൗലാനയെ തങ്ങളുടെ വലയത്തിലേക്ക് അല്‍പജ്ഞാനത്തോടെ കൂട്ടികൊണ്ടുപോയവര്‍ ഈ വസ്തുതകള്‍ അറിയുമ്പോള്‍ അദ്ദേഹത്തെ ആക്ഷേപം കൊണ്ടെറിഞ്ഞു തുടങ്ങുമോ? ഒന്നും ഉറപ്പിക്കാന്‍ പറ്റാത്തതാണ് സ്ഥിതി. 'തുഹ്ഫ' വിലയിരുത്തി മഖ്ദൂമിനെ ലോകം തിരിയുന്ന ദീര്‍ഘദര്‍ശനമുള്ള മഹാപണ്ഡിതനാക്കിയവര്‍ തന്നെ അദ്ദേഹത്തിന്റെ പിതാമഹനായ മഖ്ദൂം കബീറിന്റെ  മന്‍ഖൂസ് മൗലിദ് തുറന്നു നോക്കുന്നതിനു മുമ്പ് മഹാനവരെ ശിര്‍ക്കിന്റെ എല്ലാ മൂലയും ഒത്തുപിടിച്ച അംബാസിഡറാക്കുന്നതിലെ വൈപരീത്യം നമുക്ക് പരിചിതമാണല്ലോ.

മൗലാന ചാലിലകത്ത്
ഖുസയ്യ് ഹാജി(റ)

ജീവിതം കര്‍മോത്സുകമാക്കിയ കേരളം കണ്ട മഹാപണ്ഡിതനാണ് മൗലാന ഖുസയ്യ് ഹാജി. തിരൂരങ്ങാടി സ്വദേശിയായിരുന്ന അദ്ദേഹം അക്കാലത്തെ മലബാറിന്റെ കിടയറ്റ പണ്ഡിതനും മുഫ്തിയുമായിരുന്നു. ഏകദേശം 180-ല്‍പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചാലിലകത്ത് ആലി ഹസന്‍ പുത്രനായി ജനിച്ച അദ്ദേഹത്തെ ജീവിതത്തിന്റെ വെളിച്ചം കൊണ്ട് അന്നത്തെ ജനത മഹാനായ വലിയ്യെന്ന് വിളിച്ചു. ചാലിലകത്ത് ഇബ്രാഹീം ഹാജി എന്നാണ് യാഥാര്‍ത്ഥ പേര്.  കുത്തായി ഹാജിയെന്ന നാട്ടുവിളിപ്പേരിലാണ് പരക്കെ അറിയപ്പെട്ടത്.
സ്വദേശമായ തിരൂരങ്ങാടിയില്‍ വച്ച് പ്രാഥമിക പഠനം പൂര്‍ത്തീകരിച്ച ശേഷം ഏതാനും വര്‍ഷം പൊന്നാനിയിലായിരുന്നു പഠനം. ഹിജ്‌റ 1218 മുതല്‍ 1270 വരെ തിരൂരങ്ങാടി പള്ളിയില്‍ ഖാസിയായിരുന്ന മഹാപണ്ഡിതനും സൂഫിയുമായ സയ്യിദ് അലിയ്യുബ്‌നു സയ്യിദ് മുഹമ്മദുല്‍ ഖാദിരി(റ), മൗലാന കുഞ്ഞഹമ്മദ്ബ്‌നു സൈനുദ്ദീന്‍(റ), മൗലാന അഹ്മദ്ബ്‌നു മഖ്ദൂം രണ്ടാമന്‍(റ), മൗലാന അലി ഹസന്‍ മുഖ്ദൂം രണ്ടാമന്‍(റ) തുടങ്ങിയ രണ്ടു ലോകത്തിന്റെയും നേര്‍വെളിച്ചം മനസിലും മുഖത്തും തെളിഞ്ഞു നിന്ന മഹത്തുക്കളായിരുന്നു ഖുസയ്യ് ഹാജിയുടെ ഗുരുവര്യന്‍മാര്‍.
