തിരുനബിയുടെ ഭവനം
അബ്ദുല്‍ അസീസ് ഫൈസി അരിപ്ര
അബ്ദുല്‍ അസീസ് ഫൈസി അരിപ്ര
നബി(സ)യുടെ വീടുകള്‍ക്കുള്ളില്‍ ഒരുപാട് സൗകര്യങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലളിതജീവിതം നയിച്ച നബി(സ)യും കുടുംബവും എന്നും മാതൃകായോഗ്യര്‍ തന്നെയാണ്. വളരെ ഇടുങ്ങിയ ഒരു വീട്ടിനുള്ളില്‍ അല്ലെങ്കിലും എന്തൊക്കെ സൗകര്യങ്ങളുണ്ടാക്കാന്‍ കഴിയും.
ദാവൂദ് ബ്‌നു ഖൈസില്‍ നിന്ന്: നബി(സ)യുടെ ഭവനങ്ങളെ ഞാന്‍ കണ്ടിരുന്നു. അവ ഈത്തപ്പന മട്ടലുകള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതും പുറമെനിന്ന് രോമത്തിന്റെ വിരികള്‍ കൊണ്ടു മൂടപ്പെട്ടതുമായിരുന്നു. റൂമിന്റെ വാതില്‍ മുതല്‍ വീടിന്റെ വാതില്‍ വരെ (താഴ്‌വര) ആറോ ഏഴോ മുഴം വീതിയാണുണ്ടായിരുന്നത്. ഉള്ളിലെ മുറിയുടെ വലിപ്പം പത്തു മുഴം നീളവും ഏഴോ, എട്ടോ മുഴം വീതിയും കാണും. (ദുര്‍റുല്‍ മന്‍സൂര്‍)
ഈ വീടുകളില്‍ എന്തെല്ലാം സൗകര്യം ഏര്‍പ്പെടുത്താനൊക്കും? അതുകൊണ്ടുതന്നെ ഭക്ഷണം പാകം ചെയ്യാനുണ്ടായിരുന്ന അടുക്കള അതിവിപുലമൊന്നും അല്ലാതെ പുറമെയാണുണ്ടായിരുന്നത്. അവകളില്‍ അയല്‍വാസികളും ഭക്ഷണം പാകം ചെയ്തിരുന്നത്രെ.
ഹാരിസുബ്‌നു നുഅ്മാന്‍(റ)ന്റെ പുത്രി ഉദ്ധരിക്കുന്നു: ''ഞാന്‍ നബി(സ)യുടെ വായില്‍നിന്നാണ് ഖാഫ് സൂറത്ത് പടിച്ചത്. ആ സൂറത്ത് ഓതിയാണ് എല്ലാ വെള്ളിയാഴ്ചയും നബി(സ) ഖുതുബ നിര്‍വ്വഹിച്ചിരുന്നത്. തങ്ങളുടെയും നബി(സ)യുടെയും അടുപ്പ് ഒന്നായിരുന്നു. (അബൂദാവൂദ്)
നബി(സ)യുടെ ഭാര്യമാര്‍ ഉത്തമ വനിതകളാണ്. ഉമ്മഹാത്തുല്‍ മുഅ്മിനീനാണ്. അവര്‍ക്കാവശ്യമുള്ളതും അവരാഗ്രഹിക്കുന്നതും പ്രവാചകനാഗ്രഹിച്ചാല്‍ രക്ഷിതാവ് നടത്തിക്കൊടുക്കും, തീര്‍ച്ചയാണ്.
പക്ഷേ, പ്രവാചകനാഗ്രഹിച്ചത് ലളിത ജീവിതം മാത്രമായതുകൊണ്ട് ഭാര്യമാരെകൂടി അതിനു സജ്ജരാക്കുകയായിരുന്നു പ്രവാചകന്‍.
