Saturday, February 11, 2012

തലയില്‍വീണ അപരാധം

തലയില്‍വീണ അപരാധം
അസ്ഗറലി ഫൈസി പട്ടിക്കാട്‌

ഒരു സംഘം അന്‍സ്വാറുകള്‍ നബി(സ)യുമൊത്ത് യുദ്ധത്തിന് പുറപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന ഖതാദയുടെ പിതൃസഹോദരനായ രിഫാഅത്തിന്റെ പടയങ്കി കളവു പോയി. അന്‍സ്വാരിയും അയല്‍വാസിയുമായ ബനൂ ളഫ്‌റ് ഗോത്രത്തിലെ തിഅ്മത്തുബ്‌നു ഉബൈരിയ്ക്ക് നേരെ സംശയത്തിന്റെ കണ്ണ് നീണ്ടു. പടയങ്കി താന്‍ എടുത്തിട്ടില്ലെന്നും അതിനെക്കുറിച്ച് ഒരറിവുമില്ലെന്നും തിഅ്മ സത്യം ചെയ്തു. മാത്രമല്ല, ജൂതനായ സൈദുബ്‌നുസ്സമീന്‍ ആണ് അത് എടുത്തതെന്ന ആരോപണവും നടത്തി.
എന്നാല്‍ തന്റെ കുടുംബത്തിലെ ചിലരോട് അദ്ദേഹം സത്യം തുറന്നുപറഞ്ഞു:''പടയങ്കി ഞാന്‍ ജൂതന്റെ വീട്ടില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു. ഇനി അവിടെ നിന്നായിരിക്കും അത് കണ്ടെത്തുക.'' അവര്‍ കൂടിയാലോചന നടത്തി തീരുമാനമെടുത്തു: ''നമുക്ക് നബി(സ)യുടെ അടുത്തുപോകാം. ജൂതനാണ് പടയങ്കി എടുത്തതെന്നു സാക്ഷ്യം വഹിക്കാം.''
അവര്‍ നബി(സ)യുടെ അടുക്കല്‍ ചെന്ന് പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളുടെ കക്ഷി ഇക്കാര്യത്തില്‍ നിരപരാധിയാണ്. ഞങ്ങള്‍ വിശദമായി അന്വേഷണം നടത്തി. പടയങ്കി എടുത്തത് വേറെ ആളാണ്. ജൂതനായ സൈദുബ്‌നുസ്സമീന്‍! അതിനാല്‍ ഞങ്ങളുടെ കക്ഷിക്കുവേണ്ടി തങ്ങള്‍ വാദിക്കുകയും അദ്ദേഹം കുറ്റക്കാരനല്ലെന്ന് ജനമധ്യേ പ്രഖ്യാപിക്കുകയും വേണം. കാരണം, തങ്ങള്‍ മുഖേന അല്ലാഹു അദ്ദേഹത്തെ കാത്തില്ലെങ്കില്‍ അദ്ദേഹം നശിച്ചതു തന്നെ, തീര്‍ച്ച.''
സാക്ഷ്യം സ്വീകരിക്കുന്നതിന് തടസമാകുന്ന ന്യൂനതകളൊന്നും നബി(സ) അവരില്‍ കണ്ടില്ല. പടയങ്കി ജൂതന്റെ  വീട്ടില്‍ നിന്നാണ് എത്തിക്കപ്പെട്ടത് എന്നുകൂടി അറിഞ്ഞപ്പോള്‍ ഒരുവേള നബി(സ) എഴുന്നേറ്റു. തിഅ്മ നിരപരാധിയും കുറ്റമുക്തനുമാണെന്ന് പൊതുജനമധ്യേ പറയാന്‍ നിനച്ചു. ഉടനെ ഖുര്‍ആന്‍ അവതീര്‍ണമായി.
ഇതിനിടെ മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. ഖത്താദയുടെ വീട്ടില്‍ ധാന്യപ്പൊടി സൂക്ഷിച്ചിരുന്ന തോല്‍സഞ്ചിയിലാണ് പടയങ്കി വെച്ചിരുന്നത്. മോഷ്ടാവ് പടയങ്കിയുമായി പോയ വഴിയില്‍ ധാന്യപ്പൊടി വീണുകിടന്നു. ഖത്താദയുടെ ആളുകള്‍ ആ ധാന്യപ്പൊടിയെ പിന്തുടര്‍ന്നു.
അവര്‍ ചെന്നെത്തിയത് സൈദുബ്‌നുസ്സമീന്‍ എന്ന ജൂതന്റെ വീട്ടിലായിരുന്നു. അവര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തു. പടയങ്കി തിഅ്മ ഇവിടെ ഒളിപ്പിച്ചുവെച്ചതാണെന്ന് സൈദ് പറഞ്ഞു. സൈദിന്റെ ബന്ധുക്കള്‍ അതിന് സാക്ഷി നില്‍ക്കുകയും ചെയ്തു.