ശിഷ്യന്‍മാരെ പോലെ തന്നെ ഏതെങ്കിലും നിലക്ക് സഹവാസം പുലര്‍ത്തിയവരൊക്കെ ആത്മാവിന് ശരീരത്തേക്കാള്‍ വലിപ്പം നിശ്ചയിച്ച മഹാജീവിതങ്ങളായിരുന്നു. മമ്പുറം സയ്യിദ് അലവി തങ്ങളുടെ അരുമ ശിഷ്യനും മുരീദുമായിരുന്ന മൗലാന ഖുസയ്യ് ഹാജി ഒരിക്കല്‍ തങ്ങളോട് ഞാന്‍ അങ്ങയുടെ വീട്ടില്‍ വന്ന് മകനെ പഠിപ്പിക്കാമെന്ന് പറഞ്ഞു. അപ്പോള്‍ സയ്യിദിന്റെ മറുപടി, ''ഇല്‍മ് തേടിപ്പോകേണ്ടത് മുഅല്ലിം അല്ല'' എന്നായിരുന്നു. മഹാനായ തങ്ങള്‍ തന്റെ പുത്രന്‍ ഫസല്‍ തങ്ങളെ മൗലാന ഖുസയ്യ് ഹാജിയുടെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. മമ്പുറം തങ്ങുടെ പുത്രനെ പഠിപ്പിക്കാനായത് ചാലിലകത്ത് കുടുംബത്തിന് ബര്‍ക്കത്ത് തുറന്നുവരാന്‍ കാരണമായി വന്നുവെന്ന് ഫലകി മുഹമ്മദ് മൗലവി കുറിക്കുന്നുണ്ട്.(11)
മമ്പുറം ഫസല്‍ പൂക്കോയ തങ്ങള്‍ക്ക് പുറമെ പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ് ആറ്റക്കോയ തങ്ങള്‍ (ഹിജ്‌റ 1240-1302) താനാളൂര്‍ ഖാസിയായിരുന്ന ഖാസിയാരകത്ത് വലിയ മുഹമ്മദ് മുസ്‌ലിയാര്‍ (ഹിജ്‌റ 1256-1322), കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാര്‍ (ഹിജ്‌റ 1219-1350) മുതലായവര്‍ മൗലാന യൂസുഫ് ഹാജിയില്‍ നിന്ന് ജ്ഞാനപഠനം നടത്തി ഖല്‍ബിനു പ്രകാശം കൈവരുത്തിയവരായിരുന്നു.
മഖ്ദൂം പണ്ഡിതന്‍മാരാലും മറ്റും സംസ്‌കരിക്കപ്പെട്ട വിശുദ്ധമായ ഒരു കാലത്തെ ജീവിതം  അനുഭവിക്കുകയായിരുന്നു മൗലാന ഖുസയ്യ് ഹാജി. ശൈഖ് അബൂബക്കര്‍ ബിന്‍ഹിശാം എന്ന ഔകോയ മുസ്‌ലിയാര്‍, പൊന്നാനി വലിയ ബാവ മുസ്‌ലിയാര്‍, പൊന്നാനി പുതിയകത്ത് കമ്മുക്കുട്ടി മുസ്‌ലിയാര്‍, പയ്യനാട് ബൈതാന്‍ ഉസ്മാന്‍ മുസ്‌ലിയാര്‍, പുതിയകത്ത് സൈനുദ്ദീന്‍ മഖ്ദൂം ആഖിര്‍ തുടങ്ങിയ അറിവിന്റെ പ്രകാശമാനങ്ങള്‍ അന്നു ജീവിച്ചവരാണ്. ഖുസയ്യ് ഹാജിയുടെ സമകാലികരെന്നോ സുഹൃത്തുക്കളെന്നോ അവരെ കുറിച്ച് പറയാം. എന്തായാലും പരസ്പരം അനുഗ്രഹവും സാമീപ്യവും നല്‍കിയും വാങ്ങിയും നീങ്ങിയവരായിരുന്നു അവര്‍.
തിരൂരങ്ങാടി നടുവിലെ പള്ളിയിലെ മുദര്‍രിസായിരുന്ന മഹാനവര്‍ തന്റെ ചുറ്റുപാടുമുള്ള സാമൂഹിക നീക്കുപോക്കുകളെ നല്ലവണ്ണം ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്തിരുന്നു. കൊണ്ടോട്ടി കൈക്കാരും പൊന്നാനി കൈക്കാരും തര്‍ക്കത്തില്‍ എരിഞ്ഞുവന്നത് അന്നാണ്. മുസ്‌ലിം കേരളം ഏറെ ശ്രദ്ധിച്ച വിവാദ തുടര്‍ച്ചയായിരുന്നു അത്.
