ബിസ്മിയുടെ അര്‍ഥവും മഹത്വവും
എം.എ. ജലീല്‍ സഖാഫി പുല്ലാര
എം.എ. ജലീല്‍ സഖാഫി പുല്ലാര
വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തമായ ബിസ്മില്ലാഹി റഹ്മാനിറഹീം എന്നതിന്റെ മഹത്വം വിവരിച്ചു നിരവധി ഇമാമുകള്‍ ഗ്രന്ഥരചന നടത്തിയിട്ടുണ്ട്. എന്നിട്ടും അവരാരും ബിസ്മിയുടെ വ്യാഖ്യാനത്തിന്റെ പത്തിലൊരംശം പോലും എഴുതിയിട്ടില്ലെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. എഴുപതു ഒട്ടകങ്ങള്‍ക്ക് ചുമക്കാന്‍ മാത്രം വലിയ ഗ്രന്ഥക്കെട്ടുകള്‍ ബിസ്മിയുടെ ബാഇന്റെ വ്യാഖ്യാനം മാത്രം ഞാനെഴുതുമെന്ന് ഖലീഫ അലി(റ) പ്രസ്താവിച്ചിട്ടുണ്ട്. (ഇആനത്ത് 1/2) വലിയ ആശയവും അര്‍ ത്ഥവും ഉള്‍ക്കൊള്ളുന്നതാണ് ബിസ്മി എന്ന് ഇതിലൂടെ വ്യക്തമാക്കുന്നു.
ഇസ്‌ലാമില്‍ പരിഗണനീയമായ ഏതൊരുകാര്യവും ബിസ്മി കൊണ്ടു തുടങ്ങിയിട്ടില്ലെങ്കില്‍ ബറകത്തു കുറയുമെന്നു നബി(സ) പ്രസ്താവിച്ചിട്ടുണ്ട്. ഹംദു കൊണ്ടു തുടങ്ങാത്തതും ബറകത്തില്ലാത്തതാണെന്നു ഹദീസില്‍ കാണാം. ഈ രണ്ടു ഹദീസുകളേയും പണ്ഡിതര്‍ സംയോചിപ്പിച്ചത് ഇങ്ങനെയാണ്: ബിസ്മി കൊണ്ടു തുടങ്ങുക എന്നത് യഥാര്‍ത്ഥ തുടക്കം തന്നെയാണ് (ഹഖീഖത്ത്). ഹംദ് കൊണ്ടു തുടങ്ങുക എന്നത് ആപേക്ഷികം (മജാസ്) ആണ്. വിഷയത്തിന്റെ മുമ്പുള്ള തുടക്കം എന്നു ചുരുക്കം.
വിശുദ്ധ ഖുര്‍ആനിന്റെ മുമ്പ് അല്ലാഹു ഇറക്കിയ സര്‍വ്വ ഗ്രന്ഥങ്ങളുടെയും ആശയം ഖുര്‍ആനിലുണ്ട്. ഖുര്‍ആനിന്റെ ആശയം മുഴുക്കെ ഫാതിഹയിലും ഫാതിഹയുടെ അര്‍ത്ഥം ബിസ്മിയിലും ബിസ്മിയുടെ വ്യാഖ്യാനം ബിസ്മിയിലെ ബാഇലും ബാഇന്റെ അര്‍ത്ഥം അതിന്റെ പുള്ളിയിലും അടങ്ങിയിട്ടുണ്ട്. പുള്ളികൊണ്ടുള്ള വിവക്ഷ അല്ലാഹുവിന്റെ ഖലമ് ആദ്യം എഴുതിയ പുള്ളിയാണ്. (ശര്‍വാനി 1/10)
ആത്മീയ ലോകത്തുവെച്ച് അല്ലാഹു, ഞാന്‍ നിങ്ങളെ റബ്ബ് അല്ലെയോ എന്ന് ചോദിച്ചപ്പോള്‍ മനുഷ്യരുടെ ആത്മാക്കള്‍ മുഴുക്കെ പറഞ്ഞു, ബലാ (അതെ) എന്ന്. മനുഷ്യര്‍ ആദ്യം ഉച്ചരിച്ച അക്ഷരം 'ബ' എന്നായതിനാല്‍ ബിസ്മിെയ 'ബാ' കൊണ്ടു തുടങ്ങി.
