Monday, February 13, 2012

അക്ഷരങ്ങള്‍ ചൊല്ലിപ്പഠിച്ചിരുന്ന ഓത്തുപള്ളിക്കാലം

അക്ഷരങ്ങള്‍ ചൊല്ലിപ്പഠിച്ചിരുന്ന ഓത്തുപള്ളിക്കാലം
ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ / 
വേങ്ങൂര്‍ സ്വലാഹുദ്ദീന്‍ റഹ്മാനി, ഉമര്‍ റഹ്മാനി പുല്ലൂര്‍

ഭൂമിയിലേക്ക് കുനിഞ്ഞുനോക്കിയുള്ള നടത്തം, ഭൂമി പറയുന്നതെന്തോ കേള്‍ക്കാനാണെന്നു തോന്നും. അധികം അമരാത്ത ആ നടത്തത്തില്‍ ഭൂമിക്കുപോലും വേദനിക്കില്ല. ആ തലോടല്‍ എന്നുമുണ്ടാകണേ എന്നു ഭൂമി കൊതിക്കുന്നതുപോലെ. കേരള മുസ്‌ലിംകള്‍ തങ്ങളുടെ പൊതുധാരയുടെ നേതൃത്വം ഈ മഹാപണ്ഡിതനില്‍ വന്നത് ഉള്‍കുളിരുന്ന അഭിമാനത്തോടെയാണ് സ്വീകരിച്ചത്. തല നെഞ്ചിലേക്ക് കുനിച്ചു പിടിച്ചു കുനിഞ്ഞിരുന്ന് പറഞ്ഞുതന്നതൊക്കെ ഒരു ദേശത്തിന്റെയും ദേശക്കാരുടെയും ഒരു കാലത്തെ അനുഭവസത്യങ്ങളായിരുന്നു. പഠിക്കല്‍, പഠിപ്പിക്കല്‍, ഉപജീവനവഴികള്‍, വെളിച്ചം തന്ന മഹാ ജീവിതങ്ങള്‍- ഒക്കെ കയറിവന്നു ആ സംസാരത്തില്‍.
കിതാബ് പറഞ്ഞുകൊടുക്കാന്‍ തുടങ്ങിയിട്ട് അമ്പതു വര്‍ഷം പൂര്‍ത്തിയായി. എന്താണ് അനുഭവം. പഠിക്കുന്ന കാലത്തേക്കാള്‍ പഠിപ്പിക്കുന്ന കാലത്താണോ കൂടുതല്‍ കിതാബ് നോക്കാനായത്?
അത്, ആയുസ് കൂടുതലുള്ളവര്‍ക്ക് അതിന്റെ അവസരമുണ്ടാകും. മുതഅല്ലിമീങ്ങള്‍ ബുദ്ധിയുള്ളവരും ഓതിപ്പഠിക്കുന്നവരുമായാല്‍ ഉസ്താദുമാര്‍ ആഴമുള്ള കാര്യങ്ങള്‍ ചിന്തിക്കേണ്ടിവരും. ബാഖിയാത്തില്‍നിന്നു പിരിഞ്ഞ 1961-ലാണ് ഞാന്‍ ദര്‍സ് തുടങ്ങുന്നത്. ഇത് ഇപ്പോള്‍ അമ്പത് വര്‍ഷമായി.
ഇപ്പോള്‍ വയസ് 75ന് മുകളിലുണ്ടാവും. 25നു മുമ്പ് ദര്‍സ് തുടങ്ങിയിട്ടുണ്ട്. ഏകദേശ കണക്കാണ്. അരീക്കോട് താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിലായിരുന്നു ആദ്യ ദര്‍സ്. കിടങ്ങഴി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മുഖേന ആ നാട്ടുകാര്‍ കോട്ടുമല ഉസ്താദിന്റെ അടുത്തു വന്ന് അന്വേഷിച്ചതാണ്. ഉസ്താദാണ് എന്നെ അങ്ങോട്ട് പറഞ്ഞയച്ചത്. ഉദ്ഘാടനത്തിന് ആരുമുണ്ടായിരുന്നില്ല. ഞാന്‍ തന്നെ തുടങ്ങിക്കൊടുത്തതാണ്. സാധാരണ ദര്‍സുകളിലെ എല്ലാ കിതാബും അവിടെ ദര്‍സുണ്ടായിരുന്നു. പകലും ഇശാ-മഗ്‌രിബിന്നിടയിലുമൊക്കെ ദര്‍സുണ്ടാകും. സുബ്ഹിക്കു ശേഷം തുടങ്ങിയിരുന്നു. കുട്ടികള്‍ പുരയിലേക്ക് ചെലവിനു പോകും. രാവിലെ ചായ, ഉച്ചക്ക് ചോറ്, രാത്രി കഞ്ഞി, പത്തുമണിക്കും അസ്വറിനു ശേഷവും ചായയോ കഞ്ഞിയോ ഉണ്ടാകും. ഇതാണ് എന്റെ ഭക്ഷണം. ഇത് ഞാന്‍ പരപ്പനങ്ങാടിയില്‍ ഓതുന്ന കാലത്ത് ശീലമാക്കിയതാണ്. ഇപ്പോഴും ഇങ്ങനെതന്നെ. ഏറ്റവും ആദ്യം ഓതിക്കൊടുത്തത് ഫത്ഹുല്‍ മുഈനാണ്. ജലാലൈനി, ശറഹുതഹ്ദീബ്, ബുഖാരി തുടങ്ങിയ വലിയ കിതാബുകളും അവിടെ പഠിപ്പിച്ചിരുന്നു. 12 കൊല്ലം അവിടെ ദര്‍സ് നടത്തി. ഖാളിപ്പണിയുണ്ടായിരുന്നു. കൊല്ലപ്പഴക്കം വന്നു. നാട്ടുകാര്‍ അനുസരണ കുറഞ്ഞു. വിദ്യാര്‍ത്ഥികളും കമ്മിയായി. അങ്ങനെ അവിടുന്നു പോന്നു. ശേഷം ആരീക്കോടിനടുത്തുള്ള മൈത്രയില്‍ രണ്ടു വര്‍ഷം ദര്‍സ് നടത്തി; കൊണ്ടോട്ടിക്കടുത്ത മുണ്ടക്കുളത്തും കാച്ചിനിക്കാടും ഓരോ വര്‍ഷവും. രണ്ടു കൊല്ലം മുണ്ടംപറമ്പും ശേഷം നെല്ലിക്കുത്തുമായിരുന്നു ദര്‍സ്. അവിടെ പത്തു വര്‍ഷമുണ്ടായിരുന്നു. നെല്ലിക്കുത്ത്, ഞാന്‍ ചെല്ലുന്ന അന്നവിടെ ഒരു ജുമുഅത്ത് പള്ളിയായിരുന്നു ഉണ്ടായിരുന്നത്. മറ്റുള്ളവയൊക്കെ സ്രാമ്പി പള്ളികളായിരുന്നു. ശേഷം കിടങ്ങയത്തായിരുന്നു ദര്‍സ്; അഞ്ചു വര്‍ഷം. പിന്നെ ജാമിഅയിലേക്ക് പോന്നു. ഒരു ദര്‍സിലും അസിസ്റ്റന്റ് മുദര്‍രിസുമാരുണ്ടായിരുന്നില്ല. കൂടുതല്‍ മുതഅല്ലിമീങ്ങള്‍ അരീക്കോട്, മുണ്ടക്കുളം, നെല്ലിക്കുത്ത് എന്നിവിടങ്ങളിലായിരുന്നു. മുപ്പതും മുപ്പത്തിയഞ്ചുമൊക്കെയുണ്ടാകും.
ആദ്യകാലത്തെ മുതഅല്ലിമുകള്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ടോ?
ഉണ്ട്, ചിലരൊക്കെ മരിച്ചുപോയി. അധികപേര്‍ക്കും മദ്‌റസയിലാണ് ജോലി.
അരീക്കോട് മുജാഹിദുകള്‍ ശ്രദ്ധിക്കുന്ന സ്ഥലമാണല്ലോ. ഉസ്താദ് ആദ്യം ദര്‍സ് തുടങ്ങിയതും അവിടെയാണ്. അന്നൊക്കെ എന്തായിരുന്നു അവസ്ഥ? 
ഞാന്‍ ചെല്ലുന്ന അന്ന് സ്വാധീനമുണ്ടായിരുന്നു. വന്നതിനുശേഷം കുറേ മുജാഹിദുകള്‍ സുന്നിയായിട്ടുണ്ട്. ക്രമേണ മുജാഹിദുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കുറയുകയായിരുന്നു. പിന്നെ കൂടുതലും സുന്നികളായി. അവരുടെ സംഘടന രൂപീകരിക്കുന്ന കാലത്തുള്ളവരല്ലാത്തവരൊക്കെ വേര്‍പിരിഞ്ഞു. അവരുടെ വലിയ ഊക്കൊക്കെ അമര്‍ന്നുപോയി.
ഒരു സുന്നിക്ക് തലയുയര്‍ത്തി നടക്കാന്‍ നിവൃത്തിയുണ്ടായിരുന്നില്ല. അങ്ങനെയായിരുന്നു അവിടുത്തെ സ്ഥിതി. സംവാദങ്ങളൊന്നുമുണ്ടായിട്ടില്ലെങ്കിലും സുന്നികള്‍ അവരുടെ അനുഷ്ഠാനങ്ങള്‍ പുറത്തുകൊണ്ടുവന്നു. അങ്ങനെ, മുജാഹിദും സുന്നികളോടൊപ്പം കൂടി. അവര്‍ക്ക് കെട്ടു ബന്ധങ്ങള്‍ ഉണ്ടായിരുന്നു. മൗലിദ്, നേര്‍ച്ച....എല്ലാറ്റിലും അവര്‍ പിന്നെ പങ്കെടുക്കും.