ഡല്‍ഹിയില്‍ ജനിച്ച മുഖദ്ദം ഗോത്രക്കാരനായ മുഹമ്മദ് ഷാഹ് തങ്ങളായിരുന്നു കൊണ്ടോട്ടി തങ്ങന്‍മാരിലെ ആദ്യ സാന്നിധ്യം. ഹജ്ജിന് ശേഷം ഫലസ്തീനിലെത്തിയപ്പോള്‍ കേരളത്തിലേക്ക് പോകാന്‍ ദര്‍ശനമുണ്ടായിരുന്നത്രെ.(12) ഇവിടേക്ക് താമസമാക്കിയ മുഹമ്മദ് ഷാഹ് തങ്ങളുടെ പൗത്രനായ ഇശ്തിയാഖ് ഷാഹ് ഒന്നാമനായിരുന്നു മൗലാന ഖുസയ്യ് ഹാജിയുടെ കാലത്തെ കൊണ്ടോട്ടി തക്‌യാവിലെ സ്ഥാനപതി. ഒന്നാമന്‍ തന്റെ മുരീദുമാരോട് തനിക്ക് (സവിധത്തില്‍) സുജൂദ് ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്നു. കേരളത്തിലെ അന്നുള്ള മഹാപണ്ഡിതന്മാര്‍ ഈ ശീലത്തെ ശക്തമായി എതിര്‍ത്തു രംഗത്തുവന്നു(13)
അറബിയിലും അറബി മലയാളത്തിലുമായി നിരവധി ഫത്‌വകളും പുസ്തകങ്ങളും ഇതിന്റെ പേരില്‍ അന്ന് പുറത്തുവന്നു. മക്കയിലെ മുഫ്തി പോലും കൊണ്ടോട്ടിയിലെ ഈ പുതുശീലത്തെ പ്രതിയോഗിച്ച് ഫത്‌വ പറഞ്ഞിട്ടുണ്ട്. മൗലാന ഖുസയ്യ് ഹാജിയും തന്റെ കാലത്തുണ്ടായ ഈ ദുഃശ്ശീലത്തിനെതിരെ പ്രതികരിച്ചു. ഖുസയ്യ് ഹാജിയുടെ സുദീര്‍ഘമായ ഫത്‌വ 'മുഅ്ജമുല്‍  ഫതാവാ'എന്ന ഫത്‌വാ സമാഹരത്തിലുണ്ട്. ധാരാളം പണ്ഡിതന്‍മാര്‍ എഴുതിയതും 150-ല്‍ പരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രോഡീകരിച്ചതുമായ ഈ ഫത്‌വാ ഗ്രന്ഥം അറബി-മലയാളത്തില്‍ കൈയ്യെഴുത്ത് കൃതിയായാണ് ക്രമീകരിച്ചിരിക്കുന്നത്.
ജീവിതത്തിന്റെ അവസാന കാലയളവില്‍ മൗലാന ഖുസയ്യ് ഹാജി തന്റെ നാടായ തിരൂരങ്ങാടി നടുവിലെ പള്ളിയിലായിരുന്നു ദര്‍സ് നടത്തിയിരുന്നത്. വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുണ്ടായിരുന്ന സൂക്ഷ്മശാലിയായ ആ മഹാ പണ്ഡിതന്‍ തന്റെ ജീവിത രീതി മറ്റുള്ളവരെ സ്വാധീനിക്കുന്ന വിധത്തില്‍ സംവിധാനിച്ചിരുന്നു. അദ്ദേഹം മുഖേന നാല്‍പതോളം കുടുംബങ്ങള്‍ ഇസ്‌ലാമിക വഴിയിലേക്ക് കടന്നുവന്നിട്ടുണ്ട്.(14)
മുഹമ്മദ് ഖാസിം എന്ന ചാലിലകത്ത് കുടുംബത്തിന്റെ ആദ്യകാല കാരണവരുടെ തനിമനിറഞ്ഞ ജീവിതത്തിന്റെ നേരായ പിന്തുടര്‍ച്ചയായിരുന്നു മൗലാന ഖുസയ്യ് ഹാജിയിലൂടെ അനുഭവമായത്. മുഹമ്മദ് ഖാസിം എന്നവര്‍ക്ക് ശേഷം പ്രസിദ്ധരായി ഉയര്‍ന്ന മഹാപണ്ഡിതര്‍ ഇദ്ദേഹവും ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുമാണ്. ഹിജ്‌റ 1221-ല്‍ ജനിച്ച മഹാനവര്‍ 1284-ല്‍ വഫാത്തായി. 63 വയസ് പ്രായമായിരുന്നു.

ചാലിലകത്ത് അലി
ഹസന്‍ മുസ്‌ലിയാര്‍

കേരള മുസ്‌ലിംകളുടെ സാഹിതീയമായ സാന്നിധ്യത്തിന് സല്‍പേരും മേല്‍വിലാസവും നല്‍കിയ മഹാപണ്ഡിതനാണ് അലി ഹസന്‍ മുസ്‌ലിയാര്‍. പാണ്ഡിത്യത്തിന്റെ വിശാല പ്രതിഫലനങ്ങള്‍ മഹാനിലൂടെ അന്നത്തെ ജനതക്ക് അനുഭവമായിരുന്ന മൗലാനാ ഖുസയ്യ് ഹാജിയുടെ ആദ്യ സന്തതിയാണ്. തിരൂരങ്ങാടിയിലെ നടുവിലെ പള്ളിയില്‍ വച്ച് പിതാവില്‍നിന്ന് തന്നെ പ്രാഥമിക പഠനം നടത്തി. പരപ്പനങ്ങാടിയിലും പൊന്നാനിയിലുമായിരുന്നു ഉന്നത പഠനം. ഔകോയ മുസ്‌ലിയാരും(പരപ്പനങ്ങാടി), വലിയ ബാവ മുസ്‌ലിയാരു(പൊന്നാനി)മായിരുന്നു പ്രധാന ഗുരുമുഖങ്ങള്‍.