വാജിബ്, ഹറാം തുടങ്ങി പഞ്ചവിധികള്‍ ബിസ്മി ചൊല്ലുന്നതില്‍ കാണാം. നിസ്‌കാരത്തില്‍ ബിസ്മി ചൊല്ലല്‍ വാജിബ്, വ്യഭിചാരവേളയില്‍ ബിസ്മി ഹറാം, കറാഹത്തായ കാര്യം ചെയ്യുമ്പോള്‍ ബിസ്മി കറാഹത്ത്. സുന്നത്തായ കാര്യം ചെയ്യുമ്പോള്‍ ബിസ്മി സുന്നത്തും. മുബാഹ് പ്രവര്‍ത്തിക്കുമ്പോള്‍ സുന്നത്തായി നിര്‍ദ്ദേശം വന്നിട്ടില്ലെങ്കില്‍ ബിസ്മിചൊല്ലല്‍ മുബാഹുമാണ്. ബറാഅത്ത് സൂറത്തിന്റെ ആദ്യത്തില്‍ ബിസ്മി കറാഹത്തും ഇടയില്‍ വെച്ചു ഓതുമ്പോള്‍ ബിസ്മി സുന്നത്തുള്ളൂ. ഇക്കാര്യം ഇമാം റംലി(റ) പറഞ്ഞിട്ടുണ്ട്. തൗബ സൂറത്തിന്റെ തുടക്കത്തില്‍ ബിസ്മി ഹറാം, ഇടയില്‍ കറാഹത്ത് എന്ന വീക്ഷണമാണ് ഇമാം ഇബ്‌നു ഹജര്‍(റ) പ്രസ് താവിച്ചത്. നിസ്സാര കാര്യങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ബിസ്മി സുന്നത്തില്ല.
ബിസ്മി ഖുര്‍ആനിക വാക്യമാണെങ്കിലും പ്രവര്‍ത്തനങ്ങളുടെ തുടക്കത്തില്‍ അതു ചൊല്ലുന്നത് ദിക്ര്‍ എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ വലിയ അശുദ്ധിയുള്ളവര്‍ക്കു ചൊല്ലാം. ബറകത്തിന്റെ ഉദ്ദേശ്യത്തോടെ എഴുതിയ ബിസ്മി വലിയ അശുദ്ധിക്കാരനും ചെറിയ അശുദ്ധിക്കാരനും ചുമക്കാം. വുളൂഇന്റെ ആവശ്യം ഇല്ല.
ബിസ്മില്ലാ എന്നു ചൊല്ലിയാല്‍ തന്നെ ചുരുങ്ങിയ ബിസ്മിയായി. പൂര്‍ണത ലഭിക്കില്ലെങ്കിലും തുടക്കത്തില്‍ ബിസ്മി മറന്ന വ്യക്തി ഇടയ്ക്കു ഓര്‍മവന്നാല്‍ ബിസ്മില്ലാഹി അവ്വലഹു വആഖിറഹു എന്നു പറയല്‍ സുന്നത്തുണ്ട്.
ബിസ്മിക്കു പകരം 786 എഴുതുന്ന പതിവുണ്ട്. ഇതിനു അടിസ്ഥാനവും ഉണ്ട്. 786 എന്നു എഴുതിയാല്‍ ബിസ്മി എഴുതിയ പദവി ലഭിക്കില്ലെങ്കിലും മഹത്വമുണ്ട്. ജുമ്മലുല്‍ കബീര്‍ പ്രകാരം ബിസ്മിയുടെ എണ്ണമാണ് 786. പ്രസ്തുത എണ്ണത്തെ നബി(സ) തങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. (തഫ്‌സീര്‍ ബൈളാവി പേജ് 14 നോക്കുക.)