ജൂതന്റെ വീട്ടില്‍ നിന്ന് പടയങ്കി കണ്ടെത്തുന്നതിന് തിഅ്മയുടെ ആളുകള്‍ റസൂലുല്ലാഹി(സ)യുടെ സന്നിധിയില്‍ ചെന്നിരുന്നു. അവര്‍ നബി(സ)യോട് പറഞ്ഞു: ''ഖത്താദത്ത്ബ്‌നു നുഅ്മാനും തന്റെ പിതൃസഹോദരന്‍ രിഫാഅത്തും നമുക്കിടയിലെ ഒരു മുസ്‌ലിം കുടുംബത്തെ കുറ്റപ്പെടുത്തുന്നു. ഇസ്‌ലാമും നന്മയും കൊണ്ടറിയപ്പെടുന്ന ഒരു വീട്ടുകാരെയാണ് അവര്‍ പടയങ്കിയുടെ പേരില്‍ കളവ് ആരോപിക്കുന്നതും അപമാനിക്കുന്നതും. യാതൊരു തെളിവും ഉറപ്പും ഇക്കാര്യത്തില്‍ അവര്‍ക്കില്ല.''
ഖത്താദ സംഭവം വിവരിക്കുന്നു: ഞാന്‍ നബി(സ)യുടെ അടുത്ത് ചെന്നു. നബി(സ) പറഞ്ഞു: ''ഇസ്‌ലാമും നന്മയും കൊണ്ടറിയപ്പെട്ട ഒരു വീട്ടുകാരെ ഒരു തെളിവും ഉറപ്പുമില്ലാതെ നീ കളവാരോപണം നടത്തിയോ? '' നബി(സ) പറഞ്ഞതു കേട്ട് ദുഃഖിതനായി ഖതാദ മടങ്ങി. റസൂലുല്ലാഹി (സ)യോട് ഇക്കാര്യത്തില്‍ അദ്ദേഹമൊന്നും പറഞ്ഞില്ല. പിതൃസഹോദരന്‍ രിഫാഅത്ത് ഖതാദയോട് കാര്യം തിരക്കി. നബി(സ) പറഞ്ഞ കാര്യം ഖതാദ(റ) രിഫാഅത്തിനെ ബോധിപ്പിച്ചു. രിഫാഅത്ത് പറഞ്ഞു: ''സഹായം അല്ലാഹുവില്‍ നിന്ന് മാത്രം.'' ഉടനെ ഖുര്‍ആന്‍ അവതരിക്കുകയാണ് ചെയ്തത്.
''തങ്ങള്‍ക്ക് അല്ലാഹു കാണിച്ചുതന്നതനുസരിച്ച് ജനങ്ങള്‍ക്കിടയില്‍ വിധി കല്‍പ്പിക്കുവാന്‍ വേണ്ടിയാണ് സത്യപ്രകാരം നാം താങ്കള്‍ക്ക്   വേദഗ്രന്ഥം അവതരിപ്പിച്ചു തന്നിട്ടുള്ളത്. തങ്ങള്‍ വഞ്ചകര്‍ക്കുവേണ്ടി വാദിക്കുന്നവരാകരുത്. ആത്മവഞ്ചന നടത്തിക്കൊണ്ടിരിക്കുന്ന ആളുകള്‍ക്കു വേണ്ടി തങ്ങള്‍ തര്‍ക്കിക്കരുത്. മഹാ വഞ്ചകനും അധര്‍മകാരിയുമായ ഒരാളെയും അല്ലാഹു ഇഷ്ടപ്പെടുകയേ ഇല്ല. അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിപ്പിച്ചു വെക്കുന്നു. എന്നാല്‍, അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിപ്പിച്ചുവെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ കൂടെ തന്നെയുണ്ട്. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണമായി അറിയുന്നവനാകുന്നു അല്ലാഹു.''
''കൂട്ടരെ, ഐഹിക ജീവിതത്തില്‍ നിങ്ങളവര്‍ക്കുവേണ്ടി തര്‍ക്കിച്ചു.  എന്നാല്‍ ഖിയാമത്ത് നാളില്‍ അവര്‍ക്കു വേണ്ടി അല്ലാഹുവോട് തര്‍ക്കിക്കാന്‍ ആരാണുള്ളത്? അല്ലെങ്കില്‍ അവരുടെ കാര്യം ഏറ്റെടുക്കാന്‍ ആരാണുണ്ടാകുക? ആരെങ്കിലും വല്ല തെറ്റോ കുറ്റമോ പ്രവര്‍ത്തിക്കുകയും എന്നിട്ട് അത് ഒരു നിരപരാധിയുടെ പേരില്‍ ആരോപിക്കുകയും ചെയ്യുന്നപക്ഷം തീര്‍ച്ചയായും അവന്‍ ഒരു കള്ള ആരോപണവും പ്രത്യക്ഷമായ ഒരു പാപവും പേറുകയാണ് ചെയ്തിരിക്കുന്നത്.'' (സൂറത്തുന്നിസാഅ് 105-112)
തിഅ്മയുടെ അപരാധം തെളിയിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ കൈ മുറിക്കാന്‍ തീരുമാനമായി. വിവരമറിഞ്ഞ ഉടന്‍ തിഅ്മ മദീന വിട്ടു മക്കയിലേക്ക് ഓടിപ്പോയി; ഇസ്‌ലാമില്‍ നിന്ന് പുറത്തുചാടി മുശ്‌രിക്കുകളോടൊപ്പം ചേര്‍ന്നു.
പില്‍ക്കാലത്ത് അദ്ദേഹം മോഷണാര്‍ത്ഥം ചുമര് തുരന്നപ്പോള്‍ ചുമര്  തലയില്‍ പൊളിഞ്ഞു വീണു മുര്‍തദ്ദായി മരിക്കാനായിരുന്നു തിഅ്മയുടെ അന്ത്യയോഗം.

No comments:

Post a Comment