ഓത്തുപള്ളി
കേരളീയ മുസ്‌ലിംകള്‍ ഇസ്‌ലാമികമായ അറിവുകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ വഴികള്‍ പലതാണ്. ഓത്തുപള്ളികള്‍ ഇവിടെ വലിയ പങ്കാണ് നിര്‍വഹിച്ചത്. നിര്‍മാണത്തിലും നടത്തിപ്പിലും വൈവിധ്യം പുലര്‍ത്തിയിരുന്ന ഇവ മുസ്‌ലിം നവോത്ഥാന നീക്കങ്ങളെ ഗുണപരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിലെ പരമ്പരാഗത സമുദായത്തിന്റെ വിദ്യാഭ്യാസപരമായ ഒരുക്കിവെപ്പുകളെ കുറിച്ച് ഉറപ്പുള്ള ധാരണകള്‍ ഈ ഓത്തുപള്ളികള്‍ കൈമാറുന്നു. കൃത്യമായ കാലനിര്‍ണയം നടത്താന്‍ കഴിയാത്ത ഈ പഠനസംവിധാനം എങ്ങനെയായിരുന്നു? കേരളത്തിലെ ഇസ്‌ലാമിക വരവോളം പഴക്കം അനുമാനിക്കാവുന്ന ഓത്തുപള്ളികളില്‍ എഴുത്തിനെക്കാള്‍ ഓത്തായിരുന്നോ നടന്നിരുന്നത്? ഓത്തുപള്ളി എന്നാണല്ലോ പേര്. നാടുകളില്‍ എവിടെയായിരുന്നു ഇത് നടന്നിരുന്നത്? അന്നത്തെ ജനത ഓത്തുപള്ളി മൊല്ലാക്കയെ എങ്ങനെയാണ് പരിഗണിച്ചു പോന്നത്?
ഓരോ നാട്ടിലും അവരവര്‍ക്ക് സൗകര്യമുള്ളിടത്താണ് ഓത്തുപള്ളികളുണ്ടാക്കുക. മൊല്ലാക്ക അധികവും ആ നാട്ടുകാരന്‍ തന്നെയായിരിക്കും.  വിദേശികള്‍ വളരെ കുറവാണ്. മൊല്ലാക്കയാകാന്‍ പ്രത്യേക തഹ്‌സീലൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹവും ഇങ്ങനെ ഓത്തുപള്ളികളില്‍ പഠിച്ച് വലുതായതാണ്. സ്വന്തം വീട്ടിലാണ് മൊല്ലാക്കാന്റെ നിത്യചെലവ്.
ആളുകള്‍ ഇവിടേക്ക് പഠിക്കാന്‍ വരുമായിരുന്നു. ഇവിടന്ന് മൊല്ലാക്ക എഴുതിക്കൊടുത്തത് കുട്ടികള്‍ ഒതിപ്പഠിക്കും. മുരുക്കിന്റെയോ മൂച്ചിയുടെയോ പലക ഈര്‍ന്ന് കൊണ്ടുനടക്കാന്‍ കഴിയുന്ന പാകത്തില്‍ ഉണ്ടാക്കും. ചൗടി മണ്ണ് കൊണ്ട് പലക ശരിക്ക് കഴുകിയിട്ട് അത് തേച്ച് വെയിലില്‍ ഉണക്കും. അപ്പോള്‍ നിറം കിട്ടും. എന്നിട്ട് അതിന്മേല്‍ മൊല്ലാക്ക എഴുതിക്കൊടുക്കും.
അറബി മഷികൊണ്ടാണ് എഴുതുക. ഈ മഷി ഇപ്പോഴും വാങ്ങാന്‍ കിട്ടും. അച്ചടിമഷിക്കാരുടെ അടുത്ത് കാണും. കറുപ്പാണ് അതിന്റെ കളര്‍. മൊല്ലാക്ക പലകയില്‍ എഴുതിത്തന്നത് പഠിച്ചുകഴിഞ്ഞാല്‍ വെള്ളം പാര്‍ന്ന് പലക മായ്ച്ചു കളയും. പിന്നെയും ആദ്യം ചെയ്തപോലെ ചൗടി മണ്ണ് തേച്ച് ഉണക്കാന്‍ വെയിലില്‍ വെക്കും. പിന്നെയും എഴുതും.
അലിഫ്, ബാഅ്, താഅ് അങ്ങനെ എഴുതി കാണാതെ പഠിക്കുക. ഇതാണ് പഠനരീതി. മൊല്ലാക്ക എഴുതിക്കൊടുക്കും. കുട്ടികള്‍ ഇരുന്ന് പഠിക്കുക. കുട്ടികള്‍ എഴുതാറില്ല. കുറച്ചു വലുതായാലാണ് അവര്‍ എഴുതിപ്പഠിക്കുക. പുള്ളിയില്ലാത്ത അലിഫ്, താഴെ പുള്ളിയുള്ള ബാഅ്, ഖാഇന് പുള്ളി മേലെ, ഹാഇന് പുള്ളിയില്ല, ജീമിന് പുള്ളി താഴെ എന്നിങ്ങനെ മൊല്ലാക്ക പറഞ്ഞ് എഴുതിത്തരും. കുട്ടികള്‍ അങ്ങനെ ചൊല്ലി പഠിക്കും.
ഈ പഠനം സൂറത്തുല്‍ ഫാതിഹ തുടങ്ങുന്നതു വരെയുണ്ടാകും. അതിന് വര്‍ഷത്തിന്റെ കണക്ക് പതിവില്ല. ചിലര്‍ക്ക് ഒരു മാസം കൊണ്ട് തീരും. ചിലര്‍ക്ക് ആറു മാസം പിടിക്കും. ആദ്യം ഫാതിഹയാണ് ഓതിപ്പഠിക്കുക. പിന്നെ നാസ് മുതല്‍ മുകളിലേക്ക് കാല്‍ ജുസ്അ്, അര ജുസ്അ് അങ്ങനെ പോകും.
ഫാതിഹയും പലകയില്‍ എഴുതി കൊടുക്കുമായിരുന്നു. മൊല്ലാക്ക പറഞ്ഞുകൊടുക്കും. പഠിച്ച മുതിര്‍ന്ന കുട്ടികളും പറഞ്ഞുതരാന്‍ ഉണ്ടാകും. ക്ലാസായി വേര്‍തിരിക്കുകയൊന്നുമില്ല. വലിയവരും ചെറിയവരും കൂട്ടായും വേറിട്ടും ഇരിക്കാറുണ്ട്. ഏകദേശം എല്ലാ നാടുകളിലും ഇങ്ങനെ ഓത്തുപള്ളികളുണ്ടായിരുന്നു.
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഞാന്‍ ഇശാ-മഗ്‌രിബിനിടയില്‍ ദര്‍സിന് പോകുമായിരുന്നു. അത് പകലുണ്ടാകാറില്ല. ഈ ദര്‍സും ഓത്തുപള്ളിയുമെല്ലാം മലപ്പുറം കുന്നുമ്മലായിരുന്നു. മുസ്ഹഫ് മുപ്പത് ജുസ്ഉം ഓതിത്തീര്‍ന്നാലാണ് ഓത്തുപള്ളി പഠനം തീരുക. ഇങ്ങനെ മുപ്പത് ജുസ്ഉം ഓതിപ്പഠിച്ചാണ് ഞാന്‍ ദര്‍സ് പഠനം തുടങ്ങുന്നത്.
ഓത്തുപഠനത്തിനു പുറമെ നിസ്‌കാരക്കണക്കുകള്‍, സബീനകള്‍, മുനാജാത്തുകള്‍ ഒക്കെ ഇവിടെ നിന്ന് പഠിപ്പിക്കും. മുഹ്‌യിദ്ദീന്‍ മാല, രിഫാഈ മാല തുടങ്ങിയ മാല-മൗലിദുകള്‍, പാട്ടുകള്‍ എല്ലാം നല്ലവണ്ണം പഠിപ്പിച്ചിരുന്നു. ഓത്തുപള്ളി പഠനം തീരുമ്പോഴേക്ക് അത്യാവശ്യം ഒരു കിതാബ് ഓതിയ മനുഷ്യനായിത്തീരും എന്നു പറയാം. സബീനയിലായിരുന്നു നിസ്‌കാരക്കണക്കുകള്‍ ഉണ്ടായിരുന്നത്. മശാഇഖന്മാരെ വന്ദിച്ചുണ്ടാക്കിയതായിരിക്കും പാട്ടുകള്‍. അമലിയ്യാത്തും ദീനിയ്യാത്തും പ്രധാനമായി പഠിപ്പിച്ചിരുന്നു. അത് ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി ഉണ്ടാക്കിയതാണെന്ന് തോന്നുന്നു. തല മുതല്‍ അവസാനം വരെ പഠിപ്പിക്കും. അറബി മലയാളത്തിലായിരുന്നു അത്. പടപ്പാട്ടുകളും ഇവിടെന്നു പഠിച്ചിരുന്നു. ഇതൊക്കെ ജനങ്ങള്‍ ഇശാ-മഗ്‌രിബിനിടയില്‍ ചൊല്ലല്‍ പതിവാണ്. ഞാന്‍ പാട്ടുപഠിക്കാന്‍ മെനക്കെട്ടിട്ടില്ല. ഓത്തിനുശേഷം സ്‌കൂള്‍ പഠനത്തിന് പോകുകയായിരുന്നു.