ബിസ്മില്ലാഹി എന്നതിലെ ബാഅ് ബറക്കത്തെടുക്കുക എന്ന നിലക്ക് മുസ്വാഹബത്തിനും ബറകത്തെടുക്കുക എന്ന നിലക്ക് തന്നെ ഇസ്തിആനത്തിനും വരും. ബാഇനു മുസ്വാഹബത്തിന്റെ അര്‍ത്ഥം (സഹവാസം) നല്‍കലാണ് ഇസ്തിആനത്തിന്റെ അര്‍ത്ഥത്തിനേക്കാള്‍ ഉത്തമം. കാരണം, ഇസ്തിആനത്തിന്റെ അര്‍ത്ഥം നല്‍കുമ്പോള്‍ പ്രസ്തുത ബാഅ് ആയുധത്തെ (ആലത്ത്) കുറിക്കുന്ന ഹര്‍ഫാകും. അപ്പോള്‍ അല്ലാഹുവിന്റെ നാമം മുഖ്യ ഉദ്ദേശ്യമാകുന്നില്ല. കത്തിയുടെ സഹായം കൊണ്ടു മുറിച്ചു എന്നുപറയുമ്പോള്‍ കത്തി അല്ലല്ലോ മുഖ്യ ഉദ്ദേശ്യം. അതുപോലെ അല്ലാഹുവിന്റെ നാമത്തില്‍ സഹായം കൊണ്ടു തുടങ്ങുന്നു എന്നു പറയുമ്പോഴും നാമം മുഖ്യ ഉദ്ദേശ്യമാകുന്നില്ല.
ചുരുക്കത്തില്‍, ബറകത്തിനു വേണ്ടി അല്ലാഹുവിന്റെ നാമങ്ങളെ ഹൃദയത്തില്‍ ഹാജറാക്കി സഹവസിപ്പിച്ചുകൊണ്ട് ഞാന്‍ തുടങ്ങുന്നു എന്നര്‍ത്ഥമാണ് ഏറ്റവും നല്ലത്. ബാഇനു മുസ്വാഹബത്തിന്റെ അര്‍ത്ഥമാണ് ഇപ്പോള്‍ നല്‍കിയത്.
ബിസ്മില്ലാഹി എന്നതിലെ ജലാലത്തിന്റെ വാക്യമായ അല്ലാഹ് എന്നതിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ തിരുദാത്താണെങ്കില്‍ അര്‍ത്ഥം വ്യാപകമാകും (ഉമൂമ്). അപ്പോള്‍ ബിസ്മില്ലാഹി എന്നതിനു ബിഅസ്മാഇല്ലാഹി എന്നതിന്റെ അര്‍ത്ഥം വരും. അല്ലാഹുവിന്റെ നാമങ്ങളെക്കൊണ്ട് എന്ന്. ഇനി അല്ലാഹു എന്ന വാക്യം കൊണ്ടു പ്രസ്തുത പദം ആണു ഉദ്ദേശ്യമെങ്കില്‍ അര്‍ത്ഥം ഇങ്ങനെ: ബറകത്തിനുവേണ്ടി അല്ലാഹ് എന്ന നാമം ഹൃദയത്തില്‍ ഹാജറാക്കി ഞാന്‍ തുടങ്ങുന്നു.
റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തില്‍ എന്നു ബിസ്മിക്കു അര്‍ത്ഥം പറയുന്നതിനു ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെയോ മറ്റു പണ്ഡിതരുടെയോ പിന്തുണയില്ല. 'ത്തില്‍' എന്ന അര്‍ത്ഥം ബിസ്മിയിലെ ബാഇനു ഇമാമുകള്‍ ആരും വിവരിച്ചതായി കാണുന്നില്ല. അല്ലാഹ് എന്ന നാമം കൊണ്ട് അല്ലാഹുവിന്റെ നാമങ്ങളെ കൊണ്ട് എന്നുതന്നെ അര്‍ത്ഥം പറയണം.