ഹിജ്‌റ 5-ാം കൊല്ലം ദുമത്തുല്‍ ജന്‍ദല്‍ യുദ്ധം കഴിഞ്ഞു പ്രവാചകന്‍ മദീനയില്‍ തിരിച്ചെത്തി. പ്രവാചകപത്‌നിമാരില്‍ അല്പം സാമ്പത്തികാശ്വാസമുണ്ടായിരുന്ന മഹതി ഉമ്മുസലമ(റ) തന്റെ വീടിനെ ഒരല്പം മോഡികൂട്ടി ഇഷ്ടികകൊണ്ടു ചുമരു കെട്ടിയിരിക്കുന്നു. നബി(സ) ആ പ്രാവശ്യം ആദ്യം ചെന്നത് ഉമ്മുസലമയുടെ വീട്ടിലേക്കായിരുന്നു. പ്രസ്തുത ഇഷ്ടികച്ചുമരു നോക്കി പ്രവാചകന്‍ ചോദിച്ചു: 'എന്താണീ കെട്ടിടം?' ഉമ്മുസലമ(റ) പറഞ്ഞു: ''പ്രവാചകരേ ജനങ്ങളുടെ ദൃഷ്ടി തടയാന്‍ ഞാനുദ്ദേശിച്ചു.''
നബി(സ) പറഞ്ഞു: ''ഉമ്മുസലമ, തീര്‍ച്ചയായും മുസ്‌ലിമിന്റെ ധനം നഷ്ടപ്പെട്ടുപോവുന്ന മോശമായ വഴി കെട്ടിട നിര്‍മ്മാണമാണ്.''(ത്വബഖാത്തു ഇബ്‌നു സഅദ്)
പ്രവാചകപുത്രി ഫാത്വിമ (റ)യെയും നബി(സ) ഇതു തന്നെ പഠിപ്പിച്ചു. ആര്‍ഭാടവും ആഢംബരവും നബി(സ) അവര്‍ക്കിഷ്ടപ്പെട്ടിരുന്നില്ല. അരുതാത്തത് കണ്ടാല്‍ നബി(സ) ആരെയും ഉപദേശിക്കും. ദീനീവിരുദ്ധമായ കാര്യങ്ങളോടുകൂടി നബി(സ) വലിയ ദേശ്യം തന്നെയായിരുന്നു. അതില്‍ ആരെയും നബി(സ) വേര്‍തിരിച്ചിരുന്നില്ല, സ്വന്തം മക്കളെപ്പോലും.
അബൂ അബ്ദില്‍ റഹ്മാന്‍ സഫീനയില്‍ നിന്നു: ഒരാള്‍ അലി(റ)നെ വിരുന്നുകൂട്ടി. അദ്ദേഹം അലി(റ)ന് ഭക്ഷണം പാകം ചെയ്തു കൊടുക്കുകയും ചെയ്തു. പ്രസ്തുത ഭക്ഷണം അലി(റ) വീട്ടില്‍ കൊണ്ടുവന്നു. അപ്പോള്‍ ഫാത്വിമ(റ) പറഞ്ഞു: നമുക്ക് നബി(സ)യെക്കൂടി വിളിക്കാമായിരുന്നു, എന്നാല്‍ ഒന്നിച്ചു കഴിക്കാമല്ലോ.
നബി(സ)യെ അവര്‍ ക്ഷണിച്ചു. നബി(സ) വന്നു വാതിലിന്റെ കട്ടിലുകളില്‍ കൈ കുത്തി അകത്തേക്ക് നോക്കി. വീടിന്റെ (ഉള്ളില്‍) ചുറ്റുഭാഗവും വിവിധ വര്‍ണത്തിലുള്ള വിരികള്‍ തൂക്കിക്കണ്ടു. ഉടനെ നബി(സ) തിരിച്ചുപോയി.
അപ്പോള്‍ ഫാത്വിമ(റ) അലി(റ)വിനോട് പറഞ്ഞു: നിങ്ങള്‍ നബിക്കൊപ്പം പോയി എന്താണ് നബി(സ) തിരിച്ചുപോയതെന്നന്വേഷിക്കുക. ഉടന്‍ അലി(റ) നബി(സ)യെ പിന്തുടര്‍ന്ന് ചോദിച്ചു: ഓ പ്രവാചകരേ, എന്താണ് താങ്കള്‍ തിരിച്ചുപോന്നത്?