ഓത്തുപള്ളിയില്‍ പഠിപ്പിക്കുന്നതിന് മൊല്ലാക്കാക്ക് ശമ്പളമുണ്ടായിരുന്നു. ആഴ്ചയില്‍ 'വ്യാഴാഴ്ചക്കായി' എന്നു പറഞ്ഞ് ഓരോ കുട്ടികളും അത് കൊണ്ടുവന്നു കൊടുക്കും. ഒരു കുട്ടി  ഒരു മുക്കാലാണ് കൊടുക്കാറ്. നാല് മുക്കാല്‍ ഒരണ. 16 അണ ഒരു ഉറുപ്പിക എന്നാണ് അന്നത്തെ കണക്ക്. സമസ്തയുടെ മദ്‌റസയും പുസ്തകവും ഉണ്ടാകുവോളം ഈ സ്ഥിതി നിലനിന്നിരുന്നു.
ഓത്തുപള്ളികളില്‍ സ്‌കൂള്‍ വിഷയങ്ങളും പഠിപ്പിച്ചിരുന്നോ? എപ്പോഴാണ് അതിന് സമയം നിശ്ചയിക്കപ്പെട്ടത്?
നേരം വെളുത്ത് അസ്വ്ര്‍ വാങ്ക് കൊടുക്കുന്നതു വരെ ഓത്തുപള്ളിയില്‍ പഠനം ഉണ്ടാകും. രാവിലെ വിശപ്പിന് വല്ലതും കഴിച്ചിട്ടായിരിക്കും തുടങ്ങുക. പത്തു മണിക്കും ഉച്ചയ്ക്കും ഒന്നു വിടും. ഭക്ഷണത്തിനുള്ള സമയമാണത്. സ്‌കൂളില്‍ പോകാത്തിടത്താണ് ഇങ്ങനെയുണ്ടായിരുന്നത്. സ്‌കൂളില്‍ പോകുന്നവര്‍ക്ക് രാവിലെ പത്തുമണി വരെയും പോകാത്തവര്‍ക്ക് വൈകുന്നേരം വരെയുമാണ് പഠനമുണ്ടാവുക. എല്ലാവരുമൊന്നും സ്‌കൂളില്‍ പോകാറില്ല. പത്തില്‍ രണ്ടെണ്ണമൊക്കെയാണ് പോവുക. ഇത് എല്ലാ സമുദായത്തിലെയും സ്ഥിതിയാണ്. ചില സ്ഥലത്ത് ഓത്തുപള്ളിയും സ്‌കൂളും ഒന്നായിരിക്കും. അവിടെ ഒമ്പതര പത്തുമണി വരെ ഓത്തുപള്ളി പഠനമാണ്. ശേഷം വൈകുന്നേരം വരെ സ്‌കൂള്‍ പഠനവുമുണ്ടാകും.
ഞാന്‍ മലപ്പുറം കുന്നുമ്മലുള്ള ഓത്തുപള്ളിയിലേക്കാണ് പോയിരുന്നത്. അവിടെ ഇങ്ങനെയായിരുന്നു പഠനം. എന്റെ നാട്ടിലെ ഓത്തുപള്ളിയില്‍ ഞാന്‍ പോയിരുന്നില്ല. പത്തു മണിക്ക് ഓത്തുപള്ളി പഠനം കഴിഞ്ഞ് പിന്നെ സ്‌കൂളിലേക്ക് പോകും.
അന്ന് സ്‌കൂള്‍ പഠനത്തിന് പ്രത്യേക പുസ്തകം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും അതുണ്ടാകും. അധ്യാപകരില്‍ മുസ്‌ലിം-അമുസ്‌ലിം, ആണ്‍-പെണ്‍ വ്യത്യാസമുണ്ടായിരുന്നില്ല. ഇംഗ്ലീഷ്, കണക്ക്, ഭൂമിശാസ്ത്രം തുടങ്ങിയവ അവിടന്ന് പഠിച്ചിരുന്നു. ഇംഗ്ലീഷ് രണ്ടാം ക്ലാസില്‍ നിന്ന് തുടങ്ങി. അഞ്ചാം ക്ലാസ്സുവരെയായിരുന്നു എന്റെ സ്‌കൂള്‍ പഠനം. അധികസ്ഥലത്തും ഓത്തുപള്ളിയും സ്‌കൂളും ഒരേ സ്ഥലത്തായിരുന്നു. ചിലയിടത്ത് രണ്ടും വേറിടത്ത് തന്നെയായിരുന്നു. ഓത്തുപള്ളിയില്‍ മുസ്‌ലിംകളേ വരാറുള്ളൂ. പക്ഷേ, ഓത്തുപള്ളി സ്‌കൂളില്‍ എല്ലാവരും വരും. സ്‌കൂള്‍ സൗകര്യത്തിനുവേണ്ടി പിന്നെ രണ്ടാക്കുകയായിരുന്നു.
ഓത്തുപള്ളികളില്‍ പഠനത്തിന് പുറമെ മറ്റെന്തെങ്കിലും നടന്നിരുന്നോ?
ഇവിടെ ഓത്തുപള്ളി മൊല്ലാക്കാന്റെ വക നേര്‍ച്ചയൊക്കെ നടക്കാറുണ്ട്. റബീഉല്‍ അവ്വലില്‍ ഉണ്ടാകുമായിരുന്നു. ഓത്തുപള്ളിയില്‍ വെച്ചു തന്നെയായിരിക്കും അത് നടത്തുക. മൗലിദും ഉണ്ടാകും. നാട്ടുകാര്‍ പങ്കെടുക്കുമായിരുന്നു. ചീരണിയും ഉണ്ടാകും. റമളാനില്‍ ഓത്തുപള്ളിയില്‍ ഉച്ചവരെയായിരുന്നു പഠനം. ബാക്കിയുള്ള സമയം പള്ളിയില്‍ പോയി മുസ്ഹഫ് എടുത്ത് ഓതിയിരിക്കും.
ഓത്തുപള്ളിയില്‍ അഞ്ചു വര്‍ഷം പഠിച്ചുവെന്നത് ഉസ്താദ് പറഞ്ഞു. ഉസ്താദിന്റെ കുടുംബത്തില്‍ ആരെങ്കിലും ഓത്തുപള്ളി മൊല്ലാക്കാമാരായിരുന്നോ?
എന്റെ പിതാവ് ഒരു മൊല്ലാക്കയായിരുന്നു; നാട്ടില്‍ തന്നെ. ഞാന്‍ പിതാവില്‍നിന്നാണ് പഠിച്ചുതുടങ്ങിയത്. വൈകുന്നേരം വീട്ടില്‍ നിന്ന് ഖുര്‍ആന്‍ ഓത്ത് പഠിപ്പിക്കും. എന്റെ വാപ്പാന്റെ വാപ്പ കുഞ്ഞി മുഹ്‌യിദ്ദീന്‍ എന്നവരും മൊല്ലാക്കയാണ്. അദ്ദേഹം ഞങ്ങളുടെ പുരയില്‍ ഓത്ത് പഠിപ്പിക്കുമായിരുന്നു. ഇത് ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന പുരയല്ല. ഞങ്ങളുടെ തറവാട്ട് പുരയായിരുന്നു. അതും കാളമ്പാടിയില്‍ തന്നെ. പരിയമണ്ണ, എം.എസ്.പി ക്യാമ്പ് എന്നിവിടങ്ങളില്‍ വല്ല്യുപ്പ ഖുതുബ ഓതിയിരുന്നു. ഖുതുബ മാത്രമാണുണ്ടായിരുന്നത്. കാവുങ്ങല്‍ ആദ്യമായി ഒരു ഓത്തുപള്ളി തുടങ്ങിയത് മുരിങ്ങേക്കല്‍ അഹ്മദ് ഹാജി എന്നയാളാണ്. അയാളുടെ പീടികയുടെ മുകളിലായിരുന്നു അത്. അദ്ദേഹം ശേഷം ഞങ്ങളുടെ കുടുംബക്കാരനായി.

ദര്‍സ് പഠനം

പഴയ കാലത്ത് കേരളത്തില്‍ മതപഠനത്തിന് രണ്ടു സംവിധാനങ്ങളാണുണ്ടായിരുന്നത്. ഒന്ന്, പ്രാഥമിക പഠനത്തിന് ഓത്തുപള്ളികളും രണ്ട്, ഉന്നത പഠനത്തിന് ദര്‍സുകളും. അഞ്ചു വര്‍ഷത്തെ ഓത്തുപള്ളി പഠനത്തിനുശേഷം ദര്‍സുകളില്‍ തന്നെയാണോ പഠനം തുടര്‍ന്നത്?
ഓത്തുപള്ളിയില്‍ പഠിക്കുമ്പോള്‍ തന്നെ ഇശാ-മഗ്‌രിബിനിടയില്‍ ഞാന്‍ മലപ്പുറം കുന്നുമ്മല്‍ ജുമുഅത്ത് പള്ളിയില്‍ പോയിരുന്നു. പത്തുകിത്താബാണ് ഓതിയിരുന്നത്. സൈതാലിക്കുട്ടി മുസ്‌ലിയാരാണ് ഓതിത്തന്നത്. ആദ്യമായി ഓതിയ കിതാബ് അതാണ്.