ബിസ്മി എന്നതു ജാറും മജ്‌റൂറുമാണ്. അതിന്റെ മുതഅല്ലക്ക് സങ്കല്‍പിക്കണം. താന്‍ എന്തിനു വേണ്ടിയാണോ ബിസ്മി ചൊല്ലുന്നത് അതിനെ തഅല്ലുഖായി സങ്കല്‍പിക്കാം. ഭക്ഷണം കഴിക്കാന്‍ വേണ്ടി ബിസ്മി ചൊല്ലുമ്പോള്‍ ഞാന്‍ തിന്നുന്നു എന്നതാണ് തഅല്ലുഖ്. അല്ലാഹുവിന്റെ പേരുകളെ കൊണ്ടു ഞാന്‍ ബറകത്ത് എടുത്തു ഞാന്‍ ഭക്ഷണം കഴിക്കുന്നു എന്നു ഉദ്ദേശ്യം.
അനറബി ഭാഷയില്‍ എഴുതപ്പെട്ട ഖുര്‍ആനും ശുദ്ധിയില്ലാതെ തൊടല്‍ നിഷിദ്ധമാണ്. (ബുജൈരിമി 1/73) അപ്പോള്‍ ഒരാള്‍ ഖുര്‍ആന്‍ എന്ന നിലയ്ക്കു ഖുല്‍ഹുവല്ലാഹു അഹദ് എന്ന് മലയാളത്തില്‍ എഴുതിയാലും വുളു ഇല്ലാതെ തൊടല്‍ നിഷിദ്ധമാണ്. ഖുര്‍ആനിന്റെ പരിഭാഷ തൊടാനും ചുമക്കാനും വുളൂ അവശ്യമില്ല. പരിഭാഷ മാത്രം ഉള്ള ഗ്രന്ഥത്തെ കുറിച്ചാണീ പറഞ്ഞത്. പരിഭാഷയോടൊപ്പം ഖുര്‍ആനും ഉണ്ടെങ്കില്‍ (ഇന്നു കാണുന്ന പരിഭാഷയെ പോലെ) തൊടാനും ചുമക്കാനും വുളൂ വേണം. ഖുര്‍ആനിന്റെ അക്ഷരത്തേക്കാള്‍ പരിഭാഷയുടെ അക്ഷരം കൂടുതല്‍ ഉണ്ടെങ്കിലും വുളൂ ഇല്ലാതെ ചുമക്കാവുന്നതല്ല.
തഫ്‌സീറിന്റെ ഗ്രന്ഥങ്ങള്‍ ഖുര്‍ആനിന്റെ അക്ഷരത്തേക്കാള്‍ തഫ്‌സീര്‍ കൂടുതലുണ്ടെങ്കില്‍ വുളൂ ഇല്ലാതെ തൊടലും ചുമക്കലും അനുവദനീയമാണ്. തഫ്‌സീറുല്‍ ജലാലൈനി വുളൂ ഇല്ലാതെ തൊടാം; ചുമക്കാം. ഒരു മുസ്വ്ഹഫിന്റെ വരികള്‍ക്കിടയിലും പേജിന്റെ ചുറ്റുഭാഗത്തും നിറയെ തഫ്‌സീര്‍ എഴുതിവെച്ച് ഖുര്‍ആനിന്റെ അക്ഷരത്തേക്കാള്‍ കൂടുതലായാലും അത് വുളൂ ഇല്ലാതെ തൊടാവുന്നതല്ല. കാരണം അതിനു തഫ്‌സീര്‍ എന്നു പറയില്ല. അടിക്കുറിപ്പ് എഴുതപ്പെട്ട മുസ്വ്ഹഫ് എന്നേ പറയൂ. (ഫത്ഹുല്‍ ജവാദ് ഇആനത്ത്)
No comments:
Post a Comment