നബി(സ) പറഞ്ഞു: അലങ്കരിക്കപ്പെട്ട വീടുകളില്‍ പ്രവേശിക്കുന്നത് എനിക്ക് എന്നല്ല ഒരു പ്രവാചകനിക്കും ഭൂഷണമല്ല.
ഇതുപോലെ മറ്റൊരു സംഭവം അബ്ദുല്ലാഹിബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു. ഒരിക്കല്‍ നബി(സ) ഫാത്വിമ(റ)യുടെ അരികെ വന്നു. അവരുടെ വാതിലിനു മീതെ ഒരു വിരി നബി(സ) കണ്ടപ്പോള്‍ വീട്ടിലേക്കു പ്രവേശിച്ചില്ല. അനന്തരം അലി(റ) വീട്ടില്‍ വന്നപ്പോള്‍ ഫാത്വിമ(റ)യെ ദുഃഖിതയായിക്കണ്ടു. അലി(റ) ചോദിച്ചു: നിങ്ങള്‍ക്കെന്തുപറ്റി?
ഫാത്വിമ(റ): നബി(സ) എന്റെ അടുത്തുവന്നു; അകത്തേക്കു കടന്നില്ല.
ഉടന്‍ അലി(റ) നബി(സ)യെ സമീപിച്ചു: ''പ്രവാചകരെ, താങ്കള്‍ ഫാത്വിമയുടെ അടുത്തുചെന്ന് അകത്ത് കടക്കാതിരുന്നത് അവള്‍ക്ക് വളരെ പ്രയാസമായിട്ടുണ്ട്.
നബി(സ) പറഞ്ഞു: ഞാനും ദുന്‍യാവും എന്താണ്? ഞാനും ഈ ചിത്രങ്ങളും എന്താണ്?
അനന്തരം അലി(റ) ഫാത്വിമ(റ)യുടെ അടുത്തുവന്ന് പ്രവാചകന്റെ വാക്കുകള്‍ വിവരിച്ചുകൊടുത്തു.
ഫാത്വിമ(റ): നിങ്ങള്‍ പോയി നബി(സ)യോടു ചോദിച്ചുനോക്കുക- പ്രസ്തുത വിരികൊണ്ടു എന്നോട് എന്താണവിടുന്ന് കല്പിക്കുന്നത്?
അലി(റ) അത് ചോദിച്ചു. നബി(സ) പറഞ്ഞു: അതിനെ ഇന്ന ആളുകള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ അവളോട് നീ പറയുക. (അബൂദാവൂദ്)
നബി(സ)യുടെ അടിമ സൗബാന്‍ ഉദ്ധരിക്കുന്നു: 'നബി(സ) എത്ര യാത്ര പുറപ്പെടുമ്പോഴും അവസാനം യാത്രപറയുന്നത് ഫാത്വിമ(റ)യോടാവും. തിരിച്ചെത്തുമ്പോള്‍ ആദ്യം എത്തുന്നതും ഫാത്വിമ(റ)യുടെ അടുത്തുതന്നെയാവും.
ഒരിക്കല്‍ നബി(സ) ഒരു യുദ്ധം കഴിഞ്ഞെത്തുമ്പോള്‍ ഫാത്വിമ(റ) അവരുടെ വാതിലില്‍ ഒരു വിരി തൂക്കിയിട്ടുണ്ടായിരുന്നു. പിഞ്ചുമക്കളായ ഹസന്‍, ഹുസൈന്‍(റ) കൈകളില്‍ രണ്ടു വെള്ളിവളകളും ധരിപ്പിച്ചിരുന്നു.
അതുകണ്ട നബി(സ) അകത്തേക്കു പ്രവേശിച്ചില്ല. നബി(സ) അകത്തേക്ക് പ്രവേശിക്കാതിരിക്കുന്നത് വാതിലിലെ വിരിയും മക്കളുടെ വളയുമായിരിക്കണമെന്ന് ഫാത്വിമ(റ) ധരിച്ചു. വിരി വലിച്ചുകീറി. വളകള്‍ രണ്ടു കഷ്ണമാക്കി മക്കളുടെ കൈയില്‍ കൊടുത്തു.