മലപ്പുറത്ത് മഞ്ചേരി റോഡിന് താഴ്ഭാഗത്തായിരുന്നു ആ പള്ളി. അതിപ്പോഴുമുണ്ട്. പത്തോ ഇരുപത്തിയഞ്ചോ കുട്ടികളുമുണ്ടാകും അന്ന്. അങ്ങോട്ട് നടന്നായിരുന്നു ഞങ്ങള്‍ പോയിരുന്നത്.
പിന്നെ കൂട്ടിലങ്ങാടി ജുമുഅത്ത് പള്ളിയില്‍ കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. നഹ്‌വിന്റെ കിതാബുകളാണ് ഓതിയത്. മൂന്നു കൊല്ലം വരെയുണ്ടായിരുന്നു അവിടെ. ശേഷം പഴമള്ളൂര്‍ അഹ്മദ് കുട്ടി മുസ്‌ലിയാരുടെ അടുത്ത് ഓതി. ജലാലൈനി, മിശ്കാത്ത് തുടങ്ങി കുറച്ച് കിതാബുകള്‍ അവിടെ നിന്ന് ഓതി. ശേഷം വറ്റല്ലൂരില്‍ പെരിമ്പലം ബാപ്പുട്ടി മുസ്‌ലിയാരുടെ അടുത്തേക്ക് പോയി. മുഖ്തസ്വറുല്‍ മആനി, ശര്‍ഹുത്തഹ്ദീബ്, തുഹ്ഫത്തുല്‍ ഇഖ്‌വാന്‍, തസ്വ്‌രീഹുല്‍ മന്‍തിഖ് തുടങ്ങിയ കിതാബുകള്‍ ഓതിപ്പഠിച്ചു. തുടര്‍ന്ന് എടരിക്കോട് പാലച്ചിറമാടില്‍ ചെറുശ്ശോല കുഞ്ഞി മുഹമ്മദ് മുസ്‌ലിയാരുടെ അടുക്കല്‍ ഓതി. രണ്ടു കൊല്ലമാണ് ഓതിയത്. ഖുതുബി, ഖുലാസ, സ്വഹീഹു മുസ്‌ലിം, ജംഉല്‍ ജവാമിഅ്, ഉഖ്‌ലൈദിസ്, തശ്‌രീഹുല്‍ അഫ്‌ലാക് എന്നീ കിതാബുകളാണ് അന്ന് ഓതിയത്.
ഇവിടെ പഠിക്കുമ്പോഴാണ് ആദ്യമായി ഖുതുബ ഓതുന്നത്. ഓതുന്ന പള്ളിയില്‍ തന്നെയായിരുന്നു ഖുതുബ. നാട്ടുകാര്‍ പറഞ്ഞിട്ടാണ് ഓതിയത്.
പിന്നീട് കോട്ടുമല ഉസ്താദിന്റെ അടുത്തേക്ക് പോയി. പരപ്പനങ്ങാടി പനയത്ത് പള്ളിയിലായിരുന്നു കോട്ടുമല ഉസ്താദ് ദര്‍സ് നടത്തിയിരുന്നത്. ഉസ്താദിന്റെ അടുക്കല്‍ രണ്ടു വര്‍ഷം ഓതി. ശര്‍ഹുല്‍ അഖാഇദ്, മഹല്ലി, ഖുതുബി മീര്‍, മുല്ലാ ഹസന്‍, ബുഖാരി, രിസാലതുല്‍ മാറദീനിയ്യ തുടങ്ങിയ കിതാബുകള്‍ ഓതി. ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഹാശിയയോടു കൂടിയതായിരുന്നു രിസാലതുല്‍ മാറദീനിയ്യ. അന്ന് അധിക ദര്‍സുകളിലും ഈ കിതാബുണ്ടായിരുന്നു.
അക്കാലത്ത് പള്ളിദര്‍സുകളില്‍ സമാജങ്ങളോ പ്രസിദ്ധീകരണങ്ങളോ ഉണ്ടായിരുന്നോ?
സമാജങ്ങളൊന്നും അന്ന് അധിക ദര്‍സിലും ഉണ്ടായിരുന്നില്ല. അന്ന് നമുക്ക് 'അല്‍ ബയാന്‍' മാത്രമായിരുന്നു ഉണ്ടായിരുന്നത്. കുട്ടികള്‍ വെള്ളിയാഴ്ച വഅ്‌ളിന് പോകാറുണ്ടായിരുന്നു. ഞാന്‍ അങ്ങനെ പോയിരുന്നില്ല. ചെന്നാല്‍ തന്നെ അക്കാലങ്ങളില്‍ പള്ളികളില്‍ വഅ്‌ള് പറയാന്‍ കുട്ടികള്‍ക്ക് കഴിയുമായിരുന്നില്ല.
പരപ്പനങ്ങാടി പനയത്ത് പള്ളിയില്‍ കൂടെയുണ്ടായിരുന്ന ആദൃശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ വഅ്‌ളിനു പോയിരുന്നു.

ബാഖിയാത്ത്
ഹിജ്‌റ 1286-ല്‍ വെല്ലൂരില്‍ അഅ്‌ലാ ഹസ്‌റത് ബാനി അബ്ദുല്‍ വഹാബ് നിര്‍മിച്ച വിശ്വേത്തര പാഠശാലയായിരുന്നുവല്ലോ ബാഖിയാത്ത്. ഒരു പാഠശാലയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഒട്ടാഞ്ചേരിയിലെ ഗനി തമ്പി(റ) എന്ന പണ്ഡിതന്‍ ബാനിയെ സമീപിക്കുന്നത്. ''മഹാനവര്‍കളേ, നിങ്ങളിപ്പോള്‍ നാടുനീളെ പ്രസംഗിക്കുന്നു.  ജനങ്ങള്‍ പ്രസംഗം കേള്‍ക്കുന്നു. പക്ഷേ, അതിനുശേഷം അവര്‍ പഴയ അവസ്ഥയിലേക്കു തന്നെ മടങ്ങുന്നു. മാത്രമല്ല, നിങ്ങള്‍ക്ക് ഓരോ നാട്ടിലും ചെന്ന് ദീനീ പ്രബോധനം നടത്താന്‍ കഴിയണമെന്നുമില്ല. അതുകൊണ്ട് മുഴുവന്‍ സ്ഥലങ്ങളിലും പോയി ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിവുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക. അവര്‍ ഈ പ്രവര്‍ത്തനം സുഖമമായി നടത്തിക്കൊള്ളും.'' ഗനിതമ്പിയുടെ ഈ വാക്കാണ് പിന്നീട് ബാഖിയാത്തിന്റെ രൂപീകരണത്തിന് പ്രധാനമായും വഴിത്തിരിവായത്. കേരളത്തില്‍ നിന്ന് ആദ്യമായി മൗലാന ചാലിലകത്ത് കുഞ്ഞഹമ്മദാജി ബാഖിയാത്തില്‍ പോയി പഠിച്ചു. പില്‍ക്കാലത്ത് നിരവധി പണ്ഡിതന്‍മാര്‍ അവിടെ പോയിരുന്നു. ഈ അറിവിന്റെ സന്നാഹവഴിയില്‍ ഉസ്താദും ഉള്‍ച്ചേര്‍ന്നു നിന്നിട്ടുണ്ട്. എന്തൊക്കെയായിരുന്നു അനുഭവങ്ങള്‍, ഓര്‍മകള്‍?
പരപ്പനങ്ങാടി ദര്‍സില്‍ നിന്ന് നേരെ വെല്ലൂര്‍ ബാഖിയാത്തിലേക്കാണ് പോയത്. കൂടെ ഒ.കെ അര്‍മിയാഅ് മുസ്‌ലിയാരും കോട്ടുമല മുഹമ്മദ് മുസ്‌ലിയാരും ഉണ്ടായിരുന്നു. ഞങ്ങള്‍ മൂന്നുപേരും പരപ്പനങ്ങാടി ദര്‍സില്‍ നിന്നാണ് പോയത്. അവിടെ ബൈളാവി, മഹല്ലി, ജംഉല്‍ ജവാമിഅ്, മുല്ലാ ഹസന്‍, ചഗ്‌മൈനി, അത്തൗളീഹു വത്തല്‍വീഹ് (ഹനഫി ഉസൂല്‍), ഹിദായ (ഹനഫീ ഫിഖ്ഹ്) എന്നീ കിതാബുകളാണ് ഓതിയത്. ഒരു കൊല്ലമായിരുന്നു മുഖ്തസര്‍. പിന്നെ രണ്ടു കൊല്ലം മുതവ്വല്‍. സിഹാഹുസ്സിത്ത മുഴുവനും അഖാഇദുല്‍ ജലാലിയും ഓതി.
ഓതുന്ന കിതാബുകള്‍ മുഴുവന്‍ ഓതലാണ് പണി. ദര്‍സുകളില്‍ ഒന്ന് തീര്‍ന്നിട്ടേ മറ്റൊന്ന് ഓതുകയുള്ളൂ. എന്നാല്‍, രണ്ടുമൂന്ന് കിതാബുകള്‍ ഒന്നിച്ച് ഓതുന്ന പതിവ് വെല്ലൂരില്‍ ഉണ്ടായിരുന്നു. മുതവ്വലില്‍ സിഹാഹുസ്സിത്ത ഒരു വരിയും ഒഴിവാക്കാതെ ആദ്യം മുതല്‍ അവസാനം വരെ ഓതും. അവിടുന്നും ഇവിടുന്നുമെടുത്ത് ഓതുകയല്ല ചെയ്തിരുന്നത്.
ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ മുസ്‌ലിയാര്‍ പാപ്പിനിശ്ശേരി, അബൂബക്ര്‍ ഹസ്‌റത്ത് എന്നിവരായിരുന്നു അന്ന് ഉസ്താദുമാര്‍. ഉയര്‍ന്ന ക്ലാസുകളില്‍ കിതാബ് നടത്തിയിരുന്നത് ഇവര്‍ മൂന്നുപേരായിരുന്നു.
സ്വന്തമായി കിതാബുകള്‍ വാങ്ങിയിരുന്നോ?
വായ്പ വാങ്ങും. സ്വന്തമായി വാങ്ങാന്‍ കഴിവുള്ളവര്‍ അങ്ങനെ വാങ്ങും. കുതുബ്ഖാനയില്‍ നിന്ന് കിതാബ് കിട്ടും. നാലാള്‍ക്ക്, മൂന്നാള്‍ക്ക് വീതമൊക്കെ ഓഹരിവെച്ചു തരും.
അവിടത്തെ ക്ലാസ് രീതി എങ്ങനെയായിരുന്നു?
നിലത്ത് പായ നിവര്‍ത്തിയിരിക്കും. കിതാബ് വെക്കാന്‍ മുമ്പില്‍ ബെഞ്ചുണ്ടാകും. എന്നാല്‍ പനയത്തെ (പരപ്പനങ്ങാടി) പള്ളിയില്‍ ഇരിക്കാന്‍ പായയുണ്ടാകും. കിതാബ് വെക്കാന്‍ മുമ്പില്‍ വല്ല മുണ്ടോ മറ്റോ ഉണ്ടാകും. അതിലാണ് കിതാബ് വെക്കുക. ബാഖിയാത്തില്‍ ഓരോ മണിക്കൂര്‍ നേരമുണ്ടാകും ഓരോ ക്ലാസ്സുകള്‍. രാവിലെ എട്ടു മണിക്ക് തുടങ്ങി അസ്വ്‌റിന് വാങ്കു കൊടുക്കുമ്പോള്‍ നിര്‍ത്തും. പിരിയഡ് രീതിയിലായിരുന്നു ക്ലാസ്.
അസ്വ്‌റിന് ശേഷം?
കിതാബുകള്‍ നോക്കും. അല്ലാതെ എന്തുപണി? മഗ്‌രിബിനു ശേഷം നിസ്‌കാരം കഴിഞ്ഞാല്‍ ഭക്ഷണം. അതുകഴിഞ്ഞാല്‍ കിതാബ് ഓത്ത്. ഇശാ നിസ്‌കാരം കഴിഞ്ഞാല്‍ അവനവന്റെ റൂമില്‍ ചെന്ന് കിതാബ് നോക്കും. ഹല്‍ഖയായിട്ടും ഒറ്റയായിട്ടും നോക്കും. രാത്രി എത്ര വേണമെങ്കിലും ഉറക്കമൊഴിവാക്കിയും അവനവന്റെ സൗകര്യം പോലെ നോക്കാം.
അവിടെ കിതാബ് മാത്രമാണോ ഉണ്ടായിരുന്നത്?
കിതാബ് മാത്രം. പക്ഷേ, ഉറുദുവും പാഴ്‌സിയും പഠിക്കണമെന്ന് നിമയമുണ്ടായിരുന്നു. അതിന് മലബാരികള്‍ അങ്ങനെ പോകാറില്ല.
എവിടെ വെച്ചായിരുന്നു ക്ലാസ്. ഉസ്താദുമാര്‍ കിതാബിലില്ലാത്ത കാര്യങ്ങള്‍ പറയുമ്പോള്‍ അതെഴുതിയെടുക്കുന്ന പതിവുണ്ടായിരുന്നോ?
എഴുതിയെടുക്കാറുണ്ട്. അങ്ങനെ എഴുതിവെച്ച നോട്ടുകള്‍ ഇപ്പോഴുമുണ്ട്. എഴുത്തൊക്കെ മാഞ്ഞുതുടങ്ങി. ഇപ്പോഴവ എടുത്തു നോക്കാറില്ല. ബാഖിയാത്ത് പള്ളിയില്‍ വെച്ചല്ലായിരുന്നു ക്ലാസ്, കോളേജില്‍ വെച്ചായിരുന്നു.
തലേന്നെടുത്ത ക്ലാസ് പിറ്റേന്ന് ചോദിക്കാറുണ്ടോ?
പിറ്റേന്ന് ചോദിക്കാറൊന്നുമില്ല. പഠിക്കുന്നവര്‍ക്ക് പഠിക്കാം. അവര്‍ ക്ലാസെടുത്തു തരും. ക്ലാസിനിടയില്‍ സംശയം ചോദിക്കാം. അവരത് തീര്‍ത്തു തരും.
ക്ലാസിലില്ലാത്ത കിതാബുകള്‍ നോക്കാന്‍ അവിടെ കുതുബുഖാന ഉണ്ടായിരുന്നില്ലേ?
അതെ, കുതുബ്ഖാനയില്‍ പ്രത്യേകം ആളെ ശമ്പളം കൊടുത്തു നിര്‍ത്തിയിരുന്നു. അവിടെ ചെന്നാല്‍ കിതാബ് എടുത്തു തരും. അവിടന്ന് മുതാലഅ ചെയ്യാം.
ഏറ്റവും താല്‍പര്യമുള്ള കിതാബ് ഏതായിരുന്നു?
ഇന്ന കിതാബ് എന്നില്ല, ഓതുന്ന കിതാബിനോടൊക്കെ താല്‍പര്യമായിരുന്നു.
പള്ളിയില്‍ കുട്ടികളായിരുന്നോ ഇമാം നിന്നിരുന്നത്?
അല്ല, ഇമാം നില്‍ക്കാന്‍ അതിനുവേറെ ആളുണ്ടായിരുന്നു. പ്രത്യേകം ആളെ നിശ്ചയിച്ചിരുന്നു.
ഹദ്ദാദ് ഉണ്ടായിരുന്നോ?
ഇല്ല. അവര്‍ ഹനഫികളല്ലേ.
ബാഖിയാത്തില്‍ അവധി എങ്ങനെയായിരുന്നു?
ഒരു റമളാനിനു പോയാല്‍ പിറ്റേ റമളാനിനാണ് അവിടെ ദര്‍സ് നിര്‍ത്തുക. അതിനിടയില്‍ അത്യാവശ്യക്കാര്‍ ഒരാഴ്ചക്കോ മറ്റോ ലീവ് ചോദിച്ചു പോകും. ഞാനാദ്യം ഒരു കൊല്ലത്തിലേ പോന്നിരുന്നുള്ളൂ. പിന്നെ റബീഉല്‍ അവ്വലില്‍ പോന്നിരുന്നു. റബീഉല്‍ അവ്വല്‍ 12ന് ഒരു ദിവസത്തെ ലീവ്. പെരുന്നാളിന് അഥവാ വലിയ പെരുന്നാളിന് ഒന്നാം പെരുന്നാളിന്റെ ലീവ്. ഇങ്ങനെയായിരുന്നു ലീവുകള്‍.
ഉസ്താദുമാരും ഈ ലീവിലായിരുന്നോ പോന്നിരുന്നത്?
അവര്‍ പെണ്ണുങ്ങളെയും കുട്ടികളെയും കൂട്ടി പുര വാടകക്കെടുത്ത് താമസിക്കുകയായിരുന്നു ചെയ്തിരുന്നത്. അവരവിടെ ഖുതുബയും ഇമാമത്തുമൊക്കെ ഉള്ളവരാണ്. അവര്‍ റമളാനിലേക്ക് പുട്ടുമ്പോഴേ പോവുകയുള്ളൂ.
വീട്ടിലേക്ക് കത്തെഴുതിയിരുന്നോ?
അതെ, കത്തെഴുതാറുണ്ടായിരുന്നു. അവനവന്റെ ആവശ്യങ്ങള്‍ പോലെ ചെയ്യും.
ബാഖിയാത്തിലെ പരീക്ഷയും സനദ്ദാനവുമൊക്കെ എങ്ങനെയായിരുന്നു?
രണ്ടു സമയങ്ങളില്‍ പരീക്ഷയുണ്ടാകും. അരക്കൊല്ലവും കൊല്ലവസാനവും. നാല് കിതാബുകള്‍ നാലുദിവസങ്ങളില്‍ പരീക്ഷയുണ്ടാകും. പാസ് മാര്‍ക്കുള്ളവരൊക്കെ ജയിക്കും. 35 മാര്‍ക്കു വേണം ജയിക്കാന്‍. 
പരീക്ഷ കഴിഞ്ഞ് ഒരാഴ്ച അവധിയായിരിക്കും. പിന്നീടുള്ള ഞായറാഴ്ച ദിവസമാണ് കുട്ടികള്‍ക്ക് സനദ് നല്‍കുക. ഒരാഴ്ച അവധി കുട്ടികളുടെ പേപ്പറും മറ്റുമൊക്കെ നോക്കാന്‍ വേണ്ടിയാണ്. കുട്ടികളാരും നാട്ടില്‍ പോകാന്‍ പാടില്ല. എല്ലാവരും അവിടെത്തന്നെ നില്‍ക്കണം. ജയിച്ചവര്‍ക്ക് കോട്ടിന് അളവെടുക്കും. അല്ലാത്തവര്‍ ഈ വിവരം എങ്ങനെയെങ്കിലും ചോദിച്ചറിയും. അതോടെ അവര്‍ പോകും. അവര്‍ പോകുന്നത് ആരുമറിയില്ല.