മഹാപണ്ഡിതന്‍മാരില്‍ നിന്ന് അറിവിന്റെ ഉയര്‍ന്ന ആകാശങ്ങള്‍ ആവാഹിച്ചതിന് ശേഷം അധ്യാപനം തുടങ്ങി. തിരൂരങ്ങാടി നടുവിലെ പള്ളി, വേങ്ങര കച്ചേരിപ്പടി ജുമുഅത്ത് പള്ളി, ചേറൂര്‍ വലിയ ജുമുഅത്ത് പള്ളി, കുറ്റിപ്പുറത്തിനടുത്ത കൂടല്ലൂര്‍ പള്ളി എന്നിവയാണ് മഹാനവര്‍ ദര്‍സ് നടത്തിയ പ്രധാന സ്ഥലങ്ങള്‍. മനസ് തെളിഞ്ഞ ജീവിതമായി ജനം അനുഭവിച്ച സൂഫിവര്യന്‍ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ പിതാവ് ഹസന്‍ മുസ്‌ലിയാര്‍, മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ ശിഷ്യന്‍മാരില്‍ പ്രമുഖരാണ്.
അലി ഹസന്‍ മുസ്‌ലിയാരുടെ സഹോദരീപുത്രനാണ് കുഞ്ഞഹമ്മദ് ഹാജി. തനിക്ക് ഗുരുവും അമ്മാവനുമായ അലി ഹസന്‍ മുസ്‌ലിയാരെ തന്റെ മുമ്പിലെ വലിയ മാതൃക നിറഞ്ഞ ജീവിതമായി തെളിഞ്ഞുവരുകയായിരുന്നു കുഞ്ഞഹമ്മദ് ഹാജിക്ക്. പാണ്ഡിത്യത്തിന്റെ പ്രയോഗ തലങ്ങളായി എഴുത്തും പ്രസംഗവും ജീവിപ്പിച്ച അലി ഹസന്‍ മുസ്‌ലിയാരെ മൗലാന നല്ലവണ്ണം നോക്കി കണ്ടു.
മുസ്‌ലിം സാഹിത്യരംഗത്ത് പത്രപ്രവര്‍ത്തന മേഖലയുടെ തുടക്കക്കാരന്‍ എന്ന നിലയില്‍ പരിഗണിക്കാവുന്ന വ്യക്തിയാണ് അലി ഹസന്‍ മുസ്‌ലിയാര്‍. മമ്പുറം സയ്യിദ് അലവി തങ്ങളുടെ പുത്രി സയ്യിദത്ത് ശരീഫ കുഞ്ഞിബീവിയുടെ ദ്വിതീയ പുത്രനായിരുന്ന സയ്യിദ് അബ്ദുല്ല കോയ തങ്ങളായിരുന്നു തിരൂരങ്ങാടിയില്‍ നിന്ന് പുറത്തുവന്നിരുന്ന 'ഹിദായത്തുല്‍ ഇഖ്‌വാന്‍' മാസികയുടെ സ്ഥാപകന്‍. തെളിയിച്ചു പറഞ്ഞാല്‍ കേരള മുസ്‌ലിംകളുടെ ഒന്നാമത്തെ മാസികയാണിത്. ഇതിന്റെ പത്രാധിപ ചുമതല  ചാലിലകത്ത് അലി ഹസന്‍ മുസ്‌ലിയാര്‍ക്കായിരുന്നു. അക്കാലത്തെ അദ്ദേഹത്തെ മുന്‍കടക്കുന്ന ഒരു സാഹിത്യകാരനും കേരള മുസ്‌ലിംകള്‍ക്ക് പരിചയമില്ലായിരുന്നു.(15)
തന്റെ പിതാവിനെ പോലെ ജീവിതത്തിന്റെ ചുറ്റുപാടുകളെ നേരാംവണ്ണം വിലയിരുത്താനും നിര്‍ണയിക്കാനും വലിയ പക്വത കാണിക്കുകയായിരുന്നു അലി ഹസന്‍ മുസ്‌ലിയാര്‍. കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കത്തിന് കാരണമായ വശങ്ങളെ അദ്ദേഹം ചോദ്യം ചെയ്തിരുന്നു. മുസ്‌ലിയാരുടെ ഖണ്ഡന രചനകള്‍ എല്ലാ അരികും ഉള്‍കൊണ്ടതായിരിക്കും. ഖുര്‍ആന്‍-ഹദീസ് വചനങ്ങളും പണ്ഡിത ഉദ്ധരണികളും മുമ്പില്‍വച്ചുള്ള അദ്ദേഹത്തിന്റെ സമര്‍ത്ഥനസിദ്ധി ഒന്നു വേറെ തന്നെയായിരുന്നുവെന്ന് അതു കണ്ട് പരിശോധിച്ച ചരിത്രാന്വേഷികള്‍ വിലയിരുത്തുന്നു.(16)