കുട്ടികള്‍ വളക്കഷ്ണങ്ങളുമായി കരഞ്ഞു പ്രവാചകസന്നിധിയിലെത്തി. നബി(സ) അവരില്‍ നിന്നതുവാങ്ങി. സൗബാനിനോടു പറഞ്ഞു.
സൗബാന്‍: ഇത് ഇന്ന കുടുംബത്തിനു എത്തിച്ചുകൊടുക്കുക. ഇവര്‍ എന്റെ കുടുംബമാണ്. ഇവരുടെ ഭൗതിക ജീവിതത്തില്‍ മെച്ചപ്പെട്ടത് കഴിക്കല്‍ ഞാന്‍ വെറുക്കുന്നു.
സൗബാന്‍, ഫാത്വിമറ ഒരു നാടയുടെ മാലയും ആനക്കൊമ്പിന്റെ രണ്ടു കടഘങ്ങളും വാങ്ങിക്കൊടുക്കുക. (അബൂദാവൂദ്)
പ്രവാചകജീവിതത്തിലെ അനര്‍ഘനിമിശങ്ങളാണിവകള്‍. പ്രവാചകന്‍ ഒരു ഗൃഹനാഥനായിരിക്കെ തന്റെ വീടുകളിലെ ആര്‍ഭാഢങ്ങള്‍ നിയന്ത്രിക്കാനും തന്റെ നിയന്ത്രണത്തിലുള്ളവരെ ഭൗതികാഢംബരങ്ങള്‍ ഉപേക്ഷിക്കുന്നതിനും പാരത്രിക ചിന്തയില്‍ ലയിപ്പിച്ചു സംസ്‌കരിക്കുന്നതിനും എത്ര ശ്രദ്ധിച്ചിരുന്നു!
നിശ്ചയം, നിങ്ങള്‍ക്ക് അല്ലാഹുവിന്റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്. (വി.ഖുര്‍ആന്‍)
ഭൗതികസുഖങ്ങളും ആഢംബര ജീവിതവും കൊതിച്ചുകൊണ്ട് ഒരിക്കല്‍ പ്രവാചകപത്‌നിമാര്‍ നബി(സ)യോട് ചെലവു കൂട്ടിക്കൊടുക്കാന്‍ ആവശ്യപ്പെട്ടത്രെ. അത് പ്രവാചകഹൃദയത്തെ വേദനിപ്പിച്ചു.
മറ്റുള്ളവരുടെ സുഖസൗകര്യങ്ങളും ആഢംബര ജീവിതവുമായിരുന്നു പ്രവാചകപത്‌നിമാര്‍ നബി(സ)യോടിങ്ങനെ ആവശ്യപ്പെടാന്‍ പ്രചോദനമായത്.
സ്വന്തം ഭാര്യമാര്‍ ഈ ഭൗതികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാന്‍ സ്വന്തം കൈയ്യില്‍ ഒന്നുമില്ലാതിരുന്ന നബി(സ) ദുഃഖിതനായിരിക്കുമ്പോള്‍ ഭാര്യമാര്‍ നബി(സ)യുടെ ചുറ്റും കൂടിയിരിക്കുന്നു.
ജാബിര്‍(റ) ഉദ്ധരിക്കുന്നു: ഒരു ദിവസം അബൂബക്കര്‍(റ) നബി(സ)യെക്കാണാന്‍ വന്നു. ആളുകള്‍ പ്രവാചകഭവനത്തിന്റെ കവാടത്തില്‍ ഇരിക്കുന്നു. അടുത്ത് വീട്ടില്‍ ഇരിക്കുന്ന അദ്ദേഹം അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി ചോദിച്ചെങ്കിലും അനുവാദം ലഭിച്ചില്ല. പിന്നെ ഉമര്‍(റ)വും വന്നു. അദ്ദേഹവും അനുമതി ചോദിച്ചു. അദ്ദേഹത്തിനും അനുവാദം ലഭിച്ചില്ല.