കറുത്ത കട്ടിയുള്ള ശീലകൊണ്ടായിരുന്നു അന്നത്തെ കോട്ട്. ചെരിപ്പടിക്കാല്‍ വരെയുണ്ടാകും അത്. കോട്ട് തന്നത് ശൈഖ് ആദമായിരുന്നു. സര്‍ട്ടിഫിക്കറ്റുമുണ്ടാകും.
ആളുകളെ പ്രത്യേകം വിളിച്ചുവരുത്താറൊന്നുമില്ല. കുട്ടികളുണ്ടാകും. നാട്ടുകാര്‍ കേട്ടറിഞ്ഞു വരും. അവരെ വരുത്തലൊന്നുമില്ല. ഒരു പ്രത്യേക ഹാളില്‍ വെച്ചായിരിക്കും സനദ് കൊടുക്കുക.
കോട്ടിട്ട് വന്നിട്ട് പ്രത്യേക സ്വീകരണമുണ്ടായിരുന്നോ?
അതൊക്കെ ആളുകളുടെ സൗകര്യം പോലെ ചെയ്യലുണ്ട്.
പഠിക്കുന്ന കാലത്ത് 'സമസ്ത' നേതാക്കളുമായി ബന്ധപ്പെട്ടിരുന്നോ?സമസ്തയില്‍ അന്ന് ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നോ?
മെമ്പര്‍മാരെയുണ്ടാക്കുക, വല്ല യോഗങ്ങളുണ്ടാകുമ്പോള്‍ അതിനുവേണ്ടി പ്രവര്‍ത്തിക്കുക ഇതൊക്കെ തന്നെയായിരുന്നു അന്നത്തെ പ്രവര്‍ത്തനങ്ങള്‍. പഠനകാലത്ത് സമസ്ത നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ എവിടെയെങ്കിലും വഅ്‌ളിന് വരും. അങ്ങനെ വര്‍ത്തമാനം പറയും, പരിചയമാകും. പറവണ്ണ മൊയ്തീന്‍കുട്ടി മുസ്‌ലിയാരുടെ പ്രസംഗം കേട്ടിട്ടുണ്ട്. പള്ളിപ്പുറത്ത് വെച്ചുള്ള ഒരു വഅള് പരിപാടിയായിരുന്നു അത്. വാണിയമ്പലത്തിന്റെ പ്രസംഗവും കേട്ടിട്ടുണ്ട്. അരീക്കോട് നില്‍ക്കുന്ന കാലത്തുള്ള പരിചയമാണ്. മൂപ്പര് അരീക്കോടിനടുത്ത് മൈത്രയിലായിരുന്നു താമസിച്ചിരുന്നത്. പൂക്കോയ തങ്ങളോടൊക്കെ ബന്ധമുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യം വരുമ്പോള്‍ അവിടെ ചെല്ലും. അതിനു അവര്‍ പരിഹാരം പറഞ്ഞുതരും. ഈ നിലക്കുള്ള ബന്ധമുണ്ടായിരുന്നു. പൂക്കോയ തങ്ങളെ പല സ്ഥലത്തേക്കും യോഗത്തിന് കൂട്ടിക്കൊണ്ടു പോകാറുണ്ടായിരുന്നു. നമ്മള്‍ നില്‍ക്കുന്നിടത്ത് വല്ല പരിപാടിയുമുണ്ടെങ്കില്‍ അങ്ങോട്ട് കൊണ്ടുവരും.
മുശാവറ മെമ്പറായിട്ട് എന്താണനുഭവം. എത്രയായി?
1971-ലാണ് ഞാന്‍ മുശാവറ മെമ്പറാകുന്നത്. അരീക്കോട് ജോലി ചെയ്യുകയായിരുന്നു. അന്ന് സെക്രട്ടറി ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാരായിരുന്നു.
മുശാവറ യോഗത്തിന് ചിലപ്പോള്‍ കോട്ടുമല ഉസ്താദിനൊപ്പം പോയിരുന്നു. ചിലപ്പോള്‍ ജോലി ചെയ്യുന്നിടത്തു നിന്നായിരിക്കും. യോഗമുണ്ടെന്നറിയിച്ച് കത്തയക്കും.
യോഗം ആവശ്യമുള്ളപ്പോഴൊക്കെ കൂടുമായിരുന്നു. മസ്അലകള്‍, നാട്ടിലെ കുഴപ്പങ്ങള്‍ ഒക്കെ അതില്‍ ചര്‍ച്ച ചെയ്യും. സമസ്ത ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അതവരെ അറിയിക്കും. അവരത് അംഗീകരിക്കും. ഇപ്പോള്‍ മുശാവറയില്‍ നാല്‍പതില്‍പരം കൊല്ലമായി. 
പ്രസിഡന്റായത്?
അത് ഈയടുത്താണ്. കൊല്ലക്കണക്ക് എനിക്ക് ഓര്‍മയില്ല. അതൊന്നും എഴുതിവെക്കല്‍ പതിവില്ല. പാണക്കാട്ടെ ഉമറലിയാണ് ഈ വിവരം അറിയിച്ചത്. പ്രസിഡന്റായതിനു ശേഷമുള്ള മുശാവറയില്‍ ആദ്യചര്‍ച്ച എന്തായിരുന്നുവെന്ന് പറയാന്‍ കഴിയില്ല. ഓരോ യോഗങ്ങളില്‍ ഓരോ ചര്‍ച്ചയുണ്ടാകും. അത് ബുക്കില്‍ എഴുതിവെക്കും. ബുക്കില്‍ നോക്കിയാലേ പറയാനാവൂ.

പട്ടിക്കാട് ജാമിഅഃ
കേരളത്തിലെ ബിരുദം കൊടുക്കുന്ന സമസ്തയുടെ ആദ്യസ്ഥാപനമാണ് പട്ടിക്കാട് ജാമിഅ. ഒരുപാട് മഹാപണ്ഡിതന്‍മാര്‍ ഇവിടെ അറിവ് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഉസ്താദ് ജാമിഅയില്‍ എപ്പോഴാണ് എത്തിയത്. എന്തൊക്കെയാണ് അനുഭവം?
ജാമിഅയില്‍ ഇപ്പോള്‍ ഇരുപത് വര്‍ഷമായിട്ടുണ്ട്. ഞാന്‍ പരീക്ഷാബോര്‍ഡില്‍ മെമ്പറായിരുന്നു. ഇവിടെ ആളില്ലാത്ത അവസ്ഥ വന്നപ്പോള്‍ കുറേ തെരഞ്ഞു. ആളെ കിട്ടിയില്ല. അങ്ങനെ എന്നെ അഭിപ്രായപ്പെട്ടു. ഒരു കൊല്ലത്തിനായിരുന്നു ഏറ്റത്. കൊല്ലം തീര്‍ന്നുപോകാന്‍ ഒരുങ്ങിയപ്പോള്‍ തുടര്‍ന്നു പോകണമെന്നു പറഞ്ഞു.
താനൂര്‍ കെ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍, കരുവാരകുണ്ട് കെ.കെ. അബ്ദുല്ല മുസ്‌ലിയാര്‍, കിടങ്ങഴി അബ്ദുല്ല മുസ്‌ലിയാര്‍, കോട്ടുമല മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, ആലിക്കുട്ടി മുസ്‌ലിയാര്‍ ഇവരൊക്കെ അന്ന് ജാമിഅയില്‍ ഉണ്ടായിരുന്നു.
ഇവിടെ കൊല്ലം കൊല്ലം കുട്ടികള്‍ വന്നുചേരും. അവര്‍ക്ക് കിതാബ് ഓതിക്കൊടുക്കുക, പരീക്ഷയും നടത്തുക. ഇതൊക്കെയാണ് ഇവിടത്തെ അനുഭവം. സ്ഥാപിച്ച കാലം മുതല്‍ സമ്മേളനം നടക്കുന്നുണ്ട്. അത് കൊല്ലം കൊല്ലം വര്‍ധിക്കുകയാണ്. ആളുകള്‍ വര്‍ധിക്കുന്നു.
ജാമിഅഃയില്‍ ഉസ്താദ് പാര്‍ക്കുന്ന മുറിയില്‍ മുമ്പ് ആരായിരുന്നു?
 ഈ റൂമില്‍ താമസിച്ചിരുന്നത് ഇ.കെയും കോട്ടുമലയുമായിരുന്നു. കോട്ടുമല ഉസ്താദിന്റെ മരണശേഷം ഇതില്‍ ആരും താമസിക്കാറില്ല. ഞങ്ങള്‍ പരീക്ഷാ ബോര്‍ഡുകാര്‍ വരുമ്പോള്‍ ഒന്നു തുറക്കും. ഞങ്ങള്‍ പോയാല്‍ ആരും താമസിക്കുകയില്ല.
ഞാന്‍ വന്നതിനുശേഷം ശിഹാബ് തങ്ങള്‍ ഇവിടെ താമസിക്കാന്‍ പറയുകയായിരുന്നു. ഫാത്തിഹ ഓതി ദുആര്‍ന്നു താമസിച്ചോളീന്‍ എന്ന് ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജാമിഅഃയില്‍ വന്നത് മുതല്‍ ഈ റൂമില്‍ തന്നെയാണ്. വേറെ എവിടെയും പോയിട്ടില്ല. ഈ കട്ടിലും കസേരയും ഇ.കെയും കോട്ടുമലയും ഉപയോഗിച്ചതാണ്.