ചാക്കീരി മുഹ്‌യിദ്ദീന്‍ കുട്ടി സാഹിബുമായി വലിയ ബന്ധമായിരുന്നു മൗലാന അലി ഹസന്‍ മുസ്‌ലിയാര്‍ക്ക്. ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ ചാക്കീരിയുമൊത്ത് അദ്ദേഹത്തിന്റെ വീട്ടില്‍ താമസമാക്കിയിട്ടുണ്ട്. ചാക്കീരി തന്നെ ക്ഷണിച്ച് വരുത്തിയതായിരുന്നു ഇത്. അവിടുന്നാണ് ചാക്കീരിയുടെ അഭ്യര്‍ത്ഥന പ്രകാരം മഹാനായ ഇബ്‌നു ഹജര്‍ അല്‍ ഹൈതമിയുടെ തുഹ്ഫതുല്‍ മുജാഹിദ് കേന്ദ്രീകരിച്ച് ശാഫിഈ സരണിയിലെ കര്‍മശാസ്ത്ര വിധികള്‍ ചര്‍ച്ചയാക്കുന്ന നല്ല പഠനഗ്രന്ഥം മൂന്ന് വാള്യങ്ങളിലായി തയ്യാര്‍ ചെയ്യുന്നത്. 'അത്തല്‍ഹത്തുല്‍ ബഹിയ്യ: ഫില്‍ അഹ്കാമില്‍ ഫിഖ്ഹിയ്യ:' എന്നാണതിന്റെ പേര്. ഗ്രന്ഥത്തിന്റെ രണ്ടു ഭാഗങ്ങളിലും  756 വീതം പേജുകളുണ്ടായിരുന്നു. ഗ്രന്ഥത്തിന്റെ പേര് അറബിയിലാണെങ്കിലും അറബി-മലയാളത്തിലായിരുന്നു അത് സംവിധാനിച്ചത്.
'അദ്കിയാഅ്' ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആത്മീയ സാഹിത്യമാണ്. സയ്യിദ് ബക്‌രി 'കിതാബു കിഫായത്തില്‍ അദ്കിയാഅ്' എന്ന പേരില്‍ ഇതിന് വ്യാഖ്യാനമെഴുതിയിരിക്കുന്നു. ഇതിന് അറബി മലയാളത്തില്‍ അന്തസാര്‍ന്ന ഒരു തര്‍ജ്ജമ മൗലാന അലി ഹസന്‍ മുസ്‌ലിയാരും സഹോദരന്‍ അബ്ദുല്ല മൗലവിയും ചേര്‍ന്ന് ചെയ്തിട്ടുണ്ട്. ഹിജ്‌റ 1257-ല്‍ ജനിച്ച മഹാനവര്‍ 1322-ല്‍ വഫാത്തായി. തിരൂരങ്ങാടി തറമ്മല്‍ പള്ളിയിലാണ് ഖബ്ര്‍ സ്ഥിതിചെയ്യുന്നത്.
ചാലിലകത്ത്
അബ്ദുല്ല മുസ്‌ലിയാര്‍

തന്റെ പിതാവിന്റെയും സഹോദരന്റെയും അതേ വഴിയില്‍ ഉയര്‍ന്നുവരാന്‍ ജീവിതം കൊണ്ട് ഭാഗ്യം തുണച്ച ചുരുക്കം പേരില്‍ പ്രധാനിയാണ് ചാലിലകത്ത് അബ്ദുല്ല മുസ്‌ലിയാര്‍. പാണ്ഡിത്യത്തിലും സാഹിത്യത്തിലും തന്റേതായ മഹിതവഴി വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ച അദ്ദേഹം മൗലാന ചാലിലകത്തിന്റെ അമ്മാവനാണെന്നത് മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലോ? ജ്യേഷ്ഠന്‍ മൗലാന അലി ഹസന്‍ ഹാജിയില്‍ നിന്നും കോടഞ്ചേരി അഹ്മദ് കുട്ടി മുസ്‌ലിയാരില്‍ നിന്നുമായിരുന്നു പ്രധാനമായും പഠനം നടത്തിയത്. പതിനാറു വര്‍ഷമായിരുന്നു അത്. ശേഷം കുറെ കാലം താനൂരിലും പൊന്നാനിയിലുമായി പഠിച്ചു.