അല്പ സമയം കഴിഞ്ഞു രണ്ടുപേര്‍ക്കും അനുമതി കൊടുത്തു. അനന്തരം രണ്ടാളും അകത്ത് കടന്നുചെന്നു. അപ്പോള്‍ നബി(സ) ഒരു ഭാഗത്തിരിക്കുന്നു. ഭാര്യമാര്‍ ചുറ്റും കൂടിയിരിക്കുന്നു. നബി(സ) ഒന്നും ഉരിയാടുന്നില്ല.
ഇതു കണ്ട് ഉമര്‍(റ) പറഞ്ഞു: നബി(സ) ചിരിക്കാന്‍ ഞാനെന്തെങ്കിലും പറയും. എന്നിട്ടദ്ദേഹം ഇങ്ങനെ പറഞ്ഞു: ഓ പ്രവാചകരെ, സൈമിന്റെ മകള്‍ ജുമൈല ഉമറിന്റെ ഭാര്യ. അടുത്തെങ്ങാനും എന്നോടു ചെലവു ചോദിച്ചാല്‍ അവളുടെ പിരടിക്ക് ഞാന്‍ അടിക്കും. എന്താണ് നിങ്ങളുടെ അഭിപ്രായം?
ഇതു കേട്ട് നബി(സ) ചിരിച്ചു. പല്ലുകള്‍ പുറത്തേക്ക് കണ്ടു. എന്നിട്ടു അവിടുന്ന് പറഞ്ഞു: ''ഇതാ, ഇവര്‍ എന്റെ ചുറ്റും ചെലവു ചോദിച്ചു കൂടിയതാണ്.''
ഉടന്‍ അബൂബക്കര്‍(റ) തന്റെ മകള്‍ ആയിശ(റ)യെ അടിക്കാന്‍ എഴുന്നേറ്റു. ഉമര്‍(റ) തന്റെ മകള്‍ ഹഫ്‌സയെയും. രണ്ടുപേരും പറഞ്ഞുതുടങ്ങി: ''നിങ്ങള്‍ രണ്ടാളും നബി(സ)യുടെ കൈവശം ഇല്ലാത്തത് ചോദിക്കുന്നുവോ?''
പക്ഷേ, നബി(സ) രണ്ടുപേരെയും തടഞ്ഞു. അടിക്കാന്‍ അനുവദിച്ചില്ല.
അപ്പോള്‍ ഭാര്യമാര്‍ ഒന്നിച്ചു പറഞ്ഞു: 'അല്ലാഹുവാണ്! പ്രവാചകനോട് ഇതിനുശേഷം പ്രവാചകരുടെ കൈവശം ഇല്ലാത്തതൊന്നും ഞങ്ങള്‍ ചോദിക്കുകയില്ല.''
ഉടനെ അല്ലാഹു ഭൗതിക സുഖങ്ങള്‍ ആഗ്രഹിക്കുന്ന പ്രവാചകപത്‌നിമാര്‍ക്ക് അവ അനുഭവിച്ചു ജീവിക്കാന്‍ അവരെ ഉപേക്ഷിക്കാമെന്നും അല്ലാഹുവിനെയും പ്രവാചകനെയും തിരിഞ്ഞെടുത്ത് കഴിയാനിഷ്ടപ്പെടുന്നുവെങ്കില്‍ അതിനുള്ള അവസരമാണെന്നും അറിയിക്കുന്ന സൂക്തം അവതരിപ്പിച്ചു.
അപ്പോള്‍ നബി(സ) ഈ വിവരം ഭാര്യമാരെ അറിയിക്കാനൊരുങ്ങി. ആദ്യം ആയിശ(റ)യോടു തന്നെ അറിയിച്ചു. ഇങ്ങനെ പറഞ്ഞു: ''ഞാന്‍ നിന്നോടു ഒരു കാര്യം പറയുന്നു. ഉടനെ അതിനു മറുപടി പറയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. നിന്റെ മാതാപിതാക്കളോട് അന്വേഷിച്ചതിന് ശേഷം മറുപടി പറഞ്ഞാല്‍മതി.