കിഴിശ്ശേരി ഉസ്താദും കണ്യാല മൗലയും
കിഴിശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍ ജാമിഅഃ സമ്മേളനത്തിന് വരാറുണ്ടെന്ന് പറയുന്നു. ഉസ്താദ് കണ്ടിട്ടുണ്ടോ?
ഞാന്‍ അദ്ദേഹത്തെ ഒരു കൊല്ലം കണ്ടിട്ടുണ്ട്. പക്ഷേ, എല്ലാ കൊല്ലവും വരാറുണ്ടെന്ന് പറയുന്നു. ആ വെപ്പുപുരയുടെ അടുത്തെ ഒഴിഞ്ഞ സ്ഥലത്തുവന്നിരിക്കും. അവിടെ ഒരു തിണ്ടുണ്ട്. അതിന്മേല്‍ ഇരിക്കും. അവിടെ ഇപ്പോള്‍ സ്ഥാപനമുണ്ടാക്കിയിരിക്കുന്നു.
അന്ന് അങ്ങനെ ശ്രുതിപ്പെട്ടിട്ടില്ല. വന്നാലും പോയാലും അപ്പോള്‍ ആരും കൂടെ കൂടില്ലായിരുന്നു. ഇത് ഞാന്‍ കണ്ടതല്ല. ആളുകള്‍ പറയുന്നത് കേട്ടതാണ്. ഞാന്‍ കണ്ട അന്ന് അദ്ദേഹത്തിന്റെ പിന്നാലെ ആളുകള്‍ കൂടി. പിന്നെ കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ഇവിടെ പഠിക്കാന്‍ വഴിയില്ല.
കണ്യാല മൗല ഇവിടെ വരാറുണ്ടോ? അദ്ദേഹവുമായുള്ള ബന്ധം?
വരുമായിരുന്നു. ഇ.കെ, കോട്ടുമല, താനൂര്‍ കെ.കെയൊക്കെയുള്ള കാലത്ത് കൂടുതല്‍ വരും. അവരോട് നല്ല അടുപ്പമായിരുന്നു. ഇവര്‍ക്കൊക്കെ പിറകെ ഇവിടെ ഇടക്കൊക്കെ വരും. ഉസ്താദുമാരെയൊക്കെ കാണും. എല്ലാവരെയും കാണാറില്ല.
മൂപ്പര്‍ക്ക് ഇഷ്ടമുള്ളേടത്തേക്കേ പോകാറുള്ളൂ. എന്റെ അടുത്ത് വന്നിരുന്നു. ഈ റൂമിലേക്ക് വരും. സംസാരങ്ങളൊക്കെയുണ്ടാവും. നാട്ടുവര്‍ത്തമാനം ഒന്നും പറയൂല. മറ്റു വിഷയങ്ങളാണ് പറയാറ്.
ജാമിഅയിലെ കുഴല്‍ക്കിണര്‍ അദ്ദേഹത്തിന്റെ വകയായിട്ട് ഉണ്ടാക്കിയതാണ്. വെള്ളം അന്ന് ഒറുവമ്പുറം പുഴയില്‍ നിന്നോ ജാമിഅഃയുടെ പറമ്പില്‍ നിന്നോ ആണ് കൊണ്ടുവന്നിരുന്നത്. രണ്ടും വിദൂരത്തായിരുന്നു. ഇങ്ങനെ ദൂരത്ത് നിന്ന് ബുദ്ധിമുട്ടി വെള്ളം കൊണ്ടുവന്നിരുന്ന ഘട്ടത്തിലാണ് അദ്ദേഹം സ്വന്തം പൈസയെടുത്ത് കുഴല്‍ക്കിണര്‍ കുത്തിയത്. അതിനുപറ്റിയ സ്ഥലം നോക്കിയെടുത്തതും അദ്ദേഹം തന്നെ. സമ്മേളനമല്ലാത്തപ്പോഴും ജാമിഅയില്‍ വരുമായിരുന്നു.

വഅള് പറഞ്ഞകാലം
പൊതുജനങ്ങളെ ഇസ്‌ലാമികമായി ബോധവത്കരിക്കാന്‍ മുസ്‌ലിം ഗ്രാമങ്ങളില്‍ രാത്രി വഅളുകള്‍ ഉണ്ടായിരുന്നോ. വര്‍ഷത്തിലൊരിക്കലെങ്കിലും ഇത് നടക്കാത്ത നാടുണ്ടാകുമായിരുന്നില്ല. ഉസ്താദ് വഅള് പറഞ്ഞിട്ടുണ്ടോ. പഴയകാലത്തെ ഓര്‍മകള്‍?
വഅള് പറയാറുണ്ട്. ലേലം വിളിയും അന്ന് നടന്നിരുന്നു. പലയിടങ്ങളിലും വഅള് പറഞ്ഞിട്ടുണ്ട്. ഇന്നിടത്ത് എന്ന് എണ്ണിപ്പറയാന്‍ കഴിയില്ല. വഅള് പറയുന്ന നാട്ടിലേക്ക് ബസ്സ് കയറിപ്പോകും.
ദര്‍സ് നടത്തുമ്പോഴേ വഅളിന് പോയിരുന്നു. വഅള് കഴിഞ്ഞ് പള്ളിയില്‍ തന്നെ തിരിച്ചുവരും. നാട്ടുകാര്‍ കൊണ്ടുവന്നാക്കിത്തരും. അരീക്കോട് നെല്ലിക്കുത്ത് ദര്‍സിലുള്ളപ്പോഴൊക്കെ പോയിരുന്നു. ജാമിഅഃയില്‍ വന്നശേഷവും പോയി.
വഅള് കഴിഞ്ഞ് ജാമിഅഃയില്‍ തന്നെ തിരിച്ചെത്തും. കുട്ടികള്‍ കൂടെയൊന്നും വരാറില്ല. എവിടേക്കെങ്കിലും ചിലപ്പോള്‍ പോന്നിരുന്നു. മംഗലാപുരം, കാസര്‍കോഡ്, കണ്ണൂര്‍, തലശ്ശേരി, വടകര തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വഅളിന് പോകാറുണ്ടായിരുന്നു. രണ്ട് മണിക്കൂര്‍, ഒന്നര മണിക്കൂര്‍ ഒക്കെ പറയും.
മംഗലാപുരം, കാസര്‍ക്കോഡൊക്കെ പോയാല്‍ അന്ന് സുബ്ഹിക്കാണ് ജാമിഅഃയില്‍ തിരിച്ചെത്തുക.  ജാമിഅയിലുള്ളപ്പോഴാണ് അവിടേക്കൊക്കെ കൂടുതല്‍ പോയിരുന്നത്. മംഗലാപുരത്തേക്കൊക്കെ കാറ് വിളിച്ചുപോകും. ഇവിടെ നിന്നാണ് പോകുക. പൈസ വഅ്‌ളിന്റെ നാട്ടുകാര്‍ കൊടുക്കും. മംഗലാപുരത്തേക്കും അതിനപ്പുറത്തേക്കും പോയിരുന്നു. വഅളിന് പൈസ കിട്ടുന്നതും കിട്ടാത്തതുമൊക്കെയുണ്ടാകും.
വിദേശത്ത് എവിടെയെങ്കിലും പോയിരുന്നോ?
രണ്ടു വട്ടം ഹജ്ജിനു പോയിട്ടുണ്ട്. ആദ്യപോക്കില്‍ ഉമ്മ കൂടെയുണ്ടായിരുന്നു. രണ്ടാമത് പോകുമ്പോള്‍ കൂടേ പെണ്ണുങ്ങളുണ്ടായിരുന്നു. സുലൈമാന്‍ ഫൈസി ചുങ്കത്തറയുമുണ്ട് അന്ന്. ഇവിടന്ന് പോകുന്നത് തന്നെ ഒരുമിച്ചാണ്. മടങ്ങിയതും ഒപ്പമായിരുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിട്ടില്ല.
ദ്വീപുകളില്‍ എവിടെയെങ്കിലും പോയിട്ടുണ്ടോ?
അന്തമാനില്‍ പോയിട്ടുണ്ട്. മദ്‌റസാ പ്രചരണത്തിന് പോയിരുന്നു. പാണക്കാട്ടെ ഉമറലിയും ഞാനുമായിരുന്നു. അന്ന് അവിടന്ന് പ്രസംഗിച്ചു. അവിടെ മുപ്പത് ദിവസം ചെലവഴിച്ചു.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് ഓര്‍ക്കുന്നുണ്ടോ?
സ്വാതന്ത്ര്യം 1947-ലാണ് കിട്ടിയത്. അറബി മാസവും ദിവസവും ഓര്‍ക്കുന്നില്ല. അന്ന് ഞാന്‍ കിതാബ് ഓതാന്‍ പോകുകയായിരുന്നു. മലപ്പുറം കുന്നുമ്മല്‍ ദര്‍സിലായിരുന്നു അപ്പോള്‍. ഗവണ്‍മെന്റൊക്കെ അത് നല്ലവണ്ണം ആഘോഷിച്ചിരുന്നു.
ഏതെങ്കിലും വിയോഗം വല്ലാതെ സ്വാധീനിച്ചിട്ടുണ്ടോ.
ഉസ്താദുമാര്‍, കുടുംബക്കാര്‍, ശരീക്കന്‍മാര്‍, ശിഷ്യന്മാര്‍... കുറേയാളുകള്‍ മരിച്ചിട്ടുണ്ട്. പ്രത്യേകമെന്നു പറയാന്‍ ഒന്നുമില്ല.