ചെറുപ്പത്തില്‍ തന്നെ അറിവിനെ പ്രയോജനമാക്കുന്ന മാര്‍ഗമായി എഴുതല്‍ കലയെ പരിഗണിച്ചുപോന്നിരുന്നു. 'റഫീഖുല്‍ ഇസ്‌ലാം' പത്രത്തില്‍ ഫത്‌വകള്‍ എഴുതാന്‍ അദ്ദേഹത്തെയായിരുന്നു അതിന്റെ പത്രാധിപര്‍ ചുമതലപ്പെടുത്തിയിരുന്നത്. 'സ്വലാഹുല്‍ ഇഖ്‌വാന്‍', 'റഫീഖുല്‍ ഇസ്‌ലാം' തുടങ്ങിയ  അറബി-മലയാള പത്രങ്ങളില്‍ മികവുറ്റ ലേഖന പഠനങ്ങള്‍ നിരന്തരം ചെയ്തതായിരുന്നു ഇതിനു കാരണം. തിരൂരില്‍ നിന്നു സി. സൈതാലിക്കുട്ടി മാസ്റ്റര്‍ പ്രസിദ്ധീകരിച്ചതായിരുന്നു 'സ്വലാഹുല്‍ ഇഖ്‌വാന്‍' പത്രം.
തന്റെ സഹോദരന്റെ പോലെ തന്നെ ചാക്കീരി മുഹ്‌യിദ്ദീന്‍ കുട്ടി സാഹിബുമായി ഉറ്റ ബന്ധത്തിലായിരുന്നു. നീണ്ടവര്‍ഷക്കാലം ചാക്കീരിയുടെ വീട്ടില്‍ താമസമാക്കുകയുണ്ടായി. അക്കാലങ്ങളില്‍ ഒരുപാട് അറബി ഗ്രന്ഥങ്ങള്‍ തര്‍ജമ ചെയ്തിട്ടുണ്ട്. ഇമാം ഗസ്സാലിയുടെ മിന്‍ഹാജുല്‍ ആബിദീന്‍, ശൈഖുല്‍ ഇസ്‌ലാം ഇബ്രാഹീം ബാജൂരിയുടെ തുഹ്ഫത്തുല്‍ മുരീദ് അലാ ജൗഹറത്തു തൗഹീദ്, മുഹമ്മജ് ബിന്‍ മഹ്മൂദ് സമര്‍വന്ദി എഴുതിയ ശറഹുഖസ്വീദത്തുല്‍ ഫാതിഹ ഫി ഇല്‍മിത്തജ്‌വീദ്, ഫത്ഹുല്‍ മുഈന് സയ്യിദ് ബക്‌രിയടെ വ്യാഖ്യാനമായ ഇആനതു ത്വാലിബീന്‍ തുടങ്ങി ഒരുപാട് രചനകള്‍ക്ക് അദ്ദേഹം വിവര്‍ത്തനം ഏഴുതിയിട്ടുണ്ട്.(17)
ജീവിതത്തിന്റെ മികച്ച ഭാഗം പഠനത്തിനും അന്വേഷണത്തിനും എഴുത്തിനും ചെലവിട്ട ആ നിയോഗം ഹിജ്‌റ 1350(1931)ല്‍ അവസാനിച്ചു. ഹിജ്‌റ 1279-ല്‍ ആരംഭിച്ചത് മുതല്‍ വിജ്ഞാന സമ്പാദന തപസ്യയിലായിരുന്നു. മൗലാന ചാലിലകത്തിന് മുമ്പിലൂടെ കഴിഞ്ഞുപോയത് ഈ തരം ജീവിതങ്ങളായിരുന്നു. ജ്ഞാനതേരോട്ടങ്ങളുടെ തിരുമുറ്റത്ത് പിറന്നു വീണവര്‍ എന്തുകൊണ്ടും അഭിമാനത്തോടെ അതിന്റെ ആത്മാവേശം നെഞ്ചേറ്റിയിരിക്കുമെന്നുറപ്പ്. എല്ലാ രംഗത്തും അറിവിന്റെ വ്യസ്ഥയും വികാസവും ആവിഷ്‌കരിക്കാന്‍ മൗലാനക്ക് തുണയായത് മഹാപണ്ഡിതന്മാരായ മാതൃപിതാമഹന്റെ (ഖുസയ്യ് ഹാജി)യും അമ്മാവന്‍മാരുടെയും  അതോടൊപ്പം തന്റെ ഗുരുമുഖങ്ങളുടെയും വിജയഫലങ്ങള്‍ കാണിച്ചുകൊടുത്ത ജീവിത മൂല്യങ്ങളായിരുന്നു. മൗലാനയുടെ ചിന്തക്ക് കൊയപ്പതൊടിക്കാരുടെ പിന്തുണയുണ്ടായപ്പോള്‍ അതിന്റെ പ്രായോഗിക വഴി ഏറെ എളുപ്പമായി വന്നു.