ആയിശ(റ): ''അതെന്താണ്?''
അപ്പോള്‍ നബി(സ) പ്രസ്തുത സൂക്തം ഓതിക്കേള്‍പ്പിച്ചുകൊടുത്തു.
''ഓ, പ്രവാചകരേ, താങ്കള്‍ ഭാര്യമാരോട് പറയുക, നിങ്ങള്‍ ഭൗതിക ജീവിതവും അതിന്റെ ആഢംബരവും ആഗ്രഹിക്കുന്നവരാണെങ്കില്‍ വരിക, ഞാന്‍ നിങ്ങള്‍ ജീവിതോപാതി നല്‍കുകയും നല്ലനിലയില്‍ നിങ്ങളെ വിട്ടയച്ചുതരികയും ചെയ്തുകൊള്ളാം. നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും അന്ത്യനാളിനെയും ആഗ്രഹിക്കുന്നവരാണെങ്കില്‍ നിങ്ങളില്‍നിന്നും ഗുണം ചെയ്യുന്നവര്‍ക്ക് അല്ലാഹു മഹത്തായ പ്രതിഫലം തയ്യാര്‍ ചെയ്തുവെച്ചിട്ടുണ്ട്.''
ഇതുകേട്ടപ്പോള്‍ ആയിശ(റ) പറഞ്ഞു: ''അങ്ങയുടെ കാര്യത്തിലാണോ ഞാന്‍ എന്റെ മാതാപിതാക്കളോട് അന്വേഷിക്കുന്നത്.''
ഞാന്‍ അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും തിരഞ്ഞെടുക്കുന്നു. ഞാന്‍ തിരഞ്ഞെടുത്തത് അവിടുത്തെ മറ്റു ഭാര്യമാരോടൊന്നും താങ്കള്‍ പറയരുത് എന്ന് ഞാനാവശ്യപ്പെടുകയും ചെയ്യുന്നു.''
നബി(സ) പറഞ്ഞു: ''അല്ലാഹു എന്നെ ഒരു മത്സര ബുദ്ധിയുള്ളവനായിട്ടല്ല അയച്ചത്. സന്തോഷിപ്പിക്കുന്ന ഒരദ്ധ്യാപകനായിട്ടാണവന്‍ എന്നെ നിയോഗിച്ചയച്ചത്. നീ തെരഞ്ഞെടുത്ത കാര്യത്തെക്കുറിച്ചു അവരില്‍നിന്ന് ആരു എന്നോട് ചോദിച്ചാലും ഞാന്‍ പറയുകതന്നെ ചെയ്യും.'' (അഹ്മദ് - മുസ്‌ലിം)
''നിശ്ചയം താങ്കള്‍ മഹത്തായ സ്വഭാവത്തിന്റെ മീതെ തന്നെയാണ്'. (ഖലം: 4)
പ്രവാചക ഭവനങ്ങളിലെ സുഖാവസ്ഥകളത്രെ ഇതെല്ലാം. പക്ഷേ, ഇതെല്ലാം പ്രവാചകപത്‌നിമാര്‍ക്കും രസമായി. പിന്നീടാര്‍ക്കും പരാതി ഉണ്ടായിട്ടില്ല. ഭൗതിക സുഖങ്ങളെക്കാള്‍ പാരത്രിക സുഖത്തെ തെരഞ്ഞെടുത്ത പ്രവാചകനോടൊപ്പം ജീവിതം നയിക്കാന്‍ തന്നെ അവരെല്ലാം തീരുമാനിച്ചു.
പ്രവാചകവീടുകളെക്കുറിച്ചു അത്വാഉല്‍ ഖുറാസാനീ ഉദ്ധരിക്കുന്നു: ''പ്രവാചകപത്‌നിമാരുടെ റൂമുകള്‍ ഞാന്‍ കണ്ടെത്തിച്ചിരുന്നു. അവ ഈന്തപ്പന മട്ടലുകള്‍ കൊണ്ടുള്ളവയായിരുന്നു. കറുത്ത രോമത്തിന്റെ വിരികള്‍ അവയുടെ വാതിലുകളിലുണ്ടായിരുന്നു.