വാണിയമ്പലം അബ്ദുറഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യ മിശ്ഖാത്തും ജലാലൈനിയുമൊക്കെ നല്ലവണ്ണം അര്‍ത്ഥം വെക്കുമായിരുന്നല്ലോ. അന്ന് പെണ്ണുങ്ങള്‍ എവിടുന്നാണ് പഠിച്ചിരുന്നത്.
അവരുടെ ഭര്‍ത്താക്കന്‍മാര്‍ ഓതിക്കൊടുക്കും. പെണ്ണുങ്ങളുടെ വാപ്പ, വല്ല്യാപ്പ ഒക്കെ മൊല്ലാക്കമാരായിരിക്കും. അവരാണ് പഠിപ്പിച്ചുകൊടുക്കുക.

കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സ്
കോട്ടുമല ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ യഥാര്‍ത്ഥ പേര് 'അല്‍ മജ്മഉല്‍ ഖംസില്‍ ഇസ്‌ലാമി' എന്നായിരുന്നുവല്ലോ? എന്താണ് അങ്ങനെ പേരു വെക്കാന്‍ കാരണം?
നാലഞ്ച് സ്ഥാപനങ്ങള്‍ ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് തുടങ്ങിയതാണിത്. ഏതൊക്കെയാണ് ആ സ്ഥാപനങ്ങള്‍ എന്നെനിക്ക് ഓര്‍മയില്ല. അതിന്റെ ഭാരവാഹികള്‍ അങ്ങനെയാണ് അന്ന് കരുതിയത്. പക്ഷേ, അതൊന്നും നടന്നില്ല. കിതാബ് ഓത്തേ നടന്നുള്ളൂ. ഇങ്ങനെയൊരു സ്ഥാപനം ഉണ്ടാക്കാന്‍ അന്നത്തെ ആളുകള്‍ക്ക് തോന്നി. അങ്ങനെയുണ്ടാക്കി. കോളേജിന്റെ കെട്ടിടം ബാപ്പു മുസ്‌ലിയാര്‍ വിദേശത്തു പോയി പിരിച്ചുണ്ടാക്കിയതാണ്. പിന്നെ നാട്ടിലുള്ള കുറച്ചാളുകളും പൈസ കൊടുത്തിട്ടുണ്ട്. കോട്ടുമല ഉസ്താദിന്റെ വഫാത്തിനുടനെയാണ് കോളേജ് ഉണ്ടാക്കിയത്. കിതാബോത്ത് തുടങ്ങിക്കൊടുത്തത് കണ്ണിയത്ത് ഉസ്താദാണ്. ഫത്ഹുല്‍ മുഈനാണ് അന്ന് ഓതിക്കൊടുത്തത്.
മുപ്പത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കി കാളമ്പാടി ജുമുഅത്ത് പള്ളിയില്‍ വെച്ചാണ് കോളേജ് പഠനം ആരംഭിച്ചത്. സി.എച്ച്. ഐദ്രോസ് മുസ്‌ലിയാരായിരുന്നു പ്രഥമപ്രിന്‍സിപ്പല്‍.
വയനാടുക്കാരന്‍ ഹംസ ഫൈസിയും കാളമ്പാടി പള്ളിയിലെ മുദരിസായിരുന്ന അബ്ദുറഹ്മാന്‍ മുസ്‌ലിയാരും ഉസ്താദുമാരായിരുന്നു.

കുടുംബം
വിവാഹം എങ്ങനെയായിരുന്നു? പഴയകാലത്തെ ഓര്‍മ?
പഴയകാലം ബുദ്ധിമുട്ടു തന്നെയായിരുന്നു. നാട്ടില്‍ നിന്നു തന്നെയായിരുന്നു വിവാഹം. കാളമ്പാടിയിലെ മുരിങ്ങേക്കല്‍ അഹ്മദ് ഹാജിയുടെ മകള്‍ ഫാത്തിമയാണ് ഭാര്യ. അന്ന് പന്തലിട്ട് കല്യാണമുണ്ടായിരുന്നു. തടുക്ക് കൊണ്ട് പന്തലിടും.
കോട്ടുമല ഉസ്താദാണ് നിക്കാഹ് നടത്തിയിരുന്നത്. ഒരു ജുമുഅക്ക് ശേഷം പള്ളിയില്‍ വെച്ചായിരുന്നു. അന്നത്തെ ഖതീബ് ഉമ്മത്തൂര്‍കാരനായിരുന്നു. രാത്രി കല്യാണങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഇങ്ങനെയായിരുന്നില്ല. ഞാന്‍ വെല്ലൂരില്‍ പോകുന്ന കാലത്തായിരുന്നു കല്യാണം. അതിനുശേഷം പിന്നെയും രണ്ടു കൊല്ലം അവിടെ പഠനമുണ്ടായിരുന്നു.
മക്കള്‍, അവരുടെ പഠനം?
മക്കള്‍ ഒമ്പതാണ്. ആറ് ആണും മൂന്നു പെണ്ണും. അവര്‍ കുറച്ചുകാലം കാളമ്പാടി മദ്‌റസയിലും പിന്നെ കുന്നുമ്മലും പഠിച്ചു. അയ്യൂബാണ് മൂത്തമകന്‍. അവന്‍ മലപ്പുറം കുന്നുമ്മല്‍ ക്യാമ്പിലെ സ്‌കൂളില്‍ പഠിച്ചു. മലപ്പുറം കോളേജിലും കോഴിക്കോട് വക്കീലാകാനുള്ള കോളേജിലും പഠിച്ചിട്ടുണ്ട്. പഠിക്കാന്‍ ഞാന്‍ പറഞ്ഞയച്ചതായിരുന്നു. ഇപ്പോള്‍ മലപ്പുറം കുന്നുമ്മല്‍ കോടതിയിലാണ്. മുനിസിപ്പല്‍ കൗണ്‍സിലറായിരുന്നു. രണ്ടാളുകള്‍ ഫൈസിമാരാണ്- അബ്ബാസ്, അബ്ദുസ്സമദ്.
കുടുംബത്തില്‍ മുന്‍കാലത്ത് വലിയ പണ്ഡിതന്‍മാര്‍ ഉണ്ടായിരുന്നോ? കുടുംബത്തെ കുറിച്ച ഓര്‍മകള്‍?
എന്റെ പിതാവ് അബ്ദുറഹ്മാന്‍ മുസ്‌ലിയാരാണ്. ഹജ്ജ് ചെയ്തിട്ടുണ്ട്. വല്ല്യുപ്പ ഓത്തുപഠിപ്പിക്കുന്ന മൊല്ലാക്കയായിരുന്നു. കുഞ്ഞിമുഹ്‌യിദ്ദീന്‍ എന്നായിരുന്നു പേര്. വാപ്പയുടെ ചെറുപ്പത്തില്‍ തന്നെ ഇവര്‍ മരിച്ചുപോയിട്ടുണ്ട്. വല്ലിപ്പാനെ ഞാന്‍ കണ്ടിട്ടു തന്നെയില്ല.
വാപ്പ ഓത്തുപള്ളിയില്‍ പഠിപ്പിച്ചിട്ടില്ല; പഠിച്ചിട്ടുണ്ട്. എന്റെ വല്ല്യുപ്പമാരില്‍ ആരെയും എനിക്ക് അറിയില്ല. ഞങ്ങളുടെ ചെറുപ്പത്തില്‍ എല്ലാവരും മരിച്ചുപോയി. എന്റെ ഉപ്പയും രണ്ടു സഹോദരിമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഉമ്മാന്റെ കുടുംബത്തില്‍ ഒരുപാട് വലിയ പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. എന്റെ ഉമ്മാന്റെ എളാപ്പമാര്‍, മൂത്താപ്പമാര്‍, കോട്ടുമല ഉസ്താദ്-അവരൊക്കെ പണ്ഡിതന്മാരായിരുന്നു. കുടുംബ പരിപാടികളുണ്ടാകുമ്പോള്‍ കോട്ടുമല ഉസ്താദ് വരാറുണ്ട്.
ഉമ്മയുടെ പേര് ആയിശ. തറയില്‍ കുടുംബമാണ്. ഞാന്‍ മൂത്തമകനായിരുന്നു. ഞാന്‍ തറവാട്ടില്‍ നിന്നും മാറിയിട്ട് അമ്പതില്‍ പരം കൊല്ലം കഴിഞ്ഞു. എന്റെ ചെറിയ അനിയനാണ് ഇപ്പോള്‍ അവിടെ താമസം.
ഓത്തുപള്ളി പഠനകാലത്ത് കോട്ടുമല ഉസ്താദിനെ കണ്ടത് ഓര്‍ക്കുന്നുണ്ടോ?
അത് ഓര്‍മയില്ല. അതിനു ഞങ്ങള്‍ ഒരു മഹല്ലിലല്ലായിരുന്നു. ഉസ്താദ് മുണ്ടക്കോട് എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. അതുകൊണ്ട് കാണാന്‍ കഴിയുമായിരുന്നില്ല. അന്ന് അങ്ങോട്ട് പുഴയില്‍ തോണികടന്നു പോകണം. നല്ല വെള്ളമായിരിക്കും.
ഉസ്താദുമായി ശിഷ്യനെന്ന നിലയ്ക്കുള്ള വല്ല അനുഭവങ്ങളും?
അതിപ്പോ മൂപ്പരുടെ അടുത്ത് വേറെയും കുറേയാളുകള്‍ കിതാബോതാന്‍ ഉണ്ടായിരുന്നില്ലേ. അറുപതും എഴുപതും ആളുകളുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരാളെന്നല്ലാതെ എന്താണുള്ളത്.



No comments:

Post a Comment