സ്വിന്‍ഫാനി
ചാലിലകത്ത് ഉലമാ കുടുംബം കൊയപ്പതൊടി ഉമറാ കുടുംബവുമായി ബന്ധം വരുന്നത് മൗലാനയുടെ കാലം മുതലാണ്. വെല്ലൂരിലെ പഠനം കഴിഞ്ഞ് 1898 മുതല്‍ കേരളത്തില്‍ പലയിടങ്ങളിലായി അദ്ദേഹം ദര്‍സ് ആരംഭിച്ചു. പുളിക്കല്‍ ദര്‍സ് നടത്തി പിരിഞ്ഞു നില്‍ക്കുന്ന സന്ദര്‍ഭത്തിലാണ് കൊയപ്പതൊടി മുഹമ്മദ് കുട്ടി ഹാജി തന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ക്ഷണിക്കുന്നത്. 1909-ലാണിത്. മൗലാന ചാലിലകത്തിലൂടെ ആസ്വാദ്യകരമായ വിദ്യാഭ്യാസാനുഭവങ്ങള്‍ക്ക് ഇവിടെ നൂറ് വയസ് പൂര്‍ത്തിയായിരിക്കുന്നു. മദ്‌റസ എന്ന പേരില്‍ ഉത്തരേന്ത്യന്‍ മോഡലില്‍ ആവിഷ്‌കരിച്ച പഠന സംവിധാനമായിരുന്നു അത്.
കൊയപ്പതൊടി കുടുംബം
മലപ്പുറം ജില്ലയിലെ വാഴക്കാടാണ് കൊയപ്പതൊടി കുടുംബത്തിന്റെ ആസ്ഥാനം. പഴയകാല മുസ്‌ലിം കുടുംബങ്ങളില്‍ നിന്ന് ഉയര്‍ന്ന സാമ്പത്തിക നിലവാരം പുലര്‍ത്തിയ ഇവര്‍ മലബാറിലെ തന്നെ പുരാതന പ്രൗഢികാത്തുവെച്ചവരാണ്. കൃഷിയും മരക്കച്ചവടവും പ്രധാന തൊഴിലാക്കിയാണ് ഈ ഉയര്‍ച്ചയുടെ കവാടം അവര്‍ കൊട്ടിത്തുറന്നത്. 
കോഴിക്കോട് ജില്ലയിലെ തിക്കോടിയില്‍ നിന്നോ കണ്ണൂരിലെ തലശ്ശേരിയില്‍ നിന്നോ വാഴക്കാട്ടേക്ക് വന്നവരാണെന്ന് പറയപ്പെടുന്നു. ഏതായാലും മോയിന്‍കുട്ടി, ആലിക്കുട്ടി എന്നിവരാണ് ആദ്യമായി വാഴക്കാട്ടേക്ക് വന്നെത്തുന്നത്. മമ്മദ് രായിന്‍ (മുഹമ്മദ് എന്നയാളുടെ മക്കളായ ഇവര്‍ വാഴക്കാട് സ്ഥലമെടുത്ത് താമസമാക്കി.
കൊയപ്പതൊടി എന്ന വിളിപ്പേരിനു പിന്നില്‍ ഒരു ചരിത്രമുണ്ട്. മുമ്പ് കൊയപ്പതൊടിക്കാരല്ലാത്ത ഇവര്‍ ആ പേരില്‍ അറിയപ്പെട്ടതിലെ കാര്യം വളരെ നിസാരമാണ്. വാഴക്കാട് താമസമാക്കിയ മോയിന്‍കുട്ടി, ആലിക്കുട്ടി എന്നിവരില്‍ ആദ്യത്തെയാള്‍ വാങ്ങിയ സ്ഥലം കൊയപ്പാന്മാര്‍ (കുശവന്മാര്‍) പാര്‍ത്തിരുന്ന ഇടമാണ്. ഇതുപ്രകാരം കൊയപ്പാന്‍മാരുടെ സ്ഥലം എന്നര്‍ത്ഥത്തില്‍ കൊയപ്പത്തൊടി എന്നു വിളിച്ചുപോന്നു.
ആലിക്കുട്ടി വാങ്ങി താമസിച്ചത് അലക്കുകാരുടെ താമസ സ്ഥലമായിരുന്ന 'വെളുത്തേടത്ത്' എന്നിടത്തായിരുന്നു. മോയിന്‍ കുട്ടിയെ തുടര്‍ന്നുവന്ന തലമുറയെ കൊയപ്പൊതൊടിക്കാര്‍ എന്ന് വിളിച്ചിരുന്ന പോലെ ഇവരെ വെളുത്തേടത്തുകാര്‍ എന്ന് വിളിക്കപ്പെട്ടു. പക്ഷേ, ഈ പരമ്പരയിലെ മൂന്നാം തലമുറയില്‍ രായിന്‍ എന്നയാള്‍ക്ക് ആണ്‍കുട്ടികളുണ്ടായിരുന്നില്ല. ആലിക്കുട്ടി മകന്‍ രായിന്‍ കുഞ്ഞി മകന്‍ ഇസ്മാഈല്‍ കുട്ടി മകന്‍ രായിന്‍ എന്ന ശൃംഖലയില്‍ ഈ കുടുംബം അവസാനിച്ചു.