അവ പൊളിച്ചുമാറ്റാനുള്ള കല്പനയോടെ വലീദുബ്‌നു അബ്ദില്‍ മലിക്കിന്റെ കത്ത് ഞാന്‍ വായിച്ചുകേട്ടിരുന്നു. അന്നത്തെക്കാള്‍ കൂടുതല്‍ കരഞ്ഞ ഒരു ദിവസവും ഞാന്‍ കണ്ടിട്ടില്ല.
സഈദുബ്‌നുല്‍ മുസയ്യബ്(റ) പറയുന്നത് ഞാന്‍ കേട്ടു: അല്ലാഹുവാണ് അവര്‍ ആ നിലക്ക് തന്നെ ആ വീടുകള്‍ ഉപേക്ഷിച്ചിരുന്നുവെങ്കില്‍ മദീനയില്‍ വളര്‍ന്നുവരുന്നവനും പുറമെ ദിക്കുകളില്‍ നിന്നു വരുന്നവനും പ്രവാചകന്‍ ജീവിത കാലത്ത് മതിയാക്കിയ അവസ്ഥ കാണുമായിരുന്നു. ദുന്‍യാവു കൊണ്ടു ജനങ്ങള്‍ അഭിമാനിക്കുന്നതിലും പെരുപ്പിച്ചു പറയുന്നതിലും അവര്‍ക്ക് വിരക്തി ജനിപ്പിക്കാനത് കാരണമായിരുന്നു.
അത്വാഅ് ഇത് പറഞ്ഞപ്പോള്‍ പള്ളിയില്‍ കൂടിയ സ്വഹാബി പുത്രന്മാരായ അബൂസലമബ്‌നു അബ്ദിര്‍റഹ്മാന്‍, അബൂ ഉമാമബ്‌നു സഹ്ല്‍, ഖാരിജത്തുബ്‌നു സൈദ് (റ) എന്നിവരെല്ലാം കരയുന്നത് ഞാന്‍ കണ്ടു എന്ന് ഇംറാനുബ്‌നു അബീ അനസ് പറയുന്നു.
അബൂ ഉമാമ പറഞ്ഞത്രെ. ദുന്‍യാവിന്റെ ഖജനാവിന്റെ താക്കോലുകള്‍ സ്വന്തം കൈയിലുണ്ടായിട്ടും അല്ലാഹു അവന്റെ പ്രവാചകനിഷ്ടപ്പെട്ടു നല്‍കിയത് ജനങ്ങള്‍ കാണാനും കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ അവന്‍ കുറവുവരുത്താനും അവ പൊളിക്കാതെ നിര്‍ത്തിയിരുന്നെങ്കില്‍!
ഇബ്‌നു ഉമര്‍(റ) ഉദ്ധരിക്കുന്നു. നബി(സ) പറഞ്ഞു: ''രണ്ടു കാര്യം കൊണ്ട് ആദം(അ)നെക്കാള്‍ ഞാന്‍ ശ്രേഷ്ഠമാക്കപ്പെട്ടിരിക്കുന്നു. ഒന്ന്, എന്റെ ശൈഥാന്‍ അവിശ്വാസിയായിരിക്കുന്നു. അവനെതിരെ അല്ലാഹു എന്നെ സഹായിച്ചു അന്‍ സത്യവിശ്വാസിയായി. രണ്ട്, എന്റെ ഭാര്യമാര്‍ എന്റെ സഹായികളുമായി.
ആദം(അ)ന്റെ ശൈഥാന്‍ കാഫിറായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ പാപത്തിന്റെമേല്‍ അദ്ദേഹത്തെ സഹായിച്ചവളുമായി.' (ബൈഹഖി)
സല്ലല്ലാഹു അലൈകയാ റസൂലല്ലാ, യാ ഹബീബല്ലാ...
No comments:
Post a Comment