മോയിന്‍ കുട്ടിക്ക് മുഹമ്മദ്, മുഹമ്മദ് കുട്ടി എന്നീ രണ്ടു മക്കളായിരുന്നു. ഇതില്‍ ബ്രിട്ടീഷുകാര്‍ അവരുടെ 'ശിരസ്തദാര്‍' പട്ടം നല്‍കി ആദരിക്കപ്പെട്ടവരാണ് മുഹമ്മദ്കുട്ടി എന്നവര്‍. 19-ാം ശതകത്തിന്റെ അവസാനത്തില്‍ ആരംഭിച്ചതായിരുന്നു ദാറുല്‍ ഉലൂം എന്ന ജ്ഞാനഗേഹം. അക്കാലത്തെ വലിയ ഭൂവുടമയും ജന്മിയുമായിരുന്ന അദ്ദേഹം തന്റെ നാല്‍പതാം നമ്പര്‍ ഭൂമി വഖ്ഫ് ചെയ്ത് തന്‍മിയത്തുല്‍ ഉലൂം എന്ന പേരില്‍ ഒരു ദര്‍സ് തുടങ്ങുകയായിരുന്നു. (18) ഇതു പിന്നെ മൗലാനയുടെ വരവോടെ വ്യവസ്ഥാപിത രീതിയില്‍ വരുകയും ദാറുല്‍ ഉലൂം എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. കേരളീയ മുസ്‌ലിം ഉയര്‍ച്ച തുറന്നുതന്ന ത്യാഗികളില്‍ പണ്ഡിതന്മാരോടൊപ്പം നാട്ടുകാരണവന്‍മാരെയും ചേര്‍ത്തുവായിക്കണമെന്ന വലിയ സന്ദേശമാണ് മൗലാന ചാലിലകത്തിന്റെ ജീവിത പരിസരങ്ങള്‍ മുമ്പോട്ടുവെക്കുന്നത്. ആദ്യകാലങ്ങളില്‍ ദാറുല്‍ ഉലൂമില്‍ ദര്‍സിന് പുറമെ കഞ്ഞിവെച്ച് വിളമ്പലും സദ്യയും നടന്നിരുന്നു. നേര്‍ച്ചകളും ഇവിടുത്തെ പതിവുകളില്‍ പ്രധാനമാണ്. റബീഉല്‍ അവ്വല്‍ 12 ദിവസങ്ങളില്‍ മൗലിദും നേര്‍ച്ചയും മുഹര്‍റം 9,10 നോമ്പിന്റെ ദിവസങ്ങളിലെ പ്രത്യേക സദ്യയും(19) ഇതോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 

റഫറന്‍സ്
1) സി.എച്ച്.ഇബ്രാഹീം ഹാജി സ്മരണിക 2001, പു. 188.
2) Ibid
3) മലബാര്‍ കലാപം 1921, സ്മരണിക കമ്മിറ്റി പു. 237.
4) ഇസ്‌ലാമിക വിജ്ഞാന കോശം, വാള്യം 8, പു. 132.
5) അഹ്‌ലുസുന്നത്തി വല്‍ജമാഅ നേര്‍വഴിയുടെ പാഠം, ഭാഗം 1, പു. 83-86.
6) ഇസ്‌ലാമിക വിജ്ഞാന കോശം, വാള്യം: 8, പു. 132.
7) ചാലിലകത്ത് കുടുംബക്കാരനായ സി.എച്ച്.ഇബ്രാഹീം ഹാജിയുടെ മകന്‍ സി.എച്ച്.അയ്യൂബുമായുള്ള സംസാരത്തില്‍ നിന്ന്
8) സി.എച്ച്. ഇബ്രാഹീം ഹാജി സ്മരണിക പു. 201.
9) തിരൂരങ്ങാടി  ഹിദായത്തു സ്വിബിയാന്‍ സംഘം 40-ാം വാര്‍ഷിക സമ്മേളന സ്മരണിക 1985 പു. 58,60
10) Ibid
11) സി.എച്ച്.ഇബ്രാഹീം ഹാജി സ്മരണിക 2001 പു. 190.
12) കേരള ചരിത്ര നിഘണ്ടു. എസ്.കെ.വസന്തന്‍, പു. 298, 299.
13) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം. കെ.കെ.മുഹമ്മദ് അബ്ദുല്‍ കരീം, സി.എന്‍.അഹമ്മദ് മൗലവി പു. 279.
14) സി.എച്ച്.ഇബ്രാഹീം ഹാജി സ്മരണിക 2001 പു: 191
15) മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പു: 325
16) Ibid
17) Ibid
18) താജുല്‍ ഉലമ-നജീബ് മൗലവി പു: 40.
19) ദാറുല്‍ ഉലൂം മദ്‌റസ: അബുല്‍ ഫള്ല്‍ മുഹമ്മദ് അബ്ദുറഊഫ് പു: 6,14.   
             

No comments:

Post